Showing posts with label പരിണാമം. Show all posts
Showing posts with label പരിണാമം. Show all posts

Friday, July 20, 2012

അശാസ്ത്രീയമായ ശസ്ത്ര വിമർശനം.

(ലേഖകൻ: മുഹമ്മദ് ഫക്രുദീൻ അലി)
     ശാസ്ത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് വരട്ടുതത്വങ്ങൾക്കെതിരാണ്‌ എന്നതാണ്‌. ശാസ്ത്രീയമായ ഏത് വാദത്തിനും ഏത് പ്രത്യയശാസ്ത്രത്തിനും ഇപ്പറഞ്ഞത് ബാധമാണ്‌. അല്ലാത്തപക്ഷം അവ മനുഷ്യവിരുദ്ധവും അശാസ്ത്രീയവുമായി മാറും. ഇത്തരം ചില സാമൂഹിക യാഥാർത്ഥ്യങ്ങൾ ഇപ്പോൾ തന്നെ നാം കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ശാസ്ത്രം ശാസ്ത്രമായിരിക്കുക അത് നിരന്തരം തിരുത്തുകയും കൂട്ടിച്ചേർക്കുകയും വീണ്ടും തിരുത്തുകയും ഹെയ്യുമ്പോഴാണ്‌. ഇങ്ങനെ വസ്തുനിഷ്ഠമായ പ്രവർത്തനങ്ങളിൽ നിനും കിട്ടുന്ന ഏറ്റവും പുതിയ അറിവുകളുടെ പുറത്ത് ശാസ്ത്രം  സ്വയം തിരുത്തി മുന്നേറുമ്പോൾ അത് ശാസ്ത്രത്തിന്റെ പരാജയമായി അശേഷം ശാസ്ത്രബോധമില്ലാത്തവർക്ക് തോന്നും. ഉറക്കം എന്ന അവസ്ഥയെപറ്റി കേട്ടുകേൾവിയില്ലാത്ത ഒരാൾ മറ്റൊരാൾ ഉറങ്ങുന്നതുകണ്ട് അത് അയാളുടെ മരണമാണെന്ന് വിളിച്ചുകൂവുന്നതുപോലെ ഇവർ പുരപ്പുറത്തുകയറി ശാസ്ത്രത്തിന്റെ മരണമാഘോഷിക്കും. ഇത്തരക്കാരിൽ പ്രമുഖർ മതവിശ്വാസികളായ സൃഷ്ടിവാദക്കാരാണ്‌. ആദിപിതാവിന്റെയും മാതാവിന്റെയും കഥ അപ്പാടെ വിശ്വസിക്കുന്നവർ. ഇവരുടെ വിശുദ്ധ അമളികളുടെ കൂട്ടത്തിൽ പുതിയതൊന്നു കൂടി ഈയിടെ ദക്ഷിണകൊറിയയിൽ കൂട്ടിച്ചേർക്കപ്പെട്ടു.
ആർക്കിയോപ്റ്റെറിക്സ് ഫോസിൽ
 
