Sunday, November 28, 2010

വിഡ്ഢിത്തങ്ങളില്‍നിന്ന് കൂടുതല്‍ വിഡ്ഢിത്തങ്ങളിലേക്ക് നീങ്ങുന്നതാര്‍?

തന്റെ അഞ്ചാമത്തെ പൊസ്റ്റിലും എന്‍ എം ഹുസ്സൈന്‍ പുതുതായൊന്നും പറയുന്നില്ല. എന്നാല്‍ 
"യുക്തിയുക്തമായി അവതരിപ്പിച്ച വാദങ്ങളെ നേരിടാനാകാതെ വരുമ്പോള്‍ മറുപക്ഷക്കാര്‍ ഒഴികഴിവുകള്‍ നിരത്തുന്നു. ഞാന്‍ വ്യക്തമായും അവതരിപ്പിച്ച തെളിവുകളും വാദങ്ങളും ചര്‍ച്ച ചെയ്യാതെ, അവതരിപ്പിക്കാത്ത വീക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്  'പ്രബുദ്ധ'രായ നിരീശ്വര ബ്ലോഗര്‍മാര്‍.
പ്രപഞ്ചത്തിലെ അത്യാശ്ചര്യകരമായ ആസൂത്രണം യാദൃഛികതയെയല്ല ആസൂത്രകനെയാണ് വ്യക്തമാക്കുന്നതെന്ന് ശാസ്ത്രീയവും യുക്തിപരവുമായ തെളിവുകള്‍ നിരത്തി സമര്‍ത്ഥിച്ചെങ്കിലും അതിനെ ഖണ്ഡിക്കാന്‍ ശ്രമിക്കുകപോലും ചെയ്യാതെ "താങ്കള്‍ പറയുന്ന ദൈവം അല്ലാഹുവാണോ ചാത്തനാണോ അതോ അയ്യപ്പനാണോ" എന്നു തിരക്കുന്ന നിരീശ്വരവാദികളാണ് നമ്മുടെ നാട്ടിലുള്ളത്." എന്നൊക്കെ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയമ് ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ ചില വിശദീകരണങ്ങള്‍ കൂടി നല്‍ക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നു.

എന്റെ പൊസ്റ്റുകളിലും മറ്റു സുഹൃത്തുക്കളുടെ കമന്റുകളിലും ഉന്നയിച്ച പ്രധാനപ്പെട്ട പല വാദഗതികളും മനപൂര്‍വ്വം അവഗിണിച്ചുകൊണ്ടാണ്‍ അദ്ദേഹം ഇത്തരം ആവലാതികള്‍ നിരത്തുന്നത്. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതമൂലം അദ്ദേഹം തന്റെ ഓരോ വാക്യത്തിനുശേഷവും എതിരാളിയെ നിഷ്ക്രയരാക്കാന്‍ വേണ്ടി വ്യക്തിപരമായ അവഹേളങ്ങള്‍ നിരത്തിക്കൊണ്ടിരിക്കുന്നു. അത്തരമൊരു ശൈലി തന്നെയാണ്‍ ലേഖകന്‍ വീണ്ടും പിന്തുടരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എതിരാളികളില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലി അദ്ദേഹം പ്രതീക്ഷിക്കുന്നില്ല എന്നാണര്‍ത്ഥം. അതല്ല, മാന്യമായ ഒരു ശൈലിയിലേക്ക് സംവാദം നീങ്ങണമെങ്കില്‍ അതിന്‍ മുന്‍കയ്യെടുക്കേണ്ടത് അത്തരമൊരു ശൈലിക്ക് തുടക്കമിട്ടയാള്‍ തന്നെയാണ്‍.

ഇനി വിഷയത്തിലേക്ക്:

" ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന്‍ മൂര്‍ത്തമായ(concrete) യാതൊരു തെളിവും നല്‍കാന്‍ എന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല" എന്ന നാസ്തികനായ ദൈവത്തിലെ ഒരു വാക്യത്തെ മുന്‍ നിര്‍ത്തിയാണ്‌ ലേഖകന്‍ തന്റെ 'ഖണ്ഡനത്തിന്റെ' വേദിയൊരുക്കിയത്. ദൈവത്തെ മൂര്‍ത്തമായ തെളിവുള്ള യാഥാര്‍ത്ഥ്യമായി വിലയിരുത്തുന്ന വിശ്വാസികളെ സംബന്ധിക്കുന്നതാണ്‍ ഈ പ്രസ്ഥാവന. ലേഖകന്‍ അത്തരമൊരു ദൈവത്തില്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ആ ചോദ്യം അദ്ദേഹത്തിന്‍ ബാധകമല്ല.

ഭൗതികമായ അസ്തിത്വമുള്ളതിനേ മൂര്‍ത്തമായ തെളിവ് നല്‍കാനാകൂ എന്ന് അദ്ദേഹവും സമ്മതിക്കുന്നു. ദ്രവ്യത്തിന്‍ മൂര്‍ത്തമായ തെളിവ് ലഭ്യമാക്കാം. ദ്രവ്യജന്യമായ അസൂയ, സ്നേഹം, തുടങ്ങിയ വികാരങ്ങള്‍ക്ക് ഭൗതികമായ അസ്തിത്വമില്ല. അതിനാല്‍ അവയെ മൂര്‍ത്തമായി തെളിയിക്കാനുമാകില്ല. സൗദര്യം, വൈരൂപ്യം തുടങ്ങിയ സങ്കല്പങ്ങളും ദേഷ്യം വെറുപ്പ് തുടങ്ങിയ വികാരങ്ങളും ഇത്തരത്തില്‍ അമൂര്‍ത്തമായവയാണ്‍. അവയെ അളക്കാന്‍ കഴിയില്ലെന്ന ലേഖകന്റെ വാദം ശരിയല്ല. കാരണം, സ്നേഹത്തെയും, ദേഷ്യത്തെയും സൗന്ദര്യത്തെയുമൊക്കെ നമ്മള്‍ അളക്കാറുണ്ട്. ഭൗതികഅസ്തിത്വമില്ലാത്തതിനാല്‍ തൂക്കിനോക്കിയോ, അളന്നുനോക്കിയോ, എണ്‍നിനോക്കിയോ അല്ലെന്നു മാത്രം. സൗന്ദര്യം കണ്ണുകള്‍ കൊണ്ട് അളക്കാവുന്നതാണ്‍. ചെവി, മൂക്ക്, സ്പര്‍ശം, നാക്ക് ഇവകൊണ്ട് സൗന്ദര്യത്തെ അളക്കാനാകില്ല. ഗാനത്തെ ചെവികൊണ്ടേ അളക്കാനാകൂ. ഐഡിയ സ്റ്റാര്‍ സിങ്ങറില് എം ജി ശ്രീകുമാറും, ചിത്രയുമൊക്കെ ഗാനത്തെ അളക്കുന്നുണ്ടാല്ലോ? അതുകൊണ്ട് ദ്രവ്യജന്യമായവയ്ക്ക് മൂര്‍ത്തമായ തെളിവില്ലെങ്കിലും അമൂര്‍ത്തമായ തെളിവ് നല്‍കാം. ഡോക്കിന്‍സിന്റെ നിരീശ്വരവാദത്തെയും ഈ രീതിയില്‍ നമുക്ക് അമൂര്ത്തമായി അളക്കാം എന്ന് ആദ്യ പോസ്റ്റില്‍ തന്നെ ഞാന്‍ പറഞ്ഞതാണ്‍. ഒരു വ്യക്തിയുടെ ദൈവവിശ്വാസത്തെയും ഈ രീതിയില്‍ അളക്കാം. വിശ്വാസത്തിന്റെ കാര്യത്തില്‍ വിവിധ ഡിഗ്രികളില്‍ നില്‍ക്കുന്നവരെ നമുക്ക് അവരുടെ വിശ്വാസപരമായ ധാരണകളെ വിശകലനം ചെയ്ത് കണ്ടെത്താം. ഇത് വിശ്വാസത്തിനുള്ള അമൂര്‍ത്തമായ തെളിവുതന്നെ. എന്നാല്‍ ഇത് വിശ്വാസത്തിനുള്ള തെളിവേ ആകുന്നുള്ളു, 'ദൈവം ഉണ്ട് ' എന്നതിനുള്ള തെളിവാകുന്നില്ല.  (1)എന്റെ ഈ വാദങ്ങളോടും ലേഖകന്‍ പ്രതികരിച്ചുകണ്ടില്ല. 


'ശാസ്ത്രീയമായി തെളിയിക്കാനാകാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയുംസ്വവിശ്വാസമായി സ്വീകരിക്കുകയും ചെയ്യുന്നതിനാല്‌' ദൈവിശ്വാസത്തെയും അങ്ങനെ സ്വീകരിച്ചുകൂടേ എന്നാണ്‌ ലേഖകന്റെ ഈ ഖണ്ഡന പരമ്പരയുടെ ഉദ്ദേശം തന്നെ. ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‍ അമൂര്‍ത്തമായ തെളിവുണ്ട്. ഹുസ്സൈന്‍ ഈശ്വരവാദിയാനെന്നതിനും അമൂര്‍ത്തമായ തെളിവുണ്ട്. അതിനാല്‍ ഇതു രണ്ടും നിരീശ്വരവാദികള്‍ സ്വീകരിക്കുന്നു. വിശ്വാസമായല്ല, അറിവായി. (2)എന്നാല്‍ ഇതു രണ്ടും 'ദൈവം ഉണ്ട്' എന്നതിനുള്ള തെളിവല്ല. ഹുസൈന്‍ ദൈവവിശ്വാസിയാണ്‍ എന്നതിനുള്ള തെളിവേ ആകൂ.

അറിയാത്ത കാര്യങ്ങള്‍ അറിയില്ലെ അന്നാണ്‍ നിരീശ്വരവാദികള്‍ പറയാറ്. (കേരളത്തിനു പുറത്തുള്ള നിരീശ്വരവാദികള്‍ അറിയാത്ത കാര്യങ്ങളില്‍ 'വിശ്വസിക്കുന്നുണ്ടെങ്കില്‍' അക്കാര്യം അവര്‍ വിശദീകരിക്കുമായിരിക്കും.) അല്ലാതെ അത് 'വിശ്വാസമായി സ്വീകരിക്കുകയല്ല' ചെയ്യുന്നത്. അതിനാല്‍ ഹുസ്സൈന്‍ പറയുന്ന 'ദൈവത്തെ' നിരീശ്വരവാദിക്ക് അറിയില്ല.നിരീശ്വരവാദി അറിവുസമ്പാദിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഇന്ദ്രിയങ്ങളൊന്നും ഈശ്വരവാദിക്കില്ലാത്തതിനാല്‍ അവര്‍ക്കും അറിയില്ല.അതിനാല്‍ ഈശ്വരവാദി മൂര്‍ത്തമായോ അമൂര്‍ത്തമായോ തെളിവില്ലാത്ത 'കാര്യത്തെ' വിശ്വസിക്കുന്നു. നിരീശ്വരവാദി വിശ്വസിക്കുന്നില്ല.

