Monday, June 6, 2011

അങ്കുശമില്ലാത്ത ചാപല്യമേ നിന്നെ ഖണ്ഡകനെന്നു വിളിക്കുന്നു ഞാന്‍

സൂക്ഷ്മ-സ്ഥൂല പ്രപഞ്ചത്തിന് മധ്യേ വര്‍ത്തിക്കുന്ന 'മധ്യലോകം' എന്ന ശാസ്ത്ര സങ്കല്‍പ്പത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'നാസ്തികനായ ദൈവ'ത്തിലെ 'ചില മധ്യലോകസങ്കല്‍പ്പങ്ങള്‍' എന്ന അധ്യായത്തില്‍ ശ്രീ. സി.രവിചന്ദന്‍ എഴുതിയ കാര്യങ്ങളിലെ  പ്രസക്തമായ ചില വരികള്‍ ഇവിടെ ഉദ്ധരിക്കുന്നു. കൂടെ നമ്മുടെ അഭിമാനഭാജനമായ ഖണ്ഡസ്വാമി സ്വതസിദ്ധമായ ശൈലിയില്‍ ആ അധ്യായത്തെ മുഴുവന്‍ കണ്ടിച്ച് വെട്ടീക്കീറി ഒരു പരുവമാക്കുന്നതും കാണുക. യുക്തി എന്ന ബ്‌ളോഗ്ഗറുടെ അഭ്യര്‍ത്ഥനയനുസരിച്ചാണ് ഈ പോസ്റ്റ്. സി രവിചന്ദ്രന്റെ പുസ്തകത്തെ ഖണ്ഡിക്കാനുള്ള ശ്രീ. ഹുസ്സൈന്റെ ശ്രമങ്ങളെ ചുവന്ന നിറത്തില്‍ കൊടുത്തിരിക്കുന്നു.

'നാസ്തികനായ ദൈവ'ത്തില്‍നിന്നും, പേജ്-408 മുതല്‍:



'ഈ ലോകത്ത് ജീവിക്കുന്ന നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണെന്ന് എപ്പോഴെങ്കിലും ആലോചിച്ച് നോക്കിയിട്ടുണ്ടോ? വിജയകരമായ മനുഷ്യജന്മത്തിനാവശ്യമായ ഡി.എന്‍.എ. സംയോജനം ശരിക്കുമൊരു ലോട്ടറിയാണ്. ഈ ലോകത്ത് ജനിക്കേണ്ട കോടിക്കണക്കിന് മനുഷ്യര്‍ ഡി.എന്‍.എ. സംയോജനത്തിലെ പൊരുത്തക്കേടുകളും സങ്കീര്‍ണ്ണതകളും കാരണം ഒരിക്കലും ജനിക്കാന്‍ പോകുന്നില്ല. നമുക്ക് മുമ്പ് സംഭവിച്ചതൊക്കെ ഭൂതകാലത്തിന്റെ ഇരുട്ടറകളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഭാവിയാകട്ടെ അജ്ഞാതവും. നമ്മുടെ ജീവിതം എത്ര ചെറുതായിരുന്നാലും ഇന്ന് ജീവിച്ചിരിക്കുന്ന നാം അനിര്‍വചനീയമായ ഭാഗ്യമാണ് അനുഭവിക്കുന്നത്. ഒരു നിമിഷംപോലും നാം പാഴാക്കാന്‍ പാടില്ലെന്നറിയാന്‍ കൂര്‍മ്മബുദ്ധിയുടെ ആവശ്യമില്ല.' (വായന തുടങ്ങിയ ഖണ്ഡസ്വാമി കത്തി രാകുന്നു:)


'ജീവിതം വിരസമാണ്, അര്‍ത്ഥശൂന്യമാണ് എന്നൊക്കെ പറയുന്നതിനുമുമ്പ് ആയിരംവട്ടം ആലോചിക്കേണ്ടതുണ്ട്. ജീവിതത്തെ അധിക്ഷേപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നാം അധിക്ഷേപിക്കുന്നത് ജീവിക്കാന്‍ ഭാഗ്യമില്ലാതെപോയ സഹസ്രകോടി മനുഷ്യരെയാണ്. അവര്‍ക്കഭിപ്രായം പറയാനായി ഒരു ജീവിതംപോലും ലഭിച്ചിരുന്നില്ലെന്നോര്‍ക്കണം.

'ജീവിതത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും(Life-enhancing) ജീവിതത്തെ നിരുപാധികം പിന്തുണയ്ക്കുകയും(Life-affirming) ചെയ്യുന്ന സമീപനമാണ് നിരീശ്വരവാദികള്‍ കൈക്കൊള്ളാറുള്ളത്. 


"വിരക്തി ഒരു ഫാഷനായിക്കാണുന്നവര്‍ നിരവധിയാണല്ലോ. ജീവിതത്തെ കുറച്ചുകാണുകയും അതില്‍ താല്പര്യരാഹിത്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും ചില ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്തേണ്ടതുണ്ട്. ജീവിതം വിരസവും അര്‍ത്ഥശൂന്യവുമാണെന്ന് ഒരാള്‍ പറയുന്നുവെന്നിരിക്കട്ടെ. അയാള്‍ക്കതെങ്ങനെ അറിയാം? മൂല്യനിര്‍ണ്ണയം നടത്താന്‍ സമാനമായ എന്തു വസ്തുവാണ് അയാളുടെ പക്കലുള്ളത്?" 


"വിലയിരുത്തലെല്ലാം ആപേക്ഷികമാണ്. ജീവിതം 'മായ'യാണെന്ന് പറയുന്നവര്‍ ഏതുമായി താരതമ്യം ചെയ്താണ് ഈ ജീവിതത്തെ മായയായി പ്രഖ്യാപിക്കുന്നത്? സ്വര്‍ഗ്ഗവും പരലോകവും വരെ ഭൂമിയിലെ ജീവിതത്തെ ആധാരമാക്കി ഭാവനയില്‍ കാണുന്ന മതവാദികളും ജീവിതമല്ലാതെ മറ്റൊന്നിനെക്കുറിച്ചും തങ്ങള്‍ക്കറിയില്ലെന്ന് സമ്മതിക്കുന്നുണ്ട്.' "സമാനതകളില്ലാത്ത സംഭവ്യതയാണ് ജീവിതം; അത്യപൂര്‍വവും അതിമനോഹരവുമായ ഒന്ന്. 


'ജീവിതത്തില്‍ ശൂന്യതയുണ്ടെന്ന് വാദിക്കുകയും അത് നികത്താനായി ഒരു ദൈവത്തെ കൃത്രിമമായി സങ്കല്‍പ്പിച്ചശേഷം 'ശൂന്യതയുള്ളതുകൊണ്ട് ദൈവമുണ്ട്' എന്നവകാശപ്പെടുന്നത് സത്യസന്ധമല്ല.
പ്രപഞ്ചത്തെ മനസ്സിലാക്കാനുള്ള മനുഷ്യന്റെ ശ്രമം ആരംഭിക്കുന്നത് അതിന്റെ മാതൃക സ്വന്തം തലച്ചോറില്‍ നെയ്തുകൊണ്ടാണ്. നാം നിലനില്‍ക്കുന്ന ലോകത്തെപ്പറ്റി ഒരു സങ്കല്‍പ്പം ഏവര്‍ക്കുമുണ്ട്. ഈ ലോകത്തിന്റെ ഒരു മാതൃകയാണത്.' 'പുരാതനമനുഷ്യര്‍ അവരുടെ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ഈ ലോകത്തെ നിര്‍ധാരണം ചെയ്യാന്‍ ശ്രമിച്ചത് ഇത്തരത്തില്‍ പ്രപഞ്ചമാതൃക ബോധമണ്ഡലത്തില്‍ സൃഷ്ടിച്ചാണ്. പക്ഷേ, ഇന്ന് പ്രാചീനസങ്കല്‍പ്പങ്ങളെക്കാള്‍ സമ്പന്നമായ പ്രകൃതിമാതൃകകള്‍ ഉണ്ടാക്കാനുള്ള ശേഷിയും വൈഭവവും നമുക്കുണ്ട്. പ്രപഞ്ചത്തെക്കുറിച്ച് നമ്മുടെ അറിവ് ഏറെ വര്‍ദ്ധിച്ചിരിക്കുന്നു. മതമാകട്ടെ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള മോഡലുകള്‍ എന്നും നിലനില്‍ക്കണമെന്ന് ശഠിക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യര്‍ ചിന്തിക്കുകയും ജീവിക്കുകയും ചെയ്തതില്‍ നിന്ന് ഒരിഞ്ചുപോലും നാം മുന്നേറരുതെന്ന നിര്‍ബന്ധബുദ്ധിയാണ് മതത്തെ മനുഷ്യപുരോഗതിയുടെ ഏറ്റവും വലിയ ശത്രുവാക്കുന്നത്.' 

