Saturday, September 10, 2011

തൃശൂര്‍ പൂരത്തിന്റെ "ശാസ്ത്രീയ വിശകലനം"

സ്ഥലം:- സർക്കാർ മെഡിക്കൽ കോളേജ് പരിസരം. ഗേറ്റിൽ സർവ്വരോഗ സംഹാരി 10 രൂപ എണ്ണയുടെ വില്പന പൊടിപൊടിക്കുന്നു. വെറും വില്പനയല്ല, വില്പനക്കാരൻ തന്റെ ഉല്പന്നത്തിന്റെ മഹത്വം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നുമുണ്ട്; പോരത്തതിന്‌ നോട്ടീസ് വിതരണവും. കാല്‍മുട്ട് വേദന, നടുവേദന, തലവേദന, ചൊറി, ചിരങ്ങ്‌, താരന്‍, വയറിളക്കം, ഛര്‍ദ്ദി,വലിവ്, ക്ഷയം, കുഷ്ഠം എന്നുതുടങ്ങി പ്രമേഹം, കാൻസറിനുവരെ ഫലപ്രദമായ എണ്ണ; വെറും പത്ത് രൂപ മാത്രം; വരുവിൻ വാങ്ങുവിൻ, സൈഡ് ഇഫക്റ്റ് ഇല്ലാത്തത്, നൂറ്‌ ശതമാനം ഫലപ്രദം: വർഷം കുറെയായി എണ്ണവില്പനക്കാരൻ ഈ ബിസിനസ് തുടങ്ങിയിട്ട്.

എന്തിന്‌ നിങ്ങൾ എക്സ്-റേയ്ക്കും സ്കാനിങ്ങിനും പണം മുടക്കുന്നു, എന്തിന്‌ രക്തപരിശോധനയും എന്റോസ്കോപ്പിയും? രോഗികളേ നിങ്ങൾ ഈ ‘അശാസ്ത്രീയമായ’ ചികിൽസാ രീതികളെ ഒഴിവാക്കുവിൻ. ശരീരമെന്തിന്‌ കീറിമുറിക്കണം? അതെല്ലാം മറന്നേക്കൂ, എന്നിട്ട് 10 രൂപ എണ്ണ ഉപയോഗിക്കുവിൻ. വരുവിൻ, വാങ്ങുവിൻ വെറും 10 രൂപ മാത്രം.

ആശുപത്രി ഗേറ്റിൽ ഈ കലാപരിപാടി തുടങ്ങിയിട്ട് കാലം കുറെയായി. ഈ ആശുപത്രിയിലെ ഡോക്റ്റർമാർ എന്നും ഈ പരിപാടി കാണുന്നുണ്ട്. ഒരാൾ പോലും അത് ഗൗനിക്കുന്നില്ല.  മുഖത്ത് പുഞ്ചിരിയുമായി അവര്‍ ആശുപത്രി ഗേറ്റ് കടന്നുവരുന്നു, അവരുടെ ജോലിയിൽ മുഴുകുന്നു. ആധുനിക വൈദ്യശാസ്ത്രം നല്കുന്ന ചികിൽസാമുറകൾ രോഗികളിൽ പ്രയോഗിക്കുന്നു, രോഗികൾ അധികവും സുഖം പ്രാപിച്ച് മടങ്ങുന്നു. ചുരുക്കിപ്പറഞ്ഞാൽ ആ ആശുപത്രിയിലെ ഒരു ഡോക്റ്ററും 10 രൂപ എണ്ണ വില്പ്പനക്കാരന്റെ അവകാശവാദങ്ങളെ ഖണ്ഡിക്കാൻ പോയില്ല.

പക്ഷേ, അദ്ദേഹത്തിന്റെ അവകാശവാദം നോക്കൂ:- "ഞാൻ 10 രൂപ എണ്ണയെക്കുറിച്ച് മൂന്ന് ലഘുലേഖകൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ചികിൽസാരീതികളെ ദിനം പ്രതി ഖണ്ഡിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും നോക്കൂ, ഞാൻ എത്ര മഹാനാണ്‌. ഒരൊറ്റ ഡോക്റ്ററോ മരുന്നു നിർമാതാക്കളോ ഇന്നുവരെ എന്നെ ഖണ്ഡിക്കാൻ ധൈര്യപ്പെട്ടിട്ടില്ല. ഞാനാരാ മോൻ!!!!"

ഇത്തരം എണ്ണ വില്പനക്കാർ നമുക്ക് സുപരിചിതരാണ്‌. ആശുപത്രി ഗേറ്റിൽ മാത്രമല്ല നിരത്തുവക്കിലും ബസ്സുകളിലും ട്രെയിനുകളിലും ഇവർ തങ്ങളുടെ സർവ്വരോഗ സംഹാരിയുടെ മഹത്വവും പരസ്യം ചെയ്ത് അന്നത്തിന്‌ കാശുണ്ടാക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അശാസ്ത്രീയതയും തന്റെ ഉല്പന്നത്തിന്റെ മഹത്വവും അവർ വാതോരാതെ പ്രസംഗിക്കുമെങ്കിലും ഒരു ഡൊക്റ്ററും ഇന്നുവരെ അവരെ ഖണ്ഡിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിട്ടില്ല. ഇതെന്തുപറ്റി? മോഡേൺ മെഡിസിനെന്തേ, മറുപടിയില്ലേ?

ഈ കഥ ഇവിടെ ഓർമ്മിക്കാൻ കാരണം ചില "ആധുനിക എണ്ണവില്പനക്കാരുടെ" പരസ്യങ്ങളാണ്‌.

“ഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി  നടിക്കുന്നു. ഈ ഒട്ടകപ്പക്ഷിനയം ഇക്കാലമത്രയും യുക്തി-നിരീശ്വര -പരിണാമവാദികള്‍ തുടര്‍ന്നു വന്നതാണെന്നതിനാല്‍ ആശ്ചര്യത്തിനു വകയില്ല. പരിണാമസിദ്ധാന്തത്തെ  ശാസ്ത്രീയമായി നിരൂപണം ചെയ്യുന്ന മൂന്നു കൃതികള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇവയില്‍ ഒന്നിനുപോലും മറുപടിയെഴുതാന്‍ യുക്തി- നിരീശ്വര-പരിണാമവാദികള്‍ക്കായിട്ടില്ല. ഒരു ലേഖനത്തിലൂടെ പോലും മറുപടിയെഴുതാന്‍ ഇരുപതു വര്‍ഷങ്ങളായെങ്കിലും ഇവരുടെ ബുദ്ധിജീവികള്‍ ധൈര്യം കാട്ടിയിട്ടില്ല. നാഴികക്കു നാല്‍പ്പതുവട്ടം ശാസ്ത്രം, നിക്ഷ്പക്ഷത, വസ്തുനിഷ്ഠത...എന്നൊക്കെ ഇവര്‍ ഉരുവിട്ടുകൊണ്ടിരിക്കെയാണ് ഈ ഒട്ടകപ്പക്ഷിനയംഇവയത്രയും എന്റെ കൃതിയില്‍ സമഗ്രമായി ഖണ്ഡിക്കപ്പെട്ടതാണെന്ന കാര്യവും അദ്ദേഹം അറിയാത്തതായി  നടിക്കുന്നു.“

 "(കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ പ്രശസ്ത ജീവശാസ്ത്രപണ്ഡിതനായ പ്രൊഫ. കുഞ്ഞുണ്ണി വര്‍മ്മ അദ്ദേഹത്തിന്റെ കൃതി ആമൂലാഗ്രം ഖണ്ഡിക്കപ്പെട്ടിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. മലയാളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരനായ ജിവന്‍ ജോബ് തോമസും പ്രെഫ. ബാബു ജോസഫും അവരുടെ കൃതികളുടെ നിരൂപണങ്ങള്‍ പുസ്തകമായി ഇറങ്ങിയിട്ടും മറുപടിയെഴുതാതെ ഒഴിഞ്ഞുമാറി. തെളിവുകളും  ന്യായങ്ങളും എതിര്‍പക്ഷത്താണെന്നും അവയെ നേരിടാനാവില്ലെന്നും മനസ്സിലാക്കിയതുകൊണ്ടാകാം ഈഒഴിഞ്ഞുമാറ്റം. )" 

കുഞ്ഞുണ്ണി വര്‍മയും ജീവന്‍ ജോബ് തോമസും ബാബു ജോസഫുമെല്ലാം എത്ര കശ്മലന്മാര്‍, ലവന്മാര്‍ക്കെന്താ എന്നെയൊന്ന് ഗൗനിച്ചാല്‍, ഒന്നുമില്ലേലും ഞാന്‍ കൊല്ലം പത്തിരുപത്തഞ്ചായില്ലേ എണ്ണ വില്പന തുടങ്ങിയിട്ട്. എന്തു ചെയ്യാം ധൈര്യം വേണ്ടേ?
എന്തിന്‌ അവരെ പറയണം? ISRO യിലെ ശാസ്ത്രജ്ഞന്മാര്‍ വരെ എന്നെ ഖണ്ഡിക്കാന്‍ ധൈര്യം കാണിച്ചോ, ഇല്ലല്ലോ. അതാ പറഞ്ഞത് ഞാനാരാ മോന്‍? 


എന്തിനേറെ പറയുന്നു, പച്ചക്കുതിര മാസികയില്‍ ശ്രീ ശ്രീ സുദേഷ് സാര്‍ എന്ന പേരില്‍, ഞാന്‍ എഴുതിയ ലേഖനത്തിനുവരെ നാസ ഇന്നുവരെ മറുപടി തന്നിട്ടില്ല. എന്താ കഥ!


