Sunday, March 13, 2011

മ്യൂട്ടേഷനുകളും ജനിതകവ്യതിയാനങ്ങളും


എന്താണ്‌ മ്യൂട്ടേഷൻ?

     ജീവജാലങ്ങളിൽ ആകസ്മികമായി സംഭവിക്കുന്ന പാരമ്പര്യസ്വഭാവമുള്ള മാറ്റങ്ങളെയാണ്‌ മ്യൂട്ടേഷൻ(Mutation) എന്ന് പറയുന്നത്. പാരമ്പര്യ സ്വഭാവങ്ങൾ നിയന്ത്രിക്കുന്നത് ജീനുകളാണ്‌. ജീനുകളിലുണ്ടാകുന്ന മാറ്റങ്ങൾ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം.

     സതസിദ്ധ മ്യൂട്ടേഷനുകൾ(Spontaneous Mutations)സൂക്ഷ്മജീവികളിൽ മുതൽ മനുഷ്യരിൽ വരെ കണപ്പെടുന്നു. മ്യൂട്ടേഷനുകൽ യാഥൃശ്ചികവും, ലക്ഷ്യരഹിതവും, അവ്യവസ്ഥിതവുമാണ്‌. മ്യൂട്ടേഷനുകൾ പലതും ജീവികൾക്ക് ഉപദ്രവകാരികളുമാണ്‌. മാരകമായ ഒരു മ്യൂട്ടേഷൻ പ്രഭാവി(dominant)യായിരുന്നാൽ അതിന്റെ ലക്ഷണം ഉടൻ പ്രകടമാവുകയും പ്രകൃതിനിർധാരണത്തിലൂടെ അവ ഭൂമുഖത്തുനിന്നും നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. തൽ ഫലമായി മാരകമായ ജീൻ അടുത്ത തലമുറയിലേക്ക് കൈമാറുന്നില്ല. എന്നാൽ മ്യൂട്ടേഷൻ അപ്രഭാവിയാണെങ്കിൽ ലക്ഷണം പ്രകടമാവുകയില്ല. അതുകൊണ്ട് ആ ജീനിനെതിരെ പ്രകൃതിനിർധാരണം പ്രവർത്തിക്കുന്നില്ല. അതിന്റെ ഫലം പുനരുല്പാദനം വഴി ഈ ജീൻ അടുത്ത തലമുറയിലേക്ക് വ്യാപിക്കാനിടയാകുന്നു എന്നതാണ്‌. അപൂർവ്വം ചില മ്യൂട്ടേഷനുകൾ ഉപകാരപ്രദമാണെങ്കിലും അവയുടെ ആവൃത്തി കേവലം 0.1 ശാതമാനം മാത്രമാണ്‌.

     ഡി എൻ എയുടെ തന്മാത്രാഘടനയിൽ മാത്രമല്ല, ക്രോമസോമിന്റെ എണ്ണത്തിലും ഘടനയിലും യാദൃശ്ചികമായി സംഭവിക്കുന്ന മാറ്റങ്ങളും മ്യൂട്ടേഷനിടയാക്കും. മ്യൂട്ടേഷനുകൾ പൊതുവെ ദോഷകരമാണെങ്കിലും അവ നിർധാരണത്തിലൂടെ നഷ്ടമാകുന്നു. എന്നാൽ പുതിയ സ്പീഷീസുകൾ ഉണ്ടാകുന്നതിൽ നിഷ്പക്ഷ മ്യൂട്ടേഷനുകൽ വലിയ പങ്കാണ്‌ വഹിക്കുന്നത്.

ജനിതകവ്യതിയാനം(Genetic Variation)


     ജനിതകവ്യതിയാനങ്ങളുടെ ഉറവിടം മ്യൂട്ടേഷനാണ്‌. ക്രോമസോമുകളുടെ എണ്ണത്തിലും ഘടനയിലുമുള്ള വ്യത്യാസങ്ങളും ഡി എൻ എ യിലെ ബേസ് ജോഡികളിലുണ്ടാകുന്ന മാറ്റങ്ങളും ജനിതകവ്യതിയാനം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ജനിതകവ്യതിയാനത്തിനുള്ള മറ്റൊരു കാരണം ജീൻ പ്രവാഹമാണ്‌. പരിണാമ പ്രക്രിയയ്ക്ക് അനിവാര്യമായ ഒരു ഘടകമാണ്‌ ജനിതകവ്യതിയാനം. ജനിതകവ്യതിയാനമില്ല്ലാതെ ജീവികൾ പരിണമിക്കുകയില്ല.