'ആധുനികയുഗത്തിലെ ഏറ്റവും നിര്‍ഭാഗ്യകരവും അസുഖകരവുമായ കാഴ്ച ബുര്‍ഖ ധരിച്ച് നഗരവീഥികളിലൂടെ സഞ്ചരിക്കുന്ന ഒരു മനുഷ്യസ്ത്രീയാണെന്ന് ഡോക്കിന്‍സ് പറയുന്നു. അടിമത്വത്തിന്റെയും അസ്വാതന്ത്ര്യത്തിന്റേയും ജൈവചിഹ്നമായ മനുഷ്യ'പെന്‍ഗ്വിനാ'ണവള്‍.'
'മതദൈവത്തിന്റെ പേരില്‍ സ്വന്തം അസ്വാതന്ത്ര്യത്തെ പരസ്യമായി പുകഴ്ത്തിപ്പാടാനും യാതനകളെ പ്രകീര്‍ത്തിക്കാനും വിധിക്കപ്പെട്ടവള്‍. ഒപ്പം സ്വന്തം ദുര്‍ഗതി ഒരു സ്വകാര്യദുഃഖമായി അടിച്ചമര്‍ത്താനുള്ള മതബാധ്യതയും അവള്‍ക്കുണ്ട്.' 

'സ്വമതത്തെ പ്രീണിപ്പിക്കാനായി ജീവിതാന്ത്യംവരെ സൗന്ദര്യവും സ്വാതന്ത്യവും പരാതികളില്ലാതെ അടിയറവെക്കുന്ന സ്ത്രീയാണ് ബുര്‍ഖാധാരി. ബുര്‍ക്ക പുരുഷമേധാവിത്വത്തിന്റെ ചിന്നംവിളിയായി മാത്രം പരിമിതപ്പെടുത്താനാവില്ല. വളരാന്‍ അനുവാദമില്ലാത്ത മനുഷ്യജീവിയെയാണത് പ്രതിനിധീകരിക്കുന്നത്.' 'ബുര്‍ഖ ധരിച്ച വ്യക്തി നേത്രങ്ങളുടെ ഭാഗത്തുള്ള ചെറിയ ദ്വാരംവഴിയാണ് ലോകത്തെ കാണുന്നത്. ഈ സുഷിരക്കാഴ്ചയൊഴികെ ബാക്കിയൊക്കെ മനുഷ്യവര്‍ഗ്ഗത്തില്‍ ജനിച്ചതിന്റെപേരില്‍ അവള്‍ക്ക് നിഷേധിക്കപ്പെടുന്നു. ബാഹ്യലോകം മുഴുവന്‍ ചെറിയ ഒരു ദ്വാരത്തിലേക്ക് ചുരുങ്ങുമ്പോള്‍ നഷ്ടപ്പെടുന്നത് വളരെയേറെയാണ്.' (ഖണ്ഡകന് അരിശം മൂക്കുന്നു, കണ്ടിപ്പാരാംഭിക്കുന്നു:ആരാണ് മധ്യലോകക്കാര്‍, നവനാസ്തികത, പേജ് 102-മുതല്‍ തുടര്‍ന്നു വരുന്ന പേജുകളിലെ മതഹാസസാഹിത്യം: 'രണ്ടായിരം വര്‍ഷം പഴക്കമുള്ള ഗ്രീക്ക് ഭൗതികവാദത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ഇന്നും മുറുകെ പിടിക്കുന്ന ആധുനിക നിരീശ്വരവാദിയും മതവിശ്വാസികളെ പരിഹസിക്കുന്നത് മധ്യലോക സങ്കല്‍പ്പക്കാര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്! മധ്യകാലത്തേക്കാള്‍ പഴക്കമുണ്ട് പ്രാചീനകാലത്തിനെന്ന് അവരറിയുന്നുണ്ടോ ആവോ!)

'സ്ത്രീയെ കേവലം ഒരു ലൈംഗികോപകരണമായി മാത്രം കാണുന്നതിനാലാണ് ഇറച്ചിയും മത്സ്യവും ശവവും അന്യര്‍ കാണാതെ പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതുപോലെ അവള്‍ക്ക് സ്വയം നിഷ്‌കാസിതയായി സഞ്ചരിക്കേണ്ടിവരുന്നത്.' ബുര്‍ഖ നല്കുന്ന 'സുരക്ഷിതത്വത്തെ'പുകഴ്ത്തി കവിതകളെഴുതേണ്ടി വരുന്ന ഏതൊരു സ്ത്രീയും അടിമ യജമാനനെ പുകഴ്ത്താന്‍ നിര്‍ബന്ധിതനാണെന്ന സാമാന്യതത്വം സാധൂകരിക്കുന്നുണ്ട്. 'ബുര്‍ഖയ്ക്കുള്ളില്‍ എല്ലാം സ്ത്രീകളും സമാനരാണ്. സുന്ദരിയായ സ്ത്രീ ഒരിക്കലും ബുര്‍ഖ ഇഷ്ടപ്പെടില്ല.ബുര്‍ഖ ഉപമയിലൂടെ നമ്മുടെ ഭൗതികലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിയെ നിര്‍ധാരണം ചെയ്യുകയാണ് ഡോക്കിന്‍സ്. ഇന്ന് നാം പ്രപഞ്ചത്തെ നോക്കുന്നത് ഒരു ബുര്‍ഖയിലൂടെയാണ്. നാം മുകളിലോട്ട് നോക്കുമ്പോള്‍ ചതുര്‍മാനപ്രപഞ്ചത്തിന്റെ ഒരു വശത്തേക്ക് മാത്രമാണ് പരമാവധി നോക്കാനാവുക. ഒരോ നോട്ടവും നഷ്ടപ്പെടുത്തലുകളുടെ കഥ പറയുന്നു.' (ഖണ്ഡകന്‍ തനിക്കറിയാവുന്ന ഉള്ള സത്യം തുറന്നുപറയുന്നു:'പദാര്‍ത്ഥമല്ലാത്ത ഒന്നിനേയും സങ്കല്‍പ്പിക്കാന്‍ പോലും കഴിവില്ലാത്തവരാണ് നിരീശ്വരവാദികളെന്ന് വ്യക്തമായില്ലേ?')

'അതായത് മനുഷ്യന്‍ ഇന്ന് അറിയാതെയെങ്കിലും ഒരു ബുര്‍ഖ ധരിച്ചിരിക്കുന്നു. ആ ബുര്‍ഖ കുറേശ്ശെ മാറ്റാനുള്ള ശ്രമകരമായ ദൗത്യമാണ് ശാസ്ത്രം ഏറ്റെടുത്തിരിക്കുന്നത്. നമ്മുടെ അനുഭവങ്ങള്‍ പാര്‍ശ്വവീക്ഷണങ്ങളോ പരിമിതമായ കാഴ്ചകളോ മാത്രമാകുന്നു.' 'പ്രകാശത്തിന്റെ വര്‍ണ്ണരാജി (Spectrum)പരിഗണിക്കുക. സ്‌പെക്ട്രത്തിന്റെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ വളരെ ചെറിയൊരംശം മാത്രമാണ് മൈക്രോസ്‌കോപ്പിന്റെ സുഷിരത്തിലൂടെ നോക്കിയാല്‍ കാണുക. ബാക്കിഭാഗം മുഴുവന്‍ കറുത്ത ബുര്‍ഖപോലെ അദൃശ്യമായി നിലകൊള്ളുന്നു. അതായത് കാണാനുള്ള ഭാഗം കണ്ടതുമായി താരതമ്യം പോലുമില്ലാത്തവിധം വലുതാണ്.'

