Sunday, February 27, 2011

കത്തുന്ന മെഴുകുതിരിയും, വെള്ളത്തിലിട്ട സോഡിയവും പിന്നെ വെള്ളത്തിലായ വാദങ്ങളും.

1.കത്തുന്ന മെഴുകുതിരിയും, വെള്ളത്തിലിട്ട സോഡിയവും പിന്നെ വെള്ളത്തിലായ വാദങ്ങളും.


 മെഴുകുതിരി കത്തുമ്പോൾ ദ്രവ്യം ഊർജമായി മാറുമോ? സാധാരണ രാസപ്രവർത്തനത്തിൽ ദ്രവ്യ-ഊർജമാറ്റം സംഭവിക്കാമോ? ഇലക്ട്രോൺ കൈമാറ്റവും ഇലക്ട്രോൺ ശോഷണവും ഒന്നുതന്നെയാണോ?

സുശീല്കുമാർ വിഢ്ഠിത്തരം പറഞ്ഞിരിക്കുന്നു; ആറാം ക്ലാസ് ശാസ്ത്രജ്ഞാനവുമായി ഗോദയിലേക്കിറങ്ങിയിരിക്കുന്നു എന്നെല്ലാം പലവട്ടം ആക്ഷേപിച്ച് ശ്രീ. എൻ എം ഹുസ്സൈനും കൂട്ടാളികളും ഗ്വാ ഗ്വാ വിളിച്ചു അരങ്ങുവാണിരുന്നത് വായനക്കാർ മറന്നിരിക്കില്ലല്ലോ. ഇസ്ലാമിക് റേഡിയോയിലെ അഭിമുഖത്തിൽ വരെ അദ്ദേഹം ഇത് ആവർത്തിച്ചു.

അതിന്‌ ഹുസ്സൈന്റെ ബ്ലോഗിൽ ഞാൻ നല്കിയ മറുപടി ഇതായിരുന്നു:

1. ദ്രവ്യ-ഊർജ രൂപമാറ്റം ഒരു പ്രാപഞ്ചികപ്രതിഭാസമാണ്‌. ഈ പ്രപഞ്ചത്തിൽ ദ്രവ്യവും ഊർജവും ളിച്ചുകളി നടത്തിക്കൊണ്ടിരിക്കുകയാണ്‌.

2. ഇതിന്‌ ഏറ്റവും മികച്ച ഉദാഹരണം ന്യൂക്ലിയർ റിയാക്ഷൻ തന്നെയാണ്‌. എന്നാൽ ലളിതമായ ഉദാഹരണമെന്ന നിലയിൽ ഞാൻ മെഴുകുതിരി കത്തുന്ന ഉദാഹരണം എടുത്ത് അവതരിപ്പിച്ചിരുന്നു

രാസപ്രവർത്തനത്തിൽ ഊർജം സ്വതന്ത്രമാക്കപ്പെടുകയാണ്‌ ചെയ്യുന്നതെന്നും ന്യൂക്ലിയർ റിയാക്ഷനിൽ മാത്രമാണ്‌ ദ്രവ്യ-ഊർജ മാറ്റം സംഭവിക്കുന്നതെന്നും ശ്രീ. ഹുസൈൻ ആവർത്തിച്ചു. അദ്ദേഹത്തിന്റെ അനുയായികൾ ഇതിന്റെ പേരിൽ 'സുശീലിയൻ തിയറി' എന്നെല്ലാം ആക്രോശങ്ങൾ നടത്തി. ഹുസ്സൈൻ ഇങ്ങനെ എഴുതി:


“ന്യൂക്ലിയര്‍ റിയാക്ഷനില്‍ മാത്രമാണ് ദ്രവ്യം ഊര്‍ജമായി മാറുന്നത്. സാധാരണ രാസപ്രവര്‍ത്തനങ്ങളില്‍ ഇതു സംഭവിക്കുന്നില്ല. അവയില്‍ പങ്കെടുക്കുന്ന മൊത്തം തന്മാത്രകളുടെ പിണ്ഡം മൊത്തം ഉല്‍പ്പന്നങ്ങളുടെ പിണ്ഡത്തിനു തുല്യമായിരിക്കും. അതായത് ദ്രവ്യനഷ്ടം സംഭവിക്കുന്നില്ല എന്നര്‍ത്ഥം. കെമിക്കല്‍ ബോണ്ടുകളിലെ ഊര്‍ജം സ്വതന്ത്രമാക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്(സംശയമുണ്ടെങ്കില്‍ ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയോടു ചോദിക്കു). ”

എന്റെ മറുപടി:

"കെമിക്കൽ ബോണ്ടുകളിലെ ഊർജം സ്വതന്ത്രമക്കപ്പെടുന്നതോടൊപ്പം പരിമിതമായ രീതിയിലെങ്കിലും ദ്രവ്യ-ഊർജ മാറ്റം ഈ രാസപ്രവർത്തനത്തിലും നടക്കുന്നുണ്ട്. ഇലക്ട്രോണ്‍ നഷ്ടം കെമിക്കല്‍ ബോണ്ടിങ്ങില്‍ സംഭവിക്കുകയില്ല എന്ന് തെളിയിക്കാന്‍ ഹുസ്സൈനാകുമോ? ക്വാണ്ടം ബലതന്ത്രമനുസരിച്ച് ഇലക്ട്രോണ്‍ ശോഷണം സജീവമായ സാധ്യതയാണ്‌. എത്രത്തോളം അവഗണനീയമാണെങ്കിലും ഇലക്ട്രോണ്‍ ഫോട്ടൊണുകള്‍ ആയി മാറുമ്പോള്‍ അത് സംഭവിക്കുന്നുണ്ട്. ഇല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു"


ഹുസ്സൈന്റെ മറുപടി:

1. മെഴുകുതിരി കത്തുമ്പോള്‍ ദ്രവ്യം ഉര്‍ജ്ജമായി മാറുന്നില്ല . കത്തികഴിയുമ്പോഴും ദ്രവ്യത്തിന്റെ അളവ് കുറയുന്നില്ല. ദ്രവ്യം ഊര്‍ജ്ജമായി മാറുന്നത് ന്യൂക്ളിയാര്‍ റിയാക്ഷനില്‍ മാത്രമാണ്. പ്രതിപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ ട്രാന്‍സ്ഫര്‍ നടക്കണമെന്നില്ല, ഓക്സിഡേഷന്‍ നമ്പറിലെ മാറ്റമുണ്ടാകുന്നുള്ളു . ഒാക്സിഡേഷന്‍ നമ്പറില്‍ മാറ്റമുണ്ടാകുന്നതും ഐന്‍സ്റൈന്റെ ദ്രവ്യ- ഊര്‍ജ്ജ മാറ്റവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് എന്റെ ധാരണ .അതുകൊണ്ടാണ് മെഴുകുതിരി കത്തുന്നത് രാസപ്രവര്‍ത്തനമാണെന്നും അതില്‍ ദ്രവ്യം ഊര്‍ജ്ജമായി മാറുന്നില്ലെന്നും ന്യൂക്ളിയാര്‍ റിയാക്ഷനില്‍ മാത്രമാണ് ദാരവ്യം ഊര്‍ജ്ജമായി മാറുന്നതെന്നും എഴുതിയത് .