ഇനി എൻ എം ഹുസ്സൈന്റെ മൊഴിമുത്തുകളിലേക്ക് വരാം:

“2. “ജീവികളില്‍ സംഭവിക്കുന്ന മ്യൂട്ടേഷനുകളാണ് പ്രകൃതി നിര്‍ധാരണത്തിന് വഴിവെക്കുന്നത്” എന്നും സുശീല്‍ .അല്ല, മുഖ്യമായും വഴിവെക്കുന്നത് സ്വാഭാവിക ജനിതക വ്യതിയാനങ്ങളാണ്.മ്യൂട്ടേഷന്‍ അപൂര്‍വ്വമാണ്. മ്യൂട്ടേഷന്‍ നാശകരമാണ് എന്ന് എല്ലാ പരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്. മ്യൂട്ടേഷന്‍ വഴിയുള്ള പരിണാമം എന്ന സങ്കല്‍പ്പം തന്നെ അശാസ്ത്രീയമാണ്.

    പരിണാമം തന്നെ അംഗീകരിക്കാത്തയാളാണ്‌ പരിണാമത്തിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുന്നത് എന്ന വിരോധാഭാസം അവിടെ നില്ക്കട്ടെ.  എന്നാൽ ആധികാരികമായി പറയുന്ന അഭിപ്രായങ്ങൾ വിഡ്ഢിത്തങ്ങൾ കൂടിയായാലോ? മ്യൂട്ടേഷനിലൂടെയല്ല, മറിച്ച്‌ സ്വാഭാവിക ജനിതകവ്യതിയാനങ്ങളിലൂടെയാണ്‌ പ്രകൃതി നിർധാരണം നടക്കുന്നത് എന്നാണല്ലോ ശ്രീ. ഹുസ്സൈന്റെ വാദം. (ഇവിടെ പ്രകൃതി നിർധാരണം നടക്കുന്നു എന്ന് അദ്ദേഹം അറിയാതെ സമ്മതിച്ചുപോകുന്നത് നമുക്ക് കാണാം.) ഇതുകേട്ടാൽ തോന്നും മ്യൂട്ടേഷനും ജനിതകവ്യതിയാനത്തിനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന്. അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയുന്നത് പോകട്ടെ, ആ അഭിപ്രായം ആധികാരികമെന്ന നിലയിൽ പറഞ്ഞാലോ? കഷ്ടമെന്നല്ലാതെ എന്ത് പറയാൻ?

     ജനിതകവ്യതിയാനങ്ങളുടെ അടിസ്ഥാന കാരണം മ്യൂട്ടേഷൻ തന്നെയാണെന്ന കാര്യം അദ്ദേഹത്തിനറിയില്ല. അല്ലെങ്കിൽ തനിക്കുപറ്റിയ അമളി അദ്ദേഹം വ്യക്തമാക്കട്ടെ. വെള്ളത്തിലിട്ട സോഡിയത്തിന്റെ കാര്യത്തിലും, ഇലക്ട്രോൺ ശോഷണത്തെ ഇലക്ട്രോൺ കൈമാറ്റമായി തെറ്റിദ്ധരിച്ച കാര്യത്തിലും,  തെർമോഡൈനാമിക്സിന്റെ കാര്യത്തിലും സംഭവിച്ച ഒളിച്ചോട്ടം ഇവിടെ സംഭവിക്കില്ല എന്ന് കരുതുന്നു. അതല്ല, ശ്രീ. ഹുസ്സൈൻ തന്റ വാദത്തിൽ ഉറച്ചുനില്ക്കുന്നുവെങ്കിൽ അദ്ദേഹം ജനിതകവ്യതിയാനത്തിന്റെ മക്കാനിസം വെളിപ്പെടുത്തട്ടെ. അതോ ജനിതകത്തിൽ പ്രത്യേകമായ ഏതെങ്കിലും പ്രപഞ്ചാതീതശക്തിയുടെ ഊതിക്കയറ്റലോ അല്ലെങ്കിൽ വലിച്ചെടുക്കലോ നടക്കുമ്പോഴാണോ അവയിൽ വ്യതിയാനം സംഭവിക്കുന്നത്!!