ദ്രവ്യത്തിന്‍ മൂര്‍ത്തമായ തെളിവ് നല്‍കാം. ദ്രവ്യജന്യമായവയ്ക്ക് അമൂര്‍ത്തമായ തെളിവ് നല്‍കാം. എന്നാല്‍ ദൈവം ഈ രണ്ടില്‍ ഏത് ഗണത്തിലാണ്‍ പെടുക? 'ദൈവം' മനുഷ്യന്റെ തലച്ചോറില്‍ ജനിച്ച സങ്കല്പമായി പരിഗണിച്ചാല്‍ 'ദ്രവ്യജന്യ'മാണെന്ന് കാണാം. അങ്ങനെ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്ന വസ്തുത വ്യത്യസത മനുഷ്യരിലെ ദൈവസങ്കല്പങ്ങള്‍ വ്യത്യസ്തമാണെന്നാണ്‍. 


മതഗ്രന്ഥങ്ങളിലെ ദൈവസങ്കല്പങ്ങളെ പരിശോധിക്കുമ്പോഴും ഇതേ വൈരുധ്യങ്ങള്‍്‌ കാണാം. ദൈവം സ്വയം വെളിപ്പെടുത്തിയതെന്ന് ഹുസ്സൈന്‍ അടക്കമുള്ള വിശ്വാസികള്‍ വിശ്വസിക്കുന്ന ഗ്രന്ഥത്തെയും അതിലെ  അതിലെ ദൈവസങ്കല്പത്തെയും പരിശോധിക്കുമ്പോള്‍ ലേഖകന്‍ ഇത്തരത്തില്‍ അസഹുഷ്ണുവാകുന്നതെന്തിനാണ്‌? അതിലൊന്നും വിശ്വാസമില്ലേ?

ലേഖകന്‍ പറയുന്നു ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന്.(3)  ദൈവം 'ഭൗതികാതീത യാഥാര്ത്ഥ്യ'മാണെന്ന അറിവ് എവിടെ നിന്ന് കിട്ടിയെന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല. 'ദൈവം ഭൗതികാതീതയാഥാര്‍ത്ഥ്മാണെന്നത്' ഈശ്വരവാദികളുടെ സങ്കല്പം മാത്രമാണ്‍. അല്ലാതെ ദൈവം ഭൗതികമോ ഭൗതികാതീതമോ ആയ 'യാഥാര്‍ത്ഥ്യമല്ല'. (4)പരമ്പരാഗത ദൈവസങ്കല്പത്തെയാണ്‍ ഉദ്ദേശിക്കുന്നത് എന്ന് ഗ്രന്ഥകര്‍ത്താവ് പറഞ്ഞിരുന്നു. അതിനോടും ലേഖകന്‍ പ്രതികരിച്ചില്ല.


"ദൈവത്തെ മനസ്സിലാക്കുന്നതില്‍ മനുഷ്യനു പരിമിതികളുണ്ട് എന്നതുകൊണ്ടാണ് വൈവിധ്യവും വൈരുധ്യവുമാര്‍ന്ന ദൈവസങ്കല്‍പ്പങ്ങളുണ്ടായത്"  ഈ പരിമിതി അംഗീകരിച്ച് അറിയാത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ്‌ മിണ്ടാതിരുന്നുകൂടേ ഹുസ്സൈന്‍?

     (5)മതഗ്രന്ഥങ്ങലില്‍ കാണുന്ന ദൈവങ്ങള്‍ വ്യത്യസ്തമാകുന്നത് മനുഷ്യന്റെ പരിമിതി മൂലമാണല്ലോ? അപ്പോള്‍‍ മറ്റൊരു മഹത്തായ കുറ്റസമ്മതം കൂടി ഹുസ്സൈന്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്‍. അല്ലെങ്കില്‍ അതില്‍ വൈരുദ്ധ്യം ഉണ്ടാകാനിടയില്ലല്ലോ?
ഇതിനോടും ലേഖകന്‍ പ്രതികരിച്ചുകണ്ടില്ല.

താന്‍ വ്യക്തമായും അവതരിപ്പിച്ച തെളിവുകളും വാദങ്ങളും ചര്‍ച്ച ചെയ്യാതെ, അവതരിപ്പിക്കാത്ത വീക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കുകയാണ്  'പ്രബുദ്ധ'രായ നിരീശ്വര ബ്ലോഗര്‍മാര്‍ എന്ന് മുറവിളി ആവര്‍ത്തിക്കും മുമ്പ് ഈ ചോദ്യങ്ങളോടൊന്ന് പ്രതികരിക്കണം ലേഖകന്‍. 

സ്വന്തം മഹത്വം നിരത്തിയല്ല, സംവാദം നടത്തിയാണ്‍ ജയിക്കേണ്ടത്.

Friday, November 26, 2010

അപ്പോള്‍ എന്‍ എം ഹുസ്സൈന്റെ 'ദൈവം' മൂ(ര്‍)‍ക്കാത്തതുതന്നെ.

"നിരീശ്വരവാദി 'ദൈവം ഇല്ല' എന്ന് വിശ്വസിക്കുന്നവനല്ല. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു എന്ന വാദം എടുക്കാം. അതിന്‌ ആര്‍ക്കും കഴിയില്ല. കാരണം ദൈവം ഇല്ല എന്ന് വിശ്വസിക്കണമെങ്കില്‍ അതിന് രണ്ട് കാര്യങ്ങള്‍ സമ്മതിക്കണം. ഒന്ന് 'ദൈവം' ഉണ്ട്, രണ്ട് 'ദൈവം' നിലനില്‍ക്കുന്നില്ല. നിരീശ്വരവാദി 'ദൈവം ഇല്ല' എന്ന് വിശ്വസിക്കാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ തെളിവ്' നല്‍കേണ്ട ബാധ്യത അവര്‍ക്കില്ല. "

?ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല. വിഡ്ഢിത്തത്തിനുള്ള ഏതെങ്കിലും അവാര്‍ഡുണ്ടെങ്കില്‍ സുശീലിന്റെ പേര് അതിനായി ശുപാര്‍ശ ചെയ്യാവുന്നതാണ്.
ഇതില്‍നിന്നും ഒരു കാര്യം വ്യക്തമാവുന്നു: നിരീശ്വരവാദി ദൈവം ഉണ്ടെന്നും വിശ്വസിക്കുന്നില്ല, ഇല്ലെന്നും വിശ്വസിക്കുന്നില്ല! പിന്നെ, ദൈവത്തെപ്പറ്റി നിരീശ്വരവാദികള്‍ എന്താണ് ചെയ്യുന്നതെന്നു വ്യക്തമാക്കാമോ?

     എ എം ഹുസ്സൈന്‍ പറഞ്ഞത് സത്യമാണ്‌. "ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് സുശീല്‍കുമാറല്ലാതെ ലോകചരിത്രത്തില്‍ മറ്റാരെങ്കിലും പറഞ്ഞതായി അറിവില്ല." തനിക്ക് ഒരു കാര്യം അറിവില്ല എന്ന് എന്‍ എം ഹുസ്സൈന്‍ തുറന്നു സമ്മതിക്കുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു. അത് മറ്റുള്ളവരുടെ കുഴപ്പമല്ലല്ലോ? അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതിനു പകരം "വിഡ്ഢിത്തത്തിനുള്ള ഏതെങ്കിലും അവാര്‍ഡുണ്ടെങ്കില്‍ സുശീലിന്റെ പേര് അതിനായി ശുപാര്‍ശ ചെയ്യുന്നതെന്തിനാണ്‌?

    ഏതായാലും ഇക്കാര്യത്തിന്‌ ഒരു അവാര്‍ഡ് എനിക്ക് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമില്ല. എന്നാല്‍ തര്‍ക്കശാസ്ത്രത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പോലും അറിയാത്ത ഒരാളുമായി സംവാദം നടത്താനിറങ്ങുക എന്ന സാഹസത്തിന്‌ മുതിര്‍ന്നതിന്‌ എന്തെങ്കിലും അവാര്‍ഡ് ഉണ്ടെങ്കില്‍ അതെനിക്ക് കിട്ടാന്‍ സാധ്യതയുണ്ട്.


     "ഒരു കാര്യം ഇല്ല എന്നു വിശ്വസിക്കണമെങ്കില്‍ അക്കാര്യം ഉണ്ട് എന്നു സമ്മതിക്കണമെന്ന് ...."

     ഹുസ്സൈന്‍ സാറേ, ആ 'ഒരു കാര്യം' തന്നെയാണ്‍ ഞാന്‍ പറഞ്ഞ 'അക്കാര്യം'.


     ഒരു കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് അതിന്റെ അസ്ഥിത്വം നിര്‍വചിച്ച്ചിരിക്കണം. മേശയില്‍ പേനയുണ്ടോ എന്ന കാര്യം തീരുമാനിക്കുന്നതെങ്ങനെ? മേശ, പേന എന്നീ രണ്ട് വസ്തുക്കള്‍ ആദ്യമേ എന്താണെന്ന് നമുക്കറിയണം. അത് അറിയാതെ 'എന്തിനെ' 'എവിടെ' തപ്പും? മേശയും പേനയും 'ഉണ്ട്' എന്ന്‌ ആദ്യമേ തീരുമാനിച്ചതിനു ശേഷമേ അതിനെ തിരയുന്ന സാഹസത്തിന്‌ മുതിരാവൂ. ഇനി മേശയില്‍ 'കാക്രിമൂക്രി' ഉണ്ടൊ എന്നെങ്ങനെ തിരയും? അതിന്‌ 'കാക്രിമൂക്രി' എന്നൊരു സംഗതി ആദ്യമേ 'ഉണ്ട്' എന്ന് അനുമാനിക്കണം. അല്ലാതെ എങ്ങനെ കാക്രിമൂക്രിയെ തെരയും? കാക്രിമൂക്രി ഉണ്ടെന്ന് പറയണമെങ്കിലും ഇല്ലെന്ന് പറയണമെങ്കിലും അത് 'ഉണ്ട് ' എന്ന് കരുതിയേ മതിയാകൂ. ഇനി 'ദൈവം' ഇല്ലെന്ന് പറയണമെങ്കില്‍ ദൈവം 'എന്താണെന്ന്' മുന്‍കൂട്ടി നാം അംഗീകരിക്കണം. എന്താണെന്ന് അറിയാത്ത ഒരു സംഗതി ഉണ്ടോ, ഇല്ലേ എന്നെങ്ങനെ തീരുമാനിക്കും?