“ഇലക്ട്രോണ്‍ നഷ്ടം കെമിക്കല്‍ ബോണ്ടിങ്ങില്‍ സംഭവിക്കുകയില്ല എന്ന് തെളിയിക്കാന്‍ ഹുസൈനാകുമോ ? ”എന്ന് സുശീല്‍ക്കുമാര്‍ ചോദിക്കുന്നു. ഇലക്ട്രോണ്‍ നഷ്ടം സംഭവിക്കാതെ ഓക്സിഡേഷന്‍ തന്നെ നടക്കില്ലല്ലോ സുശീലേ. പക്ഷേ , ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറുന്നില്ല എന്നതല്ലേ ശ്രദ്ധിക്കേണ്ടത് . ക്വാണ്ടംബലതന്തമനുസരിച്ച് ഇലക്ട്രോണ്‍ ശോഷണം സജീവമായ സാധ്യതയാണ് എന്ന് സുശീല്‍ കുമാര്‍ എഴുതിയതും ശരി തന്നെ . പക്ഷേ ഇതൊന്നും മെഴുകുതിരി കത്തുമ്പോള്‍ നടക്കുന്നതല്ല എന്നാണ് എന്റെ ധാരണ. അബദ്ധമാണെങ്കില്‍ ആര്‍ക്കും ചൂണ്ടിക്കാട്ടാം .

രാസപ്രവർത്തനത്തിൽ ഒരിക്കലും ദ്രവ്യം ഊർജമായി മാറുന്നില്ല എന്നുതന്നെയാണ്‌ ശ്രീ. ഹുസ്സൈൻ എഴുതിയത്. ദ്രവ്യമായ ഇലക്സ്ട്രോൺ ഊർജരൂപമായ ഫോട്ടോൺ ആയി മാറുമ്പോൾ പിന്നെ എന്താണ്‌ സംഭവിക്കുന്നത്?


ഇനിയുള്ളത് വെള്ളത്തിലിട്ട സോഡിയമാണ്‌. ഇതിന്‌ ശ്രീ. ഹുസ്സൈൻ എഴുതിയ മറുപടിയാണ്‌ രസകരം. സോഡിയം വെള്ളത്തിലിടുമ്പോഴല്ലേ ചലിക്കുന്നുള്ളു? അത് സ്വയം ചലനശേഷിയില്ലെന്നതിന്‌ തെളിവല്ലേ എന്ന്. 

ഇരുമ്പ് വെള്ളത്തിലിടുമ്പോൾ ചലിക്കുന്നില്ല, എന്നാൽ സോഡിയം ചലിക്കുന്നു? ഇതെന്താണ്‌ കാണിക്കുന്നത്? സോഡിയവും ജലവും പ്രവർത്തിക്കുമ്പോൾ രാസപ്രവർത്തനം നടക്കുന്നുവെന്നും ഇത് സോഡിയത്തെ ചലിപ്പിക്കുന്നു എന്നുമല്ലേ? ഇവിടെ സോഡിയത്തെ ചലിപ്പിക്കുന്നത് "പദാർത്ഥബാഹ്യമായ" ഒരു “ശക്തി”യുമല്ല എന്ന എന്റെ വാദം ഇപ്പൊഴും സുരക്ഷിതമാണ്‌

 ഹുസ്സൈൻ പറയുന്നു:

പ്രിയ സുശീലേ,

1. ദ്രവ്യം ഊര്‍ജ്ജമായി മാറുന്നത് ന്യൂക്ളിയര്‍ റിയാക്ഷനിലാണ് എന്നതിനോട് താങ്കളും യോജിക്കുന്നു. നന്ദി.

2. രാസപ്രവര്‍ത്തനത്തില്‍ ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറുന്നില്ല. മാറുന്നുവെന്ന തന്റെ അറിവ് തെറ്റായാലും എന്റെ അടിസ്ഥാനവാദവും ദുര്‍ബലമാകുന്നില്ല എന്ന് സുശീല്‍കുമാര്‍ എഴുതുന്നു. ഈ പ്രപഞ്ചത്തില്‍ പുതുതായി സ്യഷ്ടിയൊന്നും നടക്കുന്നില്ല എന്നാണ് ആ അടിസ്ഥാനവാദം എന്ന് സുശീല്‍ കുമാര്‍. പ്രപഞ്ചത്തില്‍ സ്യഷ്ടി നടന്നു കഴിഞ്ഞെന്നും ഇപ്പോള്‍ സ്ഥിതിയും ഭാവിയില്‍ സംഹാരവും ആണുണ്ടാവുകയെന്നും സ്യഷ്ടിവാദികള്‍ പറയുന്നത് സുശീല്‍ ശ്രദ്ധിച്ചില്ലേ? പുതുതായി സ്യഷ്ടിയൊന്നും നടക്കുന്നില്ല എന്നു തന്നെയാണ് എന്റേയും വാദം. താങ്കളും ആ വാദക്കാരനാണെന്നതില്‍ സന്തോഷം.


3. സോഡിയത്തിനോ ജലത്തിനോ സ്വയം ചലനശേഷിയില്ല എന്നാണ് എന്റെ വാദം. ഇതിനെ താങ്കള്‍ ഖണ്ഡിച്ചിട്ടില്ല.

4. സ്യഷ്ടി - സംവിധാനം ദൈവത്തിന്റെ കഴിവാണ്. ആദ്യം Creation പിന്നെ Design എന്ന സങ്കല്‍പ്പം അത്യധികം സങ്കീര്‍ണ്ണമായ പ്രപഞ്ചം യാദ്യശ്ചികമായി ഉണ്ടായി എന്ന് വിശ്വസിക്കുന്ന നിരീശ്വരവാദത്തേക്കാള്‍ എന്തുകൊണ്ടും യുക്തി ഭദ്രമാണ്.

5. ഇലക്്ട്രോണ്‍ ലോസ്, ഇലക്ട്രോണ്‍ ഗെയ്ന്‍ എന്നിങ്ങനെയാണ് പൊതുവേ പറയാറെങ്കിലും അതു സുക്ഷമമല്ലെന്നും increase in oxidation number, decrease in oxidation number  എന്നിങ്ങനെയാണ് നിര്‍വ്വചിക്കേണ്ടതെന്നുമാണ് പുതിയ അനുമാനം

ഈ പ്രപഞ്ചത്തിൽ പുതുതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്ന എന്റ വാദത്തെ അദ്ദേഹം വിദഗ്ദമായി വളച്ചോടിച്ച് (വെടക്കാക്കി തനിക്കാക്കുക എന്ന് മലയാളത്തിൽ പറയും)തനിക്കനുകൂലമാക്കാൻ ശ്രമിച്ചിരിക്കുന്നു. പ്രപഞ്ചമുണ്ടായ ശേഷം  ഇവിടെ ദ്രവ്യവും ഊർജവും പരസ്പരം രൂപമാറ്റം സംഭവിക്കുകയല്ലാതെ പുതിയതായി ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്നാണ്‌ എന്റ വാദം. എന്നാൽ പ്രപഞ്ചോല്പത്തികുശേഷം ദൈവം പുതുതായി സൃഷ്ടി നടത്തി എന്നതാണ്‌ സൃഷ്ടിവാദം. ഇത് പ്രപഞ്ചനിയമത്തിനെതിരാണ്‌. ഈ പ്രപഞ്ചത്തിലെ ദ്രവ്യത്തിന്റെ മറ്റൊരു രൂപം മാത്രമാണ്‌ ഈ ജൈവലോകം. അതിന്‌ പുതുതായി ഒരു സൃഷ്ടിയുടെ ആവശ്യമില്ല.