"ഈ കഥയിലെ നെയ്ത്തുകാര്‍ വസ്ത്രം ഉണ്ടാക്കിയപോലെ നാസ ഏതാനും ഫോട്ടോകള്‍ പുറത്തിറക്കിയിട്ട് അതില്‍ ലൂണാര്‍ മോഡ്യൂളിന്റെ ഭാഗമാണുള്ളതെന്നു പറഞ്ഞു. ‘ശാസ്ത്രബോധമുള്ള’വര്‍ക്കേ അതൊക്കെ മനസ്സിലാക്കാനാവൂ എന്നും പ്രഖ്യാപിച്ചു. സ്വാഭാവികമായും ‘ശാസ്ത്രബോധ മുള്ള’ പ്രൊഫ:രവിചന്ദ്രന്‍ അതപ്പടി വിശ്വസിച്ചു. ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂളിന്റെ  ഭാഗങ്ങള്‍ കാണാതെ തന്നെ അതില്‍ ലൂണാര്‍ മൊഡ്യൂ ളിന്റെ ഭാഗങ്ങളുണ്ടെന്നു വിശ്വസിച്ചു! ഈ അന്ധവിശ്വാസത്തിന്റെ അടി സ്ഥാനത്തിലാണു ചിത്രങ്ങള്‍ എനിക്കയച്ചത്. പക്ഷേ, ഒരു കാര്യം വ്യക്തമായി .ഫോട്ടോകളില്‍ ലൂണാര്‍ മോഡ്യൂള്‍ കണ്ടില്ലെങ്കിലും ലൂണാര്‍ മോഡ്യൂളിന്റെ ഫോട്ടോകളാണ് അവയെന്നു വിശ്വസിക്കുന്നത് ‘ആധുനിക ശാസ്ത്രമാണ്’! "
"തൃശൂര്‍ പൂരത്തിന്റേതെന്ന് ആര്‍ക്കും
 ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്ന ഈ ചിത്രം
കണ്ടിട്ടാണ്‌ തലയ്ക്ക് വെളിവില്ലാത്ത
നിരീശ്വര-യുക്തിദാദികള്‍
നെബ്യൂല, ഗാലക്സി എന്നക്കെ വിളിച്ചുകൂവുന്നത്"


"ഈ ചിത്രത്തിലേക്ക് നോക്കൂ. കുട്ടികളേ നിങ്ങൾക്കെന്താണ്‌ മനസ്സിലായത്‌? ഇതാണ്‌ തൃശൂർ പൂരത്തിലെ വെടിക്കെട്ട്. സംശയമുള്ളവർ സൂക്ഷിച്ചുനോക്കൂ. മിസ്റ്റർ രവിചന്ദ്രൻ പറയുന്നു, ഛെ! വിശ്വസിക്കുന്നൂ, ഇത് ഒരു 'നെബ്യൂല'യുടെ ചിത്രമാണെന്ന്. തൃശൂർ പൂരം കണ്ടിട്ടുള്ളവർ ആരെങ്കിലും ഇത്തരമൊരു വിഡ്ഢിത്തരം വിളിച്ചു പറയുമോ? "



"നിങ്ങക്കറിയുമോ കൂട്ടരേ, ഇന്നാളൊരു ദിവസം ഞാൻ എണ്ണ വില്ക്കുന്ന ആശുപത്രിയിലെ ലാബിൽ നിന്ന് ഒരു ചിത്രം കിട്ടി. ടെക്നീഷ്യൻ പറയുന്നു അത് blood smear-ന്റെ ചിത്രമാണെന്ന്. നമ്മളോടാണോ കളി? തറയിലിടുന്ന മൊസൈക്കിന്റെ ചിത്രം കാട്ടി അത് അത് blood smear അണെന്ന് പറഞ്ഞ്‌ ആളെ പറ്റിക്കുന്ന ഇവന്മാരെയൊക്കെ എന്ത് ചെയ്യണം?  blood smear ൽ 
“'മൊസൈക്കി'ന്റെ ഈ ചിത്രം
കണ്ടിട്ടാണ്‌ നിരീശ്വര-യുക്തിവാദികൾ
അത് blood smearആണെന്ന് അർമാദിക്കുന്നത്.
  ടി ബി യുടെയോ മലമ്പനിയുടെയോ രോഗാണുക്കളെ നഗ്നനേത്രം കൊണ്ട് കാണാനാകില്ലെന്നാണ്‌ അങ്ങേരുടെ അവകാശവാദം. കണ്ണ്‌ കൊണ്ട് കാണാതെ ഈ യുക്തിവാദികളൊക്കെ പിന്നെ മൂക്കുകൊണ്ടാണോ കാണൂന്നത്?   ഇതാണു യാഥാര്‍ത്ഥ്യമെങ്കില്‍ നിരീശ്വര- യുക്തിവാദികള്‍ക്ക് മറ്റു ജന്തുക്കളുടെയത്രയേ കണ്ണ്‌വികാസം ഉണ്ടായിട്ടുള്ളൂ എന്നും കരുതുന്നതില്‍ തെറ്റുണ്ടോ? യുക്തി- നിരീശ്വരവാദികള്‍ക്ക് കണ്ണിന്‌ തകരാറുണ്ടെന്നതിന്റെ മറ്റൊരു തെളിവുകൂടിയല്ലേ ഇത് ? 


"കൂട്ടരേ, ഇതൊരു പരമ രഹസ്യമാണ്‌. മറ്റാരോടും പറയല്ലേ? തൃശൂർ പൂരത്തിന്റെയും മൊസൈക്കിന്റെയും‍ ഫോട്ടോകളെപ്പറ്റി നാസ ശാസ്ത്രജ്ഞ Dr.Carle Peters, ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുമായി ഞാന്‍ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്.  കത്തിടപാടുകളും വിശകലനങ്ങളും ഇവിടെ ഒഴിവാക്കുന്നു." --ഒഴിവാക്കരുതെന്നോ. അനാവശ്യം പറയുന്നോ? നമുക്കും നിന്ന് പിഴച്ചുപോണ്ടേ? അല്ലെങ്കിലും ഈ തർക്കുത്തരം പറയുന്ന നിരീശ്വര-യുക്തിവാദികളുടെ തലച്ചോറിന്റെ വികാസം മറ്റു ജന്തുക്കൾക്ക് തുല്യമല്ലേ?


"ഈ കത്തിടപാട് വിശദമാക്കാന്‍ കാരണംചന്ദ്രയാത്രയെക്കുറിച്ചുള്ള പുതിയ പോസ്റ്റാണ്. നാസ ഫോട്ടോ പുറത്തിറക്കിയിട്ട് അതില്‍ ഒരു കറുത്ത പൊട്ടിട്ടശേഷം ഒരു ആരോ വരച്ച് ഇത് ആനയുടെ LRO ഫോട്ടോയാണ് എന്നു പറഞ്ഞാല്‍ ഫോട്ടോയില്‍ ആനയെ കണ്ടില്ലെങ്കിലും ശാസ്ത്രാന്ധ വിശ്വാസികള്‍ “ ദേ,  ആനയുടെ ഫോട്ടോ” എന്ന് ആര്‍ത്തുവിളിക്കും. നഗ്ന നായ രാജാവിന്റെ കാണാവസ്ത്രങ്ങളെ ചൊല്ലി പരിവാരങ്ങള്‍ ആര്‍ത്തുവിളി ച്ചതുപോലെ! "


എന്തിനേറെ പറയണം, ആകാശത്തിന്റെ ചിത്രത്തില്‍ എന്തെങ്കിലും അടയാളമിട്ട് ഇവര്‍ അത് നെബ്യൂലയാണ്‌, ഇത് ഗാലക്സിയാണ് എന്നെല്ലാം പറഞ്ഞു അര്‍ത്തുവിളിച്ചുകളയും. വാലന്‍ പുളിയും തേങ്ങാപിണ്ണാക്കും തിരിച്ചറിയാത്ത യുക്തിവാദി-നിരീശ്വരവാദികളുടെ തലയ്ക്ക് മറ്റ് ജന്തുക്കളുടെ മസ്തിഷ്കവലര്‍ച്ചയേ ഉള്ളു എന്ന് ഇതില്‍ നിന്നും വ്യക്തമായല്ലോ.



എന്താഹേ,
ഞാന്‍ ഇത്രയും കാര്യങ്ങള്‍ വ്യക്തമായും യുക്തമായും ഖണ്ഡിച്ചു കഴിഞ്ഞ സ്ഥിതിക്ക് തനിക്കെന്തോ ചോദിക്കനുണ്ടെന്നോ. ആ ചോദീര്‌, കേക്കട്ടെ.

1. ചാന്ദ്രയാത്രകളെക്കുറിച്ച് ലോകമെമ്പാടുമുള്ള എല്ലാ സ്കൂളുകളിലെ കുട്ടികളും പ്രോജക്റ്റുകൾ തയ്യാറാക്കുകയും ചാന്ദ്രയാത്രയുടെയും യാത്രികരുടെയും ചിത്രങ്ങൾ കൊണ്ട് ക്ലാസ് മുറികളും അലങ്കരിക്കുകയും ചെയ്യുന്നുണ്ട്. താങ്കൾ, മനുഷ്യൻ ചന്ദ്രനിൽ പോയിട്ടില്ലെന്നാണല്ലോ പറയുന്നത്. അപ്പോൾ ഇത്തരം 'തെറ്റായ കാര്യങ്ങൾ' വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്‌? 