Blind Cave Fish
    ചെറുജീവികളിൽ മുതൽ മനുഷ്യനിൽ വരെ നിരന്തരമായ മ്യൂട്ടേഷനുകൾ നടക്കുന്നുണ്ട്. ഉദാഹരണം ഗുഹാമൽസ്യ(Cave Fish)ങ്ങളുടെ കണ്ണിൽ നടക്കുന്ന മ്യൂട്ടേഷൻ. Amblyopsidae കുടുംബത്തിൽ പെട്ട ഈ ജീവികൾ ഇരുളടഞ്ഞ ഗുഹകളിലാണ്‌ ജീവിക്കുന്നത്. അവയ്ക്ക് കണ്ണുകൾ 'ആവശ്യകില്ലാത്ത' ഒരു അവയവമാണ്‌; കാരണം ഇരുട്ടിൽ കാണാൻ കഴിയില്ല. പക്ഷേ, കൂടുതൽ ഇനം Cave Fish കളിലും കണ്ണുകൾ കാണുന്നുണ്ട്, കണ്ണിന്റെ ഉപയോഗം നടക്കുന്നില്ലെങ്കിലും. (മനുഷ്യനിൽ അപ്പെൻഡിക്സ് പോലെ)ചിലയിനങ്ങളിൽ കണ്ണകളേ ഇല്ല. അതായത് മുമ്പ് ഉപയോഗയോഗ്യമായ കണ്ണുകൾ അവയ്ക്കുണ്ടായിരുന്നു; പിന്നീട് നടന്ന മ്യൂട്ടേഷനുകളിലൂടെ അവ നഷ്ടപ്പെടുകയായിരുന്നു. 

    മനുഷ്യനിലും കണ്ണുകളിൽ ഇത്തരം മ്യൂട്ടേഷനുകൾ നടക്കുന്നുണ്ട്. എന്നാൽ പ്രതികൂലമായ അത്തരം മ്യൂട്ടേഷനുകൽ അപ്പപ്പോൾ നീക്കം ചെയ്യപ്പെടുന്നു. എന്നാൽ Cave Fish കളിൽ അത്തരം മ്യൂട്ടേഷനുകൾ പ്രതികൂലമല്ലാത്തതിനാൽ മ്യൂട്ടേഷനുകൾ നിലനില്ക്കുകയും അതുമൂലം കണ്ണുകളുടെ പ്രവർത്തനവും പ്രസക്തിയും തന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു. ജീവികളുടെ നിലനില്പ്പിനുതന്നെ വെല്ലുവിളിയാകുന്ന മ്യൂട്ടേഷനുകൾ ഒന്നുകിൽ നീക്കം ചെയ്യപ്പെടുന്നു, അല്ലെങ്കിൽ ആ ജീവിതന്നെ ഭൂമുഖത്തുനിന്നും നീക്കം ചെയ്യപ്പെടുന്നു. എന്നാൽ പ്രതികൂലമല്ലാത്തെ മ്യൂട്ടേഷനുകൾ കുമിഞ്ഞുകൂടുമ്പോൾ അത് പരിണാമത്തിനു വഴിവെയ്ക്കുന്നു.

Blind Mole Rat
     blind mole rats ലും കണ്ണിന്റെ ശേഷിപ്പുകൾ കാണാമെങ്കിലും കണ്ണിന്റെ ഉപയോഗം നടക്കാത്ത ജീവികളാണ്‌. അവയുടെ കണ്ണകളിൽ സംഭവിച്ച മ്യൂട്ടേഷനുകൾ യഥാസമയം നീക്കം ചെയ്യപ്പെടാതെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോഴാണ്‌ കാഴ്ച നഷ്ടപ്പെടുന്നത്.
 Alabama Waterdog (Necturus alabamensis).
Alabama, USA
ഗുഹകളിൽ ജീവിക്കുന്ന ചിലയിനം സലമാണ്ടാറുകളും അന്ധരാണ്‌. ന്യൂട്ടുകളും സാലമാണ്ടറുകളും ഉൾപ്പെട്ട യൂറോഡീല ഓർഡറിൽ പെട്ട വിഭാഗമാണിത്. യൂഗോസ്ലാവിയയിലെ അരുവികളിൽ ജീവിക്കുന്ന നെക്ടൃയൂറസ് (Necturus) സ്ഥിരമായി ജലത്തിൽ ജീവിക്കുകയും ഗില്ലുകൾ ഉപയോഗിച്ച് ശ്വസനം നടത്തുകയും ചെയ്യുന്നു. എന്നാൽ മധ്യ അമേരിക്കയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ആംബിസ്റ്റോമ(Ambistoma) കരയിൽ ജീവിക്കുകയും ശ്വാസകോശമുപയോഗിച്ച് ശ്വസിക്കുകയും ചെയ്യുന്നു. എന്നാൽ ഇവ ലാർവാവസ്ഥയിൽ ജലത്തിൽ കഴിയുകയും ഗില്ലുകൾ ഉപയോഗിച്ച് ശ്വസിക്കുകയും ചെയ്യുന്നു. അതായത് ലാർവാവസ്ഥയിലെ ഗില്ലുകൾ പിന്നിട് പരിണമിച്ച് ശ്വാസകോശമാകുന്നു. 