മഹാവിസ്ഫോടനത്തിൽ സ്വയം ചലനശേഷിയില്ലാത്ത “പ്രപഞ്ചത്തെ പ്രപഞ്ചാതീത ശക്തി” തള്ളിയതാണ്‌ അതിന്റെ ഇന്നത്തെ ചലനമെന്നും  ആ ചലനം അനുനിമിഷം കുറഞ്ഞുകൊണ്ടിരിക്കുയാണെന്നുമാണ്‌ ശ്രീ. ഹുസ്സൈന്റെ വാദത്തിന്റെ കാതൽ; പുതിയ പുസ്തകത്തിന്റെയും. എങ്കിൽ ആ പ്രപഞ്ചാതീതശക്തിയെന്തേ ആദ്യതള്ളലും കഴിഞ്ഞ് വിശ്രമിക്കുകയാണോ ഇപ്പോഴുമെന്തേ തള്ളാത്തതെന്നും ഞാൻ ചോദിച്ചിരുന്നു.(എന്റ്രോപ്പി ചർച്ച നടക്കട്ടെ) തള്ളൽകാരൻ തള്ളുനിറുത്തിയോ എന്നാണെന്റെ ചോദ്യം. പ്രപഞ്ചസൃഷ്ടിക്കുശേഷം പ്രപഞ്ചാതീതശക്തി പ്രപഞ്ചത്തിൽ ഇടപെട്ടിട്ടില്ലെന്നാകണം ശ്രീ. ഹുസ്സൈന്റെ വാദം. അത്  നാഴികയ്ക്ക് നാല്പതുവട്ടം ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന മതവാദികൾ സമ്മതിക്കുമോ?


2. എവർസ്റ്റ് പർവ്വതവും ഡ്രാഗൻഫ്ലൈയുടെ ചിറകുകളും



ഡ്രാഗൺ ഫ്ലൈയുടെ ചിറകുകളെക്കുറിച്ചാണ്‌ ശ്രീ ഹുസ്സൈന്റെ പുതിയ പോസ്റ്റ്. അദ്ദേഹം പറയുന്നു:
ഡ്രാഗണ്‍ ഫ്ലൈയുടെ പരിണാമത്തിലേക്കു വരാം. ഡ്രാഗണ്‍ ഫ്ളൈ “നിരന്തരവും പടിപടിയായിട്ടുള്ളതുമായ പരിണാമത്തിനവസാനം രൂപപ്പെട്ടതാണ്” എന്നു പരിണാമസിദ്ധാന്തം സ്ഥാപിക്കുന്നു എന്നാണ് ഗ്രന്ഥകാരന്‍ എഴുതിയത്. എങ്ങനെയാണ് ഇതു സ്ഥാപിച്ചതെന്ന് അദ്ദേഹം ഒരു വരിയിലൂടെ പോലും വ്യക്തമാക്കിയിട്ടില്ല."

ദൈവവിഭാന്തി പരിണാമത്തെ വിശദമായി പ്രതിപാദിക്കുന്ന വിഷയമല്ല; മറിച്ച് അത് ദൈവസങ്കല്പങ്ങളിലെ വിരോധാഭാസങ്ങളെയും വിഭ്രാന്തിയെയും കുറിച്ച് സംസാരിക്കുന്ന നാസ്തികഗ്രന്ഥമാണല്ലോ? അതുകൊണ്ടാണല്ലോ തന്റെ ഖണ്ഡന പുസ്തകത്തിന്‌ "നവനാസ്തികത- ഡോക്കിൻസിന്റെ വിഭ്രാന്തികൾ" എന്ന് പേരിട്ടത്. ഗോഡ് ഡെല്യൂഷനിലും നാസ്തികനായ ദൈവത്തിലും ഗ്രന്ഥകാരന്മാർ സാന്ദർഭികമായി പരിണാമവാദം പരിശോധിക്കുന്നുവെന്നേയുള്ളു;മറിച്ച് ഓരോ ജീവിയുടെയും പരിണാമത്തെ പ്രത്യേകമായി പരിശോദിക്കുന്നില്ലെന്നിരിക്കെ ഡ്രാഗൺഫ്ലൈയുടെ കാര്യം മാത്രം പരിശോധിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.

ഇനി മറ്റൊരു വിഷയത്തിലേക്ക് വരാം. ഡ്രാഗൺ ഫ്ലൈയുടെ ചിറകിന്റെ പരിണാമം ചർച്ചചെയ്യേണ്ടാതാരാണ്‌. ശ്രീ. ഹുസ്സൈനെപ്പോലുള്ള ഒരു സൃഷ്ടിവാദിക്ക് അക്കാര്യം ചർച്ചചെയ്യാൻ അർഹതയുണ്ടോ? ഹുസ്സൈന്റെ മുൻ നിലപാടുകൾ തന്നെ പരിശോധിക്കാം.

ഈ സംവാദത്തിന്റെ തുടക്കത്തിൽ ഞാൻ ഒരു സുപ്രധാന ചോദ്യം ചോദിച്ചിരുന്നു. ശ്രീ. ഹുസ്സൈൻ അവതരിപ്പിക്കുന്ന ദൈയം ഏതാണ്‌? ഈ പ്രപഞ്ചത്തിന്‌ കാരാക്കാരനെന്ന് അദ്ദേഹം പറയുന്ന അമൂർത്തദൈവം ഖുർ ആനിലെ വ്യക്തിദൈവം തന്നെയാണോ? ഈ ചോദ്യത്തോട് ശ്രീ ഹുസ്സൈന്റെ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നല്ലോ.

1. ഇത്തരം അന്വേഷണങ്ങള്‍ തല്ക്കാലം മതിയാക്കാം. “മറ്റൊരു ചോദ്യ”ത്തിലേക്കു കടക്കാം. ‘എന്‍ എം ഹുസൈനും കൂട്ടരും ശബരിമല അയ്യപ്പന്‍, മഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ്, പറശ്ശിനിക്കടവ് മുത്തപ്പന്‍,സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കാതെ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതെന്തുകൊണ്ടെ‘ന്ന് നിരീശ്വരവാദിയായ സുശീല്‍കുമാര്‍ ചോദിക്കുന്നു. എന്റെ വിശദീകരണമിതാണ്. മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ നിരീശ്വരവാദികള്‍ക്കെന്താണു കാര്യം? (പൊന്നുരുക്കുന്നിടത്തു പുച്ചയ്ക്കെന്തു കാര്യം എന്ന ചൊല്ല് പ്രസക്തമാണിവിടെ).ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ എന്തിന് ആവേശഭരിതരാവണം?

