Pages

Friday, July 20, 2012

അശാസ്ത്രീയമായ ശസ്ത്ര വിമർശനം.

(ലേഖകൻ: മുഹമ്മദ് ഫക്രുദീൻ അലി)
     ശാസ്ത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വരട്ടുതത്വങ്ങൾക്കെതിരാണ്‌ എന്നതാണ്‌. ശാസ്ത്രീയമായ ഏത് വാദത്തിനും ഏത് പ്രത്യയശാസ്ത്രത്തിനും ഇപ്പറഞ്ഞത് ബാധമാണ്‌. അല്ലാത്തപക്ഷം അവ മനുഷ്യവിരുദ്ധവും അശാസ്ത്രീയവുമായി മാറും. ഇത്തരം ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ ഇപ്പോൾ തന്നെ നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രം ശാസ്ത്രമായിരിക്കുക അത് നിരന്തരം തിരുത്തുകയും കൂട്ടിച്ചേർക്കുകയും വീണ്ടും തിരുത്തുകയും ഹെയ്യുമ്പോഴാണ്‌. ഇങ്ങനെ വസ്തുനിഷ്ഠമായ പ്രവർത്തനങ്ങളിൽ നിനും കിട്ടുന്ന ഏറ്റവും പുതിയ അറിവുകളുടെ പുറത്ത് ശാസ്ത്രം  സ്വയം തിരുത്തി മുന്നേറുമ്പോൾ അത് ശാസ്ത്രത്തിന്റെ പരാജയമായി അശേഷം ശാസ്ത്രബോധമില്ലാത്തവർക്ക് തോന്നും. ഉറക്കം എന്ന അവസ്ഥയെപറ്റി കേട്ടുകേൾവിയില്ലാത്ത ഒരാൾ മറ്റൊരാൾ ഉറങ്ങുന്നതുകണ്ട് അത് അയാളുടെ മരണമാണെന്ന് വിളിച്ചുകൂവുന്നതുപോലെ ഇവർ പുരപ്പുറത്തുകയറി ശാസ്ത്രത്തിന്റെ മരണമാഘോഷിക്കും. ഇത്തരക്കാരിൽ പ്രമുഖർ മതവിശ്വാസികളായ സൃഷ്ടിവാദക്കാരാണ്‌. ആദിപിതാവിന്റെയും മാതാവിന്റെയും കഥ അപ്പാടെ വിശ്വസിക്കുന്നവർ. ഇവരുടെ വിശുദ്ധ അമളികളുടെ കൂട്ടത്തിൽ പുതിയതൊന്നു കൂടി ഈയിടെ ദക്ഷിണകൊറിയയിൽ കൂട്ടിച്ചേർക്കപ്പെട്ടു.
ആർക്കിയോപ്റ്റെറിക്സ് ഫോസിൽ
 
