Saturday, April 16, 2011

തീയിൽ മുളച്ച ഞാഞ്ഞൂലുകൾ!

     460 കോടി വർഷത്തിൽ താഴെയാണ്‌ ഭൂമിയുടെ പ്രായം. ഉല്‍ഭവകാലത്ത് ഭൂമി ഉരുകിത്തിളച്ച നിലയിലയിരുന്നു. 400 കോടി വർഷം മുതലാണ്‌ ഭൂമി തണുത്തുതുടങ്ങുന്നത്. 380 കോടി വർഷം മുതൽ ഭൂമിയിൽ ലളിതമായ ജൈവരൂപങ്ങൾ ആവിർഭവിച്ചതിന്‌ തെളിവുകൾ ഉണ്ട്. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona മേഖലയിൽ നിന്ന് കിട്ടിയ Cyanobacteria ഫോസിലുകൾക്ക് 350 കോടി വർഷത്തെ പ്രായമുണ്ട്. ന്യൂക്ലിയസ് ഇല്ലാത്ത ഏറ്റവും ലളിതമായ (ഏകകോശ) പ്രോകരിയോട്ടുകളായിരുന്നു ഇവ. Cyanobacteria യ്ക്കു മുമ്പ് ഭൂമിയിൽ സ്വതന്ത്ര ഓക്സിജൻ ഇല്ലായിരുന്നു. അടുത്ത 100 കോടി വർഷങ്ങളോളം ഭൂമിയിലെ ഏക ജൈവരൂപം ഈ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ പ്രോകാരിയോട്ടുകളായിരുന്നു. പിന്നീട് ന്യൂക്ലിയസ് ഉള്ള യൂക്കാരിയോട്ടുകൾ ആവിർഭവിക്കുന്നു. കഴിഞ്ഞ 60 കോടി വർഷങ്ങൾ മുതലാണ്‌ ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെടുന്നത്. നട്ടെല്ലില്ലാത്ത ജീവികളെ, വളരെ ചെറിയ രൂപത്തിലുള്ളവയാണെങ്കിലും, കണ്ടുതുടങ്ങുന്നത് കഴിഞ്ഞ 62 കോടി മുതൽ 55 കോടി വർഷങ്ങൾ വരെയുള്ള വെൻഡിയൻ യുഗത്തിലാണ്‌. 

   ഇനി നമുക്ക് 25 വർഷക്കാലം പരിണാമശാസ്ത്രത്തിൽ ഗവേഷണം നടത്തി എന്നവകാശപ്പെടുന്ന ശ്രീ. എൻ എം ഹുസ്സൈന്റെ വെളിപാടുകളിലേക്ക് പോകാം:-


     "ഏറ്റവും ലളിതമായ പ്രകാശസംവേദന കോശം കൊണ്ട് രൂപീകൃതമായ കണ്ണുമായി മണ്ണിരകൾ ജീവിക്കാൻ തുടങ്ങിയിട്ട് നാനൂറിലേറെ കോടി വർഷങ്ങളായി. ഇന്നും അവയ്ക്ക് സംവേദനകോശം മാത്രമാണ്‌ കണ്ണുകളായുള്ളത്. എന്തുകൊണ്ട് നാനൂറ്‌ കോടി വർഷങ്ങൾക്കിടയിൽ ഇവയുടെ കണ്ണിന്‌ അല്പം പോലും പരിണാമമുണ്ടായില്ല? ഇത്തരം സംശയങ്ങൾക്ക് വിശദീകരണം നല്കാൻ പോലും പരിണാമസിദ്ധാന്തത്തിന്‌ സാധ്യമല്ല." (നവനാസ്തികത - റിച്ചാർഡ് ഡോക്കിസിന്റെ വിഭ്രാന്തികൾ-എൻ എം ഹുസ്സൈൻ- പേജ് 243)


ഒന്നിലധികം കോശങ്ങളാൽ നിർമിതമായ ശരീരമുള്ള ജീവികൾ ആവിർഭവിച്ചിട്ടുതന്നെ 60 കോടി വർഷത്തിൽ അധികമായിട്ടില്ല എന്ന് ആധുനിക ശാസ്ത്രം തെളിവുകൾ സഹിതം പറയുമ്പോഴാണ്‌ ശ്രീ. ഹുസ്സൈൻ 400 കോടിയിലധികം വർഷങ്ങളായി ഭൂമിയിൽ മണ്ണിരകൾ ജീവിച്ചുവരുന്നു എന്ന് വെളിപ്പെടുത്തുന്നത്. ഈ അല്ഭുതകരമായ അറിവിന്റെ ഉറവിടം ഏതാണെന്ന് ശ്രീ ഹുസ്സൈൻ വെളിപ്പെടുത്തണം. സൃഷ്ടിവാദികൾ വല്ല ഗവേഷണവും നടത്തി ഇത്തരമൊരു കണ്ടെത്തൽ നടത്തിയിട്ടുണ്ടേങ്കിൽ അത് മൂടി വെയ്ക്കരുത്. അതുപയോഗിച്ച് പരിണാമശാസ്ത്രത്തെ മാത്രമല്ല, സകലമാന ശാസ്ത്രങ്ങളെയും നിലം പരിശാക്കി സൃഷ്ടിവാദം സ്ഥാപിക്കണം. 