Xiaotingia zhengi
 സംഭവങ്ങളുടെ തുടക്കം പോയ വർഷത്തിലാണ്‌. പുതിയ ഫോസിൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആർക്കിയോപ്റ്റെറിക്സ്(archeopteryx) എന്ന പക്ഷികളുടെ പൂർവ്വികന്‌ ആ സ്ഥാനം നഷ്ടമായി. ഇത്രയും കാലം ആർക്കിയോപ്റ്റെറിക്സിനെ ആ സ്ഥാനത്തിരുത്തിയായിരുന്നു പരിണാമ സിദ്ധാന്തങ്ങൾ ഗവേഷണങ്ങൾ നടത്തിയത്. എന്നാൽ പുതിയ വിവരങ്ങളനുസരിച്ച് പക്ഷി വർഗ്ഗത്തിന്റെ പരിണാമദശയിലെ ഒരു കണ്ണിയാണ്‌ ആർക്കിയോപ്റ്റെരിക്സ്. അതിനപ്പുറവും പക്ഷികളിലെക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്ന ജീവികളുണ്ടായിരുന്നുവെന്ന് പുതിയ ഫോസിൽ പഠനങ്ങൾ തെളിവുനല്കി. ഇതിൻ പ്രകാരം പക്ഷികളുടെ പരിണാമശാസ്ത്രം പഠിക്കുന്ന ശാസ്ത്രജ്ഞർ സ്വയം തിരുത്തുകയും, നാച്ചുർ പോലെയുള്ള അന്താരാഷ്ട്ര അക്കാദമി ജേർണലുകളിൽ ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങൾ വരികയും ചെയ്തു. എന്നാൽ ദക്ഷിണ കൊറിയയിലെ വിദ്യാഭ്യാസ വകുപ്പ് സംഭവത്തെ കണ്ടത് ശാസ്ത്രത്തിന്റെ ശക്തിയായല്ല, മറിച്ച് ദൗർബല്യമായാണ്‌. പരിണാമസിദ്ധാന്തത്തിന്റെ ആധികാരികത തന്നെ നഷ്ടപ്പെട്ടെന്നവർ വിലയിരുത്തി. ഇതേതുടാർന്ന് സൊസൈറ്റി ഫോർ ടെക്സ്റ്റ് ബുക്ക് എന്ന സൃഷ്ടിവാദികളുടെ ലോബി പാഠപുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തം പ്രതിയുള്ള തെറ്റുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇത് വെറും നിഷ്കളങ്കമായ ഒരാവശ്യം അഥവാ പുതിയ കണ്ടെത്തലുകൾ ടെക്സ്റ്റ് ബുക്കുകളിൽ ഉൾപ്പെടുത്തണമെന്ന രീതിയിലായിരുന്നില്ല, മറിച്ച് പക്ഷികളുടെയും കുതിരകളുടെയും മറ്റും പരിണാമത്തെക്കുറിച്ചുള്ള ഭാഗങ്ങൾ അപ്പടി പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യിക്കുക എന്നതായിരുന്നു അജണ്ട. കൃസ്ത്യൻ ഭൂരിപക്ഷമുള്ള കൊറിയയിലെ വിദ്യാഭ്യാസ വകുപ്പ് അധികം താമസിയാതെ തന്നെ ഈ പ്രതിലോമകാരികൾക്ക് കീഴടങ്ങി.
കൊക്കുകളുടെ പരിണാമം
  നാച്ചുർ ഇതേപ്പറ്റി എഴുതിയ ലേഖനത്തിൽ പറയുന്നത് ഇക്കണക്കിനു പോയാൽ മനുഷ്യന്റെ പരിണാമത്തെക്കുറിച്ചും പക്ഷികളുടെ ചുണ്ടുകൾ പരിസ്ഥിതിക്കനുസരിച്ച് പരിണാമത്തിന്‌ വിധേയമാണെന്നതുൾപ്പെടെയുള്ള ശാസ്ത്രീയമായ പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്നും താമസിയാതെ അപ്രത്യക്ഷമാകുമെന്നാണ്‌. ഇത് ദക്ഷിണകൊറിയയിലെ മാത്രം കാര്യമല്ല. പ്രബുദ്ധമെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ പല യാഥാസ്ഥിതിക തെക്കൻ സംസ്ഥാനങ്ങളിലെയും പാഠപുസ്തകങ്ങളിലെ ശാസ്ത്രനിരാസം മുമ്പേ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലുമുണ്ട് ഉദാഹരണങ്ങൾ. ഒരുപാട് ശാസ്ത്രീയ ചരിത്രങ്ങളാണ്‌ ഇവിടെ പ്രശ്നമായത്. ഡി എൻ ത്ധാ വേദങ്ങളുദ്ധരിച്ചുകൊണ്ട് ഋഗ്വേദ കാലഘട്ടത്തിൽ ആര്യബ്രാഹ്മണർ ഗോമാംസം ഭക്ഷിച്ചിരുന്നെന്ന് തെളിയിച്ചപ്പോൾ ബി ജെ പി യുടെ പഴയ എൻ ഡി എ ഗവണ്മെന്റ് ആ പാഠഭാഗം  തന്നെ ഡ​ൽഹി യൂണിവേഴ്സിറ്റിയെക്കൊണ്ട് മാറ്റിവെപ്പിച്ചു. 
എ കെ രാമാനുജന്‍ (1929-1993)