Ambystoma opacum
മ്യൂട്ടേഷനുകൾ കാരണം നടക്കുന്ന ജനിതക വ്യതിയാനങ്ങളാണ്‌ പ്രകൃതിനിർധാരണത്തിലേക്കും അതുവഴി ജൈവപരിണാമത്തിലേക്കും നയിക്കുന്നത് എന്ന സത്യം ആരെല്ലാം അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം തന്നെയാണ്‌. ജനിതകവ്യതിയാനങ്ങളാണ്‌ പ്രകൃഹി നിർധാരണത്തിന്‌ വഴിവെയ്ക്കുന്നതെന്ന് സമ്മതിച്ചുപോകുന്ന ശ്രീ ഹുസൈന്റെ സൃഷ്ടിവാദത്തിന്‌ പിന്നെ എന്താണ്‌ പ്രസക്തി? മുൻ വിധികളുടെ തടവറയിൽ തളയ്ക്കപ്പെട്ട, ബുദ്ധിപണയം വെയ്ക്കപ്പെട്ട മതവാദികൾ സത്യത്തെ സത്യമായി അംഗീകരിക്കാൻ ഇനി എന്നാണ്‌ തയ്യാറാവുക? മതഗ്രന്ഥങ്ങളിലെ കാലഹരണപ്പെട്ട സൃഷ്ടി സങ്കല്പ്പത്തിൽ കുടുങ്ങി സയൻസിന്റെ വെളിച്ചത്തെ നിഷേധിക്കുന്നവർ കാലത്തെ പിറകോട്ട് വലിക്കാൻ ശ്രമിക്കുന്നു. പക്ഷേ, അവരുടെ പിൻ വലികൾ എത്രത്തോളം ദുർബലമാണെന്ന് കാലം തെളിയിക്കും.



Tuesday, March 8, 2011

നിലം പരിശായത് എൻ എം ഹുസ്സൈന്റെ വാദങ്ങളൊ അതോ ശാസ്ത്രീയ സൃഷ്ടിവാദമോ?


കേവലം നിസ്സാരമായൊരു ചോദ്യത്തിനു മുന്നിൽ ഉത്തരം മുട്ടി എൻ എം ഹുസ്സൈൻ എന്ന ശാസ്ത്രീയ സൃഷ്ടിവാദത്തിന്റെ അപ്പോസ്തോലൻ മുട്ടുവാദങ്ങൾ നിരത്തുന്നു. ഉത്തരം മുട്ടുമ്പോൾ ചോദിച്ചയാളുടെ ചോദിക്കാനുള്ള യോഗ്യതയെ ചോദ്യം ചെയ്ത് തടിയൂരാനുള്ള ഒട്ടകപ്പക്ഷി നയമാണിത്. ഇത് വായക്കാർക്ക് മനസ്സിലാകില്ലെന്ന് കരുതിയല്ല, മറിച്ച തൽകാലം രക്ഷപ്പെടാൻ ഇതിലും നല്ലൊ‍രു മാർഗമില്ലെന്ന് മനസിലാക്കിയാകണം ഈ പത്തൊമ്പതാമത്തെ അടവ്.

ചോദ്യം ഇതായിരുന്നു:-

ശാസ്ത്രീയ സൃഷ്ടിവാദപ്രകാരം എത്ര കാലം കൊണ്ടാണ്‌ സൃഷ്ടി നടത്തിയത്? എന്നാണ്‌ സൃഷ്ടി അവസാനിപ്പിച്ചത്?

ചോദ്യത്തിന്‌ കിട്ടിയ മറുപടി ഇങ്ങനെ:-

“ ദൈവം ഇല്ലെന്ന് വാദിക്കുന്ന താങ്കള്‍ ദൈവം എന്നാന്ന് സൃഷ്ടി അവസാനിപ്പിച്ചതെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ ? വീടില്ലാത്ത ഒരാള്‍ എന്റെ വീട് പണിതത് എന്നാണെന്ന് ചോദിക്കുമോ ?”


 “സൃഷ്ടിയില്‍ വിശ്വസിക്കാത്ത ഒരാള്‍ എത്രകാലം കൊണ്ട് സൃഷ്ടി നടത്തി എന്നന്വേഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ? വീടില്ലാത്ത ഒരാള്‍ എത്ര വര്‍ഷം കൊണ്ടാണ് ഞാന്‍ വീട് പണിതതെന്ന് ചോദിക്കുമോ ?”

ഈ ചോദ്യം ഒരു സാധാരണ മതവിശ്വാസിയോട് ചോദിച്ചാൽ അത് ദൈവത്തിനു മാത്രമറിയാവുന്ന കാര്യമാണെന്ന് പറഞ്ഞ്‌ അയാൾക്ക് തടിതപ്പാൻ അവസരമുണ്ട്. അപ്പോഴും തനിക്ക് അത് അറിയില്ല എന്ന് തന്നെയാണ്‌ അയാൾ പറയുന്നത്. അറിയില്ല എന്നത് ഒരു കുറ്റമൊന്നുമല്ല, മനുഷ്യന്‌ അത് അറിയാൻ കഴിയില്ല എന്ന് പറഞ്ഞാലും അയാളുടെ വാദം മനസ്സിലാക്കാം.