നാനൂറ്‌ കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമി ഉരുകിത്തിളയ്ക്കുന്ന ഒരു തീഗോളമായിരുന്നു. അപ്പോൾ പിന്നെ ഹുസ്സൈൻ അവതരിപ്പിക്കുന്ന മണ്ണിരകൾ എവിടെ ജീവിച്ചവയാകണം! 

അതെത്രെ, തീയിൽ മുളച്ച ഞാഞ്ഞൂലുകൾ!


Thursday, April 14, 2011

യുക്തിവാദീപാളയം ഞെട്ടിത്തെറിച്ചപ്പോള്‍...


"ശാസ്ത്രലോകത്തുനിന്നും ഇപ്പോൾ ദൈവനിഷേധത്തിന്റെ സ്വരമുയരുന്നത് വിരലിലെണ്ണാവുന്ന ആളുകളിൽനിന്ന് മാത്രമാണ്‌. അവരിൽ ഏറ്റവും പ്രഖ്യാതനാണ്‌ റിച്ചാർഡ് ഡോക്കിൻസ്. ഡോക്കിൻസ് യുക്തിവാദികളുടെ പുതിയ പ്രവാചകനാണ്‌, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അവരുടെ വേദഗ്രന്ദങ്ങളും! എന്നാൽ, ദൈവനിഷേധത്തിന് തെളിവ് ഹാജരാക്കാൻ ഇത്രയും കാലത്തെ നിരീശ്വരപ്രബോധങ്ങൾക്കിടയിൽ ഡോക്കിസിന്‌ കഴിഞ്ഞിട്ടില്ലെന്നതാണ്‌ യാഥാർത്ഥ്യം. ഡോക്കിസ്നിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സി രവിചന്ദ്രന്റെ മലയാള രചന ദൈവവിശ്വാസികളുടെ ഒരു ചോദ്യത്തിനുപോലും ഫലപ്രദമായി മറുപടി പറയുന്നില്ലെന്ന് എൻ എം ഹുസ്സൈൻ ഈ പഠനത്തിൽ സ്ഥാപിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രഗല്ഭനായ നിരീശ്വരവാദിക്കുപോലും ദൈവനിഷേധം സമർത്ഥിക്കാൻ കഴിയുന്നില്ലെന്ന് അനിഷേധ്യമായ തെളിവുകളോടെ ചൂണ്ടിക്കാണിക്കുന്ന ഹുസ്സൈന്റെ പുസ്തകം യുക്തിവാദീപാളയത്തിൽ കൂട്ട ഞെട്ടലുണ്ടാക്കും. അവരുടെ ചിന്ത മരിച്ചിട്ടില്ലെങ്കിൽ!"

ശ്രീ എൻ എം ഹുസൈന്റെ പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ളതാണ്‌ ഈ വരികൾ.

ഇതിൽ അവസാനത്തെ വാക്യം അക്ഷരാർത്ഥത്തിൽ തന്നെ ശരിയാണെന്ന് ഈ പുസ്തകം വായിച്ചപ്പോൾ ബോധ്യമായി. അത് വായിച്ച് യുക്തിവാദീപാളയം ഞട്ടുക മാത്രമല്ല, ഞെട്ടിത്തെറിക്കുകയും ചെയ്തു.

246-ം പേജിൽ ഇങ്ങനെ നിങ്ങൾക്കത് വായിക്കാം.

“ ആദ്യകാല ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെട്ട ഫോസിൽ പാളിയെ കേംബ്രിയൻ എന്ന് വിളിക്കുന്നു. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതാണ്‌ ഈ ഫോസിൽ പാളികൾ വലിയൊരു ശതമാനം ജീവജാതികൾ കേംബ്രിയൻ കാലത്ത് മുൻഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതായി ഫോസിൽ ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായി. ഇതിനെയാണ്‌ കേംബ്രിയൻ വിസ്ഫോടനം(Cambrian Explosion) എന്ന് വിശേഷിപ്പിക്കുന്നത്.”

 ഞെട്ടാനുണ്ടായ കാരണത്തിലേക്ക് കടക്കുംമുമ്പ് കുറച്ചുകൂടി.