അടുത്തിടെ ഇതേ സർവ്വകലാശാലയിൽ ഡോക്റ്റർ രാമാനുജൻ രാമായണത്തെക്കുറിച്ചെഴുതിയ ശാസ്ത്രീയ പഠനം സിലബസിൽ നിന്നും നീക്കം ചെയ്യപ്പെടുകയുണ്ടായി. എന്തിന്‌, നമ്മുടെ സ്വന്തം ബുദ്ധിജീവികളുടെ കേരളത്തിൽ അടുത്തിടെയാണ്‌ ഇതിനു സമാനമായ മറ്റൊരു സംഭവമുണ്ടായത്. മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ കത്തോലിക്കാസഭ കാണിച്ചുകൂട്ടിയ ക്രൂരതകൾ കാര്യകാരണസഹിതം വിദ്യാർത്ഥികളിലെത്തിച്ച പാഠഭാഗങ്ങളാണിവിടെ പാതിരികാരുടെ അവിശുദ്ധ ബലിക്ക് ഇരയായത്.
 

ഇത്തരം സംഭവങ്ങൾ ഉണ്ടാക്കുന്ന പ്രശ്നമെന്താണ്‌?

ഉത്തരം ലളിതമാണ്‌. ശാസ്ത്ര ബോധമില്ലാത്ത ഒരു പുതുതലമുറ കൂടി വളർന്നുവരും. വിഭവങ്ഗൾ അടിക്കടി കുറഞ്ഞുവരികയും ജനസംഖ്യ വലിയ നിയന്ത്രണമൊന്നുമില്ലാതെ 700 കോടിയും കവിഞ്ഞ് മുന്നേറുകയും ചെയ്യുമ്പോൾ മനുഷ്യൻ കൂടുതൽ പരസ്പരം അകലും, വെറുക്കും. അപ്പോൾ തെറ്റിദ്ധാരണകളായിരിക്കും മനുഷ്യരെ നയിക്കുക. ഇത്തരം ഒരു ഘട്ടത്തിൽ ജർമ്മനിയുടെ നാശത്തിനു കാരണം ജൂതരാൺൻ പറഞ്ഞുകൊണ്ട് 1920 കളിൽ ഹിറ്റ്ലറും മറ്റും നടത്തിയതിനു സമാനമായ സ്ഥാപിതതാല്പര്യക്കാർക്ക് എളുപ്പ്പം നടത്താം. ശാസ്ത്രബോധമില്ലാത്ത, പ്രശ്നങ്ങളുടെ കാര്യകാരണങ്ങളെക്കുറിച്ച് ചിന്തിക്കാത്ത ജനം അവരെ കണ്ണുമടച്ചു വിശ്വസിച്ചുകൊണ്ട് പരസ്പരം കൊന്നുതള്ളും. വലിയ മനുഷ്യസ്നേഹമൊക്കെ പറയുമെങ്കിലും ഈ അവസ്ഥ തടയാൻ മതങ്ങൾക്കാവില്ല എന്ന് ചരിത്രം തന്നെ തെളിയിച്ചതാണ്‌. കാരണം ഇതുവരെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടിട്ടുള്ളത് മതത്തിന്റെ പേരിലാണ്‌. കുരിശു യുദ്ധങ്ങളും ജിഹാദുകളും ഇന്ത്യാ വിഭജനവും ഗുജറാത്ത് കലാപങ്ങളും ഒർക്കുക. മാത്രമല്ല, ഇത്തരം ദുരന്തമയമായ അന്തരീക്ഷത്തിൽ മതസ്ഥാപനങ്ങൾ അക്രമകാരികൾകൊപ്പമാണ്‌ നിന്നിട്ടുള്ളത്. ഉദാഹരണമായി ഹിറ്റ്ലർ 60 ലക്ഷം ജൂതന്മാരെ കൊന്നുതള്ളിയപ്പോൾ റോമൻ കത്തോലിക് സഭയും പോപ്പും ഹിറ്റ്ലർക്കൊപ്പമായിരുന്നു. ഒടുവിൽ ഹിറ്റ്ലർ സഭയേയും ആക്രമിച്ചപ്പോഴാണ്‌ ആത്മരക്ഷാർത്ഥം പോപ്പ് നിലപാട് മാറ്റിയത്. അപ്പോൾ ശാസ്ത്രബോധമുള്ള സമൂഹമാണ്‌ നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ അഭികാമ്യം എന്ന് വരുന്നു. കാരണം ശാസ്ത്രമെന്നാൽ പ്രശ്നങ്ങളെ കാര്യകാരന സഹിതം വിശദീകരിക്കുന്ന ഒരു സംബ്രദായമാണ്‌. ഓരോ പ്രശ്നത്തിനുപിന്നും ഒന്നോ അതിലധികമോ കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ കണ്ടെത്തി വിശദീകരിക്കുകയും അതിൻ പ്രകാരം ഭാവിയിൽ ഉണ്ടാവാനിടയുള്ള ദുരന്തങ്ങളും, ദുരിതചരിത്രപാഠങ്ങളുടെ ആവർത്തനവും തടയുക എന്നതാണ്‌ ശാസ്ത്രത്തിന്റെ ഒന്നാമത്തെ ദൗത്യം. മനുഷ്യന്റെ ജീവിതം സുഖമമാക്കുക എന്നതാണ്‌ രണ്ടാമത്തെ ലക്ഷ്യം. ഇവിടെ ശാസ്ത്രം കൊണ്ടുവന്ന സുഖ സൗകര്യങ്ങൾ ആസ്വദിക്കാൻ ഭ്രാന്തുകാട്ടുമ്പോൾ പൊതുസമൂഹത്തിന്‌ ശാസ്ത്രം ചെയ്യുന്ന ഏറ്റവും വലിയ സംഭാവനയായ ശാസ്ത്രബോധത്തിന്റെ പ്രചരണത്തെ തടയാനാണ്‌ സൃഷ്ടിവാദ വിശ്വാസികളുടെ ശ്രമം. അതിനവർ കൂട്ടുപിടിക്കുന്നതാകട്ടെ ശാസ്ത്രത്തെ തന്നെയും. അതായത് വ്യവസ്ഥാപിത ശാസ്ത്ര മാനദണ്ഡങ്ങൾ പരിണാമ സിദ്ധാന്തം പാലിക്കുന്നില്ല എന്നതാണ്‌ അവരുടെ മുഖ്യപരാതി. എങ്കിൽ തങ്ങളുടെ സൃഷ്ടിവാദം തെളിയിക്കാൻ ഒരു തെളിവെങ്കിലും ഇവർക്ക് ഹാജരാക്കാനുണ്ടോ? ഇല്ല. പിന്നെ ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ ഓരോ കാലത്തും മാറയോക്കൊണ്ടിരിക്കും. ന്യൂട്ടന്റെ മാനദണ്ടങ്ങൾ അപ്പടി  ഉപയോഗിച്ച് ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങൾ തെളിയിക്കാനാകില്ല. അതുകൊണ്ടാണ്‌ പില്ക്കാലത്ത് ഐൻസ്റ്റീനിയൻ സയൻസ് രൂപം കൊണ്ടത്. എന്നാൽ ഇത് പ്രചാരം നേടും മുമ്പ് തന്നെ ഐൻസ്റ്റീന്റെ സിദ്ധാന്തങ്ങളുടെ ആധികാരികത ആനവ പരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെട്ടിരുന്നു. പിന്നീട് ആ യാഥാർത്ഥ്യം ശാസ്ത്ര സമൂഹം അംഗീകരിക്കുകയായിരുന്നു. കാരണം യാഥാർത്ഥ്യങ്ങൾ അപ്രിയമാണെങ്കിൽ തന്നെയും ശാസ്ത്രത്തിന്‌ അതിനു നേരെ കണ്ണടയ്കാനാകില്ല.