 ദൈവം തന്നെയില്ലെന്നു കരുതുന്നവര്‍ അതിന്റെ എണ്ണത്തെയും വണ്ണത്തെയും കുറിച്ച് അന്വേഷിക്കുന്നത് കാപട്യമല്ലേ? ദൈവം തന്നെ മിഥ്യയാണെന്നു കരുതുന്ന നിരീശ്വരവാദികള്‍ക്ക് ഇക്കാര്യത്തില്‍ ഒരു മധ്യസ്ഥന്റെ റോളുപോലും അധികപ്പറ്റാണെന്ന് ആര്‍ക്കാണറിയാത്തത്?
പ്രപഞ്ചത്തിനു നല്‍കാവുന്ന വ്യാഖ്യാനങ്ങളില്‍ ഈശ്വരവാദമാണോ നിരീശ്വരവാദമാണോ കൂടുതല്‍ യുക്തിപരവും ശാസ്ത്രീയവുമായത് എന്ന അന്വേഷണമാണ് ഈ ബ്ലോഗിലെ/എന്റെ ലേഖനത്തിലെ മുഖ്യവിഷയം. ദൈവത്തിന് കണ്ണുകളുണ്ടോ കാലുകളുണ്ടോ എന്നതല്ല. ദൈവം തന്നെയുണ്ടോ എന്നതാണ് ചര്‍ച്ചാവിഷയം. മതഗ്രന്ഥങ്ങളിലെ ആലങ്കാരികമായ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തിലെടുത്ത് ദൈവത്തിന് കണ്ണുകളും കാതുകളും കൈകാലുകളുമുണ്ടെന്ന് ആരു സങ്കല്‍പ്പിച്ചാലും അബദ്ധമാണെന്ന് സാമാന്യബോധമെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാകും

2.പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകളിലെ മുഖ്യ പ്രമേയം. ഓരോ ദൈവസങ്കല്‍പങ്ങളുടെയും വിശദാംശങ്ങള്‍ ഈ അന്വേഷണത്തില്‍ പരിശോധിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. ദൈവ സങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനം മറ്റൊരു വിഷയമാണ്.

3.പ്രപഞ്ചത്തിന് നല്‍കാവുന്ന യുക്തിപരമായ വിശദീകരണം ആസ്തികവാദമാണോ നാസ്തികവാദമാണോ എന്നു പരിശോധിക്കാന്‍ ദൈവം അല്ലാഹുവാണോ അയ്യപ്പനാണോ സായിബാബയാണോ എന്നു പരിശോധിക്കേണ്ടതില്ല എന്ന സാമാന്യവിവരം പോലും നിരീശ്വരവാദികളുടെ തലയില്‍ അടിച്ചുകയറ്റിയാലും കയറില്ലെങ്കില്‍ മറ്റുള്ളവര്‍ നിസ്സഹായരാണ്

4.“പ്രപഞ്ചത്തിന്റെ കാരണമെന്ന നിലയ്ക്ക് ദൈവത്തെ ഗ്രഹിക്കാനോ അംഗീകരിക്കാനോ മനസ്സോ മസ്തിഷ്ക്കമോ പാകപ്പെടാത്ത നിരീശ്വരവാദി ദൈവത്തിന്റെ ഗുണങ്ങളില്‍ സംശയം പ്രകടിപ്പിക്കുന്നത് അസംബന്ധമാണ്. എവറസ്റ്റ് പര്‍വതംതന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?


ഡ്രഗൺ ഫ്ലൈയുടെ പരിണാമത്തിന്റെ ചർച്ചതുടങ്ങും മുമ്പ് ഒരു ന്യായമായ ചോദ്യത്തിന്‌ ശ്രീ. ഹുസ്സൈനിൽനിന്ന് ഉത്തരം കിട്ടേണ്ടതുണ്ട്. ദൈവത്തെയും ദൈവവിഭ്രാന്തിയെയും കുറിച്ച് ചർച്ച ചെയ്യുന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ചയിൽ ആ ദൈവം ഏതാണെന്ന കാര്യം ചർച്ച ചെയ്യുന്നത് ദൈവമുണ്ടെന്ന്പോലും വിശ്വസിക്കാത്ത നിരീശ്വരവാദികളുടെ പണിയല്ലെന്നും അത് തങ്ങൾ വിശ്വാസികളുടെ ആഭ്യന്തരകാര്യമാണെന്നും തട്ടിവിട്ട് തടി രക്ഷിക്കാൻ ശ്രമിച്ചയാളാണല്ലോ ശ്രീ. ഹുസ്സൈൻ. എങ്കിൽ ഈ ജൈവലോകത്തിന്‌ തൃപ്തികരമായ ഉത്തരം സൃഷ്ടിവാദമാണോ അതോ പരിണാമവാദമാണോ എന്ന ചർച്ചയിൽ ഡ്രാഗൺഫ്ലൈയുടെ ചിറകുംകൊണ്ട് വരുന്നതിന്റെ ന്യായമെന്താണ്‌? ദൈവത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ച വേറൊരു വിഷയമാണെങ്കിൽ പരിണാമത്തിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചർച്ചയും വേറെ വിഷയമല്ലേ? 

അത് പരിണാമവാദികളുടെ ആഭ്യന്തര കാര്യമല്ലേ? പരിണമവാദികൾക്കെന്താ, ആഭ്യന്തരകാര്യം പാടില്ലേ?  ആദ്യം പരിണാമം ഉണ്ടെന്ന് സമ്മതിക്കുക. അതിനുശേഷം പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുക.

അല്ലാതെ എവറസ്റ്റ് പർവ്വതം തന്നെ ഇല്ലെന്ന് വാദിക്കുന്നയാള്‍ അതിന്റെ ഉയരത്തെച്ചൊല്ലി തര്‍ക്കിക്കുന്നത് അസംബന്ധമല്ലാതെ മറ്റെന്താണ്?





Saturday, February 19, 2011

സംവാദത്തിൽ സംഭവിച്ചത്......


പരീക്ഷ നടത്തുന്ന ദൈവം!


പ്രപഞ്ചത്തിന്‌ വിശദീകരണം നല്കാൻ പ്രാപ്തി നാസ്തികതയ്ക്കാണോ അതോ ആസ്തികതയ്ക്കാണോ എന്ന ചർച്ചയിൽ, ദൈവത്തിന്റെ നിറമെന്താണ്‌ ഗുണമെന്താണ്‌ അത് ശബരിമല അയ്യപ്പനാണോ, അല്ലാഹുവാണോ, ഭാദ്രകാളിയാണോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നത് അശാസ്തീയമാണെന്നും വിവരക്കേടാണെന്നുമൊക്കെ തന്റെ ബ്ലോഗിന്റെ ആരംഭത്തിൽ ശ്രീ. എൻ എം ഹുസ്സൈൻ പ്രസ്ഥാവിച്ചിരുന്നുവല്ലോ. എന്നാൽ കൈരളി പ്യൂപ്പിൾ ചാനൽ ചർച്ചയ്ക്കിടയിൽ അവതാരകനായ ഡോ. ഗിരീഷ് ചോദിച്ച ഒരു ചോദ്യം അദ്ദേഹത്തെ വെട്ടിലാക്കുകയും ഉത്തരത്തിൽ അതുവരെ കക്ഷത്ത് വെച്ചിരുന്നതെല്ലാം താഴെ ചാടുകയും ചെയ്തു.

ദൈവം മനുസ്യനെ സൃഷ്ടിച്ചത് എന്തിനാണ്‌ എന്നായിരുന്നു ചോദ്യം:

ശ്രീ. ഹുസ്സൈൻ  മറുപടി: "അത് മനുഷ്യനെ പരീക്ഷിക്കാനാണ്‌."