2. താങ്കൾ പറയുന്നതിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഈ "വസ്തുനിഷ്ഠമല്ലാത്തതും തെറ്റായതുമായ" വിവരങ്ങൾ കുട്ടികളെ പഠിപ്പിക്കരുതെന്ന് താങ്കൾ വിദ്യാഭ്യാസ വകുപ്പിനോടും സർക്കാരിനോടും രേഖാമൂലം ആവശ്യപ്പെടണം. ചുരുങ്ങിയ പക്ഷം സ്വന്തം കുട്ടികളെയെങ്കിലും ഇത്തരം 'അന്ധവിശ്വാസങ്ങള്‍' പഠിപ്പിക്കുന്നതില്‍ നിന്ന് പിന്‍ വലിക്കണം.


3. എന്നിട്ടും സർക്കാർ ചാന്ദ്രയാത്ര കുട്ടികളെ പഠിപ്പിക്കുന്നത് തുടരുകയാണെങ്കിൽ അതിനെതിരെ കോടതിൽ ഒരു പൊതുതാല്പര്യ ഹർജി ഫയൽ ചെയ്യാൻ താങ്കൾ തയ്യാറാകണം. അതിനു വേണ്ടി താങ്കള്‍ക്ക് ലഭ്യമായ എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാകണം.  


4. ഇന്ത്യ, നാസയുമായി ചേർന്ന് ചാന്ദ്രദൗത്യത്തിന്‌ തയ്യാറാകുന്നതായി ഐ എസ് ആർ ഒ ചെയർമാൻ ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ഈ 'തട്ടിപ്പ് പരിപാടി'ക്കുവേണ്ടി കോടികൾ ദുര്‍വ്യയം ചെയ്യുന്നത് രജ്യദ്രോഹമാണ്‌. അതിനാൽ അക്കാര്യം പുനപരിശോധിക്കണമെന്ന് ഇന്ത്യാഗവണ്മെന്റിനോട് ആവശ്യപ്പെടാൻ താങ്കൾ തയ്യാറാകണം. 


ഇക്കാലമത്രയും താങ്കൾ പ്രചരിപ്പിച്ച ചാന്ദ്രയാത്രാ ഖണ്ഡനങ്ങളിൽ എന്തെങ്കിലും സത്യമുണ്ടെന്ന് താങ്കൾക്ക് ആത്മാർത്ഥതയുണ്ടോ? മനുഷ്യൻ ചന്ദ്രനിൽ എത്തിയിട്ടില്ലെന്ന് താങ്കൾ ഉറച്ചുവിശ്വസിക്കുന്നുവോ? അതോ ഇക്കാര്യത്തിൽ ഒരു ചെറിയ സംശയം മാത്രമാണോ താങ്കൾക്കുള്ളത്? മേല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ നട്ടെല്ലിന്‌ ഉറപ്പുണ്ടാകുമോ? 


നട്ടെല്ലിന്‌ നല്ല ഉറപ്പും പറയുന്ന കാര്യത്തിൽ കഴഞ്ചെങ്കിലും ആത്മാർത്ഥതയുമുണ്ടെങ്കിൽ മേൽ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ശാസ്ത്ര ഖണ്ഡകൻ തയ്യാറാകണം. 

തയ്യാറാകുമോ??????

Sunday, June 26, 2011

"കുടുംബസ്നേഹം"

ശരി കുട്ടികളെ നിങ്ങളെല്ലാം സാബിന്റെ പൊത്തകം എടുക്കുക.

 യെസ് സാര്‍! 

44 -ആം പേജ് ബാബുമോന്‍ വായിക്കൂ: 



കാലഗണനയുടെ കാലനായ 'മധ്യ'കേരളവാസിയായ സാബിന്റെ പൂജ്യപ്രശ്‌നം സാബിനെതന്നെ 'പൂജ്യ'നാക്കി പരിഹരിച്ച ആരവതരുണിപ്പടയ്ക്കു മുമ്പില്‍ പൂജ്യം കാലരാത്ത മറ്റൊരു സാബ്-വികൃതി സാദരം സമര്‍പ്പിക്കട്ടെ. ഈ പോസ്റ്റ് അല്‍പ്പം ഹെവി ആയി തോന്നുന്നെങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റ് സാബിന് തന്നെയാണ്. എങ്കിലും അടുത്തത് അല്‍പ്പം ലൈറ്റായിരിക്കുമെന്ന് ഇപ്പോഴേ ഉറപ്പുതരുന്നു. തുടരെ തുടരെ ഇത്തരം പോസ്റ്റുകളിടേണ്ടി വരുന്ന എന്റെ പ്രയാസം നിങ്ങള്‍ മനസ്സിലാക്കണം. സാബ് അത്രമാത്രം 'മറിച്ചുവെച്ചി'ട്ടുണ്ട്. കുറേശ്ശെയായി റിലീസ് ചെയ്തില്ലെങ്കില്‍ സാബിന്റെ വീരകൃത്യങ്ങള്‍കൊണ്ട് ഗോഡൗണ്‍ നിറഞ്ഞുകവിയും. 

"200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് യുഗത്തിന്റെ ആദ്യഭാഗങ്ങള്‍ കേംബ്രിയന്‍, ഓര്‍ഡോവിഷ്യന്‍, സിലൂരിയന്‍ എന്നീ യുഗങ്ങളാണ്"(ഡാര്‍വിനിസം:പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 44 പാര-1) 

എങ്ങനെ..എങ്ങനെ...? കേംബ്രിയനും ഓര്‍ഡോവിഷ്യനുമൊക്കെ പ്രോട്ടിരോസോയിക്കിന്റെ 'ആദ്യഭാഗ'ങ്ങളോ 'അവസാന' ഭാഗങ്ങളോ? സാബ് ചിലപ്പോള്‍ തിരിച്ചെണ്ണിയതായിരിക്കും. എന്നാലുമില്ലേ പന്തികേട്? 

"ഇരുനൂറ് കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള, കേംബ്രിയന് തൊട്ടുമുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടത്തില്‍ ബഹുകോശജീവികളുടേതെന്ന് സംശയിക്കപ്പെടുന്ന ചില ജീവരൂപങ്ങള്‍ കണ്ടെത്തിയതായി ചില പുരാവസ്തുശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടിരുന്നു"(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 46 പാര-3) 

കേംബ്രിയന് തൊട്ടുമുമ്പാണ് പ്രോട്ടിരോസോയിക്കെങ്കില്‍ കേംബ്രിയന്‍ പ്രോട്ടിരോസോയിക്കിന്റെ 'ആദ്യ'ഭാഗമാകുന്നതെങ്ങനെ? ഉത്തരം അതേ പേജില്‍ തൊട്ടുതാഴെ കിടപ്പുണ്ട്:

"50-60 കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഓര്‍ഡോവിഷ്യന്‍ യുഗത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണ് നട്ടെല്ലികള്‍ ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു"(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 46 പാര-4)

കേംബ്രിയന്‍ (54.4-53.8 കോടിയെന്ന് ഒരിടത്ത് പറയുന്നു. അതായത് കേംബ്രിയന്‍ വെറും 6 ദശലക്ഷം വര്‍ഷങ്ങള്‍. ഓര്‍ഡോവിഷ്യനാകട്ടെ 50-60 കോടി വര്‍ഷം വരെ നീളുന്നുവെന്നാണ് മറ്റൊരിടത്ത് എഴുതിയിട്ടുള്ളത്. ഇതെല്ലാം ഒരാളാണ് എഴുതുന്നതെന്നാണ് കൗതുകകരം. ഏതാണ് പരിണാമ കാലക്രമത്തില്‍ ആദ്യം വരുന്നത്: ഓര്‍ഡോവിഷ്യനോ കേംബ്രിയനോ? അതോ അവ ഇടകലര്‍ന്നാണോ വരുന്നത്? ഈ കാലഗണനക്രമത്തിന്റെ ദൈര്‍ഘ്യം ഏറിയുംകുറഞ്ഞും അങ്ങോട്ടുമിങ്ങോട്ടും മാറാമെങ്കിലും ഒരാള്‍ ഒരു പുസ്തകത്തിന്റെ അടുത്തടുത്ത പേജുകളില്‍ ഇങ്ങനെ എഴുതുന്നത് ആദ്യം കാണുകയാണ്. 

''ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക്'(Science Daily, 2010 July 1) എന്ന് ഏപ്രില്‍ 16, 2011 , 9:55 PM ന് സ്വന്തം ബ്‌ളോഗില്‍ എനിക്കെഴുതിയ മറുപടിയില്‍ തട്ടിവിടുന്നുണ്ട്. (കാണുക-''ഒരു പിശക് കണ്ടെത്താന്‍ സുശീലിന് പത്ത് മഠയത്തരങ്ങള്‍,'' ഡോക്കിന്‍സ് നിരൂപണം, 2011 ജൂണ്‍ 13)