എന്നാൽ ശ്രീ. എൻ എം ഹുസ്സൈനോട് ഇത്തരമൊരു ചോദ്യം ചോദിക്കാൻ ഒരു പശ്ചാത്തലമുണ്ട്.  ശാസ്ത്രീയ സൃഷ്ടിവാദമെന്ന് പറയുന്നത് സൃഷ്ടിവാദത്തിൽ നിന്നും വ്യത്യസ്തമാണെന്നും, അത് മതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയ വദമല്ലെന്നും, മറിച്ച് ജീവൻ, ജീവി വർഗങ്ങൾ, ഫോസിലുകൾ തുടങ്ങിയ ശാസ്തീയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒരു ശാസ്ത്രീയ സിദ്ധാന്തമാണെന്നുമുള്ള അദ്ദേഹത്തിന്റെ അവകാശവാദമാണ്‌. 

ഈ അവകാശാവാദമുന്നയിച്ച ഒരാളോട് സൃഷ്ടി എന്നാണ്‌ നടന്നതെന്ന് ചോദിച്ചുകൂടേ? അത്തരമൊരു ചോദ്യം ചോദിക്കാൻ ചോദിക്കുന്നയാൾ സൃഷ്ടിയിൽ വിശ്വസിക്കുന്നയാളാകണമെന്ന് നിബന്ധനയുണ്ടോ? പിന്നെ എന്ത് ശസ്ത്രീയ സൃഷ്ടിവാദം?

ജീവൻ, ജീവജാതികൽ, ഫോസിൽ ഇത്യാദി തെളിവുകൾ വെച്ച് സൃഷ്ടി എന്നാണ്‌ നടന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുമോ? അതുപോലും കഴിയില്ലെങ്കിൽ പിന്നെ ഫോസിൽ തെളിവുവെച്ച് പിന്നെ എന്താണ്‌ ശാസ്ത്രീയ സൃഷ്ടിവാദികൾ ചെയ്തുകൊണ്ടിരിക്കുന്നത്?

“ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)
ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ ‘കാര്‍ബോണിഫെറസ്’ കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല എന്നുതന്നെ.


ശ്രീ ഹുസ്സൈന്റെ വാക്കുകളാണിവ. അതായത് കാർബോണിഫെറസ് എന്നൊരു കാലഘട്ടമുണ്ടായിരുന്നെന്നും അത് 300 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നെന്നും അദ്ദേഹം അംഗീകരിക്കുന്നു. 

 ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ഫോസിൽ  Cyanobacteria യുടേതാണ്‌. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona എന്ന സ്ഥലത്തുനിന്നുമാണ്‌ അവ കിട്ടിയിട്ടുള്ളത്. ഈ ഫോസിലുകളുടെ പ്രായം 350 കോടി വർഷമാണ്. അതുപോലെ ദക്ഷിണാഫ്രിക്കയിലെ Fig tree ഫോസിൽ ഗ്രൂപ്പിൽ പെട്ട Cyanobacteria യുടെ ഫോസിലിന്റെ പ്രായം 340 കോടി വർഷംആണ്‌.

സൃഷ്ടിവാദപ്രകാരം ഇതിൽ നിന്ന് മനസ്സിലാകുന്നത് സൈനോബാക്രീരിയ 350 കോടി വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടു എന്നാണ്‌. അതായത് സൈനോബാറ്റീരിയയുടെ സൃഷ്ടിക്കു ശേഷം 320 കോടി വർഷങ്ങൾ കഴിഞ്ഞാണ്‌ ഡ്രാഗൺ ഫ്ലൈയുടെ സൃഷ്ടി നടന്നതെന്നാണ്‌. ആധുനിക മനുഷ്യന്റെ ഫോസിൽ പ്രായം വെറും 1,95,000 വർഷം മാത്രം. അതായത് ആദ്യസൃഷ്ടി കഴിഞ്ഞ് 349 കോടി വർഷവും 98 ലക്ഷം വർഷവും കഴിഞ്ഞ ശേഷമാണ്‌ മനുഷ്യന്റെ സൃഷ്ടി നടന്നതെന്ന് സാരം. ഇതിൽ നിന്നും മനസ്സിലാക്കാവുന്ന പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ കാലത്തിന്റെ 99.9999999 ശതമാനം കാലവും സൃഷ്ടി  നടന്നുകൊണ്ടിരുന്നു എന്നാണ്‌. ഈ കണക്ക് സൃഷ്ടി വാദികൾ അംഗീകരിക്കുന്നുണ്ടോ എന്നാണ്‌ ചോദ്യം. വെറും സൃഷ്ടി വാദികളോടല്ല ചോദ്യം, ശാസ്ത്രീയമായ തെളിവുകളെ അടിസ്ഥാനപ്പെടുത്തി സിദ്ധാന്തവല്ക്കരിക്കുന്ന ശാസ്ത്രീയ സൃഷ്ടിവാദികളോടാണ്‌.