Xiaotingia zhengi
 സംഭവങ്ങളുടെ തുടക്കം പോയ വർഷത്തിലാണ്‌. പുതിയ ഫോസിൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആർക്കിയോപ്റ്റെറിക്സ്(archeopteryx) എന്ന പക്ഷികളുടെ പൂർവ്വികന്‌ ആ സ്ഥാനം നഷ്ടമായി. ഇത്രയും കാലം ആർക്കിയോപ്റ്റെറിക്സിനെ ആ സ്ഥാനത്തിരുത്തിയായിരുന്നു പരിണാമ സിദ്ധാന്തങ്ങൾ ഗവേഷണങ്ങൾ നടത്തിയത്. എന്നാൽ പുതിയ വിവരങ്ങളനുസരിച്ച് പക്ഷി വർഗ്ഗത്തിന്റെ പരിണാമദശയിലെ ഒരു കണ്ണിയാണ്‌ ആർക്കിയോപ്റ്റെരിക്സ്. അതിനപ്പുറവും പക്ഷികളിലെക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്ന ജീവികളുണ്ടായിരുന്നുവെന്ന് പുതിയ ഫോസിൽ പഠനങ്ങൾ തെളിവുനല്കി. ഇതിൻ പ്രകാരം പക്ഷികളുടെ പരിണാമശാസ്ത്രം പഠിക്കുന്ന ശാസ്ത്രജ്ഞർ സ്വയം തിരുത്തുകയും, നാച്ചുർ പോലെയുള്ള അന്താരാഷ്ട്ര അക്കാദമി ജേർണലുകളിൽ ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങൾ വരികയും ചെയ്തു. എന്നാൽ ദക്ഷിണ കൊറിയയിലെ വിദ്യാഭ്യാസ വകുപ്പ് സംഭവത്തെ കണ്ടത് ശാസ്ത്രത്തിന്റെ ശക്തിയായല്ല, മറിച്ച് ദൗർബല്യമായാണ്‌. പരിണാമസിദ്ധാന്തത്തിന്റെ ആധികാരികത തന്നെ നഷ്ടപ്പെട്ടെന്നവർ വിലയിരുത്തി. ഇതേതുടാർന്ന് സൊസൈറ്റി ഫോർ ടെക്സ്റ്റ് ബുക്ക് എന്ന സൃഷ്ടിവാദികളുടെ ലോബി പാഠപുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തം പ്രതിയുള്ള തെറ്റുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് വെറും നിഷ്കളങ്കമായ ഒരാവശ്യം അഥവാ പുതിയ കണ്ടെത്തലുകൾ ടെക്സ്റ്റ് ബുക്കുകളിൽ ഉൾപ്പെടുത്തണമെന്ന രീതിയിലായിരുന്നില്ല, മറിച്ച് പക്ഷികളുടെയും കുതിരകളുടെയും മറ്റും പരിണാമത്തെക്കുറിച്ചുള്ള ഭാഗങ്ങൾ അപ്പടി പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യിക്കുക എന്നതായിരുന്നു അജണ്ട. കൃസ്ത്യൻ ഭൂരിപക്ഷമുള്ള കൊറിയയിലെ വിദ്യാഭ്യാസ വകുപ്പ് അധികം താമസിയാതെ തന്നെ ഈ പ്രതിലോമകാരികൾക്ക് കീഴടങ്ങി.
കൊക്കുകളുടെ പരിണാമം
  നാച്ചുർ ഇതേപ്പറ്റി എഴുതിയ ലേഖനത്തിൽ പറയുന്നത് ഇക്കണക്കിനു പോയാൽ മനുഷ്യന്റെ പരിണാമത്തെക്കുറിച്ചും പക്ഷികളുടെ ചുണ്ടുകൾ പരിസ്ഥിതിക്കനുസരിച്ച് പരിണാമത്തിന്‌ വിധേയമാണെന്നതുൾപ്പെടെയുള്ള ശാസ്ത്രീയമായ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും താമസിയാതെ അപ്രത്യക്ഷമാകുമെന്നാണ്‌. ഇത് ദക്ഷിണകൊറിയയിലെ മാത്രം കാര്യമല്ല. പ്രബുദ്ധമെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ പല യാഥാസ്ഥിതിക തെക്കൻ സംസ്ഥാനങ്ങളിലെയും പാഠപുസ്തകങ്ങളിലെ ശാസ്ത്രനിരാസം മുമ്പേ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലുമുണ്ട് ഉദാഹരണങ്ങൾ. ഒരുപാട് ശാസ്ത്രീയ ചരിത്രങ്ങളാണ്‌ ഇവിടെ പ്രശ്നമായത്. ഡി എൻ ത്ധാ വേദങ്ങളുദ്ധരിച്ചുകൊണ്ട് ഋഗ്വേദ കാലഘട്ടത്തിൽ ആര്യബ്രാഹ്മണർ ഗോമാംസം ഭക്ഷിച്ചിരുന്നെന്ന് തെളിയിച്ചപ്പോൾ ബി ജെ പി യുടെ പഴയ എൻ ഡി എ ഗവണ്മെന്റ് ആ പാഠഭാഗം  തന്നെ ഡ​ൽഹി യൂണിവേഴ്സിറ്റിയെക്കൊണ്ട് മാറ്റിവെപ്പിച്ചു. 
എ കെ രാമാനുജന്‍ (1929-1993)

