Friday, July 20, 2012

അശാസ്ത്രീയമായ ശസ്ത്ര വിമർശനം.

(ലേഖകൻ: മുഹമ്മദ് ഫക്രുദീൻ അലി)
     ശാസ്ത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വരട്ടുതത്വങ്ങൾക്കെതിരാണ്‌ എന്നതാണ്‌. ശാസ്ത്രീയമായ ഏത് വാദത്തിനും ഏത് പ്രത്യയശാസ്ത്രത്തിനും ഇപ്പറഞ്ഞത് ബാധമാണ്‌. അല്ലാത്തപക്ഷം അവ മനുഷ്യവിരുദ്ധവും അശാസ്ത്രീയവുമായി മാറും. ഇത്തരം ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ ഇപ്പോൾ തന്നെ നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രം ശാസ്ത്രമായിരിക്കുക അത് നിരന്തരം തിരുത്തുകയും കൂട്ടിച്ചേർക്കുകയും വീണ്ടും തിരുത്തുകയും ഹെയ്യുമ്പോഴാണ്‌. ഇങ്ങനെ വസ്തുനിഷ്ഠമായ പ്രവർത്തനങ്ങളിൽ നിനും കിട്ടുന്ന ഏറ്റവും പുതിയ അറിവുകളുടെ പുറത്ത് ശാസ്ത്രം  സ്വയം തിരുത്തി മുന്നേറുമ്പോൾ അത് ശാസ്ത്രത്തിന്റെ പരാജയമായി അശേഷം ശാസ്ത്രബോധമില്ലാത്തവർക്ക് തോന്നും. ഉറക്കം എന്ന അവസ്ഥയെപറ്റി കേട്ടുകേൾവിയില്ലാത്ത ഒരാൾ മറ്റൊരാൾ ഉറങ്ങുന്നതുകണ്ട് അത് അയാളുടെ മരണമാണെന്ന് വിളിച്ചുകൂവുന്നതുപോലെ ഇവർ പുരപ്പുറത്തുകയറി ശാസ്ത്രത്തിന്റെ മരണമാഘോഷിക്കും. ഇത്തരക്കാരിൽ പ്രമുഖർ മതവിശ്വാസികളായ സൃഷ്ടിവാദക്കാരാണ്‌. ആദിപിതാവിന്റെയും മാതാവിന്റെയും കഥ അപ്പാടെ വിശ്വസിക്കുന്നവർ. ഇവരുടെ വിശുദ്ധ അമളികളുടെ കൂട്ടത്തിൽ പുതിയതൊന്നു കൂടി ഈയിടെ ദക്ഷിണകൊറിയയിൽ കൂട്ടിച്ചേർക്കപ്പെട്ടു.
ആർക്കിയോപ്റ്റെറിക്സ് ഫോസിൽ
 