ശ്രീ രവിചന്ദ്രന്റെ കമന്റ്: " സർവ്വശക്തൻ, സർവ്വജ്ഞാനി ഇങ്ങനെ കുറെ 'സർവ്വം' കൊണ്ട് വിശേഷിപ്പിക്കപ്പെടുന്ന ‘ദൈവം’ പരീക്ഷണം നടത്താൻ തുടങ്ങിയെന്ന് പറഞ്ഞാൽ ഇദ്ദേഹത്തെ തൊയോളജിസ്റ്റുകൾ വെറുതെവിടുമെന്ന് തോന്നുന്നില്ല."


മനുഷ്യനെ ‘പരീക്ഷിക്കുന്ന’ ദൈവസങ്കല്പ്പം സെമിറ്റിക് മതങ്ങളുടെ സ്വന്തമാണ്‌. ഇത്തരമൊരു ദൈവസങ്കല്പ്പം ഹിന്ദു-ജൈന-ബുദ്ധ മതദർശനങ്ങളിലൊന്നും കാണാൻ കഴിയില്ല.


ദൈവം എന്തിനാണ്‌ ഇങ്ങനെ മനുഷ്യനെ പരീക്ഷിക്കുന്നത്? താൻ സൃഷ്ടിച്ച മനുഷ്യൻ ഭാവിയിൽ എന്തൊക്കെ ചെയ്യുമെന്ന് സർവ്വജ്ഞാനിയായ ദൈവത്തിന്‌ മുൻ കൂട്ടി അറിയാതിരിക്കുമോ? അയാൾ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിച്ചതും ദൈവം. എന്നിട്ട് ശിക്ഷ പാവം മനുഷ്യനും.
മനുഷ്യന്‌ നല്ലതും ചീത്തയും ചെയ്യാനുള്ള ഫ്രീവിൽ ദൈവം നല്കിയിട്ടുണ്ടെന്നതാണ്‌ ഇതിന്‌ സെമിറ്റിക് മതവാദികൾ നല്കുന്ന റെഡിമെയ്ഡ് ഉത്തരം. ആ ഫീവിൽ അനുസരിച്ച് മനുഷ്യന്‌ നല്ലതും ചീത്തയും തെരഞ്ഞെടുക്കാൻ അവസരമുണ്ട്. അപ്പോഴും പ്രശ്നം ബാക്കിനില്ക്കുന്നു. ഈ ഫ്രീ വിൽ അനുസരിച്ച് മനുഷ്യൻ എന്ത് തെരഞ്ഞെടുക്കണെമെന്ന് മുൻ കൂട്ടി തീരുമാനിക്കുന്നതും ദൈവം ആകണമല്ലോ? അപ്പോൾ അയാൽ ചെയ്യുന്നതിനെന്തിനും ഉത്തരവാദി ദൈവം തന്നെ. മാത്രമല്ല, നല്ലത്, ചീത്ത എന്നീ ഗുണങ്ങൾ (അങ്ങനെ ആത്യന്തികമായ ഗുണങ്ങൾ ഉണ്ടേന്നാണ്‌ ശ്രീ. ഹുസ്സൈന്റെ വാദം)ഉണ്ടെങ്കിൽ ആ ഗുണങ്ങൾ സൃഷ്ടിച്ചതും ദൈവമാകണമല്ലോ? ഇതെല്ലാം സൃഷ്ടിച്ചുവെച്ചിട്ട് മനുഷ്യനെ ഏതും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നല്കി അനുഗ്രഹിച്ചിട്ട് അയാൾ എന്തു ചെയ്യുമെന്ന് മുൻ കൂട്ടി അറിഞ്ഞിട്ടും ഒരു ദൈവം മനുഷ്യനെ ശിക്ഷിക്കാനായി പരീക്ഷണം നടത്തുന്നു!! അതെന്ത് ദൈവം!!!

ഈ അടുത്ത ദിവസം നടന്ന മനുഷ്യ മന:സ്സാക്ഷിയെ നടുക്കിയ സംഭവമയിരുന്നല്ലോ തീവണ്ടിയിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ബലാൽസംഘം ചെയ്ത് കൊന്ന നീചകൃത്യം. ആ നരാധമൻ ഈ നിഷ്ഠൂരത ചെയ്യണമെന്ന് തീരുമാനിച്ചത് ദൈവം. ആ കൃത്യം നടക്കുമ്പോൾ അത് മുൻകൂട്ടി അറിഞ്ഞവൻ ദൈവം. അത് തടയാതെ,  സർവ്വശക്തനായിരുന്നിട്ടും, കണ്ടുനിന്നവൻ ദൈവം. ഇത്തരമൊരു വികലമായ ദൈവസങ്കല്പ്പത്തെ ന്യായീകരിക്കാൻ തെർമോഡൈനാമിക്സും ശാസ്ത്രീയ സൃഷ്ടിവാദവുമൊക്കെയായി അരങ്ങത്തെത്തിയ ശ്രീ ഹുസ്സൈൻ കെട്ടിയുയർത്തിയ വാദങ്ങളുടെ എല്ലാ ചീട്ടുകൊട്ടാരങ്ങളും തകർന്നു തരിപ്പണമായിരിക്കുന്നു. പൊയ്മുഖങ്ങൾ അഴിഞ്ഞുവീണിരിക്കുന്നു.

കാറ്റുപോയ മറ്റൊരു വാദം സാധ്യതയുടെ സ്റ്റാറ്റിസ്റ്റിക്സ് ആണ്‌. ആകസ്മികമായി ജീവനുണ്ടകാനുള്ള സാധ്യത വളരെ വളരെ വിരളമാണെന്നും ആ സാധ്യത പൂജ്യമാണെന്നുമാണ്‌ അദ്ദേഹത്തിന്റെ വാദം. എന്നാൽ ശ്രീ രവിചന്ദ്രൻ വളരെ വിദഗ്ദമായി ആ വാദവും പൊളിച്ചു. "അവതാരകനായ ഡോ. ഗിരീഷ് ഇപ്പോൾ ‘ഉണ്ട്‌’. അത് സത്യമാണ്‌. എന്നാൽ ആദിമ കോശത്തിൽ നിന്ന് ഡോ ഗിരീഷ് ഉണ്ടാകാനുള്ള സാധ്യത എത്രത്തോളമുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. A എന്ന വ്യക്തി ഉണ്ടാകാൻ ഉള്ള സാധ്യത എത്രയാകാം? അത് ഇവിടെ ഒന്ന് എന്ന ഒരു അക്കമിട്ടാൽ അതിനു മുന്നിൽ ഇടുന്ന പൂജ്യങ്ങളുടെ എണ്ണം ഈ പ്രപഞ്ചത്തിന്റെ ‘അറ്റത്തോളം’ ഇട്ടാലും അതിനേക്കാൾ ചെറിയ ഒരു സാധ്യതയേ അതിനുള്ളു. എന്നിട്ടും ‘അയാൾ’ ഇപ്പോൾ ഉണ്ട്.