അടുത്തിടെ ഇതേ സർവ്വകലാശാലയിൽ ഡോക്റ്റർ രാമാനുജൻ രാമായണത്തെക്കുറിച്ചെഴുതിയ ശാസ്ത്രീയ പഠനം സിലബസിൽ നിന്നും നീക്കം ചെയ്യപ്പെടുകയുണ്ടായി. എന്തിന്‌, നമ്മുടെ സ്വന്തം ബുദ്ധിജീവികളുടെ കേരളത്തിൽ അടുത്തിടെയാണ്‌ ഇതിനു സമാനമായ മറ്റൊരു സംഭവമുണ്ടായത്. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ കത്തോലിക്കാസഭ കാണിച്ചുകൂട്ടിയ ക്രൂരതകൾ കാര്യകാരണസഹിതം വിദ്യാർത്ഥികളിലെത്തിച്ച പാഠഭാഗങ്ങളാണിവിടെ പാതിരികാരുടെ അവിശുദ്ധ ബലിക്ക് ഇരയായത്.
 

ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്ന പ്രശ്നമെന്താണ്‌?

ഉത്തരം ലളിതമാണ്‌. ശാസ്ത്ര ബോധമില്ലാത്ത ഒരു പുതുതലമുറ കൂടി വളർന്നുവരും. വിഭവങ്ഗൾ അടിക്കടി കുറഞ്ഞുവരികയും ജനസംഖ്യ വലിയ നിയന്ത്രണമൊന്നുമില്ലാതെ 700 കോടിയും കവിഞ്ഞ് മുന്നേറുകയും ചെയ്യുമ്പോൾ മനുഷ്യൻ കൂടുതൽ പരസ്പരം അകലും, വെറുക്കും. അപ്പോൾ തെറ്റിദ്ധാരണകളായിരിക്കും മനുഷ്യരെ നയിക്കുക. ഇത്തരം ഒരു ഘട്ടത്തിൽ ജർമ്മനിയുടെ നാശത്തിനു കാരണം ജൂതരാൺൻ പറഞ്ഞുകൊണ്ട് 1920 കളിൽ ഹിറ്റ്ലറും മറ്റും നടത്തിയതിനു സമാനമായ സ്ഥാപിതതാല്പര്യക്കാർക്ക് എളുപ്പ്പം നടത്താം. ശാസ്ത്രബോധമില്ലാത്ത, പ്രശ്നങ്ങളുടെ കാര്യകാരണങ്ങളെക്കുറിച്ച് ചിന്തിക്കാത്ത ജനം അവരെ കണ്ണുമടച്ചു വിശ്വസിച്ചുകൊണ്ട് പരസ്പരം കൊന്നുതള്ളും. വലിയ മനുഷ്യസ്നേഹമൊക്കെ പറയുമെങ്കിലും ഈ അവസ്ഥ തടയാൻ മതങ്ങൾക്കാവില്ല എന്ന് ചരിത്രം തന്നെ തെളിയിച്ചതാണ്‌. കാരണം ഇതുവരെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത് മതത്തിന്റെ പേരിലാണ്‌. കുരിശു യുദ്ധങ്ങളും ജിഹാദുകളും ഇന്ത്യാ വിഭജനവും ഗുജറാത്ത് കലാപങ്ങളും ഒർക്കുക. മാത്രമല്ല, ഇത്തരം ദുരന്തമയമായ അന്തരീക്ഷത്തിൽ മതസ്ഥാപനങ്ങൾ അക്രമകാരികൾകൊപ്പമാണ്‌ നിന്നിട്ടുള്ളത്. ഉദാഹരണമായി ഹിറ്റ്ലർ 60 ലക്ഷം ജൂതന്മാരെ കൊന്നുതള്ളിയപ്പോൾ റോമൻ കത്തോലിക് സഭയും പോപ്പും ഹിറ്റ്ലർക്കൊപ്പമായിരുന്നു. ഒടുവിൽ ഹിറ്റ്ലർ സഭയേയും ആക്രമിച്ചപ്പോഴാണ്‌ ആത്മരക്ഷാർത്ഥം പോപ്പ് നിലപാട് മാറ്റിയത്. അപ്പോൾ ശാസ്ത്രബോധമുള്ള സമൂഹമാണ്‌ നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ അഭികാമ്യം എന്ന് വരുന്നു. കാരണം ശാസ്ത്രമെന്നാൽ പ്രശ്നങ്ങളെ കാര്യകാരന സഹിതം വിശദീകരിക്കുന്ന ഒരു സംബ്രദായമാണ്‌. ഓരോ പ്രശ്നത്തിനുപിന്നും ഒന്നോ അതിലധികമോ കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ കണ്ടെത്തി വിശദീകരിക്കുകയും അതിൻ പ്രകാരം ഭാവിയിൽ ഉണ്ടാവാനിടയുള്ള ദുരന്തങ്ങളും, ദുരിതചരിത്രപാഠങ്ങളുടെ ആവർത്തനവും തടയുക എന്നതാണ്‌ ശാസ്ത്രത്തിന്റെ ഒന്നാമത്തെ ദൗത്യം. മനുഷ്യന്റെ ജീവിതം സുഖമമാക്കുക എന്നതാണ്‌ രണ്ടാമത്തെ ലക്ഷ്യം. ഇവിടെ ശാസ്ത്രം കൊണ്ടുവന്ന സുഖ സൗകര്യങ്ങൾ ആസ്വദിക്കാൻ ഭ്രാന്തുകാട്ടുമ്പോൾ പൊതുസമൂഹത്തിന്‌ ശാസ്ത്രം ചെയ്യുന്ന ഏറ്റവും വലിയ സംഭാവനയായ ശാസ്ത്രബോധത്തിന്റെ പ്രചരണത്തെ തടയാനാണ്‌ സൃഷ്ടിവാദ വിശ്വാസികളുടെ ശ്രമം. അതിനവർ കൂട്ടുപിടിക്കുന്നതാകട്ടെ ശാസ്ത്രത്തെ തന്നെയും. അതായത് വ്യവസ്ഥാപിത ശാസ്ത്ര മാനദണ്ഡങ്ങൾ പരിണാമ സിദ്ധാന്തം പാലിക്കുന്നില്ല എന്നതാണ്‌ അവരുടെ മുഖ്യപരാതി. എങ്കിൽ തങ്ങളുടെ സൃഷ്ടിവാദം തെളിയിക്കാൻ ഒരു തെളിവെങ്കിലും ഇവർക്ക് ഹാജരാക്കാനുണ്ടോ? ഇല്ല. പിന്നെ ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ ഓരോ കാലത്തും മാറയോക്കൊണ്ടിരിക്കും. ന്യൂട്ടന്റെ മാനദണ്ടങ്ങൾ അപ്പടി  ഉപയോഗിച്ച് ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങൾ തെളിയിക്കാനാകില്ല. അതുകൊണ്ടാണ്‌ പില്ക്കാലത്ത് ഐൻസ്റ്റീനിയൻ സയൻസ് രൂപം കൊണ്ടത്. എന്നാൽ ഇത് പ്രചാരം നേടും മുമ്പ് തന്നെ ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളുടെ ആധികാരികത ആനവ പരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെട്ടിരുന്നു. പിന്നീട് ആ യാഥാർത്ഥ്യം ശാസ്ത്ര സമൂഹം അംഗീകരിക്കുകയായിരുന്നു. കാരണം യാഥാർത്ഥ്യങ്ങൾ അപ്രിയമാണെങ്കിൽ തന്നെയും ശാസ്ത്രത്തിന്‌ അതിനു നേരെ കണ്ണടയ്കാനാകില്ല.