Sceince Daily യുടെ പേര് പറഞ്ഞ് സാബ് ബൂലോകത്തിന് അധികജ്ഞാനം പകരുകയാണ്. പക്ഷെ ഇവിടെയും ഒരു ചിന്ന സംശയം- ''ഇപ്പോള്‍ കേംബ്രിയന്റെ കാലം 60 കോടിക്കപ്പുറം എന്നാണ് കണക്ക്''-എന്നുപറഞ്ഞാല്‍ കേംബ്രിയന്‍ 60 കോടി മുതല്‍ എവിടെ വരെ? 60-70 കോടി? 60-65 കോടി? സാബ് വ്യക്തമാക്കുന്നില്ല. അതോ ഇനി 'പ്രീ-കാംബ്രിയന്‍' തുടങ്ങുന്ന കാലഘട്ടമാണോ ഈ '60 കോടിക്കപ്പുറം'? കാംബ്രിയന്‍ 60 കോടിക്കപ്പുറമാണെങ്കില്‍ പ്രീ-കാംബ്രിയന്‍ 70 കോടിക്ക് അപ്പുറത്തേക്കൊക്കെ പോകാമല്ലോ? വെറും 6 ദശലക്ഷം വര്‍ഷംകൊണ്ട് കേംബ്രിയന്‍ ജൈവവിസ്‌ഫോടനം ഉണ്ടായെന്ന് വാദിക്കുന്ന ആളാണ് കോടികളിട്ട് ഇങ്ങനെ അമ്മാനമാടുന്നത്! കാലഗണനാക്രമം ഉത്തരവാദിത്വരഹിതമായി പരാമര്‍ശിക്കുന്ന രോഗം ഇപ്പോഴും സാബിനുണ്ടെന്ന് കരുതണം. മാത്രമല്ല കഴിഞ്ഞ മാസത്തെ Sceince Daily യിലെ ഒരു ലീഡ് ആര്‍ട്ടിക്കിള്‍ തുടങ്ങുന്നതു തന്നെ ഇപ്രകാരമാണ്: 'The creatures, known as anomalocaridids, were already thought to be the largest animals of the Cambrian period, known for the 'Cambrian Explosion' that saw the sudden appearance of all the major animal groups and the establishment of complex ecosystems about 540 to 500 million years ago.' (Sceince Daily, May 26.5.2011)
അതായത് ഇപ്പോഴും കേംബ്രിയന്‍ ഘട്ടം 54-50 കോടി ഘട്ടത്തിലാണെന്ന് പരാമര്‍ശിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ Sceince Daily ക്ക് യാതൊരു വിഷമവുമില്ല. ഇപ്പോഴും അതാണവിടുത്തെ Standard concept. 

സാബ് കാലത്തെ ക്രൂശിക്കുന്നത് തുടരുന്നത് കാണുക:

(എ) മുന്നൂറ് കോടിയോളം വര്‍ഷം നീണ്ട പ്രീ-കേംബ്രിയന്‍മഹായുഗത്തില്‍ ബഹുകോശജീവികളിലേക്കുള്ള ക്രമാനുഗത പരിണാമം ചിത്രീകരിക്കുന്ന എണ്ണമറ്റ ഫോസിലുകള്‍ ഡാര്‍വിനിസപ്രകാരം ഉണ്ടാകേണ്ടിയിരിക്കുന്നു(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 47 പാര-3). 

(ബി) ഭൂശാസ്ത്രജ്ഞരുടെ കാലഗണനയില്‍ ഏറ്റവും താഴെയായി പ്രത്യക്ഷപ്പെടുന്നത് പ്രീ-കേമ്പ്രിയന്‍ മഹായുഗമാണ്. അതിനെ രണ്ടു യുഗങ്ങളായി വീണ്ടും വിഭജിച്ചിട്ടുണ്ട്. 460 കോടി വര്‍ഷം പഴക്കമുള്ള ആര്‍ക്കിയോ സോയിക്, 200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് എന്നിങ്ങനെ(ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും-പേജ് 45 പാര-1) 

ആദ്യം പറയുന്നു പ്രീ-കേംബ്രിയന്‍ മഹായുഗം=300 കോടി വര്‍ഷം. അതില്‍ കേംബ്രിയന് മുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടം= 200 കോടി വര്‍ഷം. പ്രീ-കേംബ്രിയനായ ആര്‍ക്കിയോസോയിക് യുഗമാകട്ടെ (പൊതുവായ കണക്കായിരിക്കാം) 460 കോടി വര്‍ഷവും. 


കണക്ക് (എ) അനുസരിച്ച് പ്രീ-കേംബ്രിയനും (300 കോടിയോളം) + കേംബ്രിയനും (50-55 കോടി പരിഗണിക്കുക) കൂട്ടിച്ചേര്‍ത്താല്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. അപ്പോള്‍ ഭൂമിയുടെ ആകെ പ്രായം കേവലം 350-355 കോടി വര്‍ഷം!


കണക്ക് (ബി) പ്രകാരം പ്രീ-കേംബ്രിയന്‍  യുഗത്തിന്റെ പഴക്കം 460 കോടി വര്‍ഷം. ഇവിടെയും പ്രീ- കാംബ്രിയനും കാംബ്രിയന്‌ ശേഷമുള്ള കാലവും കൂട്ടുമ്പോള്‍ ഭൂമിയുടെ മൊത്തം പ്രായം ലഭിക്കണം. 460+55 =515! നോക്കണേ ഒന്നുകില്‍ 355 അല്ലെങ്കില്‍ 515. ഒന്നുകില്‍ ആശാന്റെ ചെസ്റ്റില്‍ അല്ലെങ്കില്‍ കളരിക്ക് ബാഹര്‍! സാബ് ഒരു തരത്തിലും സമ്മതിക്കില്ല! ലക്ഷണമൊത്ത യംഗ് എര്‍ത്ത് ക്രിയേഷനിസ്റ്റും റേഡിയോ ആക്റ്റീവ്-കാര്‍ബണ്‍ ഡേറ്റിംഗ് ടെസ്റ്റുകള്‍ തട്ടിപ്പാണെന്ന് വാദിക്കുന്ന ആളുമായ 'മൈക്ക് ഹസ്സി' വമ്പന്‍ കണക്കുകളുമായി പരിണാമശാസ്ത്രജ്ഞര്‍ കിളച്ചിട്ടതിനും അപ്പുറവും ഇപ്പുറവും ചാടി തുടയെല്ല് പൊട്ടിക്കുന്നതാണ് നാമിവിടെ കണ്ടത്.


കണക്കു മടുത്തോ. മടുപ്പിക്കുന്ന കണക്കുമായി സാബ് പുസ്തകമിറക്കിയാല്‍ മാലോകരെന്തു ചെയ്യും? ഇനി ഒരു ചെയിഞ്ചിനായി സാബിന്റെ തട്ടിപ്പ്-ഉടായിപ്പ് വ്യാഖ്യാനത്തിലൊന്നുമായി ഈ പോസ്റ്റ് ഉപസംഹരിക്കാം:

"പരിണാമസിദ്ധാന്തപ്രകാരം കഴിഞ്ഞ 538 ദശലക്ഷം വര്‍ഷങ്ങളില്‍ ഭൂമിയില്‍ നിലനിന്നത് 38 ഫൈലങ്ങളാണ്. എന്നാല്‍ ഇവയോരോന്നും ഇക്കാലയാളവിനുള്ളില്‍ ക്രമേണ പരിണമിച്ചുണ്ടായതല്ല. മറിച്ച്(538-544)കേമ്പ്രിയനിലെ വെറും ആറ് ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഉത്ഭവിച്ചതാണ്. ശേഷമുള്ള 538 ദശലക്ഷം വര്‍ഷം നീണ്ട കാലയളവില്‍ പുതിയ ഫൈലകള്‍ ഉണ്ടായിട്ടുമില്ല."(ഡാര്‍വിനിസം: പുതിയ പ്രതിസന്ധികള്‍ പ്രതിസന്ധിയും-പേജ് 58 പാര-4) 

"പത്ത് ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍, ശേഷമുണ്ടായ 358 ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ പോലും സംഭവിക്കാത്തത്തത്ര വൈവിധ്യം ജനിച്ചതിനെയാണ് കാമ്പ്രിയന്‍ വിസ്‌ഫോടനം എന്നുവിളിക്കുന്നത്."(ഡാര്‍വിനിസം: പുതിയ പ്രതിസന്ധികള്‍ -പേജ് 59 പാര-3) 

അടുത്ത പേജിലെത്തുമ്പോള്‍ കേംബ്രിയന്‍ കാലയളയളവില്‍ 40 ലക്ഷത്തിന്റെ വര്‍ദ്ധന. അതായത് പേജൊന്നിന് 40 ലക്ഷം. പേജ് 55 ലെത്തുമ്പോള്‍ 56 കോടി വര്‍ഷം പഴക്കമുള്ള പാറയും കേംബ്രിയന്‍ പാറയാണെന്ന് സാബ് പറയുന്നു. പിന്നീടങ്ങോട്ട് എഴുതാഞ്ഞത് ഭാഗ്യം. മാത്രമല്ല, പേജു മറിഞ്ഞതോടെ ഫൈലങ്ങള്‍ ഉണ്ടാകാത്ത കാലഘട്ടം 538 ദശലക്ഷം വര്‍ഷത്തില്‍ നിന്ന് 358 ദശലക്ഷം വര്‍ഷമായി പരിണമിച്ചുകളഞ്ഞു. 

"കരയില്‍ കശേരുകികളുടെ (നട്ടെല്ലികളുടെ) 329 കുടുംബങ്ങളുണ്ട്. അതില്‍ 261 കുടുംബങ്ങളുടെയും ഫോസിലുകള്‍ കുഴിച്ചെടുത്തിട്ടുണ്ട്. 79.1% ലഭിച്ചിരിക്കുന്നുവെന്നര്‍ത്ഥം. പക്ഷികളുടെ അതിലുള്‍പ്പെടുന്നു. അവ ഫോസിലീകരിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ജീവിച്ചിരിക്കുന്ന 151 പറവ കുടുംബങ്ങളുണ്ട്. ഇവയെ ഒഴിവാക്കിയാല്‍ മൊത്തം കരകശേരുകി കുടുംബങ്ങളില്‍ 87.8 ശതമാനത്തിന്റെയും ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. എന്നിട്ടും കരകശേരുകികളിലെ അടിസ്ഥാന ജീവവിഭാഗങ്ങള തമ്മില്‍ ബന്ധിപ്പിക്കുന്ന മധ്യരൂപങ്ങളില്ല"(ഡാര്‍വിനിസം :പ്രതീക്ഷയും പ്രതിസന്ധിയും പേജ് 40 പാര-2). 