'നാം ഒരു ഗുരുത്വാകര്‍ഷണക്കിണറിന്റെ അടിത്തട്ടില്‍ കഴിയുന്നവരാണാണ്. നമ്മുടെ ഗ്രഹത്തിന്റെ വായുനിറഞ്ഞ ഉപരിതലത്തിലാണ് മനുഷ്യന്റെ വാസം. നമ്മുടെ ഗ്രഹമാകട്ടെ 15 കോടി കിലോമീറ്റര്‍ അകലെയുള്ള ഒരു അഗ്നിനക്ഷത്രത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുകയാണ്. എന്നിട്ടും ഇതാണ് സാധാരണയുള്ള അവസ്ഥയെന്ന് നാം സങ്കല്‍പ്പിച്ചു പോകുന്നു. എന്നാല്‍ പ്രപഞ്ചത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഒരവസ്ഥയിലാണ് നാമിന്നുളളത്. പ്രകാശസ്‌പെക്ട്രത്തിന്റെ ഒരറ്റത്ത് റേഡിയോതരംഗങ്ങളും മറ്റേയറ്റത്ത് ഗാമാകിരണങ്ങളുമാണ്. ചുറ്റുമുള്ള കറുത്തബുര്‍ഖ പൂര്‍ണ്ണമായും നീക്കംചെയ്ത് സ്വാതന്ത്യത്തിലേക്ക് നമ്മെ നയിക്കുകയാണ് ശാസ്ത്രദൗത്യം. സാധാരണ ടെലസ്‌ക്കോപ്പിലൂടെ ആകാശനിരീക്ഷണം നടത്തിയാല്‍ നക്ഷത്രങ്ങള്‍ സാധാരണപ്രകാശം പ്രസരിപ്പിച്ച് നില്‍ക്കുന്നതായാണ് നമുക്കനുഭവപ്പെടുക. നാം കാണുന്ന പ്രകാശം വളരെ ചുരുങ്ങിയ തരംഗദൈര്‍ഘ്യത്തിലുള്ള പ്രകാശം മാത്രമാണ്.'(ഇവിടെ ശ്രീ.രവിചന്ദ്രന്‍ മൈക്രോസ്‌ക്കോപ്പും ടെലസ്‌ക്കോപ്പും പരാമര്‍ശിച്ചിരിക്കുന്നത് കാണുക. സ്വഭാവികമായും 'റസ്സലിന്റെ ചായക്കപ്പ്' ഭാഗത്ത് നോട്ടപ്പിശക് മൂലം വാക്ക് മാറിപ്പോയതാണെന്ന് ആര്‍ക്കും മനസ്സിലാകും. ബില്യണും മില്യണും തിരിച്ചറിയാതെ 25 വര്‍ഷം കണ്ടിച്ചതിന്റെ പാപം ഒഴിഞ്ഞുപോകാനായി ഖണ്ഡകന്‍ അലക്കിവരുന്ന വാക്കാണത്. മൈക്രോസ്‌ക്കോപ്പും ടെലസ്‌ക്കോപ്പും എന്താണെന്ന് രവിചന്ദ്രനറിയാമെന്ന് ഇവിടെ വ്യക്തമാകുന്നു. പക്ഷെ 'ബില്യണ്‍' എന്നാല്‍ എത്രയാണെന്ന് കഴിഞ്ഞ 46 വര്‍മായി ഖണ്ഡസ്വാമിക്കറിയില്ലായിരുന്നു-അതാണ് വസ്തുത. നോട്ടപ്പിശകും അജ്ജതയും സമമല്ല) 

'സത്യത്തില്‍ നമുക്ക് ദൃശ്യമായ തരംഗദൈര്‍ഘ്യത്തിന് മുകളിലും താഴെയുമുള്ള തരംഗദൈര്‍ഘ്യമുള്ള കണങ്ങള്‍ അടങ്ങിയ ഒരു വലിയ വര്‍ണ്ണരാജി അഥവാ സ്‌പെക്ട്രമാണ് പ്രകാശം. കൂടുതല്‍ ശേഷിയും മെച്ചപ്പെട്ട സാങ്കേതികവിദ്യയുമുള്ള ടെലസ്‌ക്കോപ്പുകളിലൂടെ സാധാരണ ടെലസ്‌ക്കോപ്പിലൂടെ കാണാന്‍ കഴിയാത്ത X-ray, റേഡിയോകണങ്ങള്‍ തുടങ്ങി പലതും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ടല്ലോ. അപ്പോള്‍ നാം കാണുന്ന ആകാശം ഇതായിരിക്കില്ല എന്ന വ്യത്യാസമുണ്ട്. നിറവും പശ്ചാത്തലവും വിഭിന്നമായിരിക്കും.നമ്മുടെ ആകാശംതന്നെയോ എന്നുപോലും നാം അത്ഭുതപ്പെട്ടുപോകും! അള്‍ട്രാവയലറ്റ് ചിത്രങ്ങളില്‍ സാധാരണഗതിയില്‍ നാം കാണാത്ത പല പുള്ളികളും വരകളുമുണ്ട്. വാസ്തവത്തില്‍ പ്രാണികളുടെ നേത്രങ്ങളില്‍ വീഴുന്ന ഇലയുടെ ചിത്രമാണിത്; അതേസമയം നമുക്കൊരിക്കലും കാണാനാവാത്തതും.' (ഖണ്ഡകന്‍ തനിക്കൊണം കാണിക്കുന്നു: 'മധ്യകാലത്തെ ശാസ്ത്രജ്ജ്രര്‍ പദാര്‍ത്ഥത്തെ സങ്കല്‍പ്പിച്ചത് ഈ വിധമായിരുന്നു. അതുകൊണ്ട് എന്തെങ്കിലും ഉണ്ടാകാത്ത ശൂന്യത അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ഇവിടെ വിഷയമതല്ല. ഏതെങ്കിലും മാധ്യമത്തിലൂടെയല്ലാതെ വൈദ്യൂതകാന്തിക തരംഗങ്ങള്‍ സഞ്ചരിക്കുകയില്ലെന്ന് ശഠിച്ച് മധ്യകാലക്കാരെപ്പോലെ ശരീരവും മസ്തിഷ്‌ക്കവുമില്ലാത്ത ദൈവത്തിന് ചിന്തിക്കാനാവില്ലെന്ന് കരുതുന്നവരാണ് നിരീശ്വരവാദികള്‍.'') 

'പ്രാണികളുടെ സ്‌പെക്ട്രജാലകം നമ്മുടേതുപോലെ വളരെ ചെറുതാണ്. പക്ഷേ, നമ്മുടെ സ്‌പെക്ട്രമല്ല അവറ്റകള്‍ കാണുന്നതെന്ന് മാത്രം. ഉദാഹരണമായി അവ ഒരിക്കലും ചെമപ്പ്‌നിറം കാണുന്നില്ല. സ്‌പെക്ട്രത്തിന്റെ അള്‍ട്രാവയലറ്റ് (Ultraviolet spectrum) ഭാഗത്തിലൂടെയാണ് പ്രാണികള്‍ എല്ലാം ദര്‍ശിക്കുന്നത്. നാം കാണുന്ന ഒരു പൂന്തോട്ടമല്ല മറിച്ച് ഒരു അള്‍ട്രാവയലറ്റ് പൂന്തോട്ടമാണ് (Ultraviolet garden) പ്രാണികളും പറവകളും കാണുന്നതെന്ന് സാരം.' 

'പ്രപഞ്ചത്തിലെ വേഗതയും ദൂരവും സംബന്ധിച്ച കണക്കുകളും നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്.' 

'സൂക്ഷ്മലോകത്തും സ്ഥൂലലോകത്തും അതാണ് സ്ഥിതി. യഥാര്‍ത്ഥമായ അനുഭവമില്ലാതെയുള്ള ഭാവന എപ്പോഴും വികലമായിരിക്കും. ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍,നൂട്രോണ്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ അവയെ വളരെ വളരെ ചെറിയ പന്തുകളായി അല്ലെങ്കില്‍ കണങ്ങളായി വിഭാവനം ചെയ്യാനാണ് നാം ശ്രമിക്കുക. എന്തെന്നാല്‍ അതല്ലാതെ മറ്റൊന്നും നമുക്ക് പരിചയമില്ല. എന്നാല്‍ ഇലക്‌ട്രോണും പ്രോട്ടോണുമൊന്നും തീര്‍ച്ചയായും അങ്ങനെയുള്ള വസ്തുക്കളല്ല.'

നമ്മുടെ ഭാവന സൂക്ഷ്മ-സ്ഥൂല പ്രപഞ്ചങ്ങളുടെ അടുത്തെങ്കിലും എത്താന്‍ കഴിയുന്നവിധം വകസിച്ചിട്ടില്ലെന്നതാണ് പരാമര്‍ത്ഥം. ഭാവനയില്‍ കാണാന്‍ കഴിയുമെന്നൊക്കെ നാം പറയുന്നതില്‍ വാസ്തവത്തില്‍ യാതൊരു കഥയുമില്ല. നമുക്ക് ഭാവനയില്‍ കാണാന്‍ കഴിയുന്നത് വളരെ വളരെ തുച്ഛമാണ്. ആ തുച്ഛഭാവനയില്‍ നിന്നുകൊണ്ടാണ് എന്നെ ആരാധിക്കൂ,എന്നെ അനുസരിക്കൂ എന്നൊക്കെ മുറവിളി കൂട്ടുന്ന മതദൈവങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. `Possible worlds' -എന്ന തന്റെ പ്രശസ്തമായ ലേഖനത്തില്‍ ജെ.ബി.എസ്. ഹാല്‍ഡെയിന്‍ (J.B.S Haldane) പ്രസ്താവിക്കുന്നത് പോലെ പ്രപഞ്ചം നാം വിഭാവനം ചെയ്യുന്നതിനും അപ്പുറമാണെന്ന് മാത്രമല്ല നമുക്ക് വിഭാവനം ചെയ്യാന്‍ കഴിയുന്നതിലും അസാധാരണവുമാണ് ('...universe is not only queerer than we suppose but also queerer than we can suppose'...-J.B.S Haldane).നാം സ്വപ്നം കണ്ടതിലും കാണാന്‍ കഴിയുന്നതിലും ഉപരിയായ നിരവധികാര്യങ്ങള്‍ ഭൂമിയിലും സ്വര്‍ഗ്ഗത്തിലുമുണ്ടെന്ന് ഷേക്‌സ്പിയറുടെ ദുരന്തനായകനായ ഹാംലെറ്റ് ഹൊറേഷ്യയോട് പറയുന്നുണ്ട്.'