     ഇനി 'വിശ്വാസം' എന്ന വാക്കില്‍ തന്നെ പ്രശ്നം ഇരിപ്പുണ്ട്. അക്കാര്യം ഞാന്‍ മുന്‍ പൊസ്റ്റില്‍ തന്നെ സൂചിപ്പിച്ചിരുന്നു. മനുഷ്യര്‍ പരസ്പരം വെച്ചുപുലര്‍ത്തുന്ന 'വിശ്വാസവും' തനിക്കറിയാത്ത ഒരു കാര്യത്തിലുള്ള 'വിശ്വാസവും' രണ്ടും ഒരേതരം വിശ്വാസം തന്നെ എന്ന് അനുമാനിക്കുന്നത് ശാരിയാകില്ല. ഹുസ്സൈനും കൂട്ടരും 'അല്ലാഹു'വില്‍ വിശ്വസിക്കുന്നതുപോലെ അന്ധമായ ഒരു വിശ്വാസമാണ്‍ ഡൊക്കിന്‍സ് 'ഭൗതികലോകത്തിനപ്പുറമൊന്നുമില്ല' എന്ന് പറഞ്ഞതെന്ന് വാദിക്കുന്നവര്‍ക്ക് ഡൊക്കിന്‍സ് ഇതുവരെ പറഞ്ഞുവന്നതെന്തെന്ന് മനസിലായില്ലെന്ന് കരുതാനേ നിര്‍വാഹമുള്ളു. വാക്കുകളുടെ അര്‍ത്ഥാന്തരം മനസ്സിലാക്കാതെ 'വിശ്വാസം' എന്ന വാക്കില്‍ പിടിച്ച് "ഭൗതികലോകത്തിനപ്പുറം ഒന്നുമില്ല എന്നു വിശ്വസിക്കുന്നവനാണ് നിരീശ്വരവാദിയെന്ന് ഡോക്കിന്‍സ് എഴുതുന്നു" എന്ന് പറഞ്ഞ്  വാദം നിരത്തുന്നതില്‍ കഥയില്ല. 'വ്യക്തികള്‍ തമ്മിലുള്ള പരസ്പരവിശ്വാസം', 'ദൈവവിശ്വാസം' ഇവ രണ്ടും ഒരേ ഗണത്തില്‍ പെടുത്താനാവില്ലെന്നിരിക്കെ അതിനെ രണ്ടിനെയും ഒന്നെന്നെണ്ണുന്നത് വസ്തുതാപരമല്ല. അതേപോലെ 'ഭൗതികലോകത്തിനപ്പുറം ഒന്നുമില്ലെന്ന് വിശ്വസിക്കുന്നവന്‍' എന്ന് ഡോക്കിന്‍സ് എഴുതുന്നത്  'ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവന്‍' എന്നതുമായി താരതമ്യപ്പെടുത്തുന്നതും സദുദ്ദേശപരമല്ല. തന്റെ കിതാബില്‍ എഴുതിവെച്ചിട്ടുണ്ടെന്ന ന്യായം പറഞ്ഞല്ല ഡോക്കിന്‍സ് ഈ അഭിപ്രായം പറഞ്ഞതെന്ന കാര്യമെങ്കിലും അംഗീകരിച്ചാല്‍ വാക്കുകളില്‍ പിടിച്ചുള്ള ഈ സര്‍ക്കസ്‌ നിരര്‍ത്ഥകമാണെന്ന് മനസ്സിലാകും.


?സുശീല്‍കുമാറിന്റെ വിശദീകരണം നിരീശ്വരവാദികളുടെ ശോഷിച്ചുവരുന്ന പ്രതിരോധത്തിന്റെ തെളിവാണ്. ഒന്നും രണ്ടും പോസ്റ്റുകളിലെ ഒട്ടേറെ വാദങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന മറുപടിയാണ് ആദ്യത്തേത്. പരിഗണിക്കപ്പെട്ടവക്കു തന്നെ ഭാഗികമായേ വിശദീകരണം നല്‍കിയിട്ടുള്ളൂ. മറുപടിക്ക് മറുപടിയായപ്പോള്‍ ശോഷണം വര്‍ധിച്ചു. യുക്തി ഈ ഗതിയിലാണ് 'പുരോഗമി'ക്കുന്നതെങ്കില്‍ ഭാവി ഊഹിക്കാവുന്നതേയുള്ളൂ.

     എന്‍ എം ഹുസൈനെ 'വാക്ക് ടു വാക്ക്‌' ഘണ്ഡിക്കമെന്ന അഭിപ്രായത്തോടെയല്ല ഈ ഏര്‍പ്പാട് തുടങ്ങുന്നതെന്ന് ആദ്യ പോസ്റ്റില്‍ പറഞ്ഞിരുന്നതോര്‍ക്കുമല്ലോ? പക്ഷേ അദ്ദേഹം അത് പ്രതീക്ഷിക്കുന്നു എന്ന് മനസ്സിലായതിനാല്‍ തുടര്‍ പോസ്റ്റുകളില്‍ അതിന് ശ്രമിക്കുന്നുണ്ട്. ഇവിടെ ഹുസ്സൈന്റെ വാദം വളരെ സത്യസന്ധമാണ്. "നിരീശ്വരവാദികളുടെ വിശദീകരണം ശോഷിച്ചുവരുന്ന പ്രതിരോധത്തിന്റെ തെളിവാണെന്ന" വാദം തന്നെയാണുദ്ദേശിച്ചത്. അതിനു കാരണവുമുണ്ട്. ശോഷിച്ച ആക്രമണമേ ഇപ്പോള്‍ 'ഈശ്വരവാദികളുടെ' ഭാഗത്തുനിന്ന് വരുന്നുള്ളു. അതിനാല്‍ അതിനനുസരിച്ച പ്രതിരോധമല്ലേ ആവശ്യം വരൂ. 

     മൂട്ടയെ കൊല്ലാന്‍ ആരെങ്കിലും പീരങ്കി പ്രയോഗിക്കാറുണ്ടോ?

?കൗതുകകരമായ കാര്യം മറ്റൊന്നാണ്. ശാസ്ത്രത്തിന്റെ മൊത്തക്കുത്തകക്കാരായി മേനി നടിക്കുന്നവരാണ് നിരീശ്വരവാദികള്‍. എന്നാല്‍ ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള എന്റെ വാദങ്ങളെയെല്ലാം കണ്ടില്ലെന്നു നടിച്ച് നിരീശ്വരവാദികള്‍ മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ. ഈ സമീപനം തന്നെ അശാസ്ത്രീയം മാത്രമല്ല, ഒളിച്ചോട്ടവുമാണെന്ന വസ്തുത ഇവരെ അലട്ടുന്നേയില്ല!


      ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ള ഏതെല്ലാം വാദങ്ങളാണ്‌ ഹുസ്സൈന്‍ നിരത്തുന്നതെന്ന് ഭൂതക്കണ്ണാടിവെച്ച് പരിശോധിച്ചിട്ടും മനസ്സിലാകുന്നില്ല. തന്റെ മാനസിക പരികല്പനകളും 'ആധുനിക' അന്ധവിശ്വാസങ്ങളും കൂടിക്കലര്‍ന്ന വിഭ്രാന്തിയില്‍ നിന്ന് ഉടലെടുക്കുന്ന വിദണ്ഡവാദങ്ങള്‍  വിളമ്പി, അത് ശാസ്ത്ര വിവരങ്ങളെയും ലോജിക്കിനേയും ആധാരമാക്കിയുള്ളതാണെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും?

പാച്ചന്റെ പാട്ട് വളരെ നല്ല പാട്ടാണ്.

ഓഹോ.. എന്നാരു പറഞ്ഞു?

പറഞ്ഞത് മറ്റാരുമല്ല, പാച്ചന്‍ തന്നെ.

     ?മതഗ്രന്ഥങ്ങുടെ പിന്നാലെ പായുന്ന കാഴ്ച്ച ദയനീയം തന്നെ. ഈ സമീപനം തന്നെ അശാസ്ത്രീയം മാത്രമല്ല, ഒളിച്ചോട്ടവുമാണെന്ന വസ്തുത ഇവരെ അലട്ടുന്നേയില്ല!

     ആ കാഴ്ച വളരെ ദയനീയം തന്നെയാണ്‌. അത് വിവരമുള്ളവര്‍ എത്രകാലമായി പറയാന്‍ തുടങ്ങിയിട്ട്? മതഗ്രന്ഥങ്ങളുടെ പിന്നാലെ പായുന്ന കാഴ്ച ദയനീയവും അശാസ്ത്രീയവും മാത്രമല്ല ഒളിച്ചോട്ടവുമാണെന്ന്, ഹുസ്സൈന്റെ 'ശാസ്ത്രപുസ്തക(?)ങ്ങളേക്കാള്‍  പ്രാധാന്യം നല്‍കി മത ഗ്രന്ഥങ്ങളും അവയുടെ അശാസ്ത്രീയതകളും വിളമ്പുന്ന 'കേരള ഇസ്ലാമിക്  മിഷ‍ന്‍'കാരോടും 'നിച്ച്‌ ഓഫ് ട്രൂത്ത്' കാരോടും ഒന്നു പറഞ്ഞുകൊടുക്കണം സര്‍. വഷളന്മാര്‍, അല്ല പിന്നെ.


?ആദ്യത്തെ രണ്ട് പോസ്റ്റുകളില്‍ പരിഹാസമുള്ളതായി സുശീല്‍കുമാര്‍ ആരോപണം ഉന്നയിച്ചിട്ടില്ല.

     താങ്കളുടെ ഒരു പോസ്റ്റിലും പരിഹാസമുള്ളതായി ഞാന്‍ ആരോപിച്ചിട്ടില്ല. കുമ്പളം കട്ടവന്‌ പുറത്ത് ചാരം പറ്റിയിട്ടുണ്ടോ എന്ന് തോന്നുന്നത് സ്വാഭാവികമാണ്‌.