മധ്യരൂപങ്ങളില്ലെന്ന് കാണിക്കാനായി സാബ് അവതരിപ്പിക്കുന്ന ഉഡായിപ്പ് ശ്രദ്ധിക്കൂ. മൊത്തം കുടുംബങ്ങള്‍-329(പക്ഷികള്‍ ഉള്‍പ്പെടെയെന്ന് സാബ്). 261 കുടുംബങ്ങളുടെ ഫോസിലുകള്‍ കിട്ടിയിട്ടുണ്ട്. ഇനി പക്ഷികളെ ഒഴിവാക്കിയാല്‍ 87.8% എന്ന് വേറൊരു കണക്ക്. പക്ഷികുടുംബം 151, അത് ഏതിനോടാണ് കൂട്ടേണ്ടത്? എങ്ങനെയാണ് 87.8% കണക്ക് ലഭിച്ചത്? എന്താണിതൊക്കെ? ഒന്നും വ്യക്തമല്ല. ഒക്കെ പോട്ടെ. ഇവിടുത്തെ 79.1% എന്ന കണക്ക് വസ്തുതകളുടെ വക്രീകരണമാണ്. പണ്ട് അപ്പൂട്ടന്‍ ഇത് വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അന്ന് മറുപടി പറയാതെ സാബ് സ്‌ക്കൂട്ടര്‍ സ്റ്റാര്‍ട്ടുചെയ്ത് വിടുകയാണുണ്ടായത്. Kingdom, Phylum, Class, Order, Family, Genus, Species എന്നിങ്ങനെയാണ് ജൈവരൂപവര്‍ഗ്ഗീകരണം. 'King Phillip Came Over From Great Spain' എന്ന വാചകം കാണാതെപഠിച്ചാണല്ലോ നാമിത് ഓര്‍ത്തുവെക്കുന്നത്. ഒരു ജീവി കുടുംബത്തില്‍ ആയിരക്കണക്കിന് സ്പീഷിസുകളും കോടിക്കണക്കിന് ജീവികളുമുണ്ടാകാം. അതിലേതെങ്കിലും ഒന്നിന്റെ ഫോസില്‍ കിട്ടിയാല്‍ ആ കുടുംബത്തിന്റെ ഫോസില്‍ കിട്ടിക്കഴിഞ്ഞു! 
മനുഷ്യന്റെ കാര്യമെടുക്കാം. നമ്മുടെ കിംഗ്ഡം ആനിമാലിയ, ഫൈലം കോര്‍ഡേറ്റ, സബ് ഫൈലം വെര്‍ട്രിബ്രാറ്റ, ക്‌ളാസ്സ് മാമലിയ, ഓര്‍ഡര്‍ പ്രൈമേറ്റ്, കുടുംബം ഹോമിഡൈ. ഇനി ചിത്രത്തിലെ ഹോമിഡെ യില്‍ നിന്ന് ഹോമോയിലേക്ക് അവിടെനിന്നും ഹോമോ ഹാബിലസ്-ഇറക്റ്റസ്-സാപിയന്‍സ് എന്നിങ്ങനെയുള്ള ഉപസ്പീഷിസുകളും കടന്ന് മനുഷ്യനിലെത്തിച്ചേരാന്‍ എത്ര സഞ്ചരിക്കണമെന്ന് നോക്കൂ. പക്ഷെ ഇവിടെ ഹസ്സിയുടെ അഭിപ്രായത്തില്‍ ഹോമിഡൈ വിഭാഗത്തില്‍പ്പെട്ട ഏതെങ്കിലും ഒരു ജീവിയുടെ ഫോസില്‍ ലഭിക്കുന്നതോടെ മനുഷ്യനും ഫോസില്‍ പട്ടികയിലായി! മനുഷ്യന്റെ ഒരെല്ലുപോലും കിട്ടേണ്ട കാര്യമില്ല! ഓര്‍ഡറും ക്‌ളാസ്സും പരിഗണിച്ചാല്‍ ശതമാനക്കണക്ക് കുറച്ചുകൂടി ഉയരും. ഫൈലത്തിലെത്തുമ്പോള്‍ നൂറിനോടടുക്കും കിംഗ്ഡമാണെങ്കില്‍ നൂറില്‍ നൂറും ഉറപ്പാണ്. ഭൂരിപക്ഷം ഫോസിലുകളും ലഭിച്ചിട്ടും മധ്യരൂപ ഫോസിലുകളില്ലെന്ന് സ്ഥാപിക്കാനാണ് സാബ് ഈ കുതന്ത്രം പയറ്റുന്നത്. എന്നാല്‍ ഇവിടെ മുന്നോട്ട് ജനുസ്സിലേക്ക് വന്നാല്‍ ശതമാനക്കണക്ക് കുത്തനെ ഇടിയുന്നതുകാണാം. സ്പീഷിസിലെത്തിയാല്‍ പിന്നെയും താഴും. ഉപസ്പീഷിസിലേക്ക് കടക്കുമ്പോള്‍ വീണ്ടു കുറയും...1% പോലും കിട്ടാത്തവ നിരവധിയെന്ന് വരും. അപ്പോള്‍ ഭൂരിപക്ഷം ഫോസിലുകളും ലഭിച്ചിട്ടുണ്ടെന്ന വാദത്തിലെ കള്ളി വെളിച്ചാത്താകും. അതിനാലാണ് ഹസ്സി കുടുംബത്തില്‍ പിടച്ചത്. ഇത് ഹസ്സിയുടെ സ്വന്തം ബുദ്ധിയല്ല, മറിച്ച് ക്രിസ്ത്യന്‍ സൃഷ്ടിവാദ സാഹിത്യത്തില്‍ നിന്നും 'expert in many field'(including photostat work) നിര്‍ലജ്ജം പകര്‍ത്തിയതാണ്.



ഒരു പുസ്തകരചയികതാവ് പരസ്പരബന്ധമില്ലാതെ ഇങ്ങനെയൊക്കെ എഴുതിവെക്കുന്നതിലും ഉഡായിപ്പ് നടത്തുന്നതിലും മാന്യവായനക്കാരാ, നിങ്ങള്‍ക്ക് സങ്കടമുണ്ടോ? ദയവായി വിട്ടുകളഞ്ഞേക്കുക, 'സാബിന് സോഫയിലും ആകാം' എന്നല്ലേ പ്രമാണം. കിട്ടുന്ന അവസരമൊന്നും കളഞ്ഞുകുളിക്കുന്ന ശീലം സാബിനുമില്ലല്ലോ.

Tuesday, June 21, 2011

ഭൂമിക്ക് മുമ്പേ പിറന്ന വൈറസ് കുട്ടന്‍മാര്‍

പണ്ട് പണ്ട്, ഏതാണ്ട് 500 കോടി ഭൗമവര്‍ഷങ്ങള്‍ക്കുമുമ്പ്, ഗാലക്‌സികളും നെബുലകളും പൂര്‍ണ്ണമാകുന്നതിന് മുമ്പ്, ഒരു സായന്തനത്തില്‍, രണ്ടു വൈറസ്‌കുട്ടന്‍മാര്‍ സായാഹ്ന സവാരിക്കിറങ്ങി. എതിരെവന്ന ആദിമ ഗാലക്‌സികളിലെ മൈക്രോബുകള്‍ അവരോട് ചോദിച്ചു:

‘ഉണ്ണികളെ, ആരാണ് നിങ്ങള്‍? നക്ഷത്രമേത്? ഏതു ഗ്രഹം?’

‘ഞങ്ങളുടെ അച്ഛന്‍ സൂര്യന്‍, ഭൂമി അമ്മ’

‘എന്നിട്ടും നിങ്ങള്‍ ഈ പ്രപഞ്ചവീഥികളില്‍ അഭയാര്‍ത്ഥികളെപ്പോലെ?’

‘ഭൗമവൈറസുകളാണ് ഞങ്ങള്‍, ഞങ്ങളുടെ വാസസ്ഥലമൊരുങ്ങാന്‍ ഇനിയും 500 ദശലക്ഷം ഭൗമവര്‍ഷം കൂടി വേണം.'

’വിചിത്രം ഉണ്ണികളെ, വാസസ്ഥലമില്ലാതെ പിറവിയെങ്ങനെ? നിങ്ങളെ സൃഷ്ടിച്ചതാര്?‘

’ഞങ്ങളറിയില്ലവനെ. അവന്റെ ജനനം 500 കോടി ഭൗമവര്‍ഷങ്ങള്‍ അകലെ‘

(നാസ്തികനായ ദൈവ’ത്തിലെ ആരംഭത്തിലെ 'കുട്ടിയും ദൈവവും‘ എന്ന ലഘുകവിത ശ്രീ.വി.കെ ശ്രീരാമന്‍ ഈ ലക്കം ഭാഷാപോഷിണിയില്‍ പുന:സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. അത്തരമൊരു പാരഡി ശ്രമിച്ചുനോക്കിയതാണ്. സാഹിത്യം ഗൗരവമായി കാണുന്നവര്‍ ദയവുചെയ്ത് മാപ്പാക്കണം)

തങ്ങളെ സൃഷ്ടിച്ചതാരാണെന്ന് അന്ന് ആ പാവം വൈറസ് കുട്ടന്‍മാര്‍ക്കറിയില്ലായിരുന്നു. പക്ഷെ ഇന്നു നമുക്കതറിയാം. ആ മഹത് താരം കണ്ണില്‍ കണ്ടതെല്ലാം കണ്ടിച്ച് കലിമൂത്ത് മധ്യകേരളത്തില്‍ വസിക്കുകയാണ്. ഇംഗ്ലീഷില്‍ അവന്‍ ‘മൈക്ക് ഹസ്സി’എന്നറിയപ്പെടുന്നു


ഇനി പൂജ്യം പറഞ്ഞ് ആക്ഷേപിക്കുന്നുവെന്ന ആരോപണം പരിഗണിച്ച് സംഗതി നിറുത്തുകയാണ്. ഹുസൈന്റെ കാലഗണനാക്രമത്തില്‍ പൂജ്യം വരാത്ത മറ്റൊരു ഭോഷത്തരത്തിലേക്ക് ആരവപ്പെണ്‍കൊടികള്‍ക്ക് സ്വാഗതം. വൈറസാണ് ഇവിടെ കഥാനായകന്‍. വൈറസ് എന്നാല്‍ കുര്‍-ആനിലെ ജിന്നുകളാണെന്ന് സാബ് പണ്ടെങ്ങോ പ്രസംഗിച്ച കാര്യം ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു. 