Xiaotingia zhengi
 സംഭവങ്ങളുടെ തുടക്കം പോയ വർഷത്തിലാണ്‌. പുതിയ ഫോസിൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആർക്കിയോപ്റ്റെറിക്സ്(archeopteryx) എന്ന പക്ഷികളുടെ പൂർവ്വികന്‌ ആ സ്ഥാനം നഷ്ടമായി. ഇത്രയും കാലം ആർക്കിയോപ്റ്റെറിക്സിനെ ആ സ്ഥാനത്തിരുത്തിയായിരുന്നു പരിണാമ സിദ്ധാന്തങ്ങൾ ഗവേഷണങ്ങൾ നടത്തിയത്. എന്നാൽ പുതിയ വിവരങ്ങളനുസരിച്ച് പക്ഷി വർഗ്ഗത്തിന്റെ പരിണാമദശയിലെ ഒരു കണ്ണിയാണ്‌ ആർക്കിയോപ്റ്റെരിക്സ്. അതിനപ്പുറവും പക്ഷികളിലെക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്ന ജീവികളുണ്ടായിരുന്നുവെന്ന് പുതിയ ഫോസിൽ പഠനങ്ങൾ തെളിവുനല്കി. ഇതിൻ പ്രകാരം പക്ഷികളുടെ പരിണാമശാസ്ത്രം പഠിക്കുന്ന ശാസ്ത്രജ്ഞർ സ്വയം തിരുത്തുകയും, നാച്ചുർ പോലെയുള്ള അന്താരാഷ്ട്ര അക്കാദമി ജേർണലുകളിൽ ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങൾ വരികയും ചെയ്തു. എന്നാൽ ദക്ഷിണ കൊറിയയിലെ വിദ്യാഭ്യാസ വകുപ്പ് സംഭവത്തെ കണ്ടത് ശാസ്ത്രത്തിന്റെ ശക്തിയായല്ല, മറിച്ച് ദൗർബല്യമായാണ്‌. പരിണാമസിദ്ധാന്തത്തിന്റെ ആധികാരികത തന്നെ നഷ്ടപ്പെട്ടെന്നവർ വിലയിരുത്തി. ഇതേതുടാർന്ന് സൊസൈറ്റി ഫോർ ടെക്സ്റ്റ് ബുക്ക് എന്ന സൃഷ്ടിവാദികളുടെ ലോബി പാഠപുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തം പ്രതിയുള്ള തെറ്റുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് വെറും നിഷ്കളങ്കമായ ഒരാവശ്യം അഥവാ പുതിയ കണ്ടെത്തലുകൾ ടെക്സ്റ്റ് ബുക്കുകളിൽ ഉൾപ്പെടുത്തണമെന്ന രീതിയിലായിരുന്നില്ല, മറിച്ച് പക്ഷികളുടെയും കുതിരകളുടെയും മറ്റും പരിണാമത്തെക്കുറിച്ചുള്ള ഭാഗങ്ങൾ അപ്പടി പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യിക്കുക എന്നതായിരുന്നു അജണ്ട. കൃസ്ത്യൻ ഭൂരിപക്ഷമുള്ള കൊറിയയിലെ വിദ്യാഭ്യാസ വകുപ്പ് അധികം താമസിയാതെ തന്നെ ഈ പ്രതിലോമകാരികൾക്ക് കീഴടങ്ങി.
കൊക്കുകളുടെ പരിണാമം
  നാച്ചുർ ഇതേപ്പറ്റി എഴുതിയ ലേഖനത്തിൽ പറയുന്നത് ഇക്കണക്കിനു പോയാൽ മനുഷ്യന്റെ പരിണാമത്തെക്കുറിച്ചും പക്ഷികളുടെ ചുണ്ടുകൾ പരിസ്ഥിതിക്കനുസരിച്ച് പരിണാമത്തിന്‌ വിധേയമാണെന്നതുൾപ്പെടെയുള്ള ശാസ്ത്രീയമായ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും താമസിയാതെ അപ്രത്യക്ഷമാകുമെന്നാണ്‌. ഇത് ദക്ഷിണകൊറിയയിലെ മാത്രം കാര്യമല്ല. പ്രബുദ്ധമെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ പല യാഥാസ്ഥിതിക തെക്കൻ സംസ്ഥാനങ്ങളിലെയും പാഠപുസ്തകങ്ങളിലെ ശാസ്ത്രനിരാസം മുമ്പേ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലുമുണ്ട് ഉദാഹരണങ്ങൾ. ഒരുപാട് ശാസ്ത്രീയ ചരിത്രങ്ങളാണ്‌ ഇവിടെ പ്രശ്നമായത്. ഡി എൻ ത്ധാ വേദങ്ങളുദ്ധരിച്ചുകൊണ്ട് ഋഗ്വേദ കാലഘട്ടത്തിൽ ആര്യബ്രാഹ്മണർ ഗോമാംസം ഭക്ഷിച്ചിരുന്നെന്ന് തെളിയിച്ചപ്പോൾ ബി ജെ പി യുടെ പഴയ എൻ ഡി എ ഗവണ്മെന്റ് ആ പാഠഭാഗം  തന്നെ ഡ​ൽഹി യൂണിവേഴ്സിറ്റിയെക്കൊണ്ട് മാറ്റിവെപ്പിച്ചു. 
എ കെ രാമാനുജന്‍ (1929-1993)

അടുത്തിടെ ഇതേ സർവ്വകലാശാലയിൽ ഡോക്റ്റർ രാമാനുജൻ രാമായണത്തെക്കുറിച്ചെഴുതിയ ശാസ്ത്രീയ പഠനം സിലബസിൽ നിന്നും നീക്കം ചെയ്യപ്പെടുകയുണ്ടായി. എന്തിന്‌, നമ്മുടെ സ്വന്തം ബുദ്ധിജീവികളുടെ കേരളത്തിൽ അടുത്തിടെയാണ്‌ ഇതിനു സമാനമായ മറ്റൊരു സംഭവമുണ്ടായത്. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ കത്തോലിക്കാസഭ കാണിച്ചുകൂട്ടിയ ക്രൂരതകൾ കാര്യകാരണസഹിതം വിദ്യാർത്ഥികളിലെത്തിച്ച പാഠഭാഗങ്ങളാണിവിടെ പാതിരികാരുടെ അവിശുദ്ധ ബലിക്ക് ഇരയായത്.
 

ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്ന പ്രശ്നമെന്താണ്‌?