 ഇതേ അവസ്ഥയായിരുന്നു ഡാർവിനും. പോപ്പിനെപ്പേടിച്ച് വളരെക്കാലം തന്റെ കണ്ടെത്തലുകൾ പുറത്തുപറയാൻ തന്നെ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നാൽ നൂറ്റാണ്ടുകൾക്കുശേഷം 1990 കളിൽ റോമൻ കത്തോലിക്കാ സഭതന്നെ പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുകയുണ്ടായി. പക്ഷേ, രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കണമെന്ന നിർബന്ധബുദ്ധിയുള്ള സൃഷ്ടിവാദികൾ ഇതൊന്നും കണ്ട മട്ടില്ല. ഇനി “ദൈവം തമ്പുരാൻ” നേരിട്ട് വന്ന് ഇതൊക്കെ ശരിയാണെന്ന് പറഞ്ഞാലും അവരൊട്ടും അംഗീകരിക്കുകയില്ല. കാരണം അവരുടെ താല്പര്യങ്ങൾ വേറെയാണ്‌. അതുകൊണ്ടാണ്‌ ജീസസ് ആരാധനാലയത്തിൽ നിന്നും തന്നെ ഇത്തരക്കാരെ അടിച്ചോടിച്ചത്.
ഇതേ സമയം അതിശാസ്ത്രവാദത്തെയും നാം മനസ്സിലാക്കേണ്ടതുണ്ട്. വസ്ത്നിഷ്ഠവാദികളാണി (പോസിറ്റിവിസ്റ്റുകൾ)വരിൽ പ്രമുഖർ. ഇന്ത്രിയഗോചരമല്ലാത്ത ഒന്നും ഇത്തരക്കാർ അംഗീകരിക്കില്ല. സാമാന്യയുക്തിയില്ലപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ ഇവർക്ക് അംഗീകരിക്കാനാകില്ല. തെളിവുകളില്ലാത്തതിനാൽ താൻ കണ്ട കൊലപാതകത്തിലെ പ്രതി നിരപരാധിയാണെന്ന് പറയേണ്ടിവരുന്ന ന്യായാധിപനെപ്പോലെ. അതുകൊണ്ടുതന്നെ ഒന്നും, ഒന്നും രണ്ടാനെന്നേ ഇവർ അംഗീകരിക്കൂ. എന്നാൽ വൈക്കം മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടിയപോലെ രണ്ട് ചെറിയ തോടുകൾ കൂടിച്ചേർന്ന് ഒരു വലിയ പുഴയാകുന്ന, വലിയ ഒന്നാകുന്ന യാഥാർത്ഥ്യങ്ങളുണ്ട്. പലപ്പോഴും സാംബ്രദായികമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ ഇത്തരം യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുവാൻ മടിക്കുന്നതിനെയാണ്‌ ആധുനികോത്തര വിമർശകർ ആക്രമിക്കുന്നത്. ഇതുപക്ഷേ ശാസ്ത്രത്തിന്റെ പരിപൂർണ നിഷേധമല്ല. അങ്ങനെയാണ്‌ പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ ആധുനികോത്തരം ശാസ്ത്രവിമർശനം ആധുനിക ശാസ്ത്രത്തിന്റെ പിഴവുകളും ശാസ്ത്രീയ രീതിയിലെ പഴുതുകളും ചൂണ്ടിക്കാട്ടുക വഴി കൂടുതൽ പരിഷ്കരിക്കുവാനും പുതുക്കുവാനും അങ്ങനെ കൂടുതൽ സമഗ്രമായ അർത്ഥത്തിൽ ശസ്ത്രീയമാക്കുവാനും ആധുനിക ശാസ്ത്രത്തെ സജ്ജമാക്കുകയാണ്‌ ചെയ്യുന്നത്.
(കടപ്പാട്:- നവയുഗം ദൈവാരിക- 2012 ജൂലൈ 1; സ. പന്ന്യൻ രവീന്ദ്രൻ പത്രാധിപരായ നവയുഗം, സി പി ഐ സംസ്ഥാന കൌൺസിൽ മുഖപത്രമാണ്.)

Friday, March 4, 2011

ശാസ്ത്രീയ സൃഷ്ടിവാദവും ഡ്രാഗൺ ഫ്ലൈയുടെ ചിറകുകളും.