എൻ എം ഹുസ്സൈൻ പറഞ്ഞു:-

"ഏറ്റവും ലളിതമായ പ്രകാശസംവേദനകോശം കൊണ്ട്‌ രൂപീകൃതിമായ കണ്ണുമായി മണ്ണിരകൾ ജീവിക്കാൻ തുടങ്ങിയിട്ട്‌ നാനൂറിലേറെ കോടി വർഷങ്ങളായി."(നവ നാസ്തികത: റിച്ചാർഡ് ഡോക്കിൻസിന്റെ വിഭ്രാന്തികൾ പേജ്: 243)

 ‘സൃഷ്ടി നടന്നത് എന്നാണ്‌‘ എന്ന ചോദ്യത്തിന്‌ ശ്രീ ഹുസ്സൈൻ തന്ന മറുപടി, സൃഷ്ടിതന്നെ നടന്നിട്ടില്ല എന്ന് വിശ്വസിക്കുന്ന സുശീൽ കുമാർ സൃഷ്ടി എന്ന് നടന്നു എന്ന് ചോദിക്കുന്നത് വീടില്ലാത്ത ഒരാൾ എന്നാണ്‌ ഞാൻ വീടുവെച്ചത് എന്ന് ചോദിക്കുന്നതുപോലെയാണ്‌ എന്നായിരുന്നല്ലോ? ദൈവത്തിൽ തന്നെ വിശ്വാസമില്ലാത്ത ഒരാൾ ഏത് ദൈവമാണ്‌ ശരി എന്ന് ചോദിച്ചതിന്, എവറസ്റ്റ് പർവ്വതം ഇല്ലെന്ന് വിശ്വസിക്കുന്ന ഒരാൾ അതിന്റെ ഉയരം എത്രയാണെന്ന് ചോദിക്കാമോ എന്നും അദ്ദേഹം വാദിച്ചു.

ഈ വാദം മുഖവിലക്കെടുത്താൽ, ശ്രീ ഹുസ്സൈൻ, നാനൂറിലേറെ കോടി വർഷങ്ങൾക്കുമുമ്പ് മണ്ണിരകൾ ഉണ്ടായിരുന്നു എന്നും കേംബ്രിയൻ കാലഘട്ടത്തിൽ ബഹുകോശ ജീവികൾ ഉണ്ടായിരുന്നു എന്നും വിശ്വസിക്കുന്നുണ്ട് എന്ന് ഉറപ്പാണ്‌.

ഇനി താഴെകൊടുക്കുന്ന ലഘുവായ ചോദ്യങ്ങൾക്ക് ശ്രീ ഹുസ്സൈനിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു.

1. നാനൂറിലേറെ കോടി വർഷങ്ങൾക്ക്‌ മുമ്പ്‌ ജീവിച്ചിരുന്നതായി പറയുന്ന മണ്ണിരയുടെ കൂടെ മനുഷ്യർ ജീവിച്ചിരുന്നോ?

2. കേംബ്രിയൻ ഫോസിൽ പാളികളിൽ കാണപ്പെട്ട ഏതെങ്കിലും ജീവി ഇന്ന് ജീവിച്ചിരിപ്പുണ്ടോ?

3. കേംബ്രിയൻ കാലത്ത് മനുഷ്യൻ ജീവിച്ചിരുന്നോ?

ഈ ചോദ്യത്തിനൊന്നും ഹുസ്സൈൻ മാന്യവും സത്യസന്ധവുമായ മറുപടിതരില്ലെന്ന് മുൻ അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്.

ഇനി ഇതെല്ലാം വായിച്ച് ഞെട്ടിത്തെറിക്കാനുണ്ടായ കാരണത്തിലേക്ക്:-

 ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ജൈവഫോസിലുകൾക്ക് 350 കോടി വർഷത്തെ പഴക്കമേയുള്ളു. ഏതായാലും ഭൂമിയിൽ ജീവനുണ്ടായിട്ട് 400 കോടി വർഷത്തിൽ അധികമായിട്ടില്ലെന്ന് ഉറപ്പ്. മാത്രമല്ല, ഭൂമിയുടെ തന്നെ പ്രായം ഏതാണ്ട് 460 കോടി വർഷമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതെന്ന് ഹുസ്സൈൻ പറയുന്ന ഈ ഫോസിൽ പാളികൾ ഏത് ഗ്രഹത്തിലുള്ളതാണാവോ? ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തിൽ 'ടെലിസ്കോപ്പ്' എന്ന് റസ്സൽ ഉപയോഗിച്ച വാക്ക് മലയാളത്തിൽ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോൾ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാൻ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈൻ ആണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളീച്ച് യുക്തിവാദീപാളയങ്ങളിൽ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം.

ഇനി നമുക്ക് സമാധാനിക്കാനും വഴിയുണ്ട്.  ഹുസ്സൈൻ പറഞ്ഞ ഫോസിൽ പാളികൾ വല്ല ഇസ്ലാം സ്വർഗത്തിൽ നിന്നും കണ്ടെത്തിയതാണെന്ന് വാദിച്ചാൽ പ്രശ്നം തീർന്നു. ഞെട്ടലും തീർന്നു.

Sunday, March 13, 2011

മ്യൂട്ടേഷനുകളും ജനിതകവ്യതിയാനങ്ങളും


എന്താണ്‌ മ്യൂട്ടേഷൻ?