'ഡോക്കിന്‍സ് വിഖ്യാത ജര്‍മ്മന്‍ചിന്തകനായ ലുഡ്‌വിഗ് വിറ്റ്‌ജെന്‍സ്റ്റെയിന്റെ (Ludwig Wittegenstein)വാക്കുകള്‍ ഉദ്ധരിക്കുന്നു. വിറ്റ്‌ജെന്‍സ്റ്റെയിന്‍ ഒരിക്കല്‍ സുഹൃത്തിനോട് ചോദിച്ചുവത്രെ: ''പ്രദക്ഷണം ചെയ്യുന്നത് ഭൂമിയല്ല മറിച്ച് സൂര്യനാണെന്ന് പറയുന്നതായിരുന്നു മനുഷ്യന് എപ്പോഴും സ്വാഭാവികമായി തോന്നിയിട്ടുണ്ടാവുക എന്ന് നാം പറയുന്നു. എന്തുകൊണ്ട്?'' ഇവിടെ നിന്നുനോക്കുമ്പോള്‍ സൂര്യന്‍ ഭൂമിക്ക് ചുറ്റും കറങ്ങുന്നതായി 'തോന്നുന്നത്'കൊണ്ടാണതെന്നായിരുന്നു സുഹൃത്തിന്റെ മറുപടി. ''പക്ഷേ, ഒന്നാലോചിച്ച് നോക്കൂ, ഭൂമി സൂര്യനെ പ്രദക്ഷണം ചെയ്യുന്നുവെന്ന് തന്നെഇവിടെനിന്ന് നോക്കുമ്പോള്‍ തോന്നിയിരുന്നെങ്കിലോ?!''- ഈ മറുചോദ്യം സുഹൃത്തിനെ സ്തബ്ധനാക്കിക്കളഞ്ഞു.'

'നാം ജീവിക്കുന്നത് സൂക്ഷ്മ-സ്ഥൂല ലോകങ്ങളിലല്ല മറിച്ച് രണ്ടിനുമിടയിലുള്ള മധ്യലോകത്താണ് (Middle world). ഒരു നൂട്രിനോ ഭിത്തിയിലൂടെ കടന്നുപോകുന്നത് ഭാവനയില്‍ കാണാന്‍ നമുക്കാവില്ല.' (ഖണ്ഡകന്‍ മുന്‍പിന്‍ നോക്കാതെ വെട്ടിയരിയുന്നു: 'മധ്യകാല പാരമ്പര്യം 19ാം നൂറ്റാണ്ടുവരെ നിലനിന്നുവല്ലോ. മൈക്കിള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങളിലൂടെ ഈഥറില്ലെന്ന് തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു. ഇത് ശാസ്ത്രത്തിലെ കാര്യം. ശാസ്ത്രത്തിലെ ഈ മധ്യകാല പാരമ്പര്യത്തില്‍നിന്നും സമൂഹം പിന്നെയും പുരോഗതി നേടി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ഈ മധ്യകാലപാരമ്പര്യം ഇന്നും പേറുന്നവര്‍ ദൈവത്തിന് ചിന്തിക്കാന്‍ ശരീരം(പദാര്‍ത്ഥം) അനിവാര്യമാണെന്ന് വാദിക്കുന്ന നിരീശ്വരവാദികളാണ്. 

'പക്ഷേ, നാം ജീവിക്കുന്ന മധ്യലോകത്ത് ഘര്‍ഷണം എപ്പോഴുമുണ്ട്. അന്തരീക്ഷവായു ചെലുത്തുന്ന പ്രതിരോധം ഒരു യാഥാര്‍ത്ഥ്യമാകുന്നു. മധ്യലോകത്ത് ജീവിച്ചിരിക്കുന്നതിനാല്‍ ഘര്‍ഷണമില്ലായ്മ ഭാവനയില്‍ കാണുന്നതുപോലും പ്രയാസകരമാണ്.' (ഖണ്ഡസ്വാമി നിയന്ത്രണാതീതന്‍:'മൈക്കിള്‍സണ്‍-മോര്‍ലി പരീക്ഷണങ്ങളിലൂടെ ഈഥറില്ലെന്ന് തെളിയിച്ചതോടെ അതിന്റെ അന്ത്യം കുറിക്കപ്പെട്ടു.') 

'നാം ധരിച്ചിരിക്കുന്ന മധ്യലോകത്തിന്റെ ബുര്‍ഖ മധ്യലോകത്തിനുപരിയായ ഒന്നുമറിയാന്‍ നമ്മെ അനുവദിക്കുന്നില്ല. മനുഷ്യനുള്‍പ്പെടെയുള്ള ജന്തുജാലങ്ങള്‍ക്ക് അതിജീവിക്കാനുള്ളത് ഈ 'മധ്യലോക'ത്താണ്. 'സൂക്ഷ്മ-സ്ഥൂലപ്രപഞ്ചങ്ങളുമായി അഭിരമിക്കേണ്ട കാര്യം നമുക്കില്ല. അത് നമ്മുടെ ഭൗതികാവശ്യത്തിനുപരിയാണ്. ഒക്കെ ശരിതന്നെ. പക്ഷേ, അതുകൊണ്ടുമാത്രം നമ്മുടെ ബുര്‍ഖാ സുഷിരത്തിലൂടെ കാണുന്നതും കേള്‍ക്കുന്നതും മാത്രമാണ് ശരിയെന്ന് വിധിക്കുന്നത് അബദ്ധമാണ്.' ( സാബ് ജഗതിക്ക് ഭീഷണി ഉയര്‍ത്തുന്നു:''നിരീശ്വരവാദികളാണ് ഇന്നത്തെ മധ്യകാലക്കാരെന്ന് മനസ്സിലാക്കാന്‍ ഗ്രന്ഥകാരന്റെ വിവരണം ഉപകരിക്കുമെങ്കിലും മധ്യകാലക്കാര്‍ ഈഥറില്‍ വിശ്വസിച്ചിരുന്നില്ലെന്നത് ശ്രദ്ധിക്കണം)

'നമുക്ക് ഉപരിതല സമ്മര്‍ദ്ദം (Surface Tension) അത്രപെട്ടെന്ന് അനുഭവവേദ്യമാകില്ല. എന്നാല്‍ ഒരു ചെറിയപ്രാണിക്ക് ഗുരുത്വത്തേക്കാള്‍ ഉപരിതലസമ്മര്‍ദ്ദത്തേക്കുറിച്ചുള്ള അറിവാണ് പ്രധാനം. ആ നിലയില്‍ അവയുടെ 'മധ്യലോകം' നമ്മുടേതില്‍നിന്നും വിഭിന്നമാണ്.' 'ഉന്നത താപനിലയില്‍ നിലനില്‍ക്കാന്‍ കഴിയുന്ന ഒരു ബാക്റ്റീരിയ ആയിരുന്നു നമ്മളെങ്കില്‍ നമ്മുടെ ലോകവും ധാരണകളും ഇതാകുമായിരുന്നില്ലെന്ന് പറയേണ്ടതില്ല.'

'നാം കാണുന്ന 'യഥാര്‍ത്ഥലോകം' ശരിയായ ലോകമല്ലെന്ന് വ്യക്തം. മറിച്ച് ശരിക്കുള്ള ലോകത്തിന്റെ ഒരു മാതൃക മാത്രമാണത്. ആ മാതൃക നമ്മുടെ അതിജീവനത്തിന് അനുയോജ്യമായതും നമ്മുടെ മുന്‍ഗാമികളുടെ അനുഭവതലം പരിണമിച്ചുണ്ടായതുമാണ്. ഏത് മാതൃകമോഡലാണ് നമുക്കുള്ളതെന്നത് ഏതുതരത്തിലുള്ള ജീവിയാണ് നാം എന്നതിനെ ആശ്രയിച്ചിരിക്കും.'(ഖണ്ഡകന്‍ ഖണ്ഡനഭസ്മം ദേഹമാസകലം വാരിപ്പൂശി കണ്ടിക്കാനുപയോഗിക്കുന്ന ആലുവാക്കത്തിയുമായി എഴുന്നേല്‍ക്കുന്നു: 'ക്രിസ്റ്റ്യന്‍ ഹൈജന്‍സാണ് പ്രകാശം ഈഥറിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആദ്യമായി സിദ്ധാന്തിച്ചത്. ചുരുക്കത്തില്‍ സത്യസന്ധമായി നോക്കിയാല്‍ ഇതൊരു മധ്യകാലസങ്കല്‍പ്പമല്ല., ആധുനിക സങ്കല്‍പ്പമാണ്. പക്ഷെ ഡോക്കിന്‍സിന് വിരോധം മധ്യകാലക്കാരോടായതിനാല്‍ ഈഥറിനെ അവരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതാകാം. രണ്ടായാലും നിരീശ്വരവാദികളുടെ ഭോഷത്തരമാണ് വ്യക്തമാക്കുന്നത്'')