?'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പരാമര്‍ശം പരിഹാസമാണെന്ന് ഒരിടത്തു സുശീല്‍കുമാര്‍ സൂചിപ്പിച്ചിട്ടുണ്ട്.  ഇന്ത്യയിലെ ജാതീയ സമൂഹങ്ങളിലെ ദേവീ-ദേവന്മാരുടെ ബാഹുല്യവും വൈവിധ്യവും സൂചിപ്പിക്കാന്‍ സാമൂഹികശാസ്ത്രജ്ഞന്മാര്‍ ഉപയോഗിക്കുന്ന പദപ്രയോഗമാണിത്. ഇത് പരിഹാസമല്ല, വസ്തുതയാണ്.

     മുപ്പത്തിമുക്കോടി ദൈവങ്ങള്‍ എന്ന പരാമര്‍ശം എന്നെ വ്യക്തിപരമായി പരിഹസിച്ചതാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ? ഇന്ത്യയിലെ ജാതീയ സമൂഹങ്ങളിലെ ദേവീ-ദേവന്മാരുടെ ബാഹുല്യം എങ്ങനെയുണ്ടായി എന്നായിരുന്നു എന്റെ ചോദ്യം. 'ദൈവം' എന്നൊരു സാധനമുണ്ടെങ്കില്‍, അത് മനുഷ്യര്‍ക്ക് ബോധ്യപ്പെടും വിധം സ്വയം വെളിപ്പെടുത്തിയിരുന്നെങ്കില്‍ മുപ്പത്തി മുക്കോടി ദൈവങ്ങളും അവയെയും അവയില്‍ വിശ്വസിക്കുന്നവരെയും നരകത്തിലിട്ട് പൊരിക്കാന്‍ ഒരു അല്ലാഹുവും ഉണ്ടാകുമായിരുന്നില്ലല്ലോ എന്നായിരുന്നല്ലോ എന്റെ ചോദ്യം? അതില്‍ നിന്ന് ഒഴിഞ്ഞുമാറി അത് സുശില്‍ കുമാറിന്‌ വ്യക്തിപരമായ പരിഹാസമായി തോന്നി എന്നൊക്കെ പറഞ്ഞ് തടിതപ്പുന്നത് കഷ്ടം തന്നെ.

?മഠയത്തത്തെ മഠയത്തമെന്നു വിശേഷിപ്പിക്കുന്നത്, തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രയോഗമായി സുശീല്‍കുമാറിനു് അനുഭവപ്പെട്ടെങ്കില്‍ ഖേദിക്കുന്നു.

     മുപ്പത്തിമുക്കോടി ദൈവങ്ങള്‍ മഠയത്തവും തന്റെ സ്വന്തം ദൈവം മാത്രം സത്യവുമാകുന്ന മതയുക്തിയില്‍നിന്ന് ഒട്ടും ഉയരത്തിലല്ല, ഹുസ്സൈന്‍ എന്ന് സത്യസന്ധമായ ഈ വാക്കുകള്‍ വെളിവാക്കുന്നു.


?പ്രപഞ്ചത്തിനു നല്‍കാവുന്ന യുക്തിപരമായ വിശദീകരണം നാസ്തികവാദമാണോ ആസ്തികവാദമാണോ എന്നതാണ് ഈ ബ്ലോഗ് പോസ്റ്റുകളിലെ മുഖ്യ പ്രമേയം. ഓരോ ദൈവസങ്കല്‍പങ്ങളുടെയും വിശദാംശങ്ങള്‍ ഈ അന്വേഷണത്തില്‍ പരിശോധിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. ദൈവ സങ്കല്‍പ്പങ്ങളുടെ താരതമ്യ പഠനം മറ്റൊരു വിഷയമാണ്.

     പ്രപഞ്ചത്തിന്‌ യുക്തിപരമായ വിശദീകരണം നല്‍കാന്‍ നാസ്തികവാദമാണൊ അതോ ആസ്തികവാദമാണോ എന്ന് തീരുമാനിക്കുമ്പോള്‍ അത് രണ്ടിനെയും വസ്തുതാപരമായി പരിശോധിക്കണം. ആസ്തികവാദം പരിശോധിക്കുന്നത് മതങ്ങള്‍ മുന്നോട്ട് വെച്ച ആസ്തികസങ്കല്പങ്ങളെ അടിസ്ഥാനപ്പെടുത്തി വേണോ അതോ എന്‍ എം ഹുസ്സൈന്‍ എന്ന വ്യക്തിയുടെ മാനസികപരികല്പ്പനയായ 'ദൈവത്തെ' വെച്ചുവേണോ എന്ന കാര്യത്തിലാണ്‌ ഹുസ്സൈന്‌ തര്‍ക്കം. 'ദൈവവിഭ്രാന്തി' എന്ന പദം കൊണ്ട് താനുദ്ദേശിക്കുന്നത് പരമ്പരാഗതമായ പ്രകൃത്യതീത (Supernatural) ദൈവസങ്കല്പ്പം മാത്രമാണെന്ന് ഡോക്കിന്‍സും രവിചന്ദ്രനും വ്യക്തമാക്കിയട്ടുണ്ട്. ആ പുസ്തകങ്ങളെ ഖണ്ഡിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ഇങ്ങനെയൊരു കൊലച്ചതി ആരെങ്കിലും ചെയ്യുമെന്ന് ഹുസ്സൈന്‍ കരുതിക്കാണില്ല. തങ്ങളുടെ അല്ലാഹു എന്ന ദൈവസങ്കല്പത്തെയാണ്‌ ഹുസ്സൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന ധാരാണയിലായിരിക്കും 'സ്നേഹസംവാദ'ക്കാര്‍  താങ്കളുടെ ലേഖനം പ്രസിദ്ധീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോള്‍ ഇത് അവരുടെ ദൈവമല്ല എന്ന് പറഞ്ഞ് തടിതപ്പിയാല്‍ അവര്‍ ലേഖനം പ്രസിദ്ധീകരിക്കുന്നത് നിര്‍ത്താന്‍ ഇടയുണ്ട്. കൂലിയെഴുത്തിനെ ദോഷകരമായി ബാധിക്കുന്ന വിഡ്ഠിത്തത്തിനൊന്നും ഇറങ്ങിപ്പുറപ്പെടല്ലേ സര്‍!!

?" 'നാസ്തികനായ ദൈവ'ത്തിലെ വരികള്‍ ഇങ്ങനെയാണ്: "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ്‌ പ്രപഞ്ചം. പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമിക യുക്തിയില്‍ തോന്നുക."

ആദ്യ വാക്യത്തിലെ ആശയത്തെ രണ്ടാമത്തെ വാക്യം ഏതെങ്കിലും വിധത്തില്‍ ദുര്‍ബലമാക്കുന്നുണ്ടെങ്കില്‍ മാത്രമേ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി എന്ന ആരോപണത്തിനു പ്രസക്തിയുള്ളൂ. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. ആദ്യവാക്യത്തെ രണ്ടാമത്തെ വാക്യം ശക്തിപ്പെടുത്തുകയാണ്.

     ഒരാള്‍ ചായയുടെ നിറമുള്ള ഒരു ദ്രാവകം ഗ്ലാസില്‍ എടുത്ത് പറയുന്നു: "ചായയെപ്പോലെ തോന്നുന്നതാണ്‌ ഈ ദ്രാവകത്തിന്റെ നിറം. അത് ചായതന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമികയുക്തിയില്‍ തോന്നുക."

     ഈ വാക്യത്തില്‍ ഗ്ലാസിലുള്ള ദ്രാവകം ചായയാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, ഒറ്റനോട്ടത്തില്‍ അത് ചായതന്നെയെന്ന് ചിന്തിക്കാനാണ്‌ തോന്നുക എന്നാണര്‍ത്ഥം. അതുപോലെ പ്രാഥമികയുക്തിയില്‍ പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ്‌ എന്ന അര്‍ത്ഥത്തിനപ്പുറം ആദ്യത്തെ രണ്ട് വാക്യങ്ങളും കൂട്ടി വായിച്ചാല്‍ കിട്ടില്ല. അതുകൊണ്ട് വീണിടത്ത് കിടന്നുള്ള ഹുസ്സൈന്റെ ഉരുളല്‍ വളരെ അരോചകമായി കാണുന്നവര്‍ക്ക് തോന്നുന്നുണ്ട് എന്നറിയിക്കുന്നു. ഇനിയും ഉരുളണമോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താങ്കളില്‍ നിക്ഷിപ്തമാണ്‌.


?"ഡോക്കിന്‍സിന്റെ വാദപ്രകാരം ബാലയുക്തിഘട്ടത്തിലാണ് ദൈവത്തില്‍ വിശ്വസിക്കാന്‍ കൂടുതല്‍ സാധ്യത. എന്നാല്‍ ബാലയുക്തിയുടെ ഘട്ടത്തില്‍ മനുഷ്യന് മതവിശ്വാസങ്ങളൊന്നുമില്ലെന്നതാണ് വസ്തുത. ഇക്കാലത്ത് മനസ്സ് ശൂന്യമായരിക്കും"

    
മതവാദികള് ‍ഇക്കാലമത്രയും സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ ഹുസ്സൈന്‍ ഇതാ ഒറ്റ നിമിഷം കൊണ്ട് കടപുഴക്കി എറിഞ്ഞിരിക്കുന്നു. മനുഷ്യര്‍ ജനിച്ചുവീഴുന്നതേ വിശ്വാസപ്രകൃതവുമായാണെന്ന് എത്രവട്ടം ഇക്കൂട്ടര്‍ തട്ടിവിട്ടിരിക്കുന്നു. ബൂലോകത്തെ എത്ര വമ്പന്‍ വിശ്വാസിബ്ലോഗര്‍മാര്‍ ഇക്കാര്യത്തില്‍ ഇടതടവില്ലാതെ സംവാദം നടത്തിയിരിക്കുന്നു? ഇക്കാര്യമത്രയും ഇക്കൂട്ടര്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച വാദമല്ലേ ഹുസ്സൈന്‍ സാര്‍ ഒറ്റനിമിഷം കൊണ്ട് തകര്‍ത്തെറിഞ്ഞത്? ബാല്യത്തില്‍ മനുഷ്യര്‍ക്ക് മതവിശ്വാസങ്ങള്‍‍ ഒന്നുമില്ലെന്ന് അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിയില്ലാത്തവിധം പ്രസ്ഥാവിച്ചിരിക്കുന്നു.

     പിന്നെ എപ്പോഴാണ്  ഈ പുഴുക്കുത്തുകള്‍ മനുഷ്യനില്‍ എത്തുന്നത്?