ശ്രീ. ഹുസ്സൈനെ ഇത്തരം അബദ്ധങ്ങളിലെല്ലാം കൊണ്ട് ചാടിക്കുന്നതിൽ മുഖ്യ പങ്ക് വിഹിച്ചയാൾ നമ്മുടെ സത്യാന്വേഷിയാണ്‌. അദ്ദേഹത്തിന്‌ ശ്രീ. ഹുസ്സൈനോട് വല്ല മുൻ വൈരാഗ്യവുമുണ്ടൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ നല്ല നിലയിൽ എഴുത്തും വായനയും പുസ്തകരചനയുമൊക്കെയായി കഴിഞ്ഞിരുന്ന ഹുസ്സൈൻ സാറിനെ ബോധപൂർവ്വം ഈ ബ്ലോഗിലേക്കും ചാനൽ ചർച്ചയിലേക്കുമൊക്കെ വലിച്ചിഴയ്ക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
 

Friday, February 11, 2011

സൃഷ്ടാവും ഡിസൈനറും ഒരാളെങ്കിൽ സൃഷ്ടി അപൂർണമല്ലേ!



ശ്രീ എൻ എം ഹുസ്സൈൻ അദ്ദേഹത്തിന്റെ 'ഡോക്കിൻസ് നിരൂപണ'ത്തിലുടനീളം സൃഷ്ടി, ഡിസൈൻ എന്നിവ പര്യായപദങ്ങളായി ഉപയോഗിച്ചുകാണുന്നു. അദ്ദേഹത്തിന്റെ ബ്ലോഗിൽ ഞാൻ ഇട്ട കമന്റിനുള്ള മറുപടിയിലും അദ്ദേഹം ഇക്കാര്യം അർത്ഥശങ്കക്കിടാമില്ലാത്തവിധം ഇങ്ങനെ വ്യക്തമാക്കുന്നു.

“സൃഷ്ടാവും ഡിസൈനറും ദൈവത്തിന്റെ രണ്ട് വിശേഷണങ്ങളാണ് .രണ്ടും തമ്മിലുള്ള വ്യത്യാസം മിക്കവര്‍ക്കും അറിയാം എന്നതുകൊണ്ടാണ് വിശദീകരിക്കാതിരുന്നത” 

മിക്കവർക്കും അറിയാം എന്നതുകൊണ്ട് ആണ്‌ അദ്ദേഹം ഇത് വിശദീകരിക്കാതിരിക്കുന്നത് എന്ന് കരുതാൻ ന്യായമില്ല. അത് വിശദീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും മറുചോദ്യങ്ങളും നേരിടാൻ ആവനാഴിയിൽ അമ്പുകൾ ശേഷിക്കുന്നില്ല എന്നതുതന്നെയാണ്‌ അതിനുള്ള കാരണം

നിലവിലില്ലാത്ത ഒന്നിനെ പുതുതായി ഉണ്ടാക്കുന്നതാണ്‌ സൃഷ്ടി. ഈ പ്രപഞ്ചത്തിൽ പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ല നിലവിലുള്ളവയ്ക്ക് രൂപമാറ്റം സംഭവിക്കുക മാത്രമാണ്‌ സംഭവിക്കുന്നത്. ഈ സത്യം അംഗീകരിക്കുമ്പോൾ സൃഷ്ടി അസംഭവ്യം മാത്രമല്ല, പ്രപഞ്ചവിരുദ്ധമായ ആശയവുമാണ്‌. എന്നാൽ പ്രപഞ്ചബാഹ്യമായ ഒരു ‘ദൈവ’മാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്നാണ്‌ സൃഷ്ടിവാദികളുടെ വാദം. ദൈവം സർവ്വശക്തനാകയാൽ അയാൾക്ക് സൃഷ്ടി നടത്താൻ ഒരു പൂർവ മോഡലിന്റെ ആവശ്യമില്ല. ദൈവം ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോഴാണ്‌ ഈ പ്രപഞ്ചം ഉണ്ടായത്. ദൈവം സർവ്വശക്തനായ സ്ഥിതിക്ക് സൃഷ്ടി പരിപൂർണമായിരിക്കണം. പൂർണമല്ലാത്ത സൃഷ്ടി ദൈവത്തിനു ഭൂഷണവുമല്ല.

എന്നാൽ പിന്നെ എവിടെയാണ്‌ ഡിസൈനറുടെ റോൾ? സൃഷ്ടിക്കപ്പെട്ടതിനെ ഉപയോഗിച്ച് ഡിസൈൻ ചെയ്യുകയാണ്‌ ഡിസൈനറുടെ ജോലി. എന്നാൽ ഹുസൈൻ പറയുന്നു സ്രഷ്ടവും ഡിസൈനറും ദൈവത്തിന്റെ രണ്ട് വിശേഷണങ്ങളാണെന്ന്. എന്നാൽ ഇത് രണ്ടും ഒന്നല്ലെന്നും രണ്ട് തന്നെയാണെന്നും സ്പഷ്ടം. 


ശ്രീ ഹുസ്സൈൻ തന്റെ പുസ്തകത്തിലുടനീളം ഉദ്ധരിക്കുന്ന മൈക്കൽ ബിഹെ ഒരു സൃഷ്ടിവാദിയല്ല, എന്നാൽ അദ്ദേഹം ഇന്റലിജന്റ് ഡിസൈനിങ്ങിനെ അംഗീകരിക്കുന്നു.  രണ്ടും ഒന്നാണെങ്കിൽ ബിഹെ സൃഷ്ടിവാദികൂടിയാകണമല്ലോ? 

ആദ്യം സൃഷ്ടി, പിന്നെ ഡിസൈനിങ്ങ്, അതിനുശേഷം ഫർണിഷിങ്ങ്, പെയ്ന്റിങ്ങ്, ഇങ്ങനെയാണല്ലോ അതിന്റെയൊരു ക്രമം. അതിനുശേഷവും സംഗതി പരിപൂർണമാണെന്ന് പറയാനാകില്ല. ഇന്റീരിയർ ഡിസൈൻ പിന്നെയും ശേഷിക്കും. എത്രയൊക്കെ പൂർണമാക്കിയാലും പിന്നെയും എന്തൊക്കെയോ പണി ബാക്കി കാണും. 

ദൈവത്തിന്‌ സൃഷ്ടിക്കുശേഷം വീണ്ടുമൊരു ഡിസൈനിങ്ങ് വേണ്ടിവന്നുവെങ്കിൽ ആദ്യം നടത്തിയ സൃഷ്ടി അപൂർണമാണെന്നാണല്ലോയതിന്റെ അർത്ഥം. സൃഷ്ടി പൂർണമായിരുന്നെങ്കിൽ അതിൽ പിന്നെ മറ്റൊരു ഡിസൈൻ വേണ്ടിവരില്ലല്ലോ? അത് സർവ്വശക്തനും സർവ്വജ്ഞാനിയുമെന്ന് ദൈവത്തിന്‌ നല്കപ്പെട്ടിരിക്കുന്ന നിർവ്വചനത്തിനുമേൽ കടുത്ത അപരാധമാണെല്പിക്കുന്നത്. സൃഷ്ടിക്കുശേഷം ദൈവത്തിന്‌ ഡിസൈനിങ്ങുകൂടി നടത്തേണ്ടിവന്നു എന്ന വാദം യഥാർത്ഥ മതവക്താക്കൾ അംഗീകരിക്കുന്നുണ്ടോ എന്നറിയാൻ കൗതുകമുണ്ട്.