എന്താണ്‌ ശാസ്ത്രീയ സൃഷ്ടിവാദം? അത് (ശാസ്ത്രീയമല്ലാത്ത!)സൃഷ്ടിവാദവുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ശ്രീ എൻ എം ഹുസ്സൈൻ കുഞ്ഞുണ്ണിവർമ്മയുടെ സൃഷ്ടിവാദ വിമർശനങ്ങളെ ഖണ്ഡിക്കാനായി പ്രസിദ്ധീകരിച്ച സൃഷ്ടിവാദവും പരിണാമവാദികളും എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:

“ ഇന്നു കാണുന്ന പ്രകൃതിയെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ സിദ്ധാന്തമാണ്‌ ശാസ്ത്രീയ സൃഷ്ടിവാദം. ജീവന്റെയും ജീവിവർഗങ്ങളുടെയും ഉല്പ്പത്തി വിശദീകരിക്കാൻ പരിണാമസിദ്ധന്തത്തിനു സാധിക്കുന്നതിനേക്കാൽ സൃഷ്ടിവാദ മാതൃകയ്ക്കാണ്‌ സാധിക്കുകയെന നിലപാടാണ്‌ അതിന്റെ വക്താക്കൾക്കുള്ളത്. പരിണാമസിദ്ധാന്തത്തിലേത് പോലെ ജീവൻ, ജീവി വർഗങ്ങൾ, ഫോസിലുകൾ എന്നിത്യാദി വിഷയങ്ങൾ തന്നെയാണ്‌ സൃഷ്ടിവാദത്തിന്റെയും ഉള്ളടക്കം. പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്ന പ്രകൃതിയിലെ ഭൗതിക-ജൈവയാഥാർത്ഥ്യങ്ങളെപറ്റിയുള്ള സിദ്ധാന്തമായതുകൊണ്ടാണ്‌ അതിനെ ശാസ്തീയ സൃസൃഷ്ടിവാദമെന്ന് പറയുന്നത്."(പേജ് 22)

"പരിണാമത്തെ എതിർക്കുക മാത്രമാണ്‌ സൃഷ്ടിവാദികളുടെ പണിയെന്നും പരിണാമത്തെ എതിർത്താൽ സൃഷ്ടിവാദമായി എന്നുമാണ്‌ അവതാരകൻ വിചാരിക്കുന്നത്. തീർച്ചയായും പരിണാമ വിമർശനം സൃഷ്ടിവാദികളുടെ മുഖ്യപണികളിലൊന്നാണ്‌. എനാൽ ഒട്ടേറെ വിജ്ഞാന ശാഖകളിൽ നിന്നുള്ള ശാസ്ത്രീയ വസ്തുതകൾ സൃഷ്ടിവാദ മാതൃകയിൽ പുനരാവിഷ്കരിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. "(പേജ് 21)

ഇനി സൃഷ്ടികർമ്മത്തെക്കുറിച്ച് സൃഷ്ടിവാദികളുടെ അഭിപ്രായം നോക്കാം:


"നമുക്ക് നിരീക്ഷിക്കാവുന്ന വിധത്തിൽ ഇന്ന് സൃഷ്ടിപ്പ് നടക്കുന്നില്ല. കഴിഞ്ഞ കാലത്ത്‌ പൂർത്തീകരിക്കപ്പെട്ടതാണത്. അതിനാൽ, ശസ്ത്രീയ രീതിക്ക് അതു വിധേയമല്ല.“(പേജ് 21)

സൃഷ്ടി പൂർത്തീകരിക്കപ്പെട്ടു എന്നുതന്നെയാണ്‌ ശ്രീ ഹുസ്സൈൻ തന്റെ ബ്ലോഗിലും ആവർത്തിക്കുന്നത്.

"സ്യഷ്ടി - സംവിധാനം ദൈവത്തിന്റെ കഴിവാണ്. ആദ്യം Creation പിന്നെ Design എന്ന സങ്കല്‍പ്പം അത്യധികം സങ്കീര്‍ണ്ണമായ പ്രപഞ്ചം യാദ്യശ്ചികമായി ഉണ്ടായി എന്ന് വിശ്വസിക്കുന്ന നിരീശ്വരവാദത്തേക്കാള്‍ എന്തുകൊണ്ടും യുക്തി ഭദ്രമാണ്."