ഉത്തരം ലളിതമാണ്‌. ശാസ്ത്ര ബോധമില്ലാത്ത ഒരു പുതുതലമുറ കൂടി വളർന്നുവരും. വിഭവങ്ഗൾ അടിക്കടി കുറഞ്ഞുവരികയും ജനസംഖ്യ വലിയ നിയന്ത്രണമൊന്നുമില്ലാതെ 700 കോടിയും കവിഞ്ഞ് മുന്നേറുകയും ചെയ്യുമ്പോൾ മനുഷ്യൻ കൂടുതൽ പരസ്പരം അകലും, വെറുക്കും. അപ്പോൾ തെറ്റിദ്ധാരണകളായിരിക്കും മനുഷ്യരെ നയിക്കുക. ഇത്തരം ഒരു ഘട്ടത്തിൽ ജർമ്മനിയുടെ നാശത്തിനു കാരണം ജൂതരാൺൻ പറഞ്ഞുകൊണ്ട് 1920 കളിൽ ഹിറ്റ്ലറും മറ്റും നടത്തിയതിനു സമാനമായ സ്ഥാപിതതാല്പര്യക്കാർക്ക് എളുപ്പ്പം നടത്താം. ശാസ്ത്രബോധമില്ലാത്ത, പ്രശ്നങ്ങളുടെ കാര്യകാരണങ്ങളെക്കുറിച്ച് ചിന്തിക്കാത്ത ജനം അവരെ കണ്ണുമടച്ചു വിശ്വസിച്ചുകൊണ്ട് പരസ്പരം കൊന്നുതള്ളും. വലിയ മനുഷ്യസ്നേഹമൊക്കെ പറയുമെങ്കിലും ഈ അവസ്ഥ തടയാൻ മതങ്ങൾക്കാവില്ല എന്ന് ചരിത്രം തന്നെ തെളിയിച്ചതാണ്‌. കാരണം ഇതുവരെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത് മതത്തിന്റെ പേരിലാണ്‌. കുരിശു യുദ്ധങ്ങളും ജിഹാദുകളും ഇന്ത്യാ വിഭജനവും ഗുജറാത്ത് കലാപങ്ങളും ഒർക്കുക. മാത്രമല്ല, ഇത്തരം ദുരന്തമയമായ അന്തരീക്ഷത്തിൽ മതസ്ഥാപനങ്ങൾ അക്രമകാരികൾകൊപ്പമാണ്‌ നിന്നിട്ടുള്ളത്. ഉദാഹരണമായി ഹിറ്റ്ലർ 60 ലക്ഷം ജൂതന്മാരെ കൊന്നുതള്ളിയപ്പോൾ റോമൻ കത്തോലിക് സഭയും പോപ്പും ഹിറ്റ്ലർക്കൊപ്പമായിരുന്നു. ഒടുവിൽ ഹിറ്റ്ലർ സഭയേയും ആക്രമിച്ചപ്പോഴാണ്‌ ആത്മരക്ഷാർത്ഥം പോപ്പ് നിലപാട് മാറ്റിയത്. അപ്പോൾ ശാസ്ത്രബോധമുള്ള സമൂഹമാണ്‌ നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ അഭികാമ്യം എന്ന് വരുന്നു. കാരണം ശാസ്ത്രമെന്നാൽ പ്രശ്നങ്ങളെ കാര്യകാരന സഹിതം വിശദീകരിക്കുന്ന ഒരു സംബ്രദായമാണ്‌. ഓരോ പ്രശ്നത്തിനുപിന്നും ഒന്നോ അതിലധികമോ കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ കണ്ടെത്തി വിശദീകരിക്കുകയും അതിൻ പ്രകാരം ഭാവിയിൽ ഉണ്ടാവാനിടയുള്ള ദുരന്തങ്ങളും, ദുരിതചരിത്രപാഠങ്ങളുടെ ആവർത്തനവും തടയുക എന്നതാണ്‌ ശാസ്ത്രത്തിന്റെ ഒന്നാമത്തെ ദൗത്യം. മനുഷ്യന്റെ ജീവിതം സുഖമമാക്കുക എന്നതാണ്‌ രണ്ടാമത്തെ ലക്ഷ്യം. ഇവിടെ ശാസ്ത്രം കൊണ്ടുവന്ന സുഖ സൗകര്യങ്ങൾ ആസ്വദിക്കാൻ ഭ്രാന്തുകാട്ടുമ്പോൾ പൊതുസമൂഹത്തിന്‌ ശാസ്ത്രം ചെയ്യുന്ന ഏറ്റവും വലിയ സംഭാവനയായ ശാസ്ത്രബോധത്തിന്റെ പ്രചരണത്തെ തടയാനാണ്‌ സൃഷ്ടിവാദ വിശ്വാസികളുടെ ശ്രമം. അതിനവർ കൂട്ടുപിടിക്കുന്നതാകട്ടെ ശാസ്ത്രത്തെ തന്നെയും. അതായത് വ്യവസ്ഥാപിത ശാസ്ത്ര മാനദണ്ഡങ്ങൾ പരിണാമ സിദ്ധാന്തം പാലിക്കുന്നില്ല എന്നതാണ്‌ അവരുടെ മുഖ്യപരാതി. എങ്കിൽ തങ്ങളുടെ സൃഷ്ടിവാദം തെളിയിക്കാൻ ഒരു തെളിവെങ്കിലും ഇവർക്ക് ഹാജരാക്കാനുണ്ടോ? ഇല്ല. പിന്നെ ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ ഓരോ കാലത്തും മാറയോക്കൊണ്ടിരിക്കും. ന്യൂട്ടന്റെ മാനദണ്ടങ്ങൾ അപ്പടി  ഉപയോഗിച്ച് ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങൾ തെളിയിക്കാനാകില്ല. അതുകൊണ്ടാണ്‌ പില്ക്കാലത്ത് ഐൻസ്റ്റീനിയൻ സയൻസ് രൂപം കൊണ്ടത്. എന്നാൽ ഇത് പ്രചാരം നേടും മുമ്പ് തന്നെ ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളുടെ ആധികാരികത ആനവ പരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെട്ടിരുന്നു. പിന്നീട് ആ യാഥാർത്ഥ്യം ശാസ്ത്ര സമൂഹം അംഗീകരിക്കുകയായിരുന്നു. കാരണം യാഥാർത്ഥ്യങ്ങൾ അപ്രിയമാണെങ്കിൽ തന്നെയും ശാസ്ത്രത്തിന്‌ അതിനു നേരെ കണ്ണടയ്കാനാകില്ല.

