Wednesday, May 18, 2011

സ്വര്‍ഗം കെട്ടുകഥ- ഹോക്കിങ്


ലണ്ടന്‍: സ്വര്‍ഗവും മരണാനന്തര ജീവിതവുമെല്ലാം കെട്ടുകഥകളാണെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു. മരണഭയമാണ് മനുഷ്യനെ ഇത്തരം യക്ഷിക്കഥകള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പതിറ്റാണ്ടുകളായി മരണത്തെ മുന്നില്‍ക്കണ്ടു കഴിയുന്ന ഹോക്കിങ് അഭിപ്രായപ്പെട്ടു. 


ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുകഴിഞ്ഞാല്‍പ്പിന്നെ അയാളെ സംബന്ധിച്ചിടത്തോളം ഒന്നും അവശേഷിക്കുന്നില്ല. തലച്ചോറ് കമ്പ്യൂട്ടറിനെപ്പോലെയാണ്. ഘടക ഭാഗങ്ങള്‍ കേടാകുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഉപയോഗശൂന്യമായ കമ്പ്യൂട്ടറിന് മരണാനന്തര ജീവിതമോ സ്വര്‍ഗമോ ഇല്ല. ഇരുട്ടിനോടുള്ള ഭയം മൂലം രൂപം നല്‍കുന്ന യക്ഷിക്കഥകളെപ്പോലെയാണ് മരണാനന്തര ജീവിതം, സ്വര്‍ഗം തുടങ്ങിയ സങ്കല്പങ്ങള്‍- ഗാര്‍ഡിയനുമായുള്ള അഭിമുഖത്തില്‍ ഹോക്കിങ് പറഞ്ഞു.

കഴിഞ്ഞ 49 വര്‍ഷമായി അകാല മരണത്തിന്റെ നിഴലിലാണ് താനെന്ന് മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ശരീര പേശികള്‍ക്കു ചലനശേഷി നഷ്ടപ്പെട്ടു കിടക്കുന്ന ഹോക്കിങ് പറഞ്ഞു. 'എനിക്കു മരണത്തെ ഭയമില്ല. എന്നാല്‍ മരിക്കാന്‍ തിടുക്കവുമില്ല. അതിനു മുമ്പേ ചെയ്തു തീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ട്'- ഹോക്കിങ് പറഞ്ഞു. പ്രപഞ്ചോത്പത്തിയെപ്പറ്റി വിശദീകരിക്കാന്‍ ഒരു സ്രഷ്ടാവിന്റെ സഹായം ആവശ്യമില്ലെന്ന് ഹോക്കിങ് നേരത്തേ പറഞ്ഞിരുന്നു.