Showing posts with label നാസ്തികനായ ദൈവം. Show all posts
Showing posts with label നാസ്തികനായ ദൈവം. Show all posts

Wednesday, June 1, 2011

കഥയില്ലാതാകുമ്പോള്‍


''ചാള്‍സ് ഡാര്‍വിന്റെ 'ജീവിവര്‍ഗ്ഗങ്ങളുടെ ഉത്ഭവം' പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. 1860 ജൂണ്‍ 30 ന് ശനിയാഴ്ച ബ്രിട്ടീഷ് അസോസിയേഷന്റെ വാര്‍ഷികയോഗം ഓക്‌സ്‌ഫോര്‍ഡില്‍ സമ്മേളിച്ചു. അവിടെ പരിണാമത്തെപ്പറ്റി ചൂടുപിടിച്ച വിവാദം നടക്കുകയാണ്. ബിഷപ്പ് വില്‍ഫര്‍ഫോഴ്‌സ് തന്റെ പരിണാമവാദ വിമര്‍ശനം ഉപസംഹരിച്ചുകൊണ്ട് ഡാര്‍വിന്റെ അടുത്ത സുഹൃത്തും പ്രമുഖ പരിണാമവിദഗ്ധനുമായ ഹക്‌സിലിയോട് ചോദിച്ചു: ''മുത്തച്ഛന്‍ വഴിയോ മുത്തശ്ശി വഴിയോ അദ്ദേഹം(താങ്കള്‍) കുരങ്ങില്‍ നിന്നുള്ള പാരമ്പര്യം അവകാശപ്പെടുന്നത്?'' ഹക്‌സിലിയുടെ മറുപടി ഇതായിരുന്നു:'' വളരെ കഴിവും ശക്തിയും സ്വാധീനവുമുള്ള വ്യക്തിയായിരുന്നിട്ടും ഗൗരവമുള്ള ശാസ്ത്ര ചര്‍ച്ചയില്‍ പരിഹാസം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം അതുപയോഗിക്കുന്ന മനുഷ്യന്‍ വേണോ അതോ കുരങ്ങന്‍ വേണോ മുത്തച്ഛനായി എന്ന് എന്നോടു ചോദിക്കുകയാണെങ്കില്‍ ഞാന്‍ നിസ്സംശയം പറയും കുരങ്ങന്‍ മതിയെന്ന്''. പ്രൊഫസര്‍ ഹക്‌സിലിയുടെ ഈ മറുപടി വില്‍ബര്‍ഫോഴ്‌സിനെ ശരിക്കും ഇരുത്തിക്കളഞ്ഞു. സദസ്സില്‍ നിന്നുയര്‍ന്ന ആരവത്തിലും കയ്യടിയിലും അദ്ദേഹം പതറി. പരിണാമവാദവും സൃഷ്ടിവാദവും തമ്മിലുള്ള ഈ സംവാദം പരിണാമസിദ്ധാന്തത്തിന്റെ ദ്വിഗ്വിജയത്തിന് തുടക്കമിട്ടതായി വിലയിരുത്തപ്പെടുന്നു....."(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും; എന്‍.എം.ഹുസൈന്‍, പേജ്-172-73, ഇസ്‌ളാമിക് ഫൗണ്ടേഷന്‍പ്രസ്സ്, 1992). 