പുസ്തകത്തിന്റെ 130 -ആം പേജില്‍ ഇങ്ങനെ വായിക്കാം:

"എച്ച്.ഐ.വി ഒരു റിട്രോ വൈറസാണ്. ഏകകോശജീവികളായ ബാക്റ്റീരിയകളേക്കാള്‍ മുമ്പാണ് ഇവയുടെ ഉല്‍പത്തിയെന്ന് പരിണാമവാദികള്‍ തന്നെ പറയുന്നു. അക്കാലം മുതലേ, അതായത്, അഞ്ഞൂറിലേറെ കോടി വര്‍ഷങ്ങള്‍ക്കു മുമ്പു മുതലേ വൈറസുകള്‍ പ്രതിരോധത്തെ മറികടക്കുന്ന പരിണാമപരമായ മാറ്റങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്....."(പരിണാമസിദ്ധാന്തം: പുതിയ പ്രതിസന്ധികള്‍- പേജ് 130, പാര-4).


പരിണാമവാദികളെല്ലാം അങ്ങനെയാണോ പറയുന്നത്? സാബ് ജനത്തെ തെറ്റിദ്ധിരിപ്പിക്കുകയാണോ? തീര്‍ച്ചായായും രണ്ടാമത്തെ കാര്യത്തിലാണ് സാബിന് കൂടുതല്‍ പ്രാഗത്ഭ്യം. വൈറസുകള്‍ പരാദങ്ങളാണ്. അതിഥേയ ജീവിശരീരത്തിലേ അവയ്ക്കു ജീവനും പ്രജനനക്ഷമതയുമുള്ളു. സ്വതന്ത്രനിലയില്‍ ശരിക്കും ജനിതകപദാര്‍ത്ഥമായി വേണം അവയെ പരിഗണിക്കാന്‍. പ്രകടമായ കാരണങ്ങളാല്‍ വൈറസുകള്‍ ഫോസിലുകള്‍ അവശേഷിപ്പിക്കില്ല. ഏതെങ്കിലും ജീവരൂപങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് വൈറസ് നിലനിന്നിരുന്നുവെങ്കില്‍ പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ വൈറസുകളുടെ തുടക്കം എപ്പോഴാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ജീവനുണ്ടാകുന്നതിന് മുമ്പ് സ്വതാന്ത്രവാസ്ഥയില്‍ വൈറസുകള്‍ ജനിതതന്മാത്ര തലത്തില്‍ നിലനിന്നുണ്ടാകുമോ? അത്തരം സാധ്യത കുറവാണെന്നാണ് ശാസ്ത്രലോകം പൊതുവെ വിലയിരുത്തുന്നത്. ജീവിശരീരം ഉണ്ടായതിനു ശേഷമാണ് വൈറസുണ്ടായതെന്ന വാദത്തിനാണ് മുന്‍തൂക്കം. ബാക്റ്റീരിയ തന്നെയാണ് ആദ്യമുണ്ടായതെന്നാണ് പരിണാമ വിദഗ്ധര്‍ക്കിടയിലെ ഭൂരിപക്ഷനിഗമനം. വൈറസുകള്‍ ബാക്റ്റീരിയകള്‍ക്കൊപ്പമുണ്ടായെന്നും, മറ്റ് ജീവികളില്‍ മാത്രം കാണപ്പെടുന്ന വൈറസുകള്‍ അതാതിനൊപ്പം ആരംഭിച്ചുവെന്നും അനുമാനിക്കപ്പെടുന്നു. ആദ്യ ബാക്റ്റീരിയ ഉണ്ടായത് 350 കോടി വര്‍ഷത്തിന്മുമ്പാണെന്നതും ഭൂമിയുണ്ടായി ആദ്യ 100 കോടി വര്‍ഷങ്ങളില്‍യാതൊരു ജനിതക-ജീവ രൂപങ്ങളും ഉണ്ടായിട്ടില്ലെന്നുമാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്. 450-460 കോടി വര്‍ഷം പ്രായമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട ഭൂമിയില്‍ ആദ്യ നൂറ് കോടി വര്‍ഷം ജൈവ-ജനിതകസാധ്യതകള്‍ നിലനിന്നിരുന്നില്ല. ശാസ്ത്രലോകം തര്‍ക്കരഹിതമായി അംഗീകിരക്കുന്ന വസ്തുതയാണിത്. വൈറസുകളുടെ ഉത്ഭവം സംബന്ധിച്ച് പ്രധാനമായും മൂന്ന് പരികല്‍പ്പനകളാണുള്ളത്. 


1. പശ്ചാത്ഗമന പരികല്‍പ്പന അഥവാ റിഗ്രസീവ് ഹൈപ്പോതീസിസ് (Regressive hypothesis )- ജീവനുള്ളിടത്തൊക്കെ വൈറസുണ്ടായിരുന്നു. മിക്കവാറും ആദ്യ ജീവകോശം ഉണ്ടായപ്പോള്‍ വൈറസുമുണ്ടായി. 
                                          
2. കോശാരംഭ പരികല്‍പ്പന (Cellular origin hypothesis)-വൈറസ് ഒരിക്കല്‍ വലിയ കോശങ്ങളില്‍ പരാദങ്ങളായി വസിച്ചിരുന്ന ചെറിയ കോശങ്ങളായിരുന്നു.

3. സഹപരിണാമ പരികല്‍പ്പന (Co-evolution hypothesis-ഏറെക്കുറെ ആദ്യം വൈറസ് എന്ന വാദമാണിത്. ആദ്യജീവകോശമുണ്ടായ അതേ സമയത്തുതന്നെ വൈറസുകള്‍ ഉണ്ടായി. അല്ലെങ്കില്‍ തൊട്ടുമുമ്പ് ന്യൂക്‌ളിക് ആസിഡും പ്രോട്ടീനും കലര്‍ന്ന സങ്കീര്‍ണ്ണ തന്മാത്രകളായി നിലനിന്നു.


വൈറസ് ആദ്യമുണ്ടായെന്ന സങ്കല്‍പ്പത്തിന് ഭൂരിപക്ഷ പിന്തുണയില്ലെന്ന് സൂചിപ്പിച്ചല്ലോ. 350 കോടി വര്‍ഷത്തിന് മുമ്പുള്ള സയനോ ബാക്റ്റീരിയ തന്നെയാണ് ഇന്നും അറിയപ്പെടുന്ന ആദ്യ ജൈവരൂപം. ഒരു ജൈവരൂപത്തിനേ പരാദത്തെ പോറ്റാനാകൂ. ജീവിശരീരമുണ്ടങ്കിലേ വൈറസിന് പരിണമിക്കാനുമാവൂ. ഇതാണ് പൊതുതത്വം. നമുക്കിത് മാറ്റിവെച്ച് വൈറസ് തന്നെ ആദ്യമുണ്ടായി എന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം. ഇനിയാണ് ഹുസൈന്റെ കാലഗണനാക്രമം പൂജ്യരഹിതമായ തമാശയ്ക്ക് ജന്മം നല്‍കുന്നത്. ഭൂമിക്ക് പ്രായം 450-60 കോടിയാണെന്ന് സാബ് 25 വര്‍ഷമായി എഴുതിവരുന്ന കാര്യമാണ്. എല്ലാ പൊത്തകങ്ങളിലും അതുതന്നെയാണ് എഴുതിയിട്ടുള്ളത്. അങ്ങനെയെങ്കില്‍ 450 കോടി വര്‍ഷം പഴക്കമുള്ള ഭൂമിയില്‍ 500 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രതിരോധത്തെ മറികടക്കുന്ന പരിണാമമാറ്റങ്ങള്‍ പ്രകടിപ്പിക്കുന്ന വൈറസുകള്‍, സോറി, ജിന്നുകള്‍ എങ്ങനെയുണ്ടായി? ബൂലോകമേ നമിച്ചാലും! ഭൂമിക്ക് മുമ്പേ പിറന്ന ബാസ്റ്റാഡുകളാണ് വൈറസുകളെന്ന് സാബ് തുറന്നടിക്കുന്നു. ബൂലോകമേ നമിച്ചാലും!




Tuesday, June 14, 2011

പാര്‍വതിപരിണയം !!

