"ശാസ്ത്രലോകത്തുനിന്നും ഇപ്പോൾ ദൈവനിഷേധത്തിന്റെ സ്വരമുയരുന്നത് വിരലിലെണ്ണാവുന്ന ആളുകളിൽനിന്ന് മാത്രമാണ്. അവരിൽ ഏറ്റവും പ്രഖ്യാതനാണ് റിച്ചാർഡ് ഡോക്കിൻസ്. ഡോക്കിൻസ് യുക്തിവാദികളുടെ പുതിയ പ്രവാചകനാണ്, അദ്ദേഹത്തിന്റെ പുസ്തകങ്ങൾ അവരുടെ വേദഗ്രന്ദങ്ങളും! എന്നാൽ, ദൈവനിഷേധത്തിന് തെളിവ് ഹാജരാക്കാൻ ഇത്രയും കാലത്തെ നിരീശ്വരപ്രബോധങ്ങൾക്കിടയിൽ ഡോക്കിസിന് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഡോക്കിസ്നിന്റെ പുസ്തകത്തെ ആസ്പദമാക്കിയുള്ള സി രവിചന്ദ്രന്റെ മലയാള രചന ദൈവവിശ്വാസികളുടെ ഒരു ചോദ്യത്തിനുപോലും ഫലപ്രദമായി മറുപടി പറയുന്നില്ലെന്ന് എൻ എം ഹുസ്സൈൻ ഈ പഠനത്തിൽ സ്ഥാപിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രഗല്ഭനായ നിരീശ്വരവാദിക്കുപോലും ദൈവനിഷേധം സമർത്ഥിക്കാൻ കഴിയുന്നില്ലെന്ന് അനിഷേധ്യമായ തെളിവുകളോടെ ചൂണ്ടിക്കാണിക്കുന്ന ഹുസ്സൈന്റെ പുസ്തകം യുക്തിവാദീപാളയത്തിൽ കൂട്ട ഞെട്ടലുണ്ടാക്കും. അവരുടെ ചിന്ത മരിച്ചിട്ടില്ലെങ്കിൽ!"
ശ്രീ എൻ എം ഹുസൈന്റെ പുസ്തകത്തിന്റെ പുറംചട്ടയിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ളതാണ് ഈ വരികൾ.
ഇതിൽ അവസാനത്തെ വാക്യം അക്ഷരാർത്ഥത്തിൽ തന്നെ ശരിയാണെന്ന് ഈ പുസ്തകം വായിച്ചപ്പോൾ ബോധ്യമായി. അത് വായിച്ച് യുക്തിവാദീപാളയം ഞട്ടുക മാത്രമല്ല, ഞെട്ടിത്തെറിക്കുകയും ചെയ്തു.
246-ം പേജിൽ ഇങ്ങനെ നിങ്ങൾക്കത് വായിക്കാം.
“ ആദ്യകാല ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെട്ട ഫോസിൽ പാളിയെ കേംബ്രിയൻ എന്ന് വിളിക്കുന്നു. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതാണ് ഈ ഫോസിൽ പാളികൾ വലിയൊരു ശതമാനം ജീവജാതികൾ കേംബ്രിയൻ കാലത്ത് മുൻഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതായി ഫോസിൽ ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായി. ഇതിനെയാണ് കേംബ്രിയൻ വിസ്ഫോടനം(Cambrian Explosion) എന്ന് വിശേഷിപ്പിക്കുന്നത്.”
ഞെട്ടാനുണ്ടായ കാരണത്തിലേക്ക് കടക്കുംമുമ്പ് കുറച്ചുകൂടി.
എൻ എം ഹുസ്സൈൻ പറഞ്ഞു:-
"ഏറ്റവും ലളിതമായ പ്രകാശസംവേദനകോശം കൊണ്ട് രൂപീകൃതിമായ കണ്ണുമായി മണ്ണിരകൾ ജീവിക്കാൻ തുടങ്ങിയിട്ട് നാനൂറിലേറെ കോടി വർഷങ്ങളായി."(നവ നാസ്തികത: റിച്ചാർഡ് ഡോക്കിൻസിന്റെ വിഭ്രാന്തികൾ പേജ്: 243)
‘സൃഷ്ടി നടന്നത് എന്നാണ്‘ എന്ന ചോദ്യത്തിന് ശ്രീ ഹുസ്സൈൻ തന്ന മറുപടി, സൃഷ്ടിതന്നെ നടന്നിട്ടില്ല എന്ന് വിശ്വസിക്കുന്ന സുശീൽ കുമാർ സൃഷ്ടി എന്ന് നടന്നു എന്ന് ചോദിക്കുന്നത് വീടില്ലാത്ത ഒരാൾ എന്നാണ് ഞാൻ വീടുവെച്ചത് എന്ന് ചോദിക്കുന്നതുപോലെയാണ് എന്നായിരുന്നല്ലോ? ദൈവത്തിൽ തന്നെ വിശ്വാസമില്ലാത്ത ഒരാൾ ഏത് ദൈവമാണ് ശരി എന്ന് ചോദിച്ചതിന്, എവറസ്റ്റ് പർവ്വതം ഇല്ലെന്ന് വിശ്വസിക്കുന്ന ഒരാൾ അതിന്റെ ഉയരം എത്രയാണെന്ന് ചോദിക്കാമോ എന്നും അദ്ദേഹം വാദിച്ചു.