 ഇതേ അവസ്ഥയായിരുന്നു ഡാർവിനും. പോപ്പിനെപ്പേടിച്ച് വളരെക്കാലം തന്റെ കണ്ടെത്തലുകൾ പുറത്തുപറയാൻ തന്നെ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നാൽ നൂറ്റാണ്ടുകൾക്കുശേഷം 1990 കളിൽ റോമൻ കത്തോലിക്കാ സഭതന്നെ പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുകയുണ്ടായി. പക്ഷേ, രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കണമെന്ന നിർബന്ധബുദ്ധിയുള്ള സൃഷ്ടിവാദികൾ ഇതൊന്നും കണ്ട മട്ടില്ല. ഇനി “ദൈവം തമ്പുരാൻ” നേരിട്ട് വന്ന് ഇതൊക്കെ ശരിയാണെന്ന് പറഞ്ഞാലും അവരൊട്ടും അംഗീകരിക്കുകയില്ല. കാരണം അവരുടെ താല്പര്യങ്ങൾ വേറെയാണ്‌. അതുകൊണ്ടാണ്‌ ജീസസ് ആരാധനാലയത്തിൽ നിന്നും തന്നെ ഇത്തരക്കാരെ അടിച്ചോടിച്ചത്.
ഇതേ സമയം അതിശാസ്ത്രവാദത്തെയും നാം മനസ്സിലാക്കേണ്ടതുണ്ട്. വസ്ത്നിഷ്ഠവാദികളാണി (പോസിറ്റിവിസ്റ്റുകൾ)വരിൽ പ്രമുഖർ. ഇന്ത്രിയഗോചരമല്ലാത്ത ഒന്നും ഇത്തരക്കാർ അംഗീകരിക്കില്ല. സാമാന്യയുക്തിയില്ലപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ ഇവർക്ക് അംഗീകരിക്കാനാകില്ല. തെളിവുകളില്ലാത്തതിനാൽ താൻ കണ്ട കൊലപാതകത്തിലെ പ്രതി നിരപരാധിയാണെന്ന് പറയേണ്ടിവരുന്ന ന്യായാധിപനെപ്പോലെ. അതുകൊണ്ടുതന്നെ ഒന്നും, ഒന്നും രണ്ടാനെന്നേ ഇവർ അംഗീകരിക്കൂ. എന്നാൽ വൈക്കം മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടിയപോലെ രണ്ട് ചെറിയ തോടുകൾ കൂടിച്ചേർന്ന് ഒരു വലിയ പുഴയാകുന്ന, വലിയ ഒന്നാകുന്ന യാഥാർത്ഥ്യങ്ങളുണ്ട്. പലപ്പോഴും സാംബ്രദായികമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ ഇത്തരം യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുവാൻ മടിക്കുന്നതിനെയാണ്‌ ആധുനികോത്തര വിമർശകർ ആക്രമിക്കുന്നത്. ഇതുപക്ഷേ ശാസ്ത്രത്തിന്റെ പരിപൂർണ നിഷേധമല്ല. അങ്ങനെയാണ്‌ പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ ആധുനികോത്തരം ശാസ്ത്രവിമർശനം ആധുനിക ശാസ്ത്രത്തിന്റെ പിഴവുകളും ശാസ്ത്രീയ രീതിയിലെ പഴുതുകളും ചൂണ്ടിക്കാട്ടുക വഴി കൂടുതൽ പരിഷ്കരിക്കുവാനും പുതുക്കുവാനും അങ്ങനെ കൂടുതൽ സമഗ്രമായ അർത്ഥത്തിൽ ശസ്ത്രീയമാക്കുവാനും ആധുനിക ശാസ്ത്രത്തെ സജ്ജമാക്കുകയാണ്‌ ചെയ്യുന്നത്.
(കടപ്പാട്:- നവയുഗം ദൈവാരിക- 2012 ജൂലൈ 1; സ. പന്ന്യൻ രവീന്ദ്രൻ പത്രാധിപരായ നവയുഗം, സി പി ഐ സംസ്ഥാന കൌൺസിൽ മുഖപത്രമാണ്.)