പണ്ട് ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന എന്‍.ടി. രാമറാവുവിന് അവാസനകാലത്ത് ഒരു ഭാര്യയുണ്ടായിരുന്നു-ലക്ഷി പാര്‍വതി. മക്കളും മക്കളുടെ മക്കളുമൊക്കെ ഉണ്ടായിരുന്ന റാവുവില്‍ ഒരു 'ക്‌ളെയിം' ലഭിക്കാനായി എഴുപതുകളുടെ അവസാനപാദത്തിലെത്തിയ റാവുവിന്റെ ഒരു കുട്ടിയെ എങ്ങനെയെങ്കിലും പ്രസവിക്കണമെന്ന ആഗ്രഹം ആ മഹിളയ്ക്കുണ്ടായി. അതിനായി ആ ദേവി റാവു മാമനെ പല കടുംകയ്യുകള്‍ക്കും പ്രേരിപ്പിച്ചുവത്രെ. വന്‍തോതില്‍ ഉത്തേജക ഔഷധങ്ങള്‍ കൊടുത്ത് പാര്‍വതി റാവുവിനെ കൊല്ലാക്കൊല ചെയ്യുകയാണെന്ന് പറഞ്ഞ് മറ്റ് കുടുംബാംഗങ്ങള്‍ കേസു വരെ ഫയലു ചെയ്യുകയുണ്ടായി. ഇവിടെ സത്യാന്വേഷിയെന്ന വിരുതന്‍ ശങ്കു ദിവസങ്ങളായി തിണ്ണ നിരങ്ങി പാവം ഖണ്ഡകാരനെ ഉത്തേജിപ്പിച്ച് ഒരു ചാപ്പിള്ളയെ സംഘടിപ്പിച്ചെടുത്തിരിക്കുന്നു. എന്റെ ചക്കര അന്വേഷി, നിങ്ങളിനി എത്ര ഉത്തേജിപ്പാച്ചാലും സാബിനെക്കൊണ്ട ഇതൊക്കെയേ പറ്റൂ. ഉടുതുണിയും നിക്കറും നഷ്ടപ്പെട്ട് നില്‍ക്കുന്ന സാബ് എന്തും ചെയ്യുന്ന അവസ്ഥയിലാണെന്ന് വിരുതനായ താങ്കള്‍ മനസ്സിലാക്കിയത് ശരി തന്നെ. പക്ഷെ ആ പാവത്തെ ഇനിയും ഇങ്ങനെ അപമാനിക്കാമോ? എന്റെ സാബേ, പരമ കഷ്ടം, തോന്നി. ഞാന്‍ വിചാരിച്ചു, ഏതോ യമണ്ടന്‍ തെര്‍മല്‍-കോസ്മറ്റിക്ക് കൊനന്‍്ഡ്രവുമായി വന്ന് ഈയുള്ളവന്റെ തല കൊയ്യുമെന്ന്. പുറത്തുവന്നപ്പോള്‍...അയ്യേ ഛേയ്, പറയുന്നതുപോലും നാണക്കേടുതന്നെ.

ആദ്യ വാചകം തന്നെ പുഴുങ്ങിയ പച്ചക്കള്ളമല്ലേ സര്‍? എങ്ങനെയാണ്'കോടി' എന്നെഴുതുമ്പോള്‍ ഒരു പൂജ്യം കൂടുന്നത്? അതെന്ത് രോഗമാണ്? ഈ അസുഖം ഇക്കാര്യത്തിലേ മാത്രമേ ഉള്ളോ? 'എന്റെ കൃതിയില്‍' എന്നല്ല സാറേ-'കൃതികളില്‍' എന്ന് വെടിപ്പായി പിടി്‌ച്ചെഴുതണം. 'വികൃതികളില്‍' എന്നാക്കിയാല്‍ കുറേക്കൂടി നന്നാവും. "കഴിഞ്ഞ 25 വര്‍ഷമായി എട്ടോളം വരുന്ന എന്റെ കൃതികളില്‍ പൂജ്യം കൂടിവരുന്നതായി കാണുന്നു. ഇതൊരു രോഗമാണോ ഡോക്ടര്‍?" എന്നുവേണം അവസാനിപ്പിക്കാന്‍. കൂട്ടിയപ്പോള്‍ പൂജ്യം കൂടിപ്പോയതാണെത്രെ! സാബിനോട് കൂട്ടാന്‍ ആരാ പറഞ്ഞത്? ഇതൊക്കെ ആണ്‍പിള്ളേര്‍ പണ്ടേ കൂട്ടിവെച്ചിട്ടുണ്ട്. അതൊക്കെ കൃത്യമായി ഉപയോഗിക്കാന്‍ പഠിച്ചാല്‍ മതി.അല്ലാതെ സാബായി കൂട്ടി മാളോരെ ചിരിപ്പിക്കേണ്ട കാര്യമുണ്ടോ? സമ്മതിച്ചുവത്രെ? സമ്മതിക്കാതെ പിന്നെ എന്തു ചെയ്യാനാ? ലോകത്തുള്ളവരെല്ലാം സാറിന്റെ തെറ്റ് ശരിയാക്കാനായി കയ്യിലിരിക്കുന്ന പുസ്തകം തിരുത്തണോ? തിരുത്തിയത് സാബിന്റെ ഗതികേടാണ്. ഗതികേടിനെ ഔദാര്യമാക്കല്ലേ സാബേ? 

ഇനിയും തിരുത്താന്‍ എന്തെല്ലാ കിടക്കുന്നു. 'മദ്യലോകം' കൂടി ഒന്നു തിരുത്തിക്കേ, എന്നിട്ടു വേണം അടുത്തത് തരാന്‍.

മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിയെന്നല്ല, മില്യണ്‍ കോടിയാക്കുമ്പോഴൊക്കെ കഴിഞ്ഞ 25 വര്‍ഷമായി ഒരു പൂജ്യം കൂടുന്നു. ഒരാള്‍ക്ക് 25 വര്‍ഷം നീളുന്ന അശ്രദ്ധയോ?  കാലഗണനയുടെ കാര്യം വരുമ്പോള്‍ സാബിന്‌ കാര്യമായ അബദ്ധങ്ങള്‍ പിണയുന്നു. അതാണ് ഞാന്‍ പച്ച മലയാളത്തില്‍ പറഞ്ഞത്. ഇത് അശ്രദ്ധയല്ല, തമോഗര്‍ത്ത സമാനമായ അജ്ഞതയാണ്. ഇംഗ്ലീഷില്‍ മില്യണ്‍, ബില്യണ്‍ എന്നീ പദങ്ങളുടെ ശരിക്കുള്ള അര്‍ത്ഥം സാബിന് അറിയില്ലായിരുന്നു. അശ്രദ്ധ കറക്ഷനിലൂടെ പരിഹരിക്കാം. അജ്ഞതയ്ക്ക് പുനര്‍വിദ്യാഭ്യാസം ആവശ്യമാണ്. ബൂലോകത്ത് വന്നതിന് ശേഷം സാബിന് ലഭിക്കുന്നത് അതാണ്.


ഇനി സമയംക്രമം വിവരിക്കുന്നതില്‍ സാബിന്റെ ശ്രദ്ധയും ഭാഷയും തിരിച്ചറിയാന്‍ ഒരു ടെസ്റ്റ് ഡോസ്:

> 'ഇരുനൂറ് കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള, കേബ്രിയന് തൊട്ടുമുമ്പുള്ള പ്രോട്ടിരോസോയിക് ഘട്ടത്തിലെ ബഹുകോശ ജീവികളുടേതെന്ന് സംശയിക്കപ്പെടുന്ന ചില ജീവരൂപങ്ങള്‍ കണ്ടെത്തിയതായി ചില പുരാജീവി ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു' (ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പേജ്,48, പാര,3) - (OK)

> '50-60 കോടി വര്‍ഷങ്ങള്‍ മാത്രം പഴക്കമുള്ള ഓര്‍ഡോവിഷ്യന്‍ യുഗത്തിന്റെ ആദ്യഘട്ടത്തില്‍...' (ഡാര്‍വിനിസം പ്രതീക്ഷയും പ്രതിസന്ധിയും, പേജ് 48) ഓര്‍ഡോവിഷ്യന്‍ കാലഘട്ടം എഴുതിയിരിക്കുന്നത് ഒന്നു ശ്രദ്ധിച്ചേ, എത്ര കറക്ട്! കുഴപ്പമില്ല അടുത്ത എഡിഷനില്‍ മാറ്റിയാല്‍ മതി)

> 'ഭൂശാസ്ത്രജ്ജരുടെ കാലഗണനയില്‍ ഏറ്റവും താഴെയായി പ്രത്യക്ഷപ്പെടുന്നത് പ്രീ-കേംബ്രിയന്‍ യുഗമാണ്. അതിനെ രണ്ടുയുഗങ്ങളായി വീണ്ടും വിഭജിച്ചിട്ടുണ്ട്. 460 കോടി വര്‍ഷം പഴക്കമുള്ള ആര്‍ക്കിയോസോയിക്, 200 കോടി വര്‍ഷം പഴക്കമുള്ള പ്രോട്ടിരോസോയിക് എന്നിങ്ങനെ. ഇതിന്റെ ആദ്യഭാഗങ്ങള്‍ കേംബ്രിയന്‍, ഓര്‍ഡോവിഷ്യന്‍, സിലൂരിയന്‍ എന്നീ യുഗങ്ങളാണ്''(ഡാര്‍വിനിസം :പ്രതീക്ഷയും പ്രതിസന്ധിയും, പേജ് 44, പാര 1)-എങ്ങനെയുണ്ട്?

'560 മില്യണ്‍ വര്‍ഷം പഴക്കമുള്ള കേംബ്രിയന്‍ പാറകളില്‍നിന്നും....'(ഡാര്‍വിനിസം പ്രതീക്ഷയും പ്രതിസന്ധിയും, പേജ് 55, പാര,1)-ഇവിടെ ശ്രദ്ധിക്കുക, എവിടെയെല്ലാം ഇംഗ്ലീഷ് മില്യണ്‍ അപ്പടി എടുത്തെഴുതുമ്പോഴോ അല്ലെങ്കില്‍ ദശലക്ഷം എന്നു തര്‍ജമ ചെയ്യുമ്പോഴോ സാബിന് അശ്രദ്ധയില്ല. കാരണം അതങ്ങനെയല്ലേ പറ്റൂ. അവിടെ തെറ്റാന്‍ യാതൊരു ചാന്‍സുമില്ലല്ലോ.