ഈ ചോദ്യത്തിനും ഉത്തരം മുട്ടുമ്പോൾ തഞ്ചത്തിൽ ഒഴിഞ്ഞുമാറുന്ന സ്ഥിരം ശൈലി തന്നെയാണവർ സ്വീകരിക്കാൻ സാധ്യത. ദൈവം  എന്നാണ്‌ സൃഷ്ടി നടത്തിയത്? അതിന്‌ എത്ര ദിവസം വേണ്ടിവന്നു? ഇതൊന്നും അവർക്കറിയില്ല, അത് ദൈവത്തിനു മാത്രം അറിയുന്ന കാര്യമാണ്‌. അത് മനുഷ്യൻ അന്വേഷിക്കേണ്ടതില്ലെന്നു മാത്രമല്ല മനുഷ്യൻ അത് ചോദിക്കാൻ മാത്രം വളർന്നിട്ടുമില്ല എന്നാണിവരുടെ മറുപടി. ഇതൊന്നും അറിയില്ലെങ്കിലും ഈ പ്രപഞ്ചം ദൈവത്തിന്റെ സൃഷ്ടി തന്നെയാണെന്നതും ആ ദൈവം തന്റെ സ്വന്തം ദൈവം തന്നെയാണെന്നതും ഇവർക്ക് നല്ല നിശ്ചയമാണ്‌. അത് തെളിയിക്കാൻ ന്യൂക്ലിയർ റിയാക്ഷൻ മുതൽ എൻഡ്രോപ്പിവരെയെന്തും എടുത്തുയോഗിക്കാം. എന്നാൽ അത്ര ഉറപ്പു സംഗതിയുടെ വിശദീകരണം ഒട്ടറിയുകയുമില്ല. ഈ ഇരട്ടത്താപ്പാണല്ലോ മതവാദത്തിന്റെ മുഖമുദ്ര.

ഈ പ്രപഞ്ചത്തിൽ പുതുതായൊന്നും സൃഷ്ടിക്കപ്പെടുന്നില്ലെന്നും ദ്രവ്യത്തിന്‌ രൂപമാറ്റം സംഭവിക്കുകമാത്രമാണ്‌ സംഭവിക്കുന്നതെന്നും വ്യക്തമാക്കാൻ ഞാൻ എന്റെ മുൻ പോസ്റ്റിൽ മെഴുകുതിരി കത്തിക്കുമോൾ ഉണ്ടാകുന്ന മാറ്റം പ്രതിപാദിച്ചിരുന്നു. ദ്രവ്യ-ഊർജമാറ്റത്തിന്‌ മികച്ച ഉദാഹരണം ന്യൂക്ലിയർ റിയാക്ഷൻ തന്നെയാണെന്നും ഞാൻ ആ ഉദാഹരണമായിരുന്നു എടുക്കേണ്ടിയിരുന്നതെന്നും അടുത്തപൊസ്റ്റിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ പറഞ്ഞ കാര്യത്തിന്റെ കാതലിൽ നിന്നും ചർചയെ വഴിതിരിച്ചുവിടുന്നതിനായി സുശീൽ കുമാർ വിവരക്കേട് പറയുന്നെന്നും ന്യൂക്ലിയർ റിയാക്ഷനിൽ മാത്രമേ ദ്രവ്യം ഊർജമായി മാറുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. കെമിക്കൽ ബോണ്ടിങ്ങിൽ ഇലക്ട്രോൺ ശോഷണം നടക്കാൻ ഉള്ള സാധ്യത ഞാൻ ഉന്നയിച്ചപ്പോൾ അദ്ദേഹം അത് ശരിവെയ്ക്കുകയും എന്നാൽ കൂടുതൽ തെറ്റിദ്ധാരണാജനകമായ ഒരു വിശദീകരണം നല്കുകയും ചെയ്തിരിക്കുന്നു.
“സോഡിയം മെറ്റല്‍ (ണ) ക്ളോറിന്‍ (ച്ല്-2) ഗ്യാസുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ എന്ത് സംഭവിക്കും ?
2Na+Cl-2 --> 2Na Cl

ഇവിടെ സോഡിയം ആറ്റമുകള്‍ക്ക് ഒരോ ക്ളോറിന്‍ ആറ്റത്തിനും ആനുപാതികമായി ഒരിലക്ട്രോണ്‍ നഷ്ടപ്പെടുന്നു. പക്ഷേ ഇത് ക്ളോറിന് കിട്ടുന്നുണ്ട്. നഷ്ടപ്പെടുന്ന ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറുകയല്ല എന്നര്‍ത്ഥം. ഇലക്ട്രോണ്‍ ഊര്‍ജ്ജമായി മാറാതെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുമ്പോള്‍ സ്വതന്ത്രമാവുന്ന ഊര്‍ജ്ജമാണ് കത്തുമ്പോള്‍ ഉണ്ടാകുന്നത് .

ഇലക്ട്രോൺ ശോഷണത്തെ അദ്ദേഹം ഇലക്ട്രോൺ ട്രാൻസ്ഫർ ആയി തെറ്റിദ്ധരിച്ചിരിക്കുന്നു. തന്റെ നവനാസ്തികത റിച്ചാർഡ് ഡോക്കിൻസിന്റെ വിഭ്രാന്തികൽ എന്ന പുസ്തകത്തിൽ അദ്ദേഹം മധ്യലോകക്കാർ എന്ന ഡോക്കിൻസിന്റെ പരാമർശത്തെ ഡോക്കിൻസ്  മതക്കാരെ ആക്ഷേപിക്കാൻ വിളിച്ചതാണെന്ന് തെറ്റിദ്ധരിച്ച് പലവട്ടം ഖണ്ഡിക്കുന്നുണ്ട്. ഇതും അതുപോലെയായിരിക്കുന്നു.

പ്രപഞ്ചസ്രഷ്ടാവെന്ന് മതക്കാർ ദൈവത്തിന്‌ നല്കിയിരിക്കുന്ന വിശേഷണത്തിന്മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമാണ്‌ ഡിസൈനർ എന്ന രണ്ടാം സ്ഥാനം.
 

Monday, February 7, 2011

ഈ പ്രപഞ്ചം അനാഥമാണോ?


കൈരളി പ്യൂപ്പിളിൽ ഇന്നലെ(06-02-2011) ശ്രീ. രവിചന്ദ്രൻ, ശ്രീ എൻ എം ഹുസ്സൈൻ എന്നിവർ പങ്കെടുത്ത പ്രോഗ്രാം നടന്നു. 'നാസ്തികനായ ദൈവം', 'നവനാസ്തികത-റിച്ചാർഡ് ഡോക്കിൻസിന്റെ വിഭ്രാന്തികൾ' എന്നീ പുസ്തകങ്ങളെ അധികരിച്ചുനടന്ന ചർച്ചയിൽ  രണ്ടുപേർക്കും പറയാനുള്ള കാര്യങ്ങൾ പരിമിതമായ സമയത്തിനുള്ളിൽ ഒതുക്കി പറയാൻ അവസരം ലഭിച്ചുവെങ്കിലും ചോദ്യകർത്താവിന്റെ ചോദ്യങ്ങളോടുള്ള പ്രതികരണങ്ങളായിരുന്നു ഇവയെന്നതുകൊണ്ട് വലിയ ചൂടും കോലാഹലവുമൊന്നുമില്ലാത്ത ഒരു ചോദ്യോത്തര പംക്തിയായിമാറി പ്രോഗ്രാം. 