     ജീവജാലങ്ങളിൽ ആകസ്മികമായി സംഭവിക്കുന്ന പാരമ്പര്യസ്വഭാവമുള്ള മാറ്റങ്ങളെയാണ്‌ മ്യൂട്ടേഷൻ(Mutation) എന്ന് പറയുന്നത്. പാരമ്പര്യ സ്വഭാവങ്ങൾ നിയന്ത്രിക്കുന്നത് ജീനുകളാണ്‌. ജീനുകളിലുണ്ടാകുന്ന മാറ്റങ്ങൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം.

     സതസിദ്ധ മ്യൂട്ടേഷനുകൾ(Spontaneous Mutations)സൂക്ഷ്മജീവികളിൽ മുതൽ മനുഷ്യരിൽ വരെ കണപ്പെടുന്നു. മ്യൂട്ടേഷനുകൽ യാഥൃശ്ചികവും, ലക്ഷ്യരഹിതവും, അവ്യവസ്ഥിതവുമാണ്‌. മ്യൂട്ടേഷനുകൾ പലതും ജീവികൾക്ക് ഉപദ്രവകാരികളുമാണ്‌. മാരകമായ ഒരു മ്യൂട്ടേഷൻ പ്രഭാവി(dominant)യായിരുന്നാൽ അതിന്റെ ലക്ഷണം ഉടൻ പ്രകടമാവുകയും പ്രകൃതിനിർധാരണത്തിലൂടെ അവ ഭൂമുഖത്തുനിന്നും നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. തൽ ഫലമായി മാരകമായ ജീൻ അടുത്ത തലമുറയിലേക്ക് കൈമാറുന്നില്ല. എന്നാൽ മ്യൂട്ടേഷൻ അപ്രഭാവിയാണെങ്കിൽ ലക്ഷണം പ്രകടമാവുകയില്ല. അതുകൊണ്ട് ആ ജീനിനെതിരെ പ്രകൃതിനിർധാരണം പ്രവർത്തിക്കുന്നില്ല. അതിന്റെ ഫലം പുനരുല്പാദനം വഴി ഈ ജീൻ അടുത്ത തലമുറയിലേക്ക് വ്യാപിക്കാനിടയാകുന്നു എന്നതാണ്‌. അപൂർവ്വം ചില മ്യൂട്ടേഷനുകൾ ഉപകാരപ്രദമാണെങ്കിലും അവയുടെ ആവൃത്തി കേവലം 0.1 ശാതമാനം മാത്രമാണ്‌.

     ഡി എൻ എയുടെ തന്മാത്രാഘടനയിൽ മാത്രമല്ല, ക്രോമസോമിന്റെ എണ്ണത്തിലും ഘടനയിലും യാദൃശ്ചികമായി സംഭവിക്കുന്ന മാറ്റങ്ങളും മ്യൂട്ടേഷനിടയാക്കും. മ്യൂട്ടേഷനുകൾ പൊതുവെ ദോഷകരമാണെങ്കിലും അവ നിർധാരണത്തിലൂടെ നഷ്ടമാകുന്നു. എന്നാൽ പുതിയ സ്പീഷീസുകൾ ഉണ്ടാകുന്നതിൽ നിഷ്പക്ഷ മ്യൂട്ടേഷനുകൽ വലിയ പങ്കാണ്‌ വഹിക്കുന്നത്.

ജനിതകവ്യതിയാനം(Genetic Variation)


     ജനിതകവ്യതിയാനങ്ങളുടെ ഉറവിടം മ്യൂട്ടേഷനാണ്‌. ക്രോമസോമുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യത്യാസങ്ങളും ഡി എൻ എ യിലെ ബേസ് ജോഡികളിലുണ്ടാകുന്ന മാറ്റങ്ങളും ജനിതകവ്യതിയാനം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജനിതകവ്യതിയാനത്തിനുള്ള മറ്റൊരു കാരണം ജീൻ പ്രവാഹമാണ്‌. പരിണാമ പ്രക്രിയയ്ക്ക് അനിവാര്യമായ ഒരു ഘടകമാണ്‌ ജനിതകവ്യതിയാനം. ജനിതകവ്യതിയാനമില്ല്ലാതെ ജീവികൾ പരിണമിക്കുകയില്ല.

ഇനി എൻ എം ഹുസ്സൈന്റെ മൊഴിമുത്തുകളിലേക്ക് വരാം:

“2. “ജീവികളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് പ്രകൃതി നിര്‍ധാരണത്തിന് വഴിവെക്കുന്നത്” എന്നും സുശീല്‍ .അല്ല, മുഖ്യമായും വഴിവെക്കുന്നത് സ്വാഭാവിക ജനിതക വ്യതിയാനങ്ങളാണ്.മ്യൂട്ടേഷന്‍ അപൂര്‍വ്വമാണ്. മ്യൂട്ടേഷന്‍ നാശകരമാണ് എന്ന് എല്ലാ പരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്. മ്യൂട്ടേഷന്‍ വഴിയുള്ള പരിണാമം എന്ന സങ്കല്‍പ്പം തന്നെ അശാസ്ത്രീയമാണ്.