പിന്നല്ല, ദാ കിടക്കുന്നു, അവന്റെയൊരു മധ്യലോകവും മണ്ണാങ്കട്ടയും, എന്നോടാ കളി! സ്ലോമോഷനില്‍ കത്തിയുമായി തീകണ്ണുകളുമായി നടന്നകലുന്ന ഖണ്ഡസ്വമിയുടെ മുകളില്‍ മലക്കുകളുടെ പുഷ്പവൃഷ്ടി. മലക്കുകള്‍ ഖണ്ഡകനെ വാഴ്ത്തുന്നു. ഒപ്പം ആശ്വാസത്തിന്റെ ചില നെടുവീര്‍പ്പുകളും അവരില്‍ നിന്നുയരുന്നു. 'ഹുസൈനേ, ഇജ്ജ് തന്നെ ഹജ്ജ്!,  മധ്യലോകത്തെ മധ്യയുഗമാക്കിയ മുത്തേ വാഴ്ക, വാഴ്ക / എങ്കിലും കരുണയുള്ളവന്‍, ശ്രേഷ്ഠരില്‍ ശ്രേഷ്ഠന്‍/ നീ മധ്യലോകത്തെ 'മദ്യലോക'മാക്കിയില്ലല്ലോ/ എങ്കില്‍ സര്‍വ കാഫിറും കുടിയന്‍മാരെണെന്ന് തെളിയുമായിരുന്നു/ നിന്റെ കരുണ തുണച്ചത് നാസ്തികപ്പരിഷകളെ/ കാരണം നീ കരുണാകരന്‍-ദയാനിധി ഹുസൈന്‍/ ഖണ്ഡനപ്പൊരുളേ വാഴ്ക, വാഴ്ക, സര്‍വ അക്‌സസറികളും സഹിതം. 


Wednesday, June 1, 2011

കഥയില്ലാതാകുമ്പോള്‍


''ചാള്‍സ് ഡാര്‍വിന്റെ 'ജീവിവര്‍ഗ്ഗങ്ങളുടെ ഉത്ഭവം' പ്രസിദ്ധീകരിച്ച് ഏതാനും മാസങ്ങളേ ആയിട്ടുള്ളു. 1860 ജൂണ്‍ 30 ന് ശനിയാഴ്ച ബ്രിട്ടീഷ് അസോസിയേഷന്റെ വാര്‍ഷികയോഗം ഓക്‌സ്‌ഫോര്‍ഡില്‍ സമ്മേളിച്ചു. അവിടെ പരിണാമത്തെപ്പറ്റി ചൂടുപിടിച്ച വിവാദം നടക്കുകയാണ്. ബിഷപ്പ് വില്‍ഫര്‍ഫോഴ്‌സ് തന്റെ പരിണാമവാദ വിമര്‍ശനം ഉപസംഹരിച്ചുകൊണ്ട് ഡാര്‍വിന്റെ അടുത്ത സുഹൃത്തും പ്രമുഖ പരിണാമവിദഗ്ധനുമായ ഹക്‌സിലിയോട് ചോദിച്ചു: ''മുത്തച്ഛന്‍ വഴിയോ മുത്തശ്ശി വഴിയോ അദ്ദേഹം(താങ്കള്‍) കുരങ്ങില്‍ നിന്നുള്ള പാരമ്പര്യം അവകാശപ്പെടുന്നത്?'' ഹക്‌സിലിയുടെ മറുപടി ഇതായിരുന്നു:'' വളരെ കഴിവും ശക്തിയും സ്വാധീനവുമുള്ള വ്യക്തിയായിരുന്നിട്ടും ഗൗരവമുള്ള ശാസ്ത്ര ചര്‍ച്ചയില്‍ പരിഹാസം അവതരിപ്പിക്കാന്‍ വേണ്ടി മാത്രം അതുപയോഗിക്കുന്ന മനുഷ്യന്‍ വേണോ അതോ കുരങ്ങന്‍ വേണോ മുത്തച്ഛനായി എന്ന് എന്നോടു ചോദിക്കുകയാണെങ്കില്‍ ഞാന്‍ നിസ്സംശയം പറയും കുരങ്ങന്‍ മതിയെന്ന്''. പ്രൊഫസര്‍ ഹക്‌സിലിയുടെ ഈ മറുപടി വില്‍ബര്‍ഫോഴ്‌സിനെ ശരിക്കും ഇരുത്തിക്കളഞ്ഞു. സദസ്സില്‍ നിന്നുയര്‍ന്ന ആരവത്തിലും കയ്യടിയിലും അദ്ദേഹം പതറി. പരിണാമവാദവും സൃഷ്ടിവാദവും തമ്മിലുള്ള ഈ സംവാദം പരിണാമസിദ്ധാന്തത്തിന്റെ ദ്വിഗ്വിജയത്തിന് തുടക്കമിട്ടതായി വിലയിരുത്തപ്പെടുന്നു....."(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും; എന്‍.എം.ഹുസൈന്‍, പേജ്-172-73, ഇസ്‌ളാമിക് ഫൗണ്ടേഷന്‍പ്രസ്സ്, 1992). 