12 comments:

സുശീല്‍ കുമാര്‍ said...

ശാസ്ത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വരട്ടുതത്വങ്ങൾക്കെതിരാണ്‌ എന്നതാണ്‌. ശാസ്ത്രീയമായ ഏത് വാദത്തിനും ഏത് പ്രത്യയശാസ്ത്രത്തിനും ഇപ്പറഞ്ഞത് ബാധമാണ്‌. അല്ലാത്തപക്ഷം അവ മനുഷ്യവിരുദ്ധവും അശാസ്ത്രീയവുമായി മാറും. ഇത്തരം ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ ഇപ്പോൾ തന്നെ നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രം ശാസ്ത്രമായിരിക്കുക അത് നിരന്തരം തിരുത്തുകയും കൂട്ടിച്ചേർക്കുകയും വീണ്ടും തിരുത്തുകയും ഹെയ്യുമ്പോഴാണ്‌. ഇങ്ങനെ വസ്തുനിഷ്ഠമായ പ്രവർത്തനങ്ങളിൽ നിനും കിട്ടുന്ന ഏറ്റവും പുതിയ അറിവുകളുടെ പുറത്ത് ശാസ്ത്രം സ്വയം തിരുത്തി മുന്നേറുമ്പോൾ അത് ശാസ്ത്രത്തിന്റെ പരാജയമായി അശേഷം ശാസ്ത്രബോധമില്ലാത്തവർക്ക് തോന്നും. ഉറക്കം എന്ന അവസ്ഥയെപറ്റി കേട്ടുകേൾവിയില്ലാത്ത ഒരാൾ മറ്റൊരാൾ ഉറങ്ങുന്നതുകണ്ട് അത് അയാളുടെ മരണമാണെന്ന് വിളിച്ചുകൂവുന്നതുപോലെ ഇവർ പുരപ്പുറത്തുകയറി ശാസ്ത്രത്തിന്റെ മരണമാഘോഷിക്കും.

Unknown said...

ശാസ്ത്രം ആണ് ഏറ്റവും നല്ല മതം. വര്‍ഗീയതയും അസ്സഹിഷ്ണുതയും ഭീകരതയും ഇല്ലാത്ത മതം. കാരണം അത് ഇപ്പോഴും അന്വേഷിക്കുന്നതും , കണ്ടെത്തുന്നതും തിരുത്തപ്പെടുന്നതും ഉത്തരം ഉള്ളതും ആണ്. ചോര ചിന്താതെ പടരുന്നതും ആണ്. മാനവികതയുടെ മനോഹര പുഷ്പമാണ്‌ ശാസ്ത്രം.

ചാർവാകം said...

മെച്ചപ്പെട്ടതിലേക്ക് തിരുത്തപ്പെടലാണ്‌ ശാസ്ത്രം. അത് തെറ്റാണെന്ന് പറയുകയല്ല, മറിച്ച് ഇന്നലത്തെ ശരിയെ ഇന്നത്തെ ശരികൊണ്ട് രണ്ടാം സ്ഥാനത്താക്കലാണ്‌. അതൊരു പോരായ്മയാണെങ്കിൽ ആ പോരായ്മ തന്നെയാണ്‌ ‘സയൻസ്’

സുരേഷ് ബാബു വവ്വാക്കാവ് said...

ഇവിടെയും പല തിരുത്തും തുടങ്ങിയല്ലോ.ഇനി പരിണാമസിദ്ധാന്തമായിരിക്കും അടുത്ത ഇര..

Unknown said...