    പരിണാമം തന്നെ അംഗീകരിക്കാത്തയാളാണ്‌ പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുന്നത് എന്ന വിരോധാഭാസം അവിടെ നില്ക്കട്ടെ.  എന്നാൽ ആധികാരികമായി പറയുന്ന അഭിപ്രായങ്ങൾ വിഡ്ഢിത്തങ്ങൾ കൂടിയായാലോ? മ്യൂട്ടേഷനിലൂടെയല്ല, മറിച്ച്‌ സ്വാഭാവിക ജനിതകവ്യതിയാനങ്ങളിലൂടെയാണ്‌ പ്രകൃതി നിർധാരണം നടക്കുന്നത് എന്നാണല്ലോ ശ്രീ. ഹുസ്സൈന്റെ വാദം. (ഇവിടെ പ്രകൃതി നിർധാരണം നടക്കുന്നു എന്ന് അദ്ദേഹം അറിയാതെ സമ്മതിച്ചുപോകുന്നത് നമുക്ക് കാണാം.) ഇതുകേട്ടാൽ തോന്നും മ്യൂട്ടേഷനും ജനിതകവ്യതിയാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നത് പോകട്ടെ, ആ അഭിപ്രായം ആധികാരികമെന്ന നിലയിൽ പറഞ്ഞാലോ? കഷ്ടമെന്നല്ലാതെ എന്ത് പറയാൻ?

     ജനിതകവ്യതിയാനങ്ങളുടെ അടിസ്ഥാന കാരണം മ്യൂട്ടേഷൻ തന്നെയാണെന്ന കാര്യം അദ്ദേഹത്തിനറിയില്ല. അല്ലെങ്കിൽ തനിക്കുപറ്റിയ അമളി അദ്ദേഹം വ്യക്തമാക്കട്ടെ. വെള്ളത്തിലിട്ട സോഡിയത്തിന്റെ കാര്യത്തിലും, ഇലക്ട്രോൺ ശോഷണത്തെ ഇലക്ട്രോൺ കൈമാറ്റമായി തെറ്റിദ്ധരിച്ച കാര്യത്തിലും,  തെർമോഡൈനാമിക്സിന്റെ കാര്യത്തിലും സംഭവിച്ച ഒളിച്ചോട്ടം ഇവിടെ സംഭവിക്കില്ല എന്ന് കരുതുന്നു. അതല്ല, ശ്രീ. ഹുസ്സൈൻ തന്റ വാദത്തിൽ ഉറച്ചുനില്ക്കുന്നുവെങ്കിൽ അദ്ദേഹം ജനിതകവ്യതിയാനത്തിന്റെ മക്കാനിസം വെളിപ്പെടുത്തട്ടെ. അതോ ജനിതകത്തിൽ പ്രത്യേകമായ ഏതെങ്കിലും പ്രപഞ്ചാതീതശക്തിയുടെ ഊതിക്കയറ്റലോ അല്ലെങ്കിൽ വലിച്ചെടുക്കലോ നടക്കുമ്പോഴാണോ അവയിൽ വ്യതിയാനം സംഭവിക്കുന്നത്!!

Blind Cave Fish
    ചെറുജീവികളിൽ മുതൽ മനുഷ്യനിൽ വരെ നിരന്തരമായ മ്യൂട്ടേഷനുകൾ നടക്കുന്നുണ്ട്. ഉദാഹരണം ഗുഹാമൽസ്യ(Cave Fish)ങ്ങളുടെ കണ്ണിൽ നടക്കുന്ന മ്യൂട്ടേഷൻ. Amblyopsidae കുടുംബത്തിൽ പെട്ട ഈ ജീവികൾ ഇരുളടഞ്ഞ ഗുഹകളിലാണ്‌ ജീവിക്കുന്നത്. അവയ്ക്ക് കണ്ണുകൾ 'ആവശ്യകില്ലാത്ത' ഒരു അവയവമാണ്‌; കാരണം ഇരുട്ടിൽ കാണാൻ കഴിയില്ല. പക്ഷേ, കൂടുതൽ ഇനം Cave Fish കളിലും കണ്ണുകൾ കാണുന്നുണ്ട്, കണ്ണിന്റെ ഉപയോഗം നടക്കുന്നില്ലെങ്കിലും. (മനുഷ്യനിൽ അപ്പെൻഡിക്സ് പോലെ)ചിലയിനങ്ങളിൽ കണ്ണകളേ ഇല്ല. അതായത് മുമ്പ് ഉപയോഗയോഗ്യമായ കണ്ണുകൾ അവയ്ക്കുണ്ടായിരുന്നു; പിന്നീട് നടന്ന മ്യൂട്ടേഷനുകളിലൂടെ അവ നഷ്ടപ്പെടുകയായിരുന്നു. 