ഇവിടെ ഈ സംവാദം ശരിക്കും ഒരു ചരിത്രസംഭവമെന്ന നിലയിലാണ് ഗ്രന്ഥകര്‍ത്താവ് പരാമര്‍ശിക്കുന്നത്. അതായത് ശരിക്കും സംഭവം നേരിട്ട കണ്ടതു പോലുള്ള ഒരു പ്രതീതി സൃഷ്ടിച്ചാണ് അവതരണം. പിന്നീടങ്ങോട്ട് വായിച്ചാലും അതുതന്നെ സ്ഥിതി. മതപ്രചരണമെന്ന നിലയില്‍ സൃഷ്ടിവാദ സാധൂകരണത്തിന്റെ ഭാഗമായാണ് ഈ മലമറിക്കല്‍. എന്നാല്‍ ഇപ്പോള്‍ ശ്രീ.  ശ്രീ. ഹുസ്സൈന്‍ പറയുന്നത് ഈ സംവാദം ചരിത്രസംഭവമായി അവതരിപ്പിക്കുന്നവരൊക്കെ വിഡ്ഢികളാണെന്നാണ്. 'നാസ്തികനായ ദൈവ'ത്തില്‍ ശ്രീ.രവിചന്ദ്രനും ഈ സംഭവം പരാമര്‍ശിക്കുന്നുണ്ട്. ഹുസൈന്റെ പുസ്തകത്തില്‍ ഉള്ളയത്ര അക്ഷരത്തെറ്റും ഭാഷാന്യൂനകളുമില്ല എന്നതൊഴിച്ചാല്‍ കാര്യമായ വ്യത്യാസമൊന്നും അവിടെയില്ല. ഈ സംഭവത്തിന്റെ ചരിത്രപരതയിലേക്ക് ഞാനിപ്പോള്‍ കടക്കുന്നില്ല. ശാസ്ത്രചരിത്രത്തില്‍ കഥകള്‍ക്കും ഉദാഹരണങ്ങള്‍ക്കും ആലങ്കാരികപ്രസക്തി മാത്രമേയുള്ളു. മതത്തിലേതുപോലെ കൈ വെട്ടാനും കഴുത്തറക്കാനുമൊന്നും കഥകളും ഉദാഹരണങ്ങളും ഉപയോഗിക്കുന്ന പതിവ് ശാസ്ത്രത്തിലില്ല. ആലുവായിലിരുന്ന് ഹോളോകോസ്റ്റിലെ ശവമെണ്ണിയപ്പോള്‍ 60 ലക്ഷം 6 ലക്ഷമായി കുറഞ്ഞുപോയെന്ന് വിലപിക്കുന്നയാളാണ് ശ്രീ.ഹുസൈന്‍. ന്യൂട്ടന്റെ ആപ്പിളും ഗലീലിയോയുടെ പിസാപരീക്ഷണവും ചരിത്രവിരുദ്ധവുമെന്ന് സമര്‍ത്ഥിച്ച് മോഹാലസ്യമടഞ്ഞവനാണ് ഈ മാവീരന്‍. അങ്ങനെ ഒരാള്‍ മിനിമം ഇതേ സംഭവങ്ങള്‍ ഒരിക്കല്‍ തികഞ്ഞ ആധികാരികതയോടെ താന്‍ തന്നെ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം മറക്കാന്‍ പാടില്ലാത്തതാണ്. അല്ലെങ്കില്‍ എഴുതിവെച്ച പുത്തകം മുഴുവന്‍ പിടിച്ചെടുത്ത് കത്തിക്കണം. മറ്റാര്‍ക്കും വിവരമില്ലെന്നും താന്‍ മാത്രമാണ് മഹാസംഭവമാണെന്നും നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വയം വീമ്പിളക്കുന്നത് നല്ല ശാരീരികവ്യായാമമാണ്. പക്ഷെ അതുകൊണ്ടായോ? അല്പം ബൗദ്ധികസത്യസന്ധത കൂടിവേണ്ടേ? 1992 ല്‍ ശരിയെന്ന ബോധ്യത്തോടെ ചരിത്രസംഭവമായി അവതരിപ്പിച്ച കാര്യം പിന്നീട് 'കെട്ടുകഥ'യായി തീരുമെന്ന് ചിന്തിക്കാനുള്ള ഭാവനയില്ലെന്ന് പറഞ്ഞാല്‍ മനസ്സിലാക്കാം. പക്ഷെ, പിന്നീട് 'തെറ്റ്' ബോധ്യപ്പെടുന്ന മുഹൂര്‍ത്തത്തില്‍ ആദ്യം സ്വയം തിരുത്തുകയല്ലേ വേണ്ടിയിരുന്നത്? എന്നിട്ടല്ലേ മറ്റുള്ളവരെ വിമര്‍ശിക്കാവൂ? ശ്രീ. ഹുസ്സൈന്റെ 'ബോധ്യ'ങ്ങളാണ് ശരി എന്ന അര്‍ത്ഥത്തിലല്ല ഞാനിതെഴുതുന്നത്. മറിച്ച് ഇനി അഥവാ അദ്ദേഹം പറയുന്നതാണ് ശരി എങ്കില്‍ ആദ്യം Self correction അല്ലേ വേണ്ടിയിരുന്നതെന്ന് ആരായുന്നു എന്നേയുള്ളു. ശ്രീ.രവിചന്ദ്രന്‍ എഴുതിയത് സാധുവല്ലെങ്കില്‍ ആ തെറ്റ് ആദ്യം ചെയ്തത് ശ്രീ.ഹുസൈനാണ്. പണ്ട് താനിതൊക്കെ എഴുതിയിട്ടുണ്ടെന്ന് മറന്നുവെന്ന് മാത്രമല്ല, മറന്നുവെന്ന കാര്യംപോലും ഇന്ന് ഇദ്ദേഹം മറന്നിരിക്കുന്നു. എങ്ങനെയും ശ്രദ്ധിക്കപ്പെടണമെന്ന അത്യാഗ്രഹം മൂലം സെലക്റ്റീവ് ആംനേഷ്യയ്ക്ക് അടിപ്പെട്ട ഖണ്ഡസ്വാമി സ്വന്തം പള്ള കീറി ആയാലും വേണ്ടില്ല 'സര്‍ജന്‍' എന്ന പേരെടുക്കുമെന്ന് വാശിയിലാണ്. കേരളത്തിലെ ഏറ്റവും 'മൊഞ്ചുള്ള മുസ്‌ളീം ഹോക്‌സര്‍' ആയി അറിയപ്പെടണമെന്ന സാബിന്റെ പൂതി തീര്‍ച്ചയായും ഒരു കുറ്റമല്ല. പക്ഷെ മലര്‍ന്നുകിടന്ന് തുപ്പിക്കൊണ്ടുതന്നെ അത് സാക്ഷാത്ക്കരിക്കണമെന്നത് according to Mohanlal തീര്‍ത്തും അതിമോഹമാണ്, അതിമോഹം.


Wednesday, May 18, 2011

സ്വര്‍ഗം കെട്ടുകഥ- ഹോക്കിങ്


ലണ്ടന്‍: സ്വര്‍ഗവും മരണാനന്തര ജീവിതവുമെല്ലാം കെട്ടുകഥകളാണെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു. മരണഭയമാണ് മനുഷ്യനെ ഇത്തരം യക്ഷിക്കഥകള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പതിറ്റാണ്ടുകളായി മരണത്തെ മുന്നില്‍ക്കണ്ടു കഴിയുന്ന ഹോക്കിങ് അഭിപ്രായപ്പെട്ടു. 


ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചുകഴിഞ്ഞാല്‍പ്പിന്നെ അയാളെ സംബന്ധിച്ചിടത്തോളം ഒന്നും അവശേഷിക്കുന്നില്ല. തലച്ചോറ് കമ്പ്യൂട്ടറിനെപ്പോലെയാണ്. ഘടക ഭാഗങ്ങള്‍ കേടാകുമ്പോള്‍ അതിന്റെ പ്രവര്‍ത്തനം നിലയ്ക്കും. ഉപയോഗശൂന്യമായ കമ്പ്യൂട്ടറിന് മരണാനന്തര ജീവിതമോ സ്വര്‍ഗമോ ഇല്ല. ഇരുട്ടിനോടുള്ള ഭയം മൂലം രൂപം നല്‍കുന്ന യക്ഷിക്കഥകളെപ്പോലെയാണ് മരണാനന്തര ജീവിതം, സ്വര്‍ഗം തുടങ്ങിയ സങ്കല്പങ്ങള്‍- ഗാര്‍ഡിയനുമായുള്ള അഭിമുഖത്തില്‍ ഹോക്കിങ് പറഞ്ഞു.

കഴിഞ്ഞ 49 വര്‍ഷമായി അകാല മരണത്തിന്റെ നിഴലിലാണ് താനെന്ന് മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് ശരീര പേശികള്‍ക്കു ചലനശേഷി നഷ്ടപ്പെട്ടു കിടക്കുന്ന ഹോക്കിങ് പറഞ്ഞു. 'എനിക്കു മരണത്തെ ഭയമില്ല. എന്നാല്‍ മരിക്കാന്‍ തിടുക്കവുമില്ല. അതിനു മുമ്പേ ചെയ്തു തീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ട്'- ഹോക്കിങ് പറഞ്ഞു. പ്രപഞ്ചോത്പത്തിയെപ്പറ്റി വിശദീകരിക്കാന്‍ ഒരു സ്രഷ്ടാവിന്റെ സഹായം ആവശ്യമില്ലെന്ന് ഹോക്കിങ് നേരത്തേ പറഞ്ഞിരുന്നു.

Sunday, April 17, 2011

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും 'പൂജ്യ'മിരിക്കുന്നു.....

     കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ അടിതെറ്റി നിലത്തുവീണപ്പോഴും ശ്രീ. ഹുസ്സൈന്റെ കാല്‍ മുകളില്‍ തന്നെയാണ്‌. വീണാലും കുഴപ്പമില്ല; കാല്‌ മുകളില്‍തന്നെയാണെന്നുറപ്പുവരുത്തിയാല്‍ പ്രശ്നം പരിഹരിക്കാം എന്നതാണ്‌ അദ്ദേഹത്തിന്റെ പക്ഷം. 

     “ആദ്യകാല ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെട്ട ഫോസിൽ പാളിയെ കേംബ്രിയൻ എന്ന് വിളിക്കുന്നു. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതാണ്‌ ഈ ഫോസിൽ പാളികൾ. വലിയൊരു ശതമാനം ജീവജാതികൾ കേംബ്രിയൻ കാലത്ത് മുൻഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതായി ഫോസിൽ ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായി. ഇതിനെയാണ്‌ കേംബ്രിയൻ വിസ്ഫോടനം(Cambrian Explosion) എന്ന് വിശേഷിപ്പിക്കുന്നത്.”എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തില്‍ നടത്തിയ ആധികാരിക പ്രസ്താവനയിലെ അബദ്ധം ചൂണ്ടികാട്ടിയപ്പോള്‍ "മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയി. പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി" എന്നും പറഞ്ഞ് മൂട്ടിലെ പൊടിയും തട്ടി തടിതപ്പാനാണ്‌ ശ്രമം. ഒരു പൂജ്യം കൂടിപ്പോയത് പ്രിന്റിങ് മിസ്റ്റേക്ക് ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ കാംബ്രിയന്‍ വിസ്ഫോടനം നടന്നത് 490-540 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നാണ് അദ്ദേഹം എഴുതിവിട്ടിരിക്കുന്നത്. ബില്യന്റെയും ട്രില്ല്യന്റെയും കണക്ക് പെട്ടെന്ന് തിരിഞ്ഞില്ലെങ്കിലും 'കോടി' എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാകും. 49 കോടി എന്നത് 490 കോടിയായി എന്ന് പറഞ്ഞാല്‍ എന്താണതിന്റെ അര്‍ത്ഥം? 