ഈ വാദം മുഖവിലക്കെടുത്താൽ, ശ്രീ ഹുസ്സൈൻ, നാനൂറിലേറെ കോടി വർഷങ്ങൾക്കുമുമ്പ് മണ്ണിരകൾ ഉണ്ടായിരുന്നു എന്നും കേംബ്രിയൻ കാലഘട്ടത്തിൽ ബഹുകോശ ജീവികൾ ഉണ്ടായിരുന്നു എന്നും വിശ്വസിക്കുന്നുണ്ട് എന്ന് ഉറപ്പാണ്.
ഇനി താഴെകൊടുക്കുന്ന ലഘുവായ ചോദ്യങ്ങൾക്ക് ശ്രീ ഹുസ്സൈനിൽ നിന്ന് ഉത്തരം പ്രതീക്ഷിക്കുന്നു.
1. നാനൂറിലേറെ കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നതായി പറയുന്ന മണ്ണിരയുടെ കൂടെ മനുഷ്യർ ജീവിച്ചിരുന്നോ?
2. കേംബ്രിയൻ ഫോസിൽ പാളികളിൽ കാണപ്പെട്ട ഏതെങ്കിലും ജീവി ഇന്ന് ജീവിച്ചിരിപ്പുണ്ടോ?
3. കേംബ്രിയൻ കാലത്ത് മനുഷ്യൻ ജീവിച്ചിരുന്നോ?
ഈ ചോദ്യത്തിനൊന്നും ഹുസ്സൈൻ മാന്യവും സത്യസന്ധവുമായ മറുപടിതരില്ലെന്ന് മുൻ അനുഭവങ്ങളിൽ നിന്നും വ്യക്തമാണ്.
ഇനി ഇതെല്ലാം വായിച്ച് ഞെട്ടിത്തെറിക്കാനുണ്ടായ കാരണത്തിലേക്ക്:-
ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ജൈവഫോസിലുകൾക്ക് 350 കോടി വർഷത്തെ പഴക്കമേയുള്ളു. ഏതായാലും ഭൂമിയിൽ ജീവനുണ്ടായിട്ട് 400 കോടി വർഷത്തിൽ അധികമായിട്ടില്ലെന്ന് ഉറപ്പ്. മാത്രമല്ല, ഭൂമിയുടെ തന്നെ പ്രായം ഏതാണ്ട് 460 കോടി വർഷമാണെന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതെന്ന് ഹുസ്സൈൻ പറയുന്ന ഈ ഫോസിൽ പാളികൾ ഏത് ഗ്രഹത്തിലുള്ളതാണാവോ? ശ്രീ. രവിചന്ദ്രന്റെ പുസ്തകത്തിൽ 'ടെലിസ്കോപ്പ്' എന്ന് റസ്സൽ ഉപയോഗിച്ച വാക്ക് മലയാളത്തിൽ 'മൈക്രോസ്കോപ്പ്' ആയി തെറ്റി എഴുതിയപ്പോൾ (ഇത് മൈക്രോസ്കോപ്പ് ആയാലും കുഴപ്പമില്ലെന്നിരിക്കെ; കാരണം സൂക്ഷ്മമായതിനെ നിരീക്ഷിക്കാൻ മൈക്രോസ്കോപ്പ് ഉപയോഗിക്കാമല്ലോ) മൈക്രൊസ്കോപ്പ് കൊണ്ട് ആരെങ്കിലും വാനനിരീക്ഷണം നടത്താറുണ്ടോ എന്ന് പരിഹസിച്ച ശ്രീ. ഹുസ്സൈൻ ആണ് ഇത്തരം മണ്ടത്തരങ്ങൾ എഴുന്നള്ളീച്ച് യുക്തിവാദീപാളയങ്ങളിൽ കൂട്ട ഞട്ടലുണ്ടാക്കുന്നത് എന്നതാണ് രസകരം.
ഇനി നമുക്ക് സമാധാനിക്കാനും വഴിയുണ്ട്. ഹുസ്സൈൻ പറഞ്ഞ ഫോസിൽ പാളികൾ വല്ല ഇസ്ലാം സ്വർഗത്തിൽ നിന്നും കണ്ടെത്തിയതാണെന്ന് വാദിച്ചാൽ പ്രശ്നം തീർന്നു. ഞെട്ടലും തീർന്നു.