"ഇതേ അവസ്ഥയായിരുന്നു ഡാർവിനും. പോപ്പിനെപ്പേടിച്ച് വളരെക്കാലം തന്റെ കണ്ടെത്തലുകൾ പുറത്തുപറയാൻ തന്നെ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല"
ഈ പ്രസ്താവന തെറ്റാണ് . ഡാര്‍വിന്‍ ഒരു കത്തോലിക്കാ വിശ്വാസി ആയിരുന്നില്ല. ആണെങ്കില്‍ തന്നെ റോമിന് ഇഗ്ലാണ്ടില്‍ യാതൊരു വിധ സ്വാധീനവും ഇക്കാര്യത്തില്‍ ചെലുത്താന്‍ ആവുമായിരുന്നില്ല. ഡാര്‍വിന്‍ ഒരിക്കലും സഭയെ പെടിചിരുന്നില്ല എന്ന് തന്നെ അല്ല അദ്ദേഹം പള്ളിയില്‍ പോക്ക് തന്നെ നിര്‍ത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്.

Unknown said...
This comment has been removed by the author.
Unknown said...

"ഉദാഹരണമായി ഹിറ്റ്ലർ 60 ലക്ഷം ജൂതന്മാരെ കൊന്നുതള്ളിയപ്പോൾ റോമൻ കത്തോലിക് സഭയും പോപ്പും ഹിറ്റ്ലർക്കൊപ്പമായിരുന്നു"(Pannyan Raveendran)

ഈ പ്രസ്താവനയും ചരിത്ര പരം അല്ല. മുസോളിനിക്കും ഹിട്ലരിനും എതിരെ രണ്ടു encyclicals സഭ ഇറക്കിയതാണ്. പള്ളികളുടെ മുകളിലെ കുരിശു മാറ്റി സ്വസ്തിക് പിടിപ്പിക്കുകയും , ആയിരക്കണക്കിന് വൈദികരും സന്യാസിനികളും കൊല്ലപ്പെടുകയും പീടിപ്പിക്കപ്പെടുകയും ചെയ്തു. ഹിട്ലരെ സപ്പോര്‍ട്ട് ചെയ്ത സഭയോട് ഹിട്ലര്‍ അങ്ങിനെ ചെയ്യുമോ. മേല്പറഞ്ഞ "സപ്പോര്‍ട്ട്" ഒരു ആന്റി കാത്തലിക് കോണ്സ്പിറസി തിയറിയുടെ ഭാഗം മാത്രമാണ്. കൂടുതല്‍ കൂട്ടക്കൊലകള്‍ ഉണ്ടാകാതിരിക്കാന്‍ പോപ്പിന് മൌനം അവംബിക്കേണ്ടി വന്നു എന്നത് സത്യമാണ്. റോമിനെ മാത്രമേ പീഡനത്തില്‍ നിന്ന് ഒഴിവക്കിയുള്ളൂ. ബാക്കി രാജ്യങ്ങളില്‍ എല്ലാം തന്നെ ഹിട്ലരെ എതിര്‍ത്തത് വഴി കത്തോലിക്ക സഭ പീഡിപ്പിക്കപ്പെട്ടു. പിന്നെ കത്തോലിക സഭ എന്നത് റോം മാത്രമല്ല. 22 സഭകളുടെ ഒരു ഗ്രൂപ്പ് ആണത്. റോമ അതില്‍ ഒന്ന് മാത്രം. റോമിനോട് നിശബ്ദദ പാലിച്ചു diplomatic മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ കൂട്ടക്കൊലകള്‍ ഒഴിവാക്കാന്‍ ആയിരുന്നു മറ്റു രാജ്യങ്ങളുടെ നിര്‍ദേശവും തീരുമാനവും. അന്നത്തെ പോപ്പിന്റെ യഹൂദര്‍ക്കുള്ള സഹായങ്ങള്‍ പരിഗണിച്ചു ഇസ്രേല്‍ അന്നത്തെ പോപ്പിന് അന്ഗീകാരവും ബഹുമതികളും പാരിതോഷികവും കൊടുത്തതായി കാണാം. പന്ന്യന്‍ രവീന്ദ്രന്‍ പറയുന്ന കാലം കഴിഞ്ഞു മാവോ സേതൂങ്ങ്‌ കുറഞ്ഞ പക്ഷം 30 മില്യണ്‍ കൊന്നതും സ്റ്റാലിന്‍ മിനിമം 16 മില്യണ്‍ ജനങ്ങളെ കൊന്നതും ഫിടെല്‍ കാസ്ട്രോ 70000 പേരെ എങ്കിലും കൊന്നത് ഏത് സഭ അല്ലെങ്കില്‍ മതം കൂട്ട് നിന്നിട്ടാണ്‌?.ഇന്നും കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഏത് സഭ അല്ലെങ്കില്‍ മതം കൂട്ട് നിന്നിട്ടാണ്‌?.

Unknown said...