     ശ്രീ. ഹുസ്സൈന്‌ 46 വയസ്സായി എന്ന് അദ്ദേഹം മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും തനിക്ക് 460 വയസ്സായി എന്ന് അദ്ദേഹം പറയില്ല. അതായത് തന്റെ വയസ്സിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്‌ നല്ല കാലബോധമുണ്ടെന്നര്‍ത്ഥം. 49 കോടി എന്നത് 490 കോടിയായി, അതും 'യുക്തിവാദീപാളയത്തെ ഞട്ടിക്കുന്ന ഒരു വന്‍സംഭവ'മായി കൊണ്ടാടിയ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തെങ്കില്‍ പ്രപഞ്ചത്തിന്റെ പ്രായഗണനയെക്കുറിച്ചൊ കാംബ്രിയന്‍ കാലത്തെക്കുറിച്ചോ അദ്ദേഹത്തിന്‌ യാതൊരു ബോധവുമില്ലെന്നാണര്‍ത്ഥം.

     "പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frameനെ അംഗീകരിക്കാത്തവരോട് ആ Frameനെ ആസ്പദമാക്കി ചോദ്യം നിരത്തുന്നത് യുക്തിവിരുദ്ധമല്ലേ സുശീലേ?" എന്നൊരു 'വിദഗ്ദാഭിപ്രായവും' അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എന്നിട്ട് അതേ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frame മായി എത്ര കൃത്യമായാണ്‌ അദ്ദേഹം കേംബ്രിയന്‍ എക്സ്പ്ലോഷന്റെ കാലം പ്രസ്താവിക്കുന്നത്!

     കണക്കുതെറ്റി ഒരു പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തതിന്റെ ജാള്യം മറയ്ക്കാന്‍ അദ്ദേഹം  നാസ്തികനായ ദൈവത്തിലെ സി രവിചന്ദ്രന്റെ വാക്കുകളെ വീണ്ടും വലിച്ചിഴയ്ക്കുന്നു:-
"മൈക്രോസ്കോപ്പിലൂടെ ഗ്രഹനിരീക്ഷണം നടത്താമെന്ന് യുക്തിവാദിയായ രവിചന്ദ്രന്‍ എഴുതിയപ്പോള്‍ ഞെട്ടാത്ത നിങ്ങള്‍ ഞാനെഴുതിയതില്‍ ഒരു പൂജ്യം കൂടിപ്പോയപ്പോഴേക്കും ഞെട്ടുകയും ഞെട്ടിത്തെറിക്കുകയും ചെയ്തു! ഞെട്ടുന്നതില്‍ പോലും നിങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് തെളിയിച്ചതിനും നന്ദി"  എന്നാണിദ്ദേഹം എഴുതിവിടുന്നത്.

     ടെലസ്‌ക്കോപ്പിന് പകരം മൈക്രോസ്‌ക്കോപ്പ് എഴുതിയത് മാറിപ്പോയതാവാനിടയുള്ളതുപോലെ മന:പൂര്‍വമാകാനും സാധ്യതയുണ്ട്. അല്ലാതെ ഇംഗ്‌ളിഷില്‍ ടെലസ്‌ക്കോപ്പ് എന്നെഴുതിയാല്‍ ആരും മൈക്രോസ്‌ക്കോപ്പ് എന്ന് 'തര്‍ജമ' ചെയ്യാനിടയില്ല. സത്യത്തില്‍ ഇവിടെ തര്‍ജമ നടന്നിട്ടില്ല. അങ്ങനെയെങ്കില്‍ 'സൂക്ഷ്മദര്‍ശിനി' എന്ന പദമായിരുന്നു വരേണ്ടത്. രണ്ടായാലും അതൊരു വലിയ വിഷയമാകുന്നില്ല. അവിടെ ടെലസ്‌ക്കോപ്പും മൈക്രോസ്‌ക്കോപ്പും ശരിയാണ്,തെറ്റുമാണ്. റസ്സലിന്റെ ചായക്കപ്പിനെക്കുറിച്ച് (Russel's Teacup)പരാമര്‍ശിക്കുമ്പോഴാണിത്. അതല്ലാതെ ശ്രീ.ഹുസൈന്‍ പറയുന്നതുപോലെ വാനനിരീക്ഷണത്തിനല്ല. നിരീക്ഷിക്കപ്പെടുന്നത് ആകാശഗോളങ്ങല്ല, വളരെ വളരെ ചെറിയ ഒരു ചായക്കപ്പാണ്. ടെലസ്‌ക്കോപ്പ് കൊണ്ട് ഒരിക്കലും ബഹിരാകാശത്തുള്ള ചായക്കപ്പ് കണ്ടെത്താനാവില്ലെന്നത് സാമാന്യശാസ്ത്രജ്ഞാനം. ഒരു നിശ്ചിത വലുപ്പത്തിന് താഴെയുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ടെലസ്‌ക്കോപ്പിനാവില്ല. ദൂരക്കാഴ്ച ശരിയാകാനായി വലുപ്പത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് വേണ്ടിവരും. നൂറുക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള ഗാലക്‌സികളുടെ മിഴിവുള്ള ചിത്രങ്ങള്‍ സമ്മാനിക്കുന്ന ഹബിള്‍സ് ടെലസ്‌ക്കോപ്പിന് ചന്ദ്രനില്‍ അപ്പോളോ യാത്രികര്‍ ഉപേക്ഷിച്ചുപോയ വാഹന-യന്ത്ര ഭാഗങ്ങളുടെ ചിത്രമെടുക്കാനാവാത്തത് അതുകൊണ്ടാണ്. ഭൂമിയില്‍നിന്ന് നിരീക്ഷണം നടത്തുന്നുവെന്ന് വന്നാലേ ടെലസ്‌ക്കോപ്പ് തന്നെ വേണമെന്ന് പറയുന്നതില്‍ എന്തെങ്കിലും കാര്യമുള്ളു. പ്രായോഗികമായി നോക്കിയാല്‍ അതുകൊണ്ടു കാര്യമില്ലെന്നത് വേറെ കാര്യം. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിലുള്ള ബഹിരാകാശപഥത്തിലൂടെ ചുറ്റിത്തിരിയുന്ന ഒരു ചായക്കപ്പ് കണ്ടെത്താന്‍ ടെലസ്‌ക്കോപ്പിന് കഴിയില്ല. അവയുടെ നിര്‍മ്മാണത്തെപ്പറ്റിയുള്ള സാമാന്യസാങ്കേതികജ്ഞാനം ഉള്ളവരാരും അങ്ങനെ പറയില്ല. ഭൂമിയുടേയും ചൊവ്വയുടേയും ഇടയിലുള്ള ഭ്രമണപഥത്തിലാണ് റസ്സലിന്റെ ചായക്കപ്പ്. അകലെയുളളതും വലുതുമായ വസ്തുക്കളാണ് ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. അടുത്തുള്ളതും ചെറുതുമായ വസ്തുക്കളെ നിരീക്ഷിക്കാനായി മൈക്രോസ്‌ക്കോപ്പുപയോഗിക്കുന്നു. 'റസ്സലിന്റെ ചായക്കപ്പ്' അകലെയും ചെറുതുമാണ്. രണ്ടു കണ്ടീഷനുകളും അവിടെ ശരിയാവില്ലെന്നര്‍ത്ഥം. പിന്നെ ആകെ ചെയ്യാനുള്ളത് വസ്തുവിന് അടുത്ത് ചെന്ന് നിരീക്ഷിക്കുകയെന്നത് മാത്രമാണ്. അതിന് നല്ലത് മൈക്രോസ്‌ക്കോപ്പ് തന്നെ. അതിനാല്‍ 'നാസ്തികനായ ദൈവത്തില്‍' മൈക്രോസ്‌ക്കോപ്പ് എന്നെഴുതിയതുകൊണ്ട് യാതൊരു പന്തികേടുമില്ല. ബഹിരാകാശസഞ്ചാരികള്‍ അതിന് അടുത്ത് എവിടെയെങ്കിലും എത്തിയാലേ ചായക്കപ്പിനായി പരതാനാവുകയുള്ളു. അവിടെ ഇത്ര ചെറിയ വസ്തു കാണാന്‍ മൈക്രോസ്‌ക്കാപ്പായിരിക്കും സഹായകരം. അതായത് ശ്രീ.രവിചന്ദ്രന്‍ മൈക്രോസ്‌ക്കോപ്പ് എന്നുപയോഗിച്ചതില്‍ തെറ്റില്ലെന്ന് ഞാന്‍ പറയും. ഇനി ടെലസ്‌ക്കോപ്പ് എന്ന് മാറ്റി ഉപയോഗിച്ചാലും അതില്‍ തെറ്റുണ്ടുതാനും. മൈക്രോസ്‌ക്കോപ്പാണ് ശരിയെന്ന് പറഞ്ഞാല്‍ ഖണ്ഡിക്കാനുമാവില്ല. രണ്ടും പൂര്‍ണ്ണമായും ശരിയല്ല, പൂര്‍ണ്ണമായും തെറ്റുമല്ല. ഒരു സാങ്കല്‍പ്പിക ഉദാഹരണമായതിനാല്‍ രണ്ടായാലും പ്രശ്‌നമില്ല. ആശയസംവേദനമാണ് പ്രധാനം. അതിവിടെ കൃത്യമായി നടക്കുന്നുണ്ട്. ശ്രീ.രവിചന്ദ്രന്‍ ആ വാക്ക് തിരുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. തിരുത്തിയാലും ഇതേ പ്രശ്‌നമുണ്ടാവാം. ശ്രീ. ഹുസൈന്‍ വെറുതെ ചാമ്പല്‍ ഉരുട്ടി ഉണ്ട പിടിക്കുകയാണ്. 