ശാസ്ത്രീയ യുക്തിവാദിയായ ഹുസ്സൈന്‌ ഒരേയൊരു ഉത്തരം മാത്രം:-

“ ദൈവം ഇല്ലെന്ന് വാദിക്കുന്ന താങ്കള്‍ ദൈവം എന്നാന്ന് സൃഷ്ടി അവസാനിപ്പിച്ചതെന്ന് ചോദിക്കുന്നത് അസംബന്ധമല്ലേ ? വീടില്ലാത്ത ഒരാള്‍ എന്റെ വീട് പണിതത് എന്നാണെന്ന് ചോദിക്കുമോ ?”

 “സൃഷ്ടിയില്‍ വിശ്വസിക്കാത്ത ഒരാള്‍ എത്രകാലം കൊണ്ട് സൃഷ്ടി നടത്തി എന്നന്വേഷിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത് ? വീടില്ലാത്ത ഒരാള്‍ എത്ര വര്‍ഷം കൊണ്ടാണ് ഞാന്‍ വീട് പണിതതെന്ന് ചോദിക്കുമോ ?”

ഇവിടെ നിലംപരിശാകുന്നത് ശ്രീ. ഹുസ്സൈൻ കെട്ടിയുയർത്തിയ ദുർബലമായ വാദങ്ങൾ മാത്രമാണോ അതോ ശസ്ത്രീയ സൃഷ്ടിവാദം തന്നെയോ? 



Friday, March 4, 2011

ശാസ്ത്രീയ സൃഷ്ടിവാദവും ഡ്രാഗൺ ഫ്ലൈയുടെ ചിറകുകളും.


എന്താണ്‌ ശാസ്ത്രീയ സൃഷ്ടിവാദം? അത് (ശാസ്ത്രീയമല്ലാത്ത!)സൃഷ്ടിവാദവുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ശ്രീ എൻ എം ഹുസ്സൈൻ കുഞ്ഞുണ്ണിവർമ്മയുടെ സൃഷ്ടിവാദ വിമർശനങ്ങളെ ഖണ്ഡിക്കാനായി പ്രസിദ്ധീകരിച്ച സൃഷ്ടിവാദവും പരിണാമവാദികളും എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:

“ ഇന്നു കാണുന്ന പ്രകൃതിയെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ സിദ്ധാന്തമാണ്‌ ശാസ്ത്രീയ സൃഷ്ടിവാദം. ജീവന്റെയും ജീവിവർഗങ്ങളുടെയും ഉല്പ്പത്തി വിശദീകരിക്കാൻ പരിണാമസിദ്ധന്തത്തിനു സാധിക്കുന്നതിനേക്കാൽ സൃഷ്ടിവാദ മാതൃകയ്ക്കാണ്‌ സാധിക്കുകയെന നിലപാടാണ്‌ അതിന്റെ വക്താക്കൾക്കുള്ളത്. പരിണാമസിദ്ധാന്തത്തിലേത് പോലെ ജീവൻ, ജീവി വർഗങ്ങൾ, ഫോസിലുകൾ എന്നിത്യാദി വിഷയങ്ങൾ തന്നെയാണ്‌ സൃഷ്ടിവാദത്തിന്റെയും ഉള്ളടക്കം. പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്ന പ്രകൃതിയിലെ ഭൗതിക-ജൈവയാഥാർത്ഥ്യങ്ങളെപറ്റിയുള്ള സിദ്ധാന്തമായതുകൊണ്ടാണ്‌ അതിനെ ശാസ്തീയ സൃസൃഷ്ടിവാദമെന്ന് പറയുന്നത്."(പേജ് 22)

"പരിണാമത്തെ എതിർക്കുക മാത്രമാണ്‌ സൃഷ്ടിവാദികളുടെ പണിയെന്നും പരിണാമത്തെ എതിർത്താൽ സൃഷ്ടിവാദമായി എന്നുമാണ്‌ അവതാരകൻ വിചാരിക്കുന്നത്. തീർച്ചയായും പരിണാമ വിമർശനം സൃഷ്ടിവാദികളുടെ മുഖ്യപണികളിലൊന്നാണ്‌. എനാൽ ഒട്ടേറെ വിജ്ഞാന ശാഖകളിൽ നിന്നുള്ള ശാസ്ത്രീയ വസ്തുതകൾ സൃഷ്ടിവാദ മാതൃകയിൽ പുനരാവിഷ്കരിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. "(പേജ് 21)