    മനുഷ്യനിലും കണ്ണുകളിൽ ഇത്തരം മ്യൂട്ടേഷനുകൾ നടക്കുന്നുണ്ട്. എന്നാൽ പ്രതികൂലമായ അത്തരം മ്യൂട്ടേഷനുകൽ അപ്പപ്പോൾ നീക്കം ചെയ്യപ്പെടുന്നു. എന്നാൽ Cave Fish കളിൽ അത്തരം മ്യൂട്ടേഷനുകൾ പ്രതികൂലമല്ലാത്തതിനാൽ മ്യൂട്ടേഷനുകൾ നിലനില്ക്കുകയും അതുമൂലം കണ്ണുകളുടെ പ്രവർത്തനവും പ്രസക്തിയും തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു. ജീവികളുടെ നിലനില്പ്പിനുതന്നെ വെല്ലുവിളിയാകുന്ന മ്യൂട്ടേഷനുകൾ ഒന്നുകിൽ നീക്കം ചെയ്യപ്പെടുന്നു, അല്ലെങ്കിൽ ആ ജീവിതന്നെ ഭൂമുഖത്തുനിന്നും നീക്കം ചെയ്യപ്പെടുന്നു. എന്നാൽ പ്രതികൂലമല്ലാത്തെ മ്യൂട്ടേഷനുകൾ കുമിഞ്ഞുകൂടുമ്പോൾ അത് പരിണാമത്തിനു വഴിവെയ്ക്കുന്നു.

Blind Mole Rat
     blind mole rats ലും കണ്ണിന്റെ ശേഷിപ്പുകൾ കാണാമെങ്കിലും കണ്ണിന്റെ ഉപയോഗം നടക്കാത്ത ജീവികളാണ്‌. അവയുടെ കണ്ണകളിൽ സംഭവിച്ച മ്യൂട്ടേഷനുകൾ യഥാസമയം നീക്കം ചെയ്യപ്പെടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോഴാണ്‌ കാഴ്ച നഷ്ടപ്പെടുന്നത്.
 Alabama Waterdog (Necturus alabamensis).
Alabama, USA
ഗുഹകളിൽ ജീവിക്കുന്ന ചിലയിനം സലമാണ്ടാറുകളും അന്ധരാണ്‌. ന്യൂട്ടുകളും സാലമാണ്ടറുകളും ഉൾപ്പെട്ട യൂറോഡീല ഓർഡറിൽ പെട്ട വിഭാഗമാണിത്. യൂഗോസ്ലാവിയയിലെ അരുവികളിൽ ജീവിക്കുന്ന നെക്ടൃയൂറസ് (Necturus) സ്ഥിരമായി ജലത്തിൽ ജീവിക്കുകയും ഗില്ലുകൾ ഉപയോഗിച്ച് ശ്വസനം നടത്തുകയും ചെയ്യുന്നു. എന്നാൽ മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ആംബിസ്റ്റോമ(Ambistoma) കരയിൽ ജീവിക്കുകയും ശ്വാസകോശമുപയോഗിച്ച് ശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ഇവ ലാർവാവസ്ഥയിൽ ജലത്തിൽ കഴിയുകയും ഗില്ലുകൾ ഉപയോഗിച്ച് ശ്വസിക്കുകയും ചെയ്യുന്നു. അതായത് ലാർവാവസ്ഥയിലെ ഗില്ലുകൾ പിന്നിട് പരിണമിച്ച് ശ്വാസകോശമാകുന്നു. 

Ambystoma opacum
മ്യൂട്ടേഷനുകൾ കാരണം നടക്കുന്ന ജനിതക വ്യതിയാനങ്ങളാണ്‌ പ്രകൃതിനിർധാരണത്തിലേക്കും അതുവഴി ജൈവപരിണാമത്തിലേക്കും നയിക്കുന്നത് എന്ന സത്യം ആരെല്ലാം അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം തന്നെയാണ്‌. ജനിതകവ്യതിയാനങ്ങളാണ്‌ പ്രകൃഹി നിർധാരണത്തിന്‌ വഴിവെയ്ക്കുന്നതെന്ന് സമ്മതിച്ചുപോകുന്ന ശ്രീ ഹുസൈന്റെ സൃഷ്ടിവാദത്തിന്‌ പിന്നെ എന്താണ്‌ പ്രസക്തി? മുൻ വിധികളുടെ തടവറയിൽ തളയ്ക്കപ്പെട്ട, ബുദ്ധിപണയം വെയ്ക്കപ്പെട്ട മതവാദികൾ സത്യത്തെ സത്യമായി അംഗീകരിക്കാൻ ഇനി എന്നാണ്‌ തയ്യാറാവുക? മതഗ്രന്ഥങ്ങളിലെ കാലഹരണപ്പെട്ട സൃഷ്ടി സങ്കല്പ്പത്തിൽ കുടുങ്ങി സയൻസിന്റെ വെളിച്ചത്തെ നിഷേധിക്കുന്നവർ കാലത്തെ പിറകോട്ട് വലിക്കാൻ ശ്രമിക്കുന്നു. പക്ഷേ, അവരുടെ പിൻ വലികൾ എത്രത്തോളം ദുർബലമാണെന്ന് കാലം തെളിയിക്കും.