ഇതെന്താ സാബേ പണ്ടെങ്ങുമില്ലാത്ത പോലെ കോപ്പ്--കോപ്പ്-കോപ്പ്-കോപ്പ് .. കുഴപ്പമായോ? അതോ തനിക്കൊണം പുറത്തുവരുന്നതാണോ? ശ്രീ.രവിചന്ദ്രന്‍ പറഞ്ഞു നോട്ടപ്പിശകാണെന്ന്. അതും സാബിനോട് നേരിട്ട്. സാബത് പരസ്യമാക്കി. പ്രൂഫ് റീഡിംഗ് ഡെസ്‌ക്കില്‍ തിരുത്തണ്ട ഒരു കാര്യം. ഒരു സാമാന്യ മര്യാദപോലുമില്ലാതെ താങ്കള്‍ സ്വന്തം പൊത്തകത്തില്‍ വലിച്ചു കയറ്റി. ചില കൊച്ചുകുട്ടികള്‍ അപ്പിയും കമ്പില്‍ കുത്തിയെടുത്ത് തുള്ളിച്ചാടി നടക്കുന്നതുപോലെ അതുമായി ബ്രേക്ക് ഡാന്‍സും തുടങ്ങി. വാക്ക് മാറിപ്പോയെന്ന് എഴുതിയ ആള്‍തന്നെ പറഞ്ഞ സ്ഥിതിക്ക് പിന്നെയും താങ്കള്‍ ദഫുമുട്ട് നടത്തേണ്ട കാര്യമെന്തായിരുന്നു? അപ്പോഴാണ് സാബിന്റെ കഷായം സാബിനും തന്നുതുടങ്ങിയത്. വല്ലാതെ കയ്ക്കുന്നു, അല്ലേ? കുഴപ്പമില്ല, ആദ്യത്തെ ബുദ്ധിമുട്ടേ ഉള്ളൂ. പിന്നീടത് ഒരു ശീലമായിക്കൊള്ളും.

ഇപ്പോള്‍ തര്‍ജമ, തര്‍ജമ എന്നും പറഞ്ഞാണ്‌ നടപ്പ്. തര്‍ജമ നടന്നിട്ടില്ലെന്ന് പറഞ്ഞതിനര്‍ത്ഥം തര്‍ജമ നടന്നിട്ടില്ലെന്ന് തന്നെയാണ് സാബേ. കൃത്യമായി അളന്നുതൂക്കി തന്നെയാണത് പറഞ്ഞത്. ക്വട്ടേഷന്‍ മാര്‍ക്കുണ്ടാകാം, റസ്സലിന്റെ വാക്കുകളാവാം. പക്ഷെ മറ്റെല്ലാ പദങ്ങളും അവിടെ മലായാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെടുന്നുവെങ്കിലും Telescope എന്ന ഇംഗ്ലീഷ് പദം തര്‍ജമ ചെയ്യപ്പെട്ടിട്ടില്ല. കാരണം ടെലസ്‌ക്കോപ്പിന്റെ മലയാളം ദൂരദര്‍ശിനി എന്നാണ്. ടെലസ്‌ക്കോപ്പിന് പകരം മൈക്രോസ്‌ക്കോപ്പെഴുതുന്നത് തര്‍ജമയല്ല മാറിപ്പോയതാണ്. മറിച്ച് 'താത്വികമായി' തെളിയിക്ക്.

 സാബിന്റെ 'കോപ്പ്'ഞാന്‍ വിശദീകരിച്ചത് യുക്തിസഹമായി തന്നെയാണ്. ചുണയുണ്ടെങ്കില്‍ മറിച്ച് തെളിയിക്ക്. ഇക്കാര്യത്തില്‍ സാബിന് ചുട്ടുതിന്നാന്‍ യാതൊന്നുമില്ലെന്ന് ബോധ്യപ്പെടുത്താന്‍ തന്നെയാണ് കാര്യം വിശദീകരിച്ചത്. അതായത് മുങ്ങിത്താഴുന്ന സാബിന് കച്ചിത്തുരുമ്പുപോലുമില്ലെന്ന് ബോധ്യപ്പെടുത്താന്‍. റസ്സലിന്റെ ചായക്കപ്പ് ഇല്ലാത്തതാണ്, ഉപമയാണ്, സാങ്കല്‍പ്പിക സാഹചര്യം വിശദീകരിക്കുന്നതാണ്. അവിടെ കോപ്പുകള്‍ മാറിപ്പോയതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഭൂമിയില്‍ നിന്ന് ടെലസ്‌ക്കോപ്പ് ഉപയോഗിച്ച് ചൊവ്വയുടേയും ഭൂമിയുടേയും ഭ്രമണപഥങ്ങള്‍ക്കിടയിലുള്ള ചായക്കപ്പ് സാബിന് കണ്ടെത്താനാവുമോ? അതിന് ഉത്തരം ആദ്യം പറയുക. അങ്ങനെയൊരും ടെലസ്‌ക്കോപ്പ് നിര്‍മ്മിക്കാന്‍ സാബിന് സാധിക്കുമോ? ടെലസ്‌ക്കോപ്പ് നിര്‍മ്മാണത്തില്‍ ദൂരവും വലുപ്പവും തമ്മില്‍ ഒരു സവിശേഷ അനുപാതമുണ്ട്. ടെലസ്‌ക്കോപ്പ് നിര്‍മ്മാണത്തിന്റെ ബേസിക്‌സ് പഠിച്ചത് മറന്നുപോയോ സാബ്? ചെറിയ വസ്തുക്കള്‍ക്ക് മൈക്രോസ്‌ക്കോപ്പു തന്നെയാണ് വേണ്ടത്. നാമിന്ന് ഉപയോഗിക്കുന്ന മൈക്രോസ്‌ക്കോപ്പ് അതിന് സഹായകരമാകണമെന്നില്ല(നാമിപ്പോള്‍ ഉപയോഗിക്കുന്ന ടെലസ്‌ക്കോപ്പ് ഉപയോഗപ്രദമല്ല എന്നതുപോലെ). രണ്ടായാലും വസ്തു ദൂരെയാണെങ്കില്‍ ടെലസ്‌ക്കോപ്പും ചെറുതാണെങ്കില്‍ മൈക്രോസ്‌ക്കോപ്പും തന്നെയാണ് വേണ്ടത്. ദൂരെയും ചെറുതുമായാല്‍ രണ്ടും ശരിയാകില്ല. ദൂരെയുള്ള വലിയ വസ്തുക്കളെ കണ്ടെത്താനാണ് ടെലസ്ക്കോപ്പ്. ഇവിടെ ദൂരത്തിന്റെ കാര്യമേ ശരിയാകുന്നുള്ളു. വലുപ്പം ശരിയാകുന്നില്ല. ടെലസ്‌ക്കോപ്പ് ഉപയോഗിച്ചാലും ശരിയാകുന്നില്ലെന്നര്‍ത്ഥം. അപ്പോള്‍ ടെലസ്‌ക്കോപ്പ് പകുതി ശരിയും പകുതി തെറ്റുമാണ്. മൈക്രോസ്‌ക്കാപ്പും പകുതി ശരിയും പകുതി തെറ്റുമാണ്. രണ്ടും ശരിയും തെറ്റുമാണ്. അല്ലെന്ന് സമര്‍ത്ഥിക്കണം സര്‍.  വെറുതെ നെഞ്ചുപൊട്ടി വിലപിക്കാതെ യുക്തിസഹമായി സമര്‍ത്ഥിക്കൂ.   കണ്ണില്‍ കണ്ടതെല്ലാം സമര്‍ത്ഥിക്കുന്നയാള്‍ ഇപ്പോള്‍ എന്തേ പരുങ്ങുന്നത്? ഞാനാദ്യമേ പറഞ്ഞൂ. ഇതൊന്നും എനിക്ക് താല്‍പര്യമുള്ള വിഷയമല്ലെന്ന്. പിന്നെ സാബ് ശ്രീ.രവിചന്ദ്രന്‍ തന്നെ സമ്മതിച്ചെന്നു പറഞ്ഞ ഒരു കാര്യമിട്ട് കുലുക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു കോപ്പ് ഇങ്ങോട്ടു തന്നാല്‍ രണ്ടെണ്ണം അങ്ങോട്ടു തരണമെന്ന് തോന്നി. അത്രയേ ഉള്ളു. അത് പൂര്‍വാധികം ശക്തിയായി തുടരുകയും ചെയ്യും. ഒരു ഉത്തേജകവും താങ്കള്‍ക്കിനി ഗുണം ചെയ്യില്ല സര്‍.  

അപ്പോ 'കോപ്പി്‌ന്റെ' കാര്യം അത്രയേ ഉള്ളു. വീണിതല്ലോ കിടക്കുന്നു ധരണിയില്‍... ഇനിയും കിടക്കുകയല്ലേ കാര്യങ്ങള്‍! ബില്യണ്‍-മില്യണ്‍, മധ്യലോകം-മദ്യലോകം, നാനൂറ് കോടി കൊല്ലം പഴക്കമുള്ള ഞാഞ്ഞൂലുകള്‍,ഹക്‌സിലി വില്‍ഫര്‍ ഫോഴ്‌സ്, ഇലക്ട്രോണ്‍ ശോഷണം-ട്രാന്‍സ്ഫര്‍....പഴയ കടങ്ങള്‍, ഇനി റിലീസിംഗ് നടത്താനുള്ള തമാശകള്‍. അതൊക്കെ ഇനി എപ്പോഴാ? കുമ്പസാസങ്ങളുടെ അടുത്ത പരമ്പരകള്‍ ഇനിയെന്നുവരും?