"പ്രപഞ്ചത്തില് സ്യഷ്ടി നടന്നു കഴിഞ്ഞെന്നും ഇപ്പോള് സ്ഥിതിയും ഭാവിയില് സംഹാരവും ആണുണ്ടാവുകയെന്നും സ്യഷ്ടിവാദികള് പറയുന്നത് സുശീല് ശ്രദ്ധിച്ചില്ലേ? പുതുതായി സ്യഷ്ടിയൊന്നും നടക്കുന്നില്ല എന്നു തന്നെയാണ് എന്റേയും വാദം. താങ്കളും ആ വാദക്കാരനാണെന്നതില് സന്തോഷം".

ഇനി നമുക്ക് ഡ്രാഗൺ ഫ്ലൈയിലേക്ക് വരാം. ഡ്രാഗൺ ഫ്ലൈ പരിണമിച്ചുണ്ടായതല്ല, മറിച്ച് അത് അതേ രൂപത്തിൽ  സൃഷ്ടിക്കപ്പെട്ടതാണ്‌ എന്നാണ്‌ ലേഖകന്റെ വാദം.

"ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല."

ശാസ്ത്രീയ സൃഷ്ടിവാദമെന്ന് പറയുന്നത് ശാസ്ത്രീയമായ രീതിതന്നെയാണെന്നും അത് പരിണാമത്തെ നിഷേധിക്കൽ മാത്രമല്ലെന്നും വീമ്പിളക്കിയ ലേകകന്റെ നിലപാട് നോക്കൂ: ഡ്രാഗൻ ഫ്ലൈയുടെ ചിറകുകൾ പരിണമിച്ചുണ്ടായതാണെന്ന് തെളിവില്ലാത്തതിനാൽ അത് പരമമായ സൃഷ്ടിയാണെന്ന് വിശ്വസിക്കാമെന്ന്. അതെന്തൊരു ന്യായം? പരിണമിച്ചതിന്‌ തെളിവുണ്ടോ ഇല്ലേ എന്ന കാര്യം അവിടെ നില്ക്കട്ടെ. സൃഷ്ടിക്കപ്പെട്ടതാണെന്നതിന്‌ തെളിവുവേണ്ടേ? അതും സൃഷ്ടിവാദം ശാസ്ത്രീയമാകുമ്പോൾ. ആ തെളിവാണ്‌ ലേഖകൻ ഇനി  നിരത്തുന്നത്. 



"ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)"ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ 'കാര്‍ബോണിഫെറസ്' കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല എന്നുതന്നെ."


ഏറ്റവും പഴക്കമേറിയ ഡ്രാഗൺ ഫ്ലൈ ഫൊസിലിന്റെ പ്രായം 300 ദശലക്ഷം വർഷമാണ്‌. അതായത് 30 കോടി വർഷം. എന്നാൽ ആദ്യത്തെ സൈനോബാക്റ്റീരിയ ഫോസിലുകൾക്ക് പ്രായം 350 കോടി വർഷമാണ്‌. അതായത്, സൈനോ ബാക്റ്റീരിയ രൂപപ്പെട്ട് 320 കോടി വർഷങ്ങൾക്കുശേഷമാണ്‌ ഡ്രാഗൺ ഫ്ലൈ ഉണ്ടായതെന്നർത്ഥം. ഡ്രാഗൺ ഫ്ലൈയുടെ ഒരു അവശിഷ്ടം പോലും സൈനോബാക്റ്റീരിയയുടെ ഫോസിനൊപ്പം കിട്ടിയിട്ടില്ല.