 ഇതേ അവസ്ഥയായിരുന്നു ഡാർവിനും. പോപ്പിനെപ്പേടിച്ച് വളരെക്കാലം തന്റെ കണ്ടെത്തലുകൾ പുറത്തുപറയാൻ തന്നെ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നാൽ നൂറ്റാണ്ടുകൾക്കുശേഷം 1990 കളിൽ റോമൻ കത്തോലിക്കാ സഭതന്നെ പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുകയുണ്ടായി. പക്ഷേ, രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കണമെന്ന നിർബന്ധബുദ്ധിയുള്ള സൃഷ്ടിവാദികൾ ഇതൊന്നും കണ്ട മട്ടില്ല. ഇനി “ദൈവം തമ്പുരാൻ” നേരിട്ട് വന്ന് ഇതൊക്കെ ശരിയാണെന്ന് പറഞ്ഞാലും അവരൊട്ടും അംഗീകരിക്കുകയില്ല. കാരണം അവരുടെ താല്പര്യങ്ങൾ വേറെയാണ്‌. അതുകൊണ്ടാണ്‌ ജീസസ് ആരാധനാലയത്തിൽ നിന്നും തന്നെ ഇത്തരക്കാരെ അടിച്ചോടിച്ചത്.
ഇതേ സമയം അതിശാസ്ത്രവാദത്തെയും നാം മനസ്സിലാക്കേണ്ടതുണ്ട്. വസ്ത്നിഷ്ഠവാദികളാണി (പോസിറ്റിവിസ്റ്റുകൾ)വരിൽ പ്രമുഖർ. ഇന്ത്രിയഗോചരമല്ലാത്ത ഒന്നും ഇത്തരക്കാർ അംഗീകരിക്കില്ല. സാമാന്യയുക്തിയില്ലപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ ഇവർക്ക് അംഗീകരിക്കാനാകില്ല. തെളിവുകളില്ലാത്തതിനാൽ താൻ കണ്ട കൊലപാതകത്തിലെ പ്രതി നിരപരാധിയാണെന്ന് പറയേണ്ടിവരുന്ന ന്യായാധിപനെപ്പോലെ. അതുകൊണ്ടുതന്നെ ഒന്നും, ഒന്നും രണ്ടാനെന്നേ ഇവർ അംഗീകരിക്കൂ. എന്നാൽ വൈക്കം മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടിയപോലെ രണ്ട് ചെറിയ തോടുകൾ കൂടിച്ചേർന്ന് ഒരു വലിയ പുഴയാകുന്ന, വലിയ ഒന്നാകുന്ന യാഥാർത്ഥ്യങ്ങളുണ്ട്. പലപ്പോഴും സാംബ്രദായികമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ ഇത്തരം യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുവാൻ മടിക്കുന്നതിനെയാണ്‌ ആധുനികോത്തര വിമർശകർ ആക്രമിക്കുന്നത്. ഇതുപക്ഷേ ശാസ്ത്രത്തിന്റെ പരിപൂർണ നിഷേധമല്ല. അങ്ങനെയാണ്‌ പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ ആധുനികോത്തരം ശാസ്ത്രവിമർശനം ആധുനിക ശാസ്ത്രത്തിന്റെ പിഴവുകളും ശാസ്ത്രീയ രീതിയിലെ പഴുതുകളും ചൂണ്ടിക്കാട്ടുക വഴി കൂടുതൽ പരിഷ്കരിക്കുവാനും പുതുക്കുവാനും അങ്ങനെ കൂടുതൽ സമഗ്രമായ അർത്ഥത്തിൽ ശസ്ത്രീയമാക്കുവാനും ആധുനിക ശാസ്ത്രത്തെ സജ്ജമാക്കുകയാണ്‌ ചെയ്യുന്നത്.
(കടപ്പാട്:- നവയുഗം ദൈവാരിക- 2012 ജൂലൈ 1; സ. പന്ന്യൻ രവീന്ദ്രൻ പത്രാധിപരായ നവയുഗം, സി പി ഐ സംസ്ഥാന കൌൺസിൽ മുഖപത്രമാണ്.)

Saturday, January 14, 2012

ദ്വിദിന വിദ്യാർത്ഥി-യുവജന ക്യാമ്പ്

ചിന്തിക്കാന്‍ ധൈര്യപ്പെടുക
                                                                                           
Dare to think....



                                                                                          

 ഫെബ്രുവരി 10, 11 തീയതികളില്‍ മലപ്പുറത്ത്

Rational Organization of Students (ROS)
അന്വേഷണങ്ങള്‍ക്ക്: മൊബൈല്‍-9745049003, 9446408990