ഒരു സൃഷ്ടാവുണ്ട് പക്ഷെ ആ സൃഷ്ടാവ് അല്ലാഹുവാണ് അല്ലെങ്കില്‍ ബ്രഹ്മാവാണ് , കൃഷ്നാണ്, ക്രിസ്തുവാണ്‌ , അല്ലെങ്കില്‍ ഇടിമിന്നലാണ്, അല്ലെങ്കില്‍ യാദൃശ്ചികം ആയി ഉണ്ടായ ഇടിമിന്നലും പ്രകൃതി നിര്‍ദ്ധാരണം ആണ് എന്ന് പ്രസ്തവിക്കുന്നതാണ് പ്രശനം എന്ന് തോന്നുന്നു. പേരുകളും പരിണാമ സാങ്കേതിക പദങ്ങളും ഉപേക്ഷിച്ചു ഒരു സൃഷ്ടാവ് സാധ്യമോ? സുശീലിന്റെ ജീനിയസ് അങ്ങനെ ഒന്നിനെ കുറിച്ച് എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ താല്പര്യം ഉണ്ട്. മതസങ്കല്പങ്ങല്‍പ്പങ്ങള്‍ക്ക് പുറത്തു നില്കുന്ന ഒരു സൃഷ്ടാവ് എന്നൊന്ന് ഉണ്ടാകാന്‍ സാധ്യത ഉണ്ടോ.? ദൈവം എന്ന വാക്കും അതിന്റെ ഉപഗ്രഹ നാമങ്ങളും ഒഴിവാക്കി സ്രഷ്ടാവ് എന്ന് മാത്രം പറഞ്ഞാല്‍ താത്വികമായി സ്ഥാപിക്കാവുന്ന എന്ത് തെളിവുകളും തെളിവില്ലായ്മകളും ആണുള്ളത് ?. A philosophical being !?

സുശീല്‍ കുമാര്‍ said...

പ്രകൃതി നിർധാരണത്തിൽ പ്രകൃതിയുമില്ല, നിർധാരണവുമില്ല. പ്രകൃതിയല്ല നിർധാരണം ചെയ്യുന്നത്. നിർധാരണം ആരും ബോധപൂർവ്വം ചെയ്യുന്നതുമല്ല. അത് മലയാളത്തിൽ “സ്വാഭാവിക തെരഞ്ഞെടുപ്പ്” ആണ്. ഒരു കല്ല് മുകളിലേക്കെറിയുന്നു. അത് താഴോട്ട് വരുന്നു. അത് സ്വാഭാവിക തെരഞ്ഞെടുപ്പാണ്. അതിനെ സ്വാധീനിക്കുന്നത് ഭൌതികശക്തിയായ ഗുരുത്വാകർഷണം ആണ്. ജൈവലോകത്തെ നിർധാരണവും ആരും ബോധപൂർവ്വം ചെയ്യുന്ന ഒരു പ്രക്രിയയല്ല. ഈ ഭൌതിക പ്രപഞ്ചം സത്യമാണ്. അതിനെ നയിക്കുന്ന ഒരു പാട് ശക്തികൾ ഉണ്ട്. ഈ ‘ശക്തികൾ‘ അതിൽ അന്തർലീനമാണ്. അത് പ്രകൃതി/പ്രപഞ്ച ബാഹ്യമല്ല. അജൈവവസ്തുവിൽ നിന്ന് ജീവനുണ്ടാകുന്നത് ഒരു യാതൃശ്ചിക പ്രക്രിയയാണ്. അതിൽ പരിണാമമുണ്ടാകുന്നതും അതേ ദ്രവ്യത്തിന്റെതന്നെ ഗുണമാണ്.