ഡ്രാഗൺ ഫ്ലൈ സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയിക്കണമെങ്കിൽ ഡ്രാഗൻ ഫ്ലൈയുടെ ഫോസിൽ 300 ദശലക്ഷം വർഷം പഴക്കമുള്ളത് കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. അതുകൊണ്ടെങ്ങനെ അത് സൃഷ്ടിക്കപ്പെട്ടാതാണെന്നതിന്‌ തെളിവാകും?അതിന്‌ രൂപമാറ്റം സംഭവിച്ചില്ലെന്ന് തെളിയിക്കാൻ അതിനു മുമ്പുള്ള ഫോസിലും വേണ്ടേ? 300 ദശലക്ഷം വർഷത്തിനുശേഷം അതിനു രൂപമാറ്റം വന്നിട്ടില്ലെന്നല്ലേ ഇപ്പോഴത്തെ തെളിവ് വെച്ച്‌ സ്ഥാപിക്കാനാകൂ

പരിണാമത്തിൽ ഫൊസിലിന്റെ വിടവുനോക്കി അവിടെ സൃഷ്ടിക്ക് തെളിവു കണ്ടേത്താനുള്ള വിഫലശ്രമമാണ്‌ ഇവിടെ കാണുന്നത്. ഇത് സൃഷ്ടിവാദം ശാസ്ത്രീയമാണെന്ന വാദത്തിന്‌ കടകവിരുദ്ധവുമാണ്‌. ഫോസിൽ തെളിവുവെച്ച് ഡ്രാഗൺ ഫ്ളൈ സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയിക്കാൻ ശ്രീ. ഹുസൈനെ വെല്ലുവിളിക്കുകയാണ്‌.  

ഇനി നമുക്ക് മനുഷ്യനിലേക്ക് വരാം. ആധുനിക മനുഷ്യന്റെ കണ്ടെടുക്കപ്പെട്ട ഫോസിലിന്റെ ഏറ്റവും കൂടിയ പ്രായം 195000 വർഷം മാത്രം. ആ കാലഘട്ടത്തിനു മുമ്പുള്ള മനുഷ്യഫോസിലുകൾ ആധുനിക മനുഷ്യന്റെ ഗുണഗനങ്ങൾ കാണിക്കുന്നില്ല. ഇതിനർത്ഥം ആധിനിക മനുഷ്യൻ രൂപപ്പെട്ടിട്ട് വെറും രണ്ട് ലക്ഷം വർഷത്തിൽ താഴെ കാലമേ ആയിട്ടുള്ളു എന്നാണ്‌. അതായത് സൈനോബാക്റ്റീരിയയുടെയോ, ഡ്രാഗൺ ഫ്ലൈയുടെയോ കാലത്ത്‌ മനുഷ്യനില്ലെന്നർത്ഥം. എന്താണിത് വ്യക്തമാക്കുന്നത്? 

ജൈവരൂപങ്ങളുടെ കാര്യത്തിൽ രസകരമായ ഒരു ഗണിതമുണ്ട്. ഭൂമിയുടെ പ്രായം 24 മണിക്കൂറാണെന്ന് സങ്കല്പ്പിക്കുക. അവിടെ ആധുനിക മനുഷ്യൻ പ്രത്യക്ഷപ്പെട്ടിട്ട് എത്ര കാലമായിക്കാണും? വെറും 1.5 സെക്കന്റിൽ താഴെമാത്രം. അതായത്, 23 മണിക്കൂറും 59 മിനിറ്റും 58.5 സെക്കന്റും കഴിഞ്ഞശേഷമാണ്‌ ആധുനിക മനുഷ്യന്റെ വരവ്.

എന്താണിത് കാണിക്കുന്നത്? ദൈവം സൃഷ്ടി നടത്തിയത് കോടിക്കണക്കിന്‌ വർഷങ്ങളിലൂടെയാണെന്നോ? പിന്നെ എന്നാണാവോ ദൈവം സൃഷ്ടി നിർത്തിയത്?  

ദൈവം സൃഷ്ടി നിർത്തി എന്നതിന്‌ എന്താണ്‌ ശാസ്ത്രീയ തെളിവ്‌. ഈ അറിവ് സൃഷ്ടിവാദികൾക്ക് കിട്ടിയതെങ്ങനെ? ശാസ്ത്രീയമായ തെളിവുകൾ നിരത്തി ഈ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ശ്രീ. ഹുസ്സൈന്‌ കഴിയുമോ?