?" ബാലയുക്തിയുടെ കാലം കഴിഞ്ഞ് യുക്തി പക്വത പ്രാപിക്കുമ്പോഴാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ (അവിശ്വാസങ്ങളായാലും) ആര്‍ജിക്കുന്നതും മനസ്സില്‍ അവ പതിയുന്നതും ബോധ്യപ്പെട്ടലിന്റെ (conviction)ഘട്ടത്തിലെത്തുന്നതും. മനുഷ്യന്റെ ഗ്രഹണശേഷിയുടെ മനശ്ശാസ്ത്രജ്ഞന്മാര്‍ സാമാന്യേന അംഗീകരിക്കുന്ന ഈ വികാസം ഡോക്കിന്‍സിന്റെ ബാല(പ്രാഥമിക)യുക്തിവ്യാഖ്യാനം ബാലിശമാണെന്ന് തെളിയിക്കുന്നു."

     ബാല്യം കഴിഞ്ഞ് പക്വത പ്രാപിക്കുമ്പോഴാണെത്രെ വിശ്വാസം മനുഷ്യന്‍ ആര്‍ജിക്കുന്നത്. ഇതുകേട്ടാല്‍ തോന്നും ബാല്യം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ 'വയസ്സറിയിക്കുന്ന'തുപോലെയും ആണ്‍കുട്ടികള്‍ക്ക് മീശ മുളയ്ക്കുന്നതുപോലെയും നടക്കുന്ന സ്വാഭാവികപ്രക്രിയയാണ്‍ വിശ്വാസം ആര്‍‍ജിക്കലെന്ന്!! ഹുസ്സൈന്‍ പറയുന്നത് വസ്തുതാപരമെങ്കില്‍ എന്തുകൊണ്ടാണ് ചെന്നായ വളര്‍ത്തിയ മനുഷ്യശിശു ചെന്നായയുടെ സ്വഭാവവും, കരടി വര്‍ത്തിയ കുട്ടി കരടിയുടെ സ്വഭാവവും ആര്‍ജിക്കുന്നത്? മുസ്ലിമിന്റെ കുട്ടി മുസ്ലിമും, ഹിന്ദുവിന്റെ കുട്ടി ഹിന്ദുവും, കൃസ്ത്യാനിയുടെ കുട്ടി കൃസ്ത്യാനിയും ആയി മാറുന്നതെങ്ങനെ? ചെറുപ്പം മുതലേ കുട്ടികളില്‍ മതം കുത്തിവെയ്ക്കുന്നതുകൊണ്ടാണ്‍ ഇങ്ങനെ സംഭവിക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്? മനുഷ്യന്‍‍ ഗ്രഹണശേഷി ആര്‍ജിക്കുന്ന ബുദ്ധിവികാസഘട്ടത്തില്‍ അടിച്ചേല്പ്പിക്കുന്നതുകൊണ്ട് മാത്രമാണ്‍ മതം മനുഷ്യനില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുന്നത്. കുട്ടികള്‍ പക്വത നേടുന്നതോടെ വിശ്വാസികളായി മാറുകയല്ല, പക്വത നേടാന്‍ സമ്മതികാതെ അവരുടെ ബോധത്തെ തളച്ചിടുയാണ്‍ മതം ചെയ്യുന്നത്.


?"ബാലയുക്തിയുടെ കാലം കഴിഞ്ഞ് യുക്തി പക്വത പ്രാപിക്കുമ്പോഴാണ് മനുഷ്യന്‍ വിശ്വാസങ്ങള്‍ (അവിശ്വാസങ്ങളായാലും) ആര്‍ജിക്കുന്നതും മനസ്സില്‍ അവ പതിയുന്നതും ബോധ്യപ്പെട്ടലിന്റെ (conviction)ഘട്ടത്തിലെത്തുന്നതും..."

"ബാലയുക്തി കാലഘട്ടം മതവിശ്വാസങ്ങള്‍ ഇല്ലാത്ത കാലമാണ്. അതായത് നിരീശ്വരവാദികളുടെ മനസ്സിനു സമാനമാണിത്"

     അടുത്തടുത്ത രണ്ട് വാക്യങ്ങളില്‍ ഹുസ്സൈന്‍ പ്രകടിപ്പിക്കുന്ന വിരുദ്ധാഭിപ്രായങ്ങള്‍ നോക്കൂ. ഒന്നാം വാക്യത്തില്‍ പറയുന്നു, വിശ്വാസം മാത്രമല്ല, അവിശ്വാസവും യുക്തി പക്വത പ്രാപിക്കുമ്പോള്‍ ആര്‍ജിക്കുന്നതാണെന്ന്. രണ്ടാം വാക്യത്തില്‍ പറയുന്നു ബാല്യകാലം നിരീശ്വരവാദികളുടെ മനസ്സിന്‍ സമമാണെന്ന്. തന്റെ വാദം സമര്‍ത്ഥിക്കാന്‍ എത്ര വിരുദ്ധാഭിപ്രായങ്ങളും എഴുന്നെള്ളിക്കാന്‍ യാതൊരു സങ്കോചവും കാണിക്കാത്തത് കപതയുടെ മുകുടോദാഹരണമാണ്‍.


?"ഡോക്കിന്‍സ് നിരീശ്വരവാദിയണെന്നതിന് മൂര്‍ത്തമായ തെളിവില്ലെന്ന്
ഡോക്കിന്‍സ് നിരീശ്വരവാദിയണെന്നതിന് മൂര്‍ത്തമായ തെളിവു നല്‍കാനാവില്ല എന്ന എന്റെ വാദത്തെ രണ്ടു പോസ്റ്റുകളിലൂടെ ഖണ്ഡിച്ച് ഖണ്ഡിച്ച് ഒടുവിലായി സുശീല്‍കുമാര്‍ എഴുതുന്നു.  : "ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം.  "
ഇതങ്ങ് ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ? ഏതു കൊച്ചുകുട്ടിക്കുമറിയാവുന്ന ഇക്കാര്യം നിരീശ്വരവാദികള്‍ ഇപ്പോളെങ്കിലും മനസ്സിലാക്കിയത് നന്ന്!

     ഹുസ്സൈന്‍ സാറേ, എന്റെ ആദ്യപൊസ്റ്റിലെ ആദ്യ വാദം ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കുന്നു:

     "വിശ്വാസം, അവിശ്വാസം, സ്നേഹം, ദേഷ്യം, അസൂയ, തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിന്റെ ഉല്പ്പന്നമായ ബോധത്തില്‍ അന്തര്‍ലീനമായ വിവിധ ഭാവങ്ങളാണല്ലോ? ഒരാളുടെ തലച്ചോറ് പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് എത്രത്തോളമുണ്ടെന്ന് അറിയാന്‍ കഴിയുമോ എന്ന് പറയാനുള്ള അറിവ് എനിക്കില്ല. പക്ഷേ ഒരാളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിച്ച് ഇതില്‍ ചില ഭാവങ്ങളെ കൃത്രികമായി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന അറിവ് ഇന്ന് ലഭ്യമാണ്‌. ഇതില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം ഇവയെല്ലാം തലച്ചോറിനെ ആശ്രയിച്ച് നിലനില്‍ക്കുന്നതും തലച്ചോറിന്റെ അഭാവത്തില്‍ സ്വതന്ത്രമായ അസ്തിത്വമില്ലാത്തതുമായ സ്വഭാവവിശേഷങ്ങളാണെന്നാണ്‌. ഇതുപോലെ 'ദൈവം' എന്നതും ഇത്തരത്തില്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ചിന്തയാണ്‌ എന്നാണ്‌ ശ്രീ എന്‍ എം ഹുസ്സൈന്റെ വാദത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കോ നിരീശ്വരവാദികള്‍ക്കൊ വിയോജിപ്പില്ല. ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മനുഷ്യ മസ്തിഷ്കത്തില്‍ വിരിഞ്ഞവ തന്നെയാണെന്നാണ്‌ ഇവരുടെയും പക്ഷം. ഈ ചിന്തകള്‍/വികാരങ്ങള്‍ എല്ലാം തന്നെ മസ്തിഷ്കം നിശ്ചലമാകുന്നതോടെ അവസാനിക്കുന്നു. അതേ പോലെ ഒരാളുടെ വിശ്വാസവും അവിശ്വാസവും, അയാളുടെ ദൈവചിന്തയടക്കം ഇത്തരത്തില്‍ മസ്തിഷ്കം മരിക്കുന്നതോടെ അവസാനിക്കുന്നു. ഈയര്‍ത്ഥത്തിലുള്ള ഒരു ദൈവത്തെ ഡക്കിന്‍സോ, രവിചന്ദ്രനോ മറ്റേതെങ്കിലും നിരീശ്വരവാദികളോ ഖണ്ഡിക്കുന്നില്ല. ആയതിനാല്‍ ഭൗതികമായ മസ്തിഷ്കത്തിന്റെ ഉല്പന്നമായ ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ 'അവ നിലനില്‍ക്കുന്നുണ്ട്' എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല. ഇത്തരമൊരു 'ദൈവ'ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല"

     എന്റെ ആദ്യവാചകത്തില്‍ പറഞ്ഞതിനപ്പുറമൊന്നും താങ്കള്‍ ഉദ്ധരിച്ച വാക്യത്തിലും പറഞ്ഞിട്ടില്ലല്ലോ? ഉണ്ടോ? ഡൊക്കിന്‍സിന്റെ നിരീശ്വവാദവും, ഹുസ്സൈന്റെ ദൈവസങ്കല്പ്പവും രണ്ടും അവരവരുടെ തലച്ചോറിന്റെ ചിന്തയുടെ ഭാഗമാണെന്നാണ്‍ ഞാന്‍ ആദ്യവും അവസാനവും പറഞ്ഞത്. വാചകക്കസര്‍ത്ത് കൊണ്ട് കാര്യം കാണാമെന്ന് ധരിക്കുന്നത് പമ്പരവിഢ്ഠിത്തം.

?ദൈവാസ്തിത്വത്തിന് നല്‍കപ്പെട്ട അഞ്ചു് അമൂര്‍ത്തമായ തെളിവുകളെ ഖണ്ഡിക്കാനാണല്ലോ ഡോക്കിന്‍സ് ശ്രമിച്ചിട്ടുള്ളത്. കൂടാതെ മറ്റനേകം തെളിവുകളേയും അദ്ദേഹം ഖണ്ഡിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമം പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് ഞാന്‍ രണ്ടു പോസ്റ്റുകളിലായി സമര്‍ത്ഥിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നുപോലും ഖണ്ഡിക്കാന്‍ സുശീല്‍കുമാര്‍ ശ്രമിച്ചിട്ടില്ല. (സി കെ ബാബു അക്വിനാസിനെപ്പറ്റി എഴുതിയത് നോക്കുക എന്നു പറഞ്ഞ് തടിതപ്പി.