ഇനി സൃഷ്ടികർമ്മത്തെക്കുറിച്ച് സൃഷ്ടിവാദികളുടെ അഭിപ്രായം നോക്കാം:


"നമുക്ക് നിരീക്ഷിക്കാവുന്ന വിധത്തിൽ ഇന്ന് സൃഷ്ടിപ്പ് നടക്കുന്നില്ല. കഴിഞ്ഞ കാലത്ത്‌ പൂർത്തീകരിക്കപ്പെട്ടതാണത്. അതിനാൽ, ശസ്ത്രീയ രീതിക്ക് അതു വിധേയമല്ല.“(പേജ് 21)

സൃഷ്ടി പൂർത്തീകരിക്കപ്പെട്ടു എന്നുതന്നെയാണ്‌ ശ്രീ ഹുസ്സൈൻ തന്റെ ബ്ലോഗിലും ആവർത്തിക്കുന്നത്.

"സ്യഷ്ടി - സംവിധാനം ദൈവത്തിന്റെ കഴിവാണ്. ആദ്യം Creation പിന്നെ Design എന്ന സങ്കല്‍പ്പം അത്യധികം സങ്കീര്‍ണ്ണമായ പ്രപഞ്ചം യാദ്യശ്ചികമായി ഉണ്ടായി എന്ന് വിശ്വസിക്കുന്ന നിരീശ്വരവാദത്തേക്കാള്‍ എന്തുകൊണ്ടും യുക്തി ഭദ്രമാണ്."

"പ്രപഞ്ചത്തില് സ്യഷ്ടി നടന്നു കഴിഞ്ഞെന്നും ഇപ്പോള് സ്ഥിതിയും ഭാവിയില് സംഹാരവും ആണുണ്ടാവുകയെന്നും സ്യഷ്ടിവാദികള് പറയുന്നത് സുശീല് ശ്രദ്ധിച്ചില്ലേ? പുതുതായി സ്യഷ്ടിയൊന്നും നടക്കുന്നില്ല എന്നു തന്നെയാണ് എന്റേയും വാദം. താങ്കളും ആ വാദക്കാരനാണെന്നതില് സന്തോഷം".

ഇനി നമുക്ക് ഡ്രാഗൺ ഫ്ലൈയിലേക്ക് വരാം. ഡ്രാഗൺ ഫ്ലൈ പരിണമിച്ചുണ്ടായതല്ല, മറിച്ച് അത് അതേ രൂപത്തിൽ  സൃഷ്ടിക്കപ്പെട്ടതാണ്‌ എന്നാണ്‌ ലേഖകന്റെ വാദം.

"ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള്‍ പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല."

ശാസ്ത്രീയ സൃഷ്ടിവാദമെന്ന് പറയുന്നത് ശാസ്ത്രീയമായ രീതിതന്നെയാണെന്നും അത് പരിണാമത്തെ നിഷേധിക്കൽ മാത്രമല്ലെന്നും വീമ്പിളക്കിയ ലേകകന്റെ നിലപാട് നോക്കൂ: ഡ്രാഗൻ ഫ്ലൈയുടെ ചിറകുകൾ പരിണമിച്ചുണ്ടായതാണെന്ന് തെളിവില്ലാത്തതിനാൽ അത് പരമമായ സൃഷ്ടിയാണെന്ന് വിശ്വസിക്കാമെന്ന്. അതെന്തൊരു ന്യായം? പരിണമിച്ചതിന്‌ തെളിവുണ്ടോ ഇല്ലേ എന്ന കാര്യം അവിടെ നില്ക്കട്ടെ. സൃഷ്ടിക്കപ്പെട്ടതാണെന്നതിന്‌ തെളിവുവേണ്ടേ? അതും സൃഷ്ടിവാദം ശാസ്ത്രീയമാകുമ്പോൾ. ആ തെളിവാണ്‌ ലേഖകൻ ഇനി  നിരത്തുന്നത്. 



"ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)"ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ 'കാര്‍ബോണിഫെറസ്' കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല എന്നുതന്നെ."


ഏറ്റവും പഴക്കമേറിയ ഡ്രാഗൺ ഫ്ലൈ ഫൊസിലിന്റെ പ്രായം 300 ദശലക്ഷം വർഷമാണ്‌. അതായത് 30 കോടി വർഷം. എന്നാൽ ആദ്യത്തെ സൈനോബാക്റ്റീരിയ ഫോസിലുകൾക്ക് പ്രായം 350 കോടി വർഷമാണ്‌. അതായത്, സൈനോ ബാക്റ്റീരിയ രൂപപ്പെട്ട് 320 കോടി വർഷങ്ങൾക്കുശേഷമാണ്‌ ഡ്രാഗൺ ഫ്ലൈ ഉണ്ടായതെന്നർത്ഥം. ഡ്രാഗൺ ഫ്ലൈയുടെ ഒരു അവശിഷ്ടം പോലും സൈനോബാക്റ്റീരിയയുടെ ഫോസിനൊപ്പം കിട്ടിയിട്ടില്ല.