ശ്രീ. ഹുസ്സൈൻ ഉന്നയിച്ച പ്രധാന പ്രശ്നങ്ങൾ അദ്ദേഹം ലേഖനത്തിലും, ബ്ളോഗിലും, പുസ്തകത്തിലും ഉന്നയിച്ചവ തന്നെയായിരുന്നു:-

 1. താപഗതികസിദ്ധാന്തപ്രകാരം ഈ പ്രപഞ്ചത്തിലെ ഓരോ കണികയുടെയും ചലനശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. സ്വയം ചലിക്കാൻ ശേഷിയുള്ളവയുടെ ചലനശേഷി നഷ്ടപ്പെടുകയില്ല. അതിനാൽ പ്രപഞ്ചാരംഭത്തിൽ ഇതിനെ ചലിപ്പിച്ച ഒരു പ്രപഞ്ചാതീതശക്തിയുണ്ട് എന്നാണ്‌ തന്റെ അഭിപ്രായം. 

2. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച-ഡിസൈൻ ചെയ്ത ഒരു ഡിസൈനർ ഉണ്ട് എന്നാണ്‌ തന്റെ അഭിപ്രായം. 

 ഈ അഭിപ്രായപ്രകടനങ്ങളോട് ശ്രീ രവിചന്ദ്രന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:-
1. ഈ പ്രപഞ്ചത്തിൽ സൃഷ്ടി എന്നൊരു സംവിധാനം നടക്കുന്നില്ല എന്ന് തന്റെ പുസ്തകത്തിൽ പലവട്ടം ആവർത്തിച്ചിരുന്നു. എന്നാൽ സൃഷ്ടി ഉണ്ട് എന്ന് ആരും ഇതുവരെ സ്ഥാപിച്ചിട്ടില്ല. സൃഷ്ടിയും ഡിസൈനും ഒന്നല്ല, രണ്ടാണ്‌. നിലവിലില്ലാത്തെ ഒന്നിനെ ഉണ്ടാക്കുന്നതാണ്‌ സൃഷ്ടി. നിലവിലുള്ളതിനെ രൂപമാറ്റം വരുത്തുന്നതാണ്‌ ഡിസൈൻ. ഇതിന്‌ തൃപ്തികരമായ വിശദീകരണം ലഭിക്കാതെ സൃഷ്ടിവാദത്തെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല. 

2. താപഗതികം ഒരു ശാസ്ത്രീയ സിദ്ധാന്തമാണ്‌. കണികകളുടെ ചലനശേഷി നഷ്ടപ്പെടുന്നു എന്നതിൽനിന്ന് എത്താവുന്ന നിഗമനം കണികയ്ക്ക് സ്വയം ചലനശേഷി ഇല്ല എന്നതുതന്നെയാകണമെന്നില്ലല്ലോ? ചലനശേഷിയുള്ളവയ്ക്കും ചലനശേഷി നഷ്ടപ്പെടാനും പിന്നീട് ആർജിക്കാനും സാധ്യതയില്ലേ?  


3. കണികകൾക്ക് ചലനശേഷി നഷ്ടപ്പെടുന്നു എന്നതിനർത്ഥം ഇപ്പോൾ കണികകളെ ചലിപ്പിക്കാൻ ആരുമില്ലാതെ അനാഥമാണ്‌ പ്രപഞ്ചം എന്നല്ലേ? 

ഇതിനോട് ശ്രീ ഹുസ്സൈൻ ഒരു വിധത്തിലും പ്രതികരിക്കാതെ മൗനം പാലിക്കുകയായിരുന്നു. അത് മറുപടിയില്ലാത്തതുകൊണ്ടാകണമെന്നില്ല, അതിനുള്ള അവസരം പ്രോഗ്രാമിൽ കിട്ടാത്തതിനാലുമാകാം. 

ഏതായാലും വ്യക്തിപരമായി ഞാൻ ഈ ചർച്ചയ്ക്കുശേഷം എത്തിപ്പെട്ട നിഗമനം ശ്രീ. ഹുസ്സൈൻ തന്റെ പുസ്തകത്തിനുതന്നെ ആധാരമായി ഉയർത്തിയതും, എല്ലായ്പ്പോഴും റേഡിയോ അഭിമുഖത്തിലും(ഈ പ്രൊഗ്രാമിൽ പോലും) ആവർത്തിക്കുകയും ചെയ്യുന്ന ഒരു വാദഗതി പരാജയപ്പെടുകയാണെന്നതാണ്‌.    

സ്വയം ചലനശേഷിയില്ലാത്ത ഈ പ്രപഞ്ചത്തെ ചലിപ്പിക്കാൻ ഒരു പ്രാരംഭ 'തള്ളല്കാരൻ' ആവശ്യമാണ്‌ എന്നതാണ്‌ ആ വാദം. ഇത് ശരിയാണെന്ന് സമ്മതിച്ചാൽ മറ്റൊരു പ്രശ്നം ഉല്ഭവിക്കുകയാണ്‌. തള്ളിക്കഴിഞ്ഞശേഷം തള്ളല്കാരൻ വീട്ടിലിരുന്ന് വിശ്രമിക്കുകയാണോ? അല്ലെങ്കിൽ എന്തുകൊണ്ട് പ്രപഞ്ചത്തിന്‌ ചലനശേഷി നഷ്ടപ്പെടുന്നു? ദൈവം ഇപ്പോൾ ഈ പ്രപഞ്ചത്തിൽ ഇടപെടുന്നില്ലേ? പ്രപഞ്ചത്തിനെ ചലനശേഷി നഷ്ടപ്പെടാൻ വിട്ട് ദൈവം എന്തെടുക്കുകയാണ്‌? ഈ പ്രപഞ്ചം അനാഥമാണോ? 


Thursday, February 3, 2011

സൃഷ്ടിവാദവും ഫോസിൽ തെളിവുകളും

ദൈവമെന്ന ആശയം ഭൂമിയിൽ പ്രത്യക്ഷപ്പെടാൻ, ജീവൻ ആവിർഭവിച്ചതിനുശേഷം 400 കോടി വർഷങ്ങൾ കഴിയേണ്ടിവന്നു. ഇതിനിടയിലെ സുധീർഘമായ കാലയളവിൽ ഒരു ജീവിയും ദൈവത്തെ സൃഷ്ടിച്ചില്ല.അതിനുകാരണം, ദൈവമെന്ന ആശയത്തെ അവതരിപ്പിക്കാൻ തികച്ചും intelligent ആയ ജീവി ഉല്ഭവിക്കണം. അതാണ്‌ മനുഷ്യൻ. അവൻ ഭംഗിയായി ദൈവത്തെ ഡിസൈൻ ചെയ്തു. അതെ ജീവലോകത്തെ intelligent designer മനുഷ്യനാണ്‌. അവനില്ലെങ്കിൽ ഭൂമിയിൽ ദൈവവുമില്ല
പരിണാമശാസ്ത്രത്തെ സമഗ്രമായി പ്രതിപാദിക്കുന്ന രാജു വാടാനപ്പള്ളിയുടെ ലേഖനം ഇവിടെ വായിക്കുക