ഇനിയത്തെ ചോദ്യം ഈ ദ്രവ്യത്തിന് ഈ ഗുണങ്ങൾ കനിഞ്ഞുനൽകിയ ഒരു “സ്രഷ്ടാവ്” ഉണ്ടോ എന്നതാണ്. അതിന്റെ ഉത്തരം ശാസ്ത്രം “ഭൌതികത്തിനകത്തുനിന്ന്” നൽകട്ടെ. ഏതായാലും ഒന്നുറപ്പാണ്. ആ സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിച്ച്, അതിന് കുറെ ഭൌതിക നിയമങ്ങളും നല്കിയശേഷം അതിനെ അതിന്റെ പാട്ടിനു വിടുകയായിരുന്നു. അല്ലെങ്കിൽ പിന്നീട് അത് പ്രപഞ്ചത്തിന്റെ കാര്യത്തിൽ ഇടപെട്ടിട്ടില്ല. അത് നന്മയയും തിന്മയെയും അതിരുകെട്ടി വേർതിരിച്ച് ന്യായാന്യായങ്ങൾ നടത്തുന്ന ഒരു ന്യായാധിപനായോ, നിയമം കൃത്യമയി പരിപാലിപ്പിക്കുന്ന ഒരു പോലീസുകാരനായോ ഈ പ്രപഞ്ചത്തിൽ ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. ഇനി ഒരു നാസ്തികൻ എന്ന നിലയ്ക്ക് അത്തരമൊരു സ്രഷ്ടാവിന്റെ സാധ്യത എന്നെ സംബന്ധിച്ച് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല. കാരണം അത് മനുഷ്യബുദ്ധിയിൽ മാത്രം രൂപം കൊള്ളുകയും അവിടെ തന്നെ കുടികൊള്ളുകയും മനുഷ്യനോടൊപ്പം അവസാനിക്കുകയും ചെയ്യുന്ന ഒരു സാങ്കൽ‌പ്പിക പ്രതിഭാസം മാത്രമാണ്. അതുകൊണ്ട് മനുഷ്യജീവിതത്തിൽ യാതൊരു ഇടപെടലും നടത്താത്തിടത്തോളം കാലം നാസ്തികരുടെ അജണ്ടയിൽ ഉൾപ്പെടുന്ന ഒരു സംഗതിയുമല്ല. (ഈയെഴുന്നയാൾ ഒരും ജീനിയസും മണ്ണാങ്കട്ടയുമല്ല, ലോകത്തെ കളർ ഗ്ലാസുകളില്ലാതെ നോക്കിക്കാണാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരൻ മാത്രം)

Anonymous said...

വിവേകമുള്ള സുശീല്‍ കുമാറേട്ടാ ,
താങ്കളുടെ ലേഖനം ഉയര്‍ന്ന യുക്തി ചിന്താ നിലവാരം പുലര്‍ത്തുന്നു .എന്നാലും ഒരു നാറാണത്തു ഭ്രാന്തന്‍ സംശയം.
അശാസ്ത്രിയമായ ചിന്താഗതി മൂലം വന്നേക്കാവുന്ന ഭവിഷ്യത്തുകളില്‍ ഒന്ന്-അന്തമില്ലാത്ത മതകലാപങ്ങളും കൂട്ടകൊലകളും - കണ്ടു.പക്ഷെ അതും യുക്തിമാനായ ദൈവത്തിന്റെ നീതി നടപ്പാക്കല്‍ അല്ലെ? കാരണം മത ഭക്തിയുടെ തീവ്രത കൂടി പോയിട്ട്, അല്ലെങ്കില്‍ ദൈവങ്ങളെ അവഹേളിക്കുന്നത് സഹിക്കാന്‍ വയ്യാതെ ചെയ്യുന്ന തമ്മില്‍ തല്ലുകൊണ്ട് ഇവിടെ അനേകം പേര്‍ ഒറ്റ അടിക്കു മരണപെട്ടു പോകുന്നു. ജനസംഖ്യാ നിയന്ത്രണത്തിന്റെ ദൈവ വഴികളില്‍ ഒന്നല്ലേ ഈ വിവിധ മതങ്ങളും മാറ്റുവാന്‍ പറ്റാത്ത അതിന്റെ ചട്ടകൂടുകളും മുഖേന നടപ്പിലാക്കപെടുന്നത് ? ആയതിനാല്‍ മതം എന്തുകൊണ്ടും ലോക നന്മ മാത്രമല്ലെ ചെയ്തുകൊണ്ടിരിക്കുന്നത്? ദൈവത്തെ പോലെ നീതി നടപ്പിലാക്കി ഇവിടെ(ഇഹ ലോകത്തില്‍ )ദൈവത്തെ പോലെ സുഖലോലുപരായി കഴിയണം എന്നാ ചിന്തയില്‍ നിന്നല്ലേ ഈ ദൈവത്തോളം ഉയര്‍ന്ന ചിന്ത എന്ന് തോന്നിപോകുന്ന ഈ യുക്തിവാദവും മതമില്ലാത്ത ശാസ്ത്രബോധവും ഉരുത്തിരിയുന്നത് ? അതുകൊണ്ട് തന്നെ നിരീശ്വരവാദം സമുഹത്തിന്റെ വിചിത്രവും സങ്കീര്‍ണവുമായ ഒഴുക്കിന് എതിരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

തീര്‍ച്ചയായും ദൈവം യുക്തിമാനാകുന്നു .ദൈവത്തിന്റെ നീതി നിര്‍വഹണം മനുഷ്യ ബുദ്ധിക്ക് വിചിത്രമാകുന്നു !

പ്രൊമിത്യുസ് said...

ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അതിലൂടെ ഏതു പാതിരാത്രിയിലും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം സ്ത്രീക്കും പുരുഷനും നല്ലവരായ എല്ലാ മനുഷ്യര്‍ക്കും ഈ വര്‌ഷമെങ്ങിലും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു !
പുതു വത്സരാശംസകള്‍

WebCube360 said...

[pii_email_37f47c404649338129d6]