ഡ്രാഗൺ ഫ്ലൈ സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയിക്കണമെങ്കിൽ ഡ്രാഗൻ ഫ്ലൈയുടെ ഫോസിൽ 300 ദശലക്ഷം വർഷം പഴക്കമുള്ളത് കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. അതുകൊണ്ടെങ്ങനെ അത് സൃഷ്ടിക്കപ്പെട്ടാതാണെന്നതിന്‌ തെളിവാകും?അതിന്‌ രൂപമാറ്റം സംഭവിച്ചില്ലെന്ന് തെളിയിക്കാൻ അതിനു മുമ്പുള്ള ഫോസിലും വേണ്ടേ? 300 ദശലക്ഷം വർഷത്തിനുശേഷം അതിനു രൂപമാറ്റം വന്നിട്ടില്ലെന്നല്ലേ ഇപ്പോഴത്തെ തെളിവ് വെച്ച്‌ സ്ഥാപിക്കാനാകൂ

പരിണാമത്തിൽ ഫൊസിലിന്റെ വിടവുനോക്കി അവിടെ സൃഷ്ടിക്ക് തെളിവു കണ്ടേത്താനുള്ള വിഫലശ്രമമാണ്‌ ഇവിടെ കാണുന്നത്. ഇത് സൃഷ്ടിവാദം ശാസ്ത്രീയമാണെന്ന വാദത്തിന്‌ കടകവിരുദ്ധവുമാണ്‌. ഫോസിൽ തെളിവുവെച്ച് ഡ്രാഗൺ ഫ്ളൈ സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയിക്കാൻ ശ്രീ. ഹുസൈനെ വെല്ലുവിളിക്കുകയാണ്‌.  

ഇനി നമുക്ക് മനുഷ്യനിലേക്ക് വരാം. ആധുനിക മനുഷ്യന്റെ കണ്ടെടുക്കപ്പെട്ട ഫോസിലിന്റെ ഏറ്റവും കൂടിയ പ്രായം 195000 വർഷം മാത്രം. ആ കാലഘട്ടത്തിനു മുമ്പുള്ള മനുഷ്യഫോസിലുകൾ ആധുനിക മനുഷ്യന്റെ ഗുണഗനങ്ങൾ കാണിക്കുന്നില്ല. ഇതിനർത്ഥം ആധിനിക മനുഷ്യൻ രൂപപ്പെട്ടിട്ട് വെറും രണ്ട് ലക്ഷം വർഷത്തിൽ താഴെ കാലമേ ആയിട്ടുള്ളു എന്നാണ്‌. അതായത് സൈനോബാക്റ്റീരിയയുടെയോ, ഡ്രാഗൺ ഫ്ലൈയുടെയോ കാലത്ത്‌ മനുഷ്യനില്ലെന്നർത്ഥം. എന്താണിത് വ്യക്തമാക്കുന്നത്? 

ജൈവരൂപങ്ങളുടെ കാര്യത്തിൽ രസകരമായ ഒരു ഗണിതമുണ്ട്. ഭൂമിയുടെ പ്രായം 24 മണിക്കൂറാണെന്ന് സങ്കല്പ്പിക്കുക. അവിടെ ആധുനിക മനുഷ്യൻ പ്രത്യക്ഷപ്പെട്ടിട്ട് എത്ര കാലമായിക്കാണും? വെറും 1.5 സെക്കന്റിൽ താഴെമാത്രം. അതായത്, 23 മണിക്കൂറും 59 മിനിറ്റും 58.5 സെക്കന്റും കഴിഞ്ഞശേഷമാണ്‌ ആധുനിക മനുഷ്യന്റെ വരവ്.

എന്താണിത് കാണിക്കുന്നത്? ദൈവം സൃഷ്ടി നടത്തിയത് കോടിക്കണക്കിന്‌ വർഷങ്ങളിലൂടെയാണെന്നോ? പിന്നെ എന്നാണാവോ ദൈവം സൃഷ്ടി നിർത്തിയത്?  

ദൈവം സൃഷ്ടി നിർത്തി എന്നതിന്‌ എന്താണ്‌ ശാസ്ത്രീയ തെളിവ്‌. ഈ അറിവ് സൃഷ്ടിവാദികൾക്ക് കിട്ടിയതെങ്ങനെ? ശാസ്ത്രീയമായ തെളിവുകൾ നിരത്തി ഈ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ശ്രീ. ഹുസ്സൈന്‌ കഴിയുമോ?