Tuesday, March 8, 2011

നിലം പരിശായത് എൻ എം ഹുസ്സൈന്റെ വാദങ്ങളൊ അതോ ശാസ്ത്രീയ സൃഷ്ടിവാദമോ?


കേവലം നിസ്സാരമായൊരു ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി എൻ എം ഹുസ്സൈൻ എന്ന ശാസ്ത്രീയ സൃഷ്ടിവാദത്തിന്റെ അപ്പോസ്തോലൻ മുട്ടുവാദങ്ങൾ നിരത്തുന്നു. ഉത്തരം മുട്ടുമ്പോൾ ചോദിച്ചയാളുടെ ചോദിക്കാനുള്ള യോഗ്യതയെ ചോദ്യം ചെയ്ത് തടിയൂരാനുള്ള ഒട്ടകപ്പക്ഷി നയമാണിത്. ഇത് വായക്കാർക്ക് മനസ്സിലാകില്ലെന്ന് കരുതിയല്ല, മറിച്ച തൽകാലം രക്ഷപ്പെടാൻ ഇതിലും നല്ലൊ‍രു മാർഗമില്ലെന്ന് മനസിലാക്കിയാകണം ഈ പത്തൊമ്പതാമത്തെ അടവ്.

ചോദ്യം ഇതായിരുന്നു:-

ശാസ്ത്രീയ സൃഷ്ടിവാദപ്രകാരം എത്ര കാലം കൊണ്ടാണ്‌ സൃഷ്ടി നടത്തിയത്? എന്നാണ്‌ സൃഷ്ടി അവസാനിപ്പിച്ചത്?

ചോദ്യത്തിന്‌ കിട്ടിയ മറുപടി ഇങ്ങനെ:-

“ ദൈവം ഇല്ലെന്ന് വാദിക്കുന്ന താങ്കള്‍ ദൈവം എന്നാന്ന് സൃഷ്ടി അവസാനിപ്പിച്ചതെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ ? വീടില്ലാത്ത ഒരാള്‍ എന്റെ വീട് പണിതത് എന്നാണെന്ന് ചോദിക്കുമോ ?”


 “സൃഷ്ടിയില്‍ വിശ്വസിക്കാത്ത ഒരാള്‍ എത്രകാലം കൊണ്ട് സൃഷ്ടി നടത്തി എന്നന്വേഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ? വീടില്ലാത്ത ഒരാള്‍ എത്ര വര്‍ഷം കൊണ്ടാണ് ഞാന്‍ വീട് പണിതതെന്ന് ചോദിക്കുമോ ?”

ഈ ചോദ്യം ഒരു സാധാരണ മതവിശ്വാസിയോട് ചോദിച്ചാൽ അത് ദൈവത്തിനു മാത്രമറിയാവുന്ന കാര്യമാണെന്ന് പറഞ്ഞ്‌ അയാൾക്ക് തടിതപ്പാൻ അവസരമുണ്ട്. അപ്പോഴും തനിക്ക് അത് അറിയില്ല എന്ന് തന്നെയാണ്‌ അയാൾ പറയുന്നത്. അറിയില്ല എന്നത് ഒരു കുറ്റമൊന്നുമല്ല, മനുഷ്യന്‌ അത് അറിയാൻ കഴിയില്ല എന്ന് പറഞ്ഞാലും അയാളുടെ വാദം മനസ്സിലാക്കാം.


എന്നാൽ ശ്രീ. എൻ എം ഹുസ്സൈനോട് ഇത്തരമൊരു ചോദ്യം ചോദിക്കാൻ ഒരു പശ്ചാത്തലമുണ്ട്.  ശാസ്ത്രീയ സൃഷ്ടിവാദമെന്ന് പറയുന്നത് സൃഷ്ടിവാദത്തിൽ നിന്നും വ്യത്യസ്തമാണെന്നും, അത് മതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയ വദമല്ലെന്നും, മറിച്ച് ജീവൻ, ജീവി വർഗങ്ങൾ, ഫോസിലുകൾ തുടങ്ങിയ ശാസ്തീയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു ശാസ്ത്രീയ സിദ്ധാന്തമാണെന്നുമുള്ള അദ്ദേഹത്തിന്റെ അവകാശവാദമാണ്‌. 

ഈ അവകാശാവാദമുന്നയിച്ച ഒരാളോട് സൃഷ്ടി എന്നാണ്‌ നടന്നതെന്ന് ചോദിച്ചുകൂടേ? അത്തരമൊരു ചോദ്യം ചോദിക്കാൻ ചോദിക്കുന്നയാൾ സൃഷ്ടിയിൽ വിശ്വസിക്കുന്നയാളാകണമെന്ന് നിബന്ധനയുണ്ടോ? പിന്നെ എന്ത് ശസ്ത്രീയ സൃഷ്ടിവാദം?