     അപ്പോള്‍ എന്റെ രണ്ടാമത്തെ പോസ്റ്റ് ഹുസ്സൈന്‍ കണ്ടിട്ടില്ല!!!!

?ചെമ്പരുത്തിപ്പൂവിന്റെ ചുവപ്പാണോ, അതോ സൂചിയുടെ കൂര്‍പ്പാണോ കൂടുതല്‍ നീണ്ടത് എന്നൊരു ചോദ്യം ചോദിച്ചിട്ട് താനെന്തൊ മഹത്തായ കാര്യം സാധിച്ചിരിക്കുന്നു എന്ന് നടിക്കുന്നവരോട് എന്ത്‌ പറയാന്‍? " 
എങ്ങനെയുണ്ട് മറുപടി? സുഹൃത്തേ, ഞാന്‍ അതുസംബന്ധമായി ചോദ്യങ്ങളൊന്നും ചോദിച്ചില്ലല്ലോ.

     പരസ്പര ബന്ധമുള്ള കാര്യങ്ങളേ താരതമ്യം ചെയ്യാവൂ എന്നേ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളു. 'ദൈവവും', സ്നേഹവും തമ്മിലുള്ള പരസ്പരസാമ്യം അവ രണ്ടും തലച്ചോറിന്റെ ഉല്പന്നങ്ങളാണെന്നതാണ്‍. അതുകൊണ്ടാണ്‍ അക്കാര്യം ആദ്യമേ വിശകലനം ചെയ്തത്.

?"ദൈവത്തിന്റെ അമൂര്‍ത്തത വ്യക്തമാക്കാനാണ് സ്നേഹത്തോട് ഉപമിച്ചത്. അമൂര്‍ത്തമായ സ്നേഹത്തിന് സമൂര്‍ത്തമായ തെളിവ് ഇല്ലാത്തതുപോലെ അമൂര്‍ത്തമായ ദൈവത്തിനും സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവില്ല എന്നാണ് വാദം"

     സ്നേഹം ദ്രവ്യജന്യമായ ഒരു ജൈവഭാവമാണെന്ന് നമുക്കറിയാം. ദ്രവ്യം മൂര്‍ത്തമായതാണെങ്കിലും ദ്രവ്യജന്യമായ സ്നേഹം അമൂര്‍ത്തമാണെന്നും നമുക്കറിയാം. എന്നാല്‍ 'ദൈവം'അമൂര്‍ത്തമണെന്ന്   ഹുസ്സൈനോട് ആരാണ്‍ പറഞ്ഞത്? 'ദൈവം' പറഞ്ഞൊ? ഏതെങ്കിലും മതഗ്രന്ഥങ്ങള്‍ പറഞ്ഞോ? ഉണ്ടെങ്കില്‍ ഏത് മതഗ്രന്ഥത്തില്‍? അറിയാത്ത കാര്യത്തെക്കുരിച്ച് തനിക്കറിയാമെന്ന് ഭാവിച്ച് ശാസ്ത്രം വിളമ്പുന്നവരോട് എന്ത് പറയാന്‍? 

അഞ്ജനമെന്നത് ഞാനറിയും, അത് മഞ്ഞള്‍ പോലെ വെളുത്തിരിക്കും!!!


?" ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍, ആനമറുത, ഇവയൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ ഭാവനകള്‍ തന്നെയാണെന്നാണ്‌ എന്റെ പക്ഷം. അല്ലെന്ന് തെളിയിക്കാന്‍ എന്‍ എം ഹുസ്സൈനെ വെല്ലുവിളിക്കുന്നു."എന്നു സുശീല്‍കുമാര്‍.
 റിച്ചാഡ് ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന് മൂര്‍ത്തമായി  തെളിയിക്കാനാവില്ലെന്ന് സമ്മതിച്ച താങ്കളോട് ഇവയെ മൂര്‍ത്തമായി തെളിയിക്കാനാവില്ല എന്നു ഞാനും സമ്മതിക്കുന്നു."

     എന്റെ ദൈവമേ, നീയീ തമാശയൊന്നും കേള്‍‍ക്കുന്നില്ലേ?

     'ദൈവത്തെ' മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന് ഡോക്കിന്‍സ് പറഞ്ഞു. സി രവിചന്ദ്രന്‍ ഇക്കാര്യം സ്ഥാപിക്കാന്‍ ഉപയോഗിച്ചത് ഒരു പേജ്. ഇവിടെ അതിനെ ഘണ്ഡിക്കാന്‍ നാല്‍ പോസ്റ്റിട്ട ശേഷം ഹുസ്സൈന്‍ പറയുന്നു ദൈവത്തെ മൂര്‍ത്തമായി തെളിയിക്കാനാകില്ലെന്ന്!! എന്നാല്‍ ഇക്കാര്യം ആദ്യമേ സമ്മതിച്ചാല്‍ പോരായിരുന്നോ?

? "മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല." എന്നെഴുതിയാല്‍ 'മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നു' എന്നു ഗ്രഹിക്കുന്ന സുശീല്‍കുമാറിന്റെ ഗ്രഹണശേഷിക്കു് കാര്യമായ തകരാറുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ?"

     മതവിശ്വാസികളില്‍ മന്ദബുദ്ധികളുമുണ്ടെന്ന് പറഞ്ഞത് ഹുസ്സൈന്‍ തന്നെ. എന്നാല്‍ നിരീശ്വരവാദികളില്‍ മന്ദബുദ്ധികള്‍ ഉണ്ടാകാന്‍ യാതൊരിടയുമില്ല. 

?ഏതായാലും മൂര്‍ത്തമായി തെളിയിക്കാനാകാത്ത ഒരു വിശ്വാസമെങ്കിലും സുശീല്‍കുമാറിനുണ്ടെന്ന് ഇപ്പോള്‍ തെളിഞ്ഞില്ലേ? ഇങ്ങനെ ചിന്ത പുരോഗമിക്കുകയാണെങ്കില്‍ (ഇപ്പോളാണ് ചിന്തിച്ചുതുടങ്ങിയതെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?) വൈകാതെ മൂര്‍ത്തമായി തെളിയിക്കാനാകാത്ത വിശ്വാസങ്ങള്‍ വേറെയും ആകാമെന്ന് അദ്ദേഹത്തിനു ഗ്രഹിക്കാനാവും. ഭാവുകങ്ങള്‍"

     ദ്രവ്യത്തിന് മൂര്‍ത്തമായ തെളിവ് നല്‍കാം. എന്നാല്‍ ദ്രവ്യജന്യമായ കാര്യങ്ങള്‍ക്ക് അമൂര്‍ത്തമായ തെളിവെ നല്‍കാനാകൂ. 'മൂര്‍ത്തമായി തെളിയിക്കാനാകാത്ത' വിശ്വാസം എല്ലാ നിരീശ്വരവാദികള്‍ക്കുമുണ്ട്.  അക്കാര്യവും ഞാന്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഉദാഹരണം 'സുഹൃത്ത് ചതിക്കില്ല' എന്ന വിശ്വാസം. 'ഇന്ന് മഴയുണ്ടാകാനിടയില്ല എന്ന വിശ്വാസം'. ഈ വിശ്വാസങ്ങളും ദൈവത്തിലും കുട്ടിച്ചാത്തനിലുമുള്ള വിശ്വാസവും ഒരേപോലെയാണെങ്കില്‍ എനിക്കൊട്ടും വിരോധമില്ല. കാരണം സുഹൃത്ത് ചതിക്കുമ്പോഴും ഇന്ന് മഴ പെയ്യുമ്പോഴും ആ വിശ്വാസം തിരുത്തേണ്ടിവരും. എന്നാല്‍ മതവിശ്വാസത്തെന്റെ കാര്യമോ? ഇന്ന് മഴപെയ്യില്ലെന്നല്ലേ എന്റെ കിതാബില്‍ കണ്ടത്? അതുകൊണ്ട് ഇക്കാണുന്നതൊന്നും മഴയാകാനിടയില്ല. കിതാബില്‍ പറഞ്ഞതാണ്‍ ശരി. "കാരണം കിതാബിലേത് സ്രഷ്ടാവിന്റെ വാക്കുകളാണ്. മഴകാണുന്നത് സൃഷ്ടിയുടെ തോന്നലും" (ചിന്തകനോട് കടപ്പാട്)

?"ഗോത്രദൈവമോ?
'മുപ്പത്തിമുക്കോടി ദൈവങ്ങള്‍ 'എന്ന പ്രയോഗം പരിഹാസമല്ല, ജാതി സമൂഹങ്ങളിലെ ദേവീ-ദേവ വൈവിധ്യത്തെ സൂചിപ്പിക്കാന്‍ സാമൂഹികശാസ്ത്രജ്ഞര്‍ ഉപയോഗിക്കാറുള്ളതാണ് . അതിലൊരു ദൈവമല്ല അല്ലാഹുവെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. ഈശ്വരന്‍,ദൈവം എന്നീ മലയാള പദങ്ങളുടെയും God എന്ന ഇംഗ്ലീഷ് വാക്കിന്റെയും അറബി രൂപമാണ് അല്ലാഹുവെന്നും വ്യക്തമാക്കിയിരുന്നു"

     ഉരുണ്ട് കളിക്കാതെ താങ്കള്‍ ഉണ്ടെന്ന് വാദിക്കുന്ന ദൈവം ഖുര്‍ ആനിലെ അല്ലാഹുതന്നെയാണൊ എന്ന് മനുഷ്യന്‌  മനസിലാകുന്ന ഭാഷയില്‍ പറയണം സര്‍, ഖുര്‍ ആനിലെ വ്യക്തിദൈവം തന്നെയാണൊ താങ്കള്‍ ഉദ്ദേശിച്ച ദൈവം? Yes or No?

?"മഹാവിസ്ഫോടനത്തിനു മുന്‍പ് ഫ്രീഡ്മാന്‍ ഗ്രാഫില്‍ സമയവും സ്ഥലവും മറ്റു ഭൌതിക വസ്തുക്കളുമെല്ലാം പൂജ്യമാണെന്ന ശാസ്ത്ര വസ്തുത സുശീല്‍കുമാറിനറിയുമോ?"


     സമയം, കാലം, സ്ഥലം ഇവയൊക്കെ എന്താണെന്ന് ഹുസ്സൈന്റെ ദൈവത്തിനറിയുമോ? അതറിയാത്ത 'ദൈവ'മാണോ മഹാവിസ്ഫോടനമുണ്ടാക്കിയത്?