     പക്ഷെ മില്യണ്‍-ബില്യണ്‍-ട്രില്യണ്‍ വിഷയം അങ്ങനെയാണോ? ഒരിക്കലുമല്ല. അത് അതീവ ഗുരുതരമായ തെറ്റാണ്. തെറ്റാണ്.. തെറ്റാണ്...തെറ്റ് മാത്രമാണ്. ശ്രീ. ഹുസൈന്റെ പുസ്തകങ്ങളില്‍ പൊതുവെ അക്ഷരത്തെറ്റുകളുടേയും ഘടനാപരമായ തെറ്റുകളുടേയും പള്ളിപ്പൂരമാണ്. പഴയ പുസ്തകങ്ങളില്‍ ഒരു പേജില്‍ കുറഞ്ഞത് ഒരു തെറ്റ് എന്നതാണ് നിരക്കെന്നു തോന്നുന്നു. പുസ്തകം പഴകുന്നതനുസരിച്ച് തെറ്റും കൂടുന്നു. സത്യത്തില്‍ അതൊന്നും ആരും ഗൗരവത്തിലെടുക്കുന്നില്ല. അച്ചടിയില്‍ അങ്ങനെയൊക്കെ സംഭവിക്കാം. 'നവനാസ്തികത'യില്‍ ഹക്‌സിലിയും ബിഷപ്പുമായുള്ള സംവാദം സംഭവിച്ചിട്ടില്ലെന്ന് പറയുന്ന ഹുസൈന്‍ തന്റെ പഴയ പുസ്തകത്തില്‍ ഇതേ സംഭവം ഉദ്ധരിക്കുന്നത് കെട്ടുകഥയെന്ന നിലയിലല്ലെന്നാണ് ഓര്‍മ്മ. അന്ന് അത്രയും'ഖണ്ഡന ആമ്പിയര്‍' അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് സമാധാനിക്കുകയേ നിവൃത്തിയുള്ളു. 'ബില്യണ്‍പ്രമാദം' ഒരു നോട്ടപ്പിശകോ അക്ഷരതെറ്റോ അല്ല. ആയിരുന്നുവെങ്കില്‍ ഞങ്ങളാരും അതിന് അത്ര പ്രാധാന്യം കൊടുക്കില്ലായിരുന്നു. ഹുസൈന്റെ ജ്ഞാന(?)മണ്ഡലത്തിന് അപരിഹാര്യമായ പരിക്കേല്‍പ്പിക്കുന്ന അബദ്ധ ധാരണയാണത്. കഷ്ടം ഈ മനുഷ്യന്‍ ഇങ്ങനെയാണല്ലോ പഠിച്ചുമുന്നോട്ടുപോയത്! ഒരിടത്തോ ഒമ്പതിടത്തോ അല്ല ഈ തെറ്റ് വന്നിരിക്കുന്നത്. ഒരു പവന്‍ എന്നാല്‍ എട്ടു കിലോ എന്നു കരുതി സ്വര്‍ണ്ണക്കച്ചവടത്തിനിറങ്ങിയവനെപ്പോലെയാണ് നമ്മുടെ ഹുസൈന്‍ സര്‍. 25 വര്‍ഷമായി ഈ ധാരണയുമായി ഡോണ്‍ ക്വിക്‌സോട്ടിനെപ്പോലെ കണ്ണില്‍ കണ്ടതെല്ലാം കണ്ടിച്ച് തള്ളുന്നു! 40 കോടിയും 400 കോടിയും തമ്മില്‍ 360 കോടിയുടെ വ്യത്യാസമുണ്ട് സര്‍. പുസ്തകത്തിന്റെ ആ സെക്ഷനില്‍ പിന്നെയും ഇതേ അബദ്ധം കാണാം. ഹുസൈന്‍ ജീവന്‍ജോബിന്റെ പുസ്തകത്തിനെഴുതിയ മറുപടിയിലും ഇതേ പണിക്കുറ്റം. അബദ്ധവശാലല്ല, തികച്ചും ബോധപൂര്‍വം. പരിണാമം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മില്യണും ബില്യണും തമ്മിലുള്ള വ്യത്യാസമെങ്കിലും അറിഞ്ഞിരിക്കണം. ഭാരതീയര്‍ ഉപയോഗിക്കുന്ന 'കോടി' എന്താണെന്നും അറിഞ്ഞിരിക്കണം. മി. ഹുസൈന്‍ ഞാനൊരു പണ്ഡിതപര്‍വതമോ പ്രസ്ഥാനമോ അല്ല. എങ്കിലും അറിയുക, മില്യണ്‍ പത്ത് ലക്ഷവും ബില്യണ്‍ നൂറുകോടിയുമാണ്. ഇനി ട്രില്യണ്‍ കൂടിയുണ്ട്. അത് എത്രയാണെന്ന് പഠിക്കുമ്പോള്‍ കൃത്യമായി പഠിക്കുക. ഭാവിസംരംഭങ്ങള്‍ക്ക് സഹായകരമായിരിക്കും. Better later than never എന്നല്ലേ ഹദീസുകള്‍ പ്രഖ്യാപിക്കുന്നത്. താങ്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്തരം വാക്കുകളുടെ അര്‍ത്ഥം അറിയാത്ത ഒരാള്‍ക്ക് പരിണാമകാലത്തിന്റെ അന്തസത്ത ഗ്രഹിക്കാനാവില്ല. പലരും പറയുന്നതുപോലെ താങ്കള്‍ പരിണാമപഠനം ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയിലാണ്. റൂട്ട് തെറ്റിയാണല്ലോ സാറേ വണ്ടി കയറിയത്! ഭൂമി ഉരുണ്ടതായതുകൊണ്ട് തുടങ്ങിയിടത്ത് തിരിച്ചുവരാമെന്നുള്ളതാണ് ഇനിയുള്ള ഏക ആശ്വാസം! പ്രായവും അത്രയ്ക്കങ്ങോട്ട് ആയിട്ടില്ലല്ലോ. 

     തന്റെ പുസ്തകം 'നാസ്തികനായ ദൈവ'ത്തിന്റെ വിമര്‍ശനഗ്രന്ഥമാണെന്നാണ് ശ്രീ.ഹുസൈന്റെ അവകാശവാദം. 'നാസ്തികനായ ദൈവ'ത്തില്‍ ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട 'മധ്യലോകം'(middle world)എന്ന സങ്കല്‍പ്പം ചര്‍ച്ചചെയ്യുന്നുണ്ട്. അതെന്താണെന്നുപോലും മനസ്സിലാകാതെ 'മില്യണ്‍-ബില്യണ്‍ മാതൃക'യില്‍ കാര്യങ്ങള്‍ ഗ്രഹിച്ച് അതിനെ ചരിത്രത്തിലെ മധ്യയുഗത്തിലെ ലോകമായി (world in the middle age) സങ്കല്‍പ്പിച്ചുകൊണ്ട് ഏഴെട്ട് പേജുകളിലാണ് ഹുസൈന്‍ അടിച്ചുപതപ്പിക്കുന്നത്. ശരിക്കും കുതിരയുടെ സിമന്റ് പ്രതിമയുടെ മുകളില്‍ ചാടിക്കയറി അട്ടഹസിച്ച് വാള്‍ വീശുകയും ഇളിയെളക്കി മുന്നോട്ടുപായുകയും ചെയ്യുന്ന ഡോണ്‍ ക്വിക്‌സോട്ട്! ഇക്കാര്യം ഞാന്‍ പല തവണ ചൂണ്ടിക്കാട്ടിയിട്ടും സാറിന് ഉരിയാട്ടമില്ല. അങ്ങനെയൊരാള്‍ 'ഇക്‌ട്രോണ്‍ശോഷണം' ഇലക്‌ട്രോണ്‍ കൈമാറ്റമായി (electron transfer) തെറ്റിദ്ധരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അല്‍പ്പം കരുതല്‍ വേണം സര്‍. എപ്പോഴും അടിവസ്ത്രമിടാതെ തെങ്ങില്‍ കയറരുത് സര്‍. അറിയാതെ അനുയായികള്‍ താഴെവന്നുനിന്നാല്‍ ഇതിഹാസം പിറക്കും.