ജീവൻ, ജീവജാതികൽ, ഫോസിൽ ഇത്യാദി തെളിവുകൾ വെച്ച് സൃഷ്ടി എന്നാണ്‌ നടന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുമോ? അതുപോലും കഴിയില്ലെങ്കിൽ പിന്നെ ഫോസിൽ തെളിവുവെച്ച് പിന്നെ എന്താണ്‌ ശാസ്ത്രീയ സൃഷ്ടിവാദികൾ ചെയ്തുകൊണ്ടിരിക്കുന്നത്?

“ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)
ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ ‘കാര്‍ബോണിഫെറസ്’ കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല എന്നുതന്നെ.


ശ്രീ ഹുസ്സൈന്റെ വാക്കുകളാണിവ. അതായത് കാർബോണിഫെറസ് എന്നൊരു കാലഘട്ടമുണ്ടായിരുന്നെന്നും അത് 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നെന്നും അദ്ദേഹം അംഗീകരിക്കുന്നു. 

 ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ഫോസിൽ  Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona എന്ന സ്ഥലത്തുനിന്നുമാണ്‌ അവ കിട്ടിയിട്ടുള്ളത്. ഈ ഫോസിലുകളുടെ പ്രായം 350 കോടി വർഷമാണ്. അതുപോലെ ദക്ഷിണാഫ്രിക്കയിലെ Fig tree ഫോസിൽ ഗ്രൂപ്പിൽ പെട്ട Cyanobacteria യുടെ ഫോസിലിന്റെ പ്രായം 340 കോടി വർഷംആണ്‌.

സൃഷ്ടിവാദപ്രകാരം ഇതിൽ നിന്ന് മനസ്സിലാകുന്നത് സൈനോബാക്രീരിയ 350 കോടി വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടു എന്നാണ്‌. അതായത് സൈനോബാറ്റീരിയയുടെ സൃഷ്ടിക്കു ശേഷം 320 കോടി വർഷങ്ങൾ കഴിഞ്ഞാണ്‌ ഡ്രാഗൺ ഫ്ലൈയുടെ സൃഷ്ടി നടന്നതെന്നാണ്‌. ആധുനിക മനുഷ്യന്റെ ഫോസിൽ പ്രായം വെറും 1,95,000 വർഷം മാത്രം. അതായത് ആദ്യസൃഷ്ടി കഴിഞ്ഞ് 349 കോടി വർഷവും 98 ലക്ഷം വർഷവും കഴിഞ്ഞ ശേഷമാണ്‌ മനുഷ്യന്റെ സൃഷ്ടി നടന്നതെന്ന് സാരം. ഇതിൽ നിന്നും മനസ്സിലാക്കാവുന്ന പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ കാലത്തിന്റെ 99.9999999 ശതമാനം കാലവും സൃഷ്ടി  നടന്നുകൊണ്ടിരുന്നു എന്നാണ്‌. ഈ കണക്ക് സൃഷ്ടി വാദികൾ അംഗീകരിക്കുന്നുണ്ടോ എന്നാണ്‌ ചോദ്യം. വെറും സൃഷ്ടി വാദികളോടല്ല ചോദ്യം, ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി സിദ്ധാന്തവല്ക്കരിക്കുന്ന ശാസ്ത്രീയ സൃഷ്ടിവാദികളോടാണ്‌.

ശാസ്ത്രീയ യുക്തിവാദിയായ ഹുസ്സൈന്‌ ഒരേയൊരു ഉത്തരം മാത്രം:-

“ ദൈവം ഇല്ലെന്ന് വാദിക്കുന്ന താങ്കള്‍ ദൈവം എന്നാന്ന് സൃഷ്ടി അവസാനിപ്പിച്ചതെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ ? വീടില്ലാത്ത ഒരാള്‍ എന്റെ വീട് പണിതത് എന്നാണെന്ന് ചോദിക്കുമോ ?”

 “സൃഷ്ടിയില്‍ വിശ്വസിക്കാത്ത ഒരാള്‍ എത്രകാലം കൊണ്ട് സൃഷ്ടി നടത്തി എന്നന്വേഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ? വീടില്ലാത്ത ഒരാള്‍ എത്ര വര്‍ഷം കൊണ്ടാണ് ഞാന്‍ വീട് പണിതതെന്ന് ചോദിക്കുമോ ?”

ഇവിടെ നിലംപരിശാകുന്നത് ശ്രീ. ഹുസ്സൈൻ കെട്ടിയുയർത്തിയ ദുർബലമായ വാദങ്ങൾ മാത്രമാണോ അതോ ശസ്ത്രീയ സൃഷ്ടിവാദം തന്നെയോ?