?"ശാസ്ത്രം ഭൌതികവാദത്തില്‍നിന്നും അകന്നെന്നു പറഞ്ഞാല്‍ മതത്തോട് അടുത്തു എന്നുതന്നെയാണര്‍ത്ഥം. മറ്റു വല്ല അര്‍ത്ഥങ്ങളുമുണ്ടെങ്കില്‍ നിസ്സഹായനു സമര്‍ത്ഥിക്കാം"

     ഭൗതികത്തെക്കുറിച്ചുള്ള പഠനമാണ്‍ ശാസ്ത്രം. അത് ഭൗതികത്തില്‍ നിന്നും അകലുന്നതെങ്ങനെ? ഇനി അകന്നു എന്നുതന്നെ വെയ്ക്കുക. അതുകൊണ്ട് അത് മതത്തോട് അടുത്തു എന്നെങ്ങനെ പറയാം? A പറയുന്നതൊക്കെ തെറ്റാണ്‍. ശരി, സമ്മതിച്ചു, അതുകൊണ്ട് B പറയുന്നതൊക്കെ ശരിയാണെന്ന് പറയാന്‍ കഴിയുമോ? വിഢ്ഠിത്തം കൂടുതലായാല്‍ അതാര്‍ക്കും അലങ്കാരമാകില്ല.

?"ദൈവത്തെ മനസ്സിലാക്കുന്നതില്‍ മനുഷ്യനു പരിമിതികളുണ്ട് എന്നതുകൊണ്ടാണ് വൈവിധ്യവും വൈരുധ്യവുമാര്‍ന്ന ദൈവസങ്കല്‍പ്പങ്ങളുണ്ടായത്"

     ഈ പരിമിതി അംഗീകരിച്ച് അറിയാത്ത കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ്‌ മിണ്ടാതിരുന്നുകൂടേ ഹുസ്സൈന്‍? 

     മതഗ്രന്ഥങ്ങലില്‍ കാണുന്ന ദൈവങ്ങള്‍ വ്യത്യസ്തമാകുന്നത് മനുഷ്യന്റെ പരിമിതി മൂലമാണല്ലോ? അപ്പോള്‍‍ മറ്റൊരു മഹത്തായ കുറ്റസമ്മതം കൂടി ഹുസ്സൈന്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. മതഗ്രന്ഥങ്ങളെല്ലാം മനുഷ്യസൃഷ്ടിയാണ്‍. അല്ലെങ്കില്‍ അതില്‍ വൈരുദ്ധ്യം ഉണ്ടാകാനിടയില്ലല്ലോ

     എല്ലാ സത്യവും ഇങ്ങനെ എപ്പോഴും വെട്ടിത്തുറന്നുപറയാമൊ സര്‍?
സ്നേഹദൂതന്റെ ആള്‍ക്കാര്‍ കേള്‍ക്കണ്ട. ഉള്ള കഞ്ഞികുടി കൂടി മുട്ടിക്കണ്ട.

?സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പുതിയ പുസ്തകത്തെപ്പറ്റി ഒരു ഭാഗം ഉദ്ധരിക്കുന്നു. അതില്‍ " It argues that invoking God is not necessary to explain the origin of universe  and that the Big Bang is a consequence of the laws of physics alone" എന്ന വാക്യമുണ്ട്.


 ഒരു സിസ്റ്റത്തെയും ആ സിസ്റ്റംകൊണ്ടു മാത്രം വിശദീകരിക്കാനാവില്ല. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ പ്രോഗ്രാമറില്ലാതെ കംപ്യൂട്ടര്‍ മാത്രം മതിയാവുമോ? അതിന്റെ ഉദ്ഭവത്തെ അത്രപോലും  വിശദീകരിക്കാനാവില്ല. അതിനാല്‍ പ്രപഞ്ചത്തെ അതിനകത്തെ ഭൌതികനിയമങ്ങള്‍ കൊണ്ട് വിശദീകരിക്കാമെന്ന വാദം അശാസ്ത്രീയവും അയുക്തികവുമാണ്.

     ഒരു സിസ്റ്റത്തിന്റെ ഏതെങ്കിലും ഒരു ഭാഗം ഇല്ലെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കാനാകില്ല. എന്നാല്‍ അതിന്റെ നിര്‍മാണത്തില്‍ നിന്ന് ഏതെങ്കിലും വിധത്തില്‍ ഒഴിച്ചുനിര്‍ത്താവുന്നത് അതിന്റെ പ്രൊഗ്രാമറെ മത്രമാകും. കാരണം ഒരു പ്രോഗ്രാമറില്ലാതെ സിസ്റ്റം പ്രവര്‍ത്തിക്കാന്‍ വളരെ ചെറുതെങ്കിലും നേരിയ സാധ്യതയുണ്ട്. 

     സിസ്റ്റത്തിന്‍ പ്രോഗ്രാമറെ തേടുന്നപോലെ പ്രപഞ്ചത്തിന്‍ സ്രഷ്ടാവിനെ തേടുന്നതിനെയാണല്ലൊ രവിചന്ദ്രന്‍ പ്രാഥമികയുക്തി എന്ന് വിശേഷിപ്പിച്ചത്? അത് നിരീശ്വരവാദികള്‍ക്കുമേല്‍ കെട്ടവെച്ച് തലയൂരാന്‍ ശ്രമിച്ച ഹുസ്സൈന്റെ വാദം കേട്ടോ? ആരാണപ്പാ ഈ ബാലയുക്തിക്കാര്‍?

?"പ്രപഞ്ചം ഉദ്ഭവിച്ചതാണെന്ന് ശാസ്ത്രം കണ്ടെത്തിയതായി സുശീല്‍ മുന്‍പു സമ്മതിച്ചല്ലോ. ഹോക്കിങ്ങിന്റെ ഈ വാക്യം കൂടി നോക്കൂൂ: " So  long as the universe had a beginning, we could suppose it had a creator"('The Brief History of Time' p 149) "

     'The Brief History of Time'  ഇറങ്ങി എത്രകാലം കഴിഞ്ഞാണ്‍ സര്‍, The Grand Design  പ്രസിദ്ധീകരിച്ചത്? അതിനിടയില്‍ സ്റ്റീഫന്‍ ഹോക്കിങ് തന്റെ വാദങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയത് അറിഞ്ഞില്ലേ?

 " It argues that invoking God is not necessary to explain the origin of universe  and that the Big Bang is a consequence of the laws of physics alone"

(മലയാളം ടൈപ്പിങ് വശമാക്കാനുള്ള താമസം മൂലമാണ് അപ്പപ്പോള്‍ മറുപടി എഴുതാന്‍ സാധിക്കാതെ വരുന്നത്. ഇപ്പോള്‍ മാനുസ്ക്രിപ്റ്റ് സൂഹൃത്തിനെക്കൊണ്ട് ടൈപ്പ് ചെയ്യിച്ച് ഇടുകയാണ്. അതുകൊണ്ട് മറുപടികള്‍ ഉടനുടന്‍ കണ്ടില്ലെങ്കില്‍ തെറ്റിദ്ധരിക്കരുതെന്ന് വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.)

(അക്കാര്യത്തില്‍ സാര്‍ വിഷമിക്കണ്ട. സാവകാശം എഴുതിയാല്‍ മതി. കാരണം ചീഞ്ഞ മത്തി മാര്‍ക്കറ്റില്‍ വളരെ നേരത്തെ എത്തുന്നതില്‍ വലിയ കാര്യമൊന്നുമില്ല. അത് ഏറ്റവും ഒടുവിലേ വിറ്റുപോകൂ. ഒടുവില്‍ പൂച്ചയ്ക്ക് കൊടുക്കേണ്ടിവരും.)

കദളിവാഴ...ക്കയ്യിലിരുന്നൊരു.........


Saturday, November 20, 2010

എന്‍ എം ഹുസ്സൈന്റെ 'മദ'ദൈവം 'മൂര്‍ത്ത'തോ അതൊ 'അമൂര്‍ത്ത'തോ?


     ഒടുവില്‍   യുക്തി'വാത'ത്തിന്‌ എന്‍ എം ഹുസ്സൈന്റെ മറുപടി എത്തിയിരിക്കുന്നു. വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയയില്‍നിന്ന്‌  ജനിക്കുന്നതും വ്യക്തിഹത്യാപരവുമായ ആക്ഷേപങ്ങള്‍ക്കാണ്‌ അദ്ദേഹം തന്റെ മറുപടിയില്‍ വിഷയത്തേക്കാള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്. അദ്ദേഹം കനിഞ്ഞു നല്‍കിയിരി‍ക്കുന്ന എല്ലാ ബഹിമതികളെയും ഈയുള്ളവന്‍ ശിരസ്സാ വഹിക്കുന്നു. കാരണം അദ്ദേഹം ഇത്തരം ബഹുമതി നല്‍കി ആദരിച്ച ആദ്യവ്യക്തിയല്ല ഞാന്‍ എന്നതുതന്നെ. സി രവിചന്ദ്രന്‍ മുതല്‍ റിച്ചാഡ് ഡോക്കിന്‍സ് വരെ ഏറ്റുവാങ്ങിയ ഈ ബഹുമതി ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായതില്‍ ഹുസ്സൈന്‍ സാറിനോടുള്ള അകൈതവമായ കൃതാര്‍ത്ഥത അറിയിക്കുന്നു.

     ?"റിച്ചാഡ് ഡാക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‌ 'മൂര്‍ത്തമായ തെളിവ്'നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ എന്നതാണ്‌ പ്രധാനചോദ്യം. സ്നേഹം, കരുണ, വിദ്വേഷം, പക, അസൂയ തുടങ്ങിയ വികാരങ്ങള്‍ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഒരാള്‍ക്ക് സ്നേഹമുണ്ട്, അല്ലെങ്കില്‍ ഒരാള്‍ക്ക് അസൂയയുണ്ട്, വിശ്വാസമുണ്ട്, അവിശ്വാസമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് നല്‍കാന്‍ കഴിയുമോ? അത് പരീക്ഷണനിരീക്ഷണങ്ങളാല്‍ തെളിയിക്കാനാകുമോ? അവയെ ഒരു നിരീശ്വരവാദി അംഗീകരിക്കുന്നുവെങ്കില്‍ 'ദൈവത്തിന്‌' മാത്രം 'മൂര്‍ത്തമായ തെളിവ്' ചോദിക്കുന്നതെന്തിന്‌?"