ഇവിടെ ഈ സംവാദം ശരിക്കും ഒരു ചരിത്രസംഭവമെന്ന നിലയിലാണ് ഗ്രന്ഥകര്‍ത്താവ് പരാമര്‍ശിക്കുന്നത്. അതായത് ശരിക്കും സംഭവം നേരിട്ട കണ്ടതു പോലുള്ള ഒരു പ്രതീതി സൃഷ്ടിച്ചാണ് അവതരണം. പിന്നീടങ്ങോട്ട് വായിച്ചാലും അതുതന്നെ സ്ഥിതി. മതപ്രചരണമെന്ന നിലയില്‍ സൃഷ്ടിവാദ സാധൂകരണത്തിന്റെ ഭാഗമായാണ് ഈ മലമറിക്കല്‍. എന്നാല്‍ ഇപ്പോള്‍ ശ്രീ.  ശ്രീ. ഹുസ്സൈന്‍ പറയുന്നത് ഈ സംവാദം ചരിത്രസംഭവമായി അവതരിപ്പിക്കുന്നവരൊക്കെ വിഡ്ഢികളാണെന്നാണ്. 'നാസ്തികനായ ദൈവ'ത്തില്‍ ശ്രീ.രവിചന്ദ്രനും ഈ സംഭവം പരാമര്‍ശിക്കുന്നുണ്ട്. ഹുസൈന്റെ പുസ്തകത്തില്‍ ഉള്ളയത്ര അക്ഷരത്തെറ്റും ഭാഷാന്യൂനകളുമില്ല എന്നതൊഴിച്ചാല്‍ കാര്യമായ വ്യത്യാസമൊന്നും അവിടെയില്ല. ഈ സംഭവത്തിന്റെ ചരിത്രപരതയിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല. ശാസ്ത്രചരിത്രത്തില്‍ കഥകള്‍ക്കും ഉദാഹരണങ്ങള്‍ക്കും ആലങ്കാരികപ്രസക്തി മാത്രമേയുള്ളു. മതത്തിലേതുപോലെ കൈ വെട്ടാനും കഴുത്തറക്കാനുമൊന്നും കഥകളും ഉദാഹരണങ്ങളും ഉപയോഗിക്കുന്ന പതിവ് ശാസ്ത്രത്തിലില്ല. ആലുവായിലിരുന്ന് ഹോളോകോസ്റ്റിലെ ശവമെണ്ണിയപ്പോള്‍ 60 ലക്ഷം 6 ലക്ഷമായി കുറഞ്ഞുപോയെന്ന് വിലപിക്കുന്നയാളാണ് ശ്രീ.ഹുസൈന്‍. ന്യൂട്ടന്റെ ആപ്പിളും ഗലീലിയോയുടെ പിസാപരീക്ഷണവും ചരിത്രവിരുദ്ധവുമെന്ന് സമര്‍ത്ഥിച്ച് മോഹാലസ്യമടഞ്ഞവനാണ് ഈ മാവീരന്‍. അങ്ങനെ ഒരാള്‍ മിനിമം ഇതേ സംഭവങ്ങള്‍ ഒരിക്കല്‍ തികഞ്ഞ ആധികാരികതയോടെ താന്‍ തന്നെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം മറക്കാന്‍ പാടില്ലാത്തതാണ്. അല്ലെങ്കില്‍ എഴുതിവെച്ച പുത്തകം മുഴുവന്‍ പിടിച്ചെടുത്ത് കത്തിക്കണം. മറ്റാര്‍ക്കും വിവരമില്ലെന്നും താന്‍ മാത്രമാണ് മഹാസംഭവമാണെന്നും നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വയം വീമ്പിളക്കുന്നത് നല്ല ശാരീരികവ്യായാമമാണ്. പക്ഷെ അതുകൊണ്ടായോ? അല്പം ബൗദ്ധികസത്യസന്ധത കൂടിവേണ്ടേ? 1992 ല്‍ ശരിയെന്ന ബോധ്യത്തോടെ ചരിത്രസംഭവമായി അവതരിപ്പിച്ച കാര്യം പിന്നീട് 'കെട്ടുകഥ'യായി തീരുമെന്ന് ചിന്തിക്കാനുള്ള ഭാവനയില്ലെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷെ, പിന്നീട് 'തെറ്റ്' ബോധ്യപ്പെടുന്ന മുഹൂര്‍ത്തത്തില്‍ ആദ്യം സ്വയം തിരുത്തുകയല്ലേ വേണ്ടിയിരുന്നത്? എന്നിട്ടല്ലേ മറ്റുള്ളവരെ വിമര്‍ശിക്കാവൂ? ശ്രീ. ഹുസ്സൈന്റെ 'ബോധ്യ'ങ്ങളാണ് ശരി എന്ന അര്‍ത്ഥത്തിലല്ല ഞാനിതെഴുതുന്നത്. മറിച്ച് ഇനി അഥവാ അദ്ദേഹം പറയുന്നതാണ് ശരി എങ്കില്‍ ആദ്യം Self correction അല്ലേ വേണ്ടിയിരുന്നതെന്ന് ആരായുന്നു എന്നേയുള്ളു. ശ്രീ.രവിചന്ദ്രന്‍ എഴുതിയത് സാധുവല്ലെങ്കില്‍ ആ തെറ്റ് ആദ്യം ചെയ്തത് ശ്രീ.ഹുസൈനാണ്. പണ്ട് താനിതൊക്കെ എഴുതിയിട്ടുണ്ടെന്ന് മറന്നുവെന്ന് മാത്രമല്ല, മറന്നുവെന്ന കാര്യംപോലും ഇന്ന് ഇദ്ദേഹം മറന്നിരിക്കുന്നു. എങ്ങനെയും ശ്രദ്ധിക്കപ്പെടണമെന്ന അത്യാഗ്രഹം മൂലം സെലക്റ്റീവ് ആംനേഷ്യയ്ക്ക് അടിപ്പെട്ട ഖണ്ഡസ്വാമി സ്വന്തം പള്ള കീറി ആയാലും വേണ്ടില്ല 'സര്‍ജന്‍' എന്ന പേരെടുക്കുമെന്ന് വാശിയിലാണ്. കേരളത്തിലെ ഏറ്റവും 'മൊഞ്ചുള്ള മുസ്‌ളീം ഹോക്‌സര്‍' ആയി അറിയപ്പെടണമെന്ന സാബിന്റെ പൂതി തീര്‍ച്ചയായും ഒരു കുറ്റമല്ല. പക്ഷെ മലര്‍ന്നുകിടന്ന് തുപ്പിക്കൊണ്ടുതന്നെ അത് സാക്ഷാത്ക്കരിക്കണമെന്നത് according to Mohanlal തീര്‍ത്തും അതിമോഹമാണ്, അതിമോഹം.