     റിച്ചാര്‍ഡ് ഡോക്കിന്‍സ് ഒരു മനുഷ്യനാണ്‌. അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന അറിവുതന്നെയാണ്‌ അദ്ദേഹം ഉണ്ട് എന്നതിനുള്ള മൂര്‍ത്തമായ തെളിവ്. അദ്ദേഹത്തെ നമുക്ക് കാണാം, സംസാരിക്കാം, തൊട്ടുനോക്കാം, വേണമെങ്കില്‍ ഡി എന്‍ എ പരിശോധിക്കാം. എന്നാല്‍ ഡോക്കിന്‍സിന്റെ നിരീശ്വരവാദമെന്നത് ഡോക്കിന്‍സ് എന്ന വ്യക്തിയെപ്പോലെ ഭൗതികയാഥാര്‍ത്ഥ്യമല്ല, മറിച്ച് ആശയമാണ്‌. ഡോക്കിന്‍സിന്റെ നിരീശ്വരവാദം അദ്ദേഹത്തിന്റെ തലച്ചോറ് എന്ന ഭൗതിക വസ്തുവിന്റെ ഉല്പന്നവുമാണ്‌. ആശയം ഭൗതികമല്ലാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ' തെളിവ് നല്‍കാനാകില്ല എന്ന് ഏത് കൊച്ചുകുട്ടിക്കുമറിയാം. പക്ഷേ, അദ്ദേഹത്തിന്റെ ആശയത്തെ നമുക്ക് പരിശോധിക്കാം. അത് തൂക്കി നോക്കിയിട്ടോ, അളന്ന് നോക്കിയിട്ടോ എണ്ണിനോക്കിയിട്ടോ തന്നെ വേണമെന്നില്ലല്ലോ? ആ ആശയം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്ന്. അതാണ്‌ ഡോക്കിന്‍സ് നിരീശ്വരവാദിയാണെന്നുള്ളതിനുള്ള അമൂര്‍ത്തമായ തെളിവ്.  

     ഇനി നമുക്ക് 'ദൈവ'ത്തിന്റെ കര്യമെടുക്കാം. ഇവിടെ കാതലായ ഒരു പ്രശ്നമുണ്ട്. അത് ലേഖകന്‍ കണ്ടില്ലെന്ന് നടിക്കുകയാണോ അല്ലെങ്കില്‍ ഉരുണ്ട് കളിക്കുകയാണോ എന്ന് വ്യക്തമല്ല. ഒരു സംഗതി ചര്‍ച്ചയ്ക്ക് വെയ്ക്കുമ്പോള്‍ അത് എന്താണെന്നെങ്കിലും വ്യക്തമാക്കാന്‍ അത് ഉന്നയിക്കുന്നയാള്‍ക്ക് ബാധ്യതയുണ്ട്. 'ദൈവ'ത്തെ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ അത് ഇന്നതാണ്‌ സാധനമെന്ന് വ്യക്തമാക്കിയിട്ട് വേണമായിരുന്നു ചര്‍ച്ച തുടങ്ങാന്‍. ഇവിടെ ആ പ്രാഥമിക കര്‍മ്മം ചെയ്യാതെയാണ്‌ ലേഖകന്‍ ദൈവത്തിന്റെ ഗുണഗണങ്ങളിലേക്ക് കടക്കുന്നത്. 'ദൈവം' ഡോക്കിന്‍സിനെപ്പോലെ നമ്മുടെ മുന്നിലുള്ള ഒരാളല്ലാത്തതിനാല്‍ നമുക്ക് പരിക്ഷിക്കാനോ നിരീക്ഷിക്കാനോ നിവൃത്തിയില്ല. അതിനാല്‍ 'ദൈവം ഉണ്ട്' എന്നതിന്‌ 'ഡോക്കിന്‍സ് ഉണ്ട്' എന്നതുപോലെ മൂര്‍ത്തമായ തെളിവില്ല. ഇനി 'ദൈവം' എന്ന ആശയത്തിന്റെ കാര്യമെടുക്കാം. അത് ഡൊക്കിന്‍സിന്റെ നിരീശ്വരവാദം പോലെ പരിശോധിക്കാന്‍ നമുക്ക് മുന്നിലില്ല. ആകെ ഉള്ളത് ദൈവത്തിന്റേത് എന്ന് അവകാശപ്പെട്ട് പല മതങ്ങളും നമുക്ക് മുന്നില്‍ വെയ്ക്കുന്ന മത ഗ്രന്ഥങ്ങള്‍ മാത്രം. അവയാണെങ്കില്‍ പരസ്പരവിരുദ്ധവും കെട്ടുകഥകളുടെയും അമ്മൂമ്മക്കഥകളുടെയും സമാഹാരവും. അത് പരിശോധിക്കുമ്പോള്‍ എന്‍ എം ഹുസ്സൈന്‌ നില്‍ക്കക്കള്ളിയില്ലാതെ വരുന്നതിനാല്‍ അദ്ദേഹം തന്നെ അത് പരിശോധിക്കുക എന്ന സാഹസത്തിനൊട്ട് മുതിരുന്നുമില്ല. ഈ സാഹചര്യത്തില്‍ ദൈവത്തിന്‌ മൂര്‍ത്തമോ അമൂര്‍ത്തമോ ആയ തെളിവില്ലാതെ വരുന്നു.

     ?"ദൈവത്തിന്റെ അമൂര്‍ത്തത വ്യക്തമാക്കാനാണ് സ്നേഹത്തോട് ഉപമിച്ചത്. അമൂര്‍ത്തമായ സ്നേഹത്തിന് സമൂര്‍ത്തമായ തെളിവ് ഇല്ലാത്തതുപോലെ അമൂര്‍ത്തമായ ദൈവത്തിനും സമൂര്‍ത്തമായ തെളിവ് ഹാജറാക്കാനാവില്ല എന്നാണ് വാദം. ഈ വാദത്തെ ഖണ്ഡിക്കണമെങ്കില്‍ ദൈവം  സമൂര്‍ത്തമാണെന്നോ സ്നേഹം സമൂര്‍ത്തമാണെന്നോ സമര്‍ത്ഥിക്കണം.  അതുമല്ലെങ്കില്‍ അമൂര്‍ത്തമായതിനും സമൂര്‍ത്തമായ തെളിവുണ്ടാകുമെന്നു സമര്‍ത്ഥിക്കണം.


     രൂപകം എന്നാല്‍ എന്തെന്ന് എനിക്ക് മനസ്സിലായിട്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. മാനുഷിക വികാരങ്ങളായ സ്നേഹം, വിദ്വേഷം, അസൂയ തുടങ്ങിയ വികാരങ്ങളുടേ കൂടെ ദൈവത്തെ അവതരിപ്പിക്കുമ്പോള്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാണെന്ന് കേള്‍ക്കുന്നവര്‍ ഊഹിക്കണം എന്നു പറയുന്നതില്‍ എന്ത് ന്യായം? വ്യത്യസ്ത സംഗതികളെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ ചില സാമ്യങ്ങള്‍ വേണം. സിംഹത്തിന്റെയും ആനയുടേയും ഉദാഹരണം അദ്ദേഹം പറഞ്ഞത് ശരിതന്നെ. എന്നാല്‍ അതാണോ അദ്ദേഹത്തിന്റെ ചോദ്യം? ചെമ്പരുത്തിപ്പൂവിന്റെ ചുവപ്പാണോ, അതോ സൂചിയുടെ കൂര്‍പ്പാണോ കൂടുതല്‍ നീണ്ടത് എന്നൊരു ചോദ്യം ചോദിച്ചിട്ട് താനെന്തൊ മഹത്തായ കാര്യം സാധിച്ചിരിക്കുന്നു എന്ന് നടിക്കുന്നവരോട് എന്ത്‌ പറയാന്‍?

     ?"ഒരു വിഡ്ഢിത്തത്തെ ആധാരമാക്കി 'ചിന്തി'ച്ചാല്‍ മറ്റൊരു വിഡ്ഢിത്തത്തിലായിരിക്കുമല്ലോ എത്തുക. സുശീല്‍കുമാര്‍ എഴുതി:" ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കോ നിരീശ്വരവാദികള്‍ക്കൊ വിയോജിപ്പില്ല. ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മനുഷ്യ മസ്തിഷ്കത്തില്‍ വിരിഞ്ഞവ തന്നെയാണെന്നാണ്‌ ഇവരുടെയും പക്ഷം. ഈ ചിന്തകള്‍/വികാരങ്ങള്‍ എല്ലാം തന്നെ മസ്തിഷ്കം നിശ്ചലമാകുന്നതോടെ അവസാനിക്കുന്നു. "
പ്രപഞ്ചത്തെപ്പറ്റിയുള്ള ചിന്തകളും വീക്ഷണങ്ങളുമെല്ലാം മസ്തിഷ്കത്തിനകത്താണെന്നു പറഞ്ഞാല്‍ പ്രപഞ്ചം തന്നെയും മസ്തിഷ്കത്തിനകത്താണെന്നു ധരിക്കുന്ന മൌഢ്യം തന്നെയാണ് മേല്‍ വരികളിലുമുള്ളത്.

     പ്രപഞ്ചം എന്നത് ഒരു ഭൗതിക യാഥാര്‍ത്ഥ്യമാണ്‌. അത് മസ്തിഷ്കത്തിനകത്തെ ചിന്തയാണെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറഞ്ഞെന്ന് വരുത്തി വാദിച്ചു ജയിക്കാമെന്ന് കരുതുന്നത് ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലുന്ന ഏര്‍പ്പാടാണ്‌. ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍, ആനമറുത, ഇവയൊക്കെ മനുഷ്യമസ്തിഷ്കത്തിന്റെ ഭാവനകള്‍ തന്നെയാണെന്നാണ്‌ എന്റെ പക്ഷം. അല്ലെന്ന് തെളിയിക്കാന്‍ എന്‍ എം ഹുസ്സൈനെ വെല്ലുവിളിക്കുന്നു.

     "'ദൈവം' 'ഇന്ദ്രിയാതീതയാഥാര്‍ത്ഥ്യ'മാണെന്ന അറിവ് എവിടെനിന്നാണ്‌ ലഭിച്ചത്? ആ അറിവ് ലഭിക്കാന്‍ ഉപയോഗിച്ച ഉപകരണം ഇന്ദ്രിയങ്ങള്‍ തന്നെയാണോ? അതല്ല, പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം മറ്റാര്‍ക്കുമില്ലാത്ത എന്ത് ഉപകരണമാണ് ലേഖകന്‌ സിദ്ധിച്ചിരിക്കുന്നത്? 'ഇന്ദ്രിയാതീത'മായത് ദൈവമാണെന്നും, ആ ദൈവം തന്റെ മതഗ്രന്ഥത്തിലെ ദൈവമായ അല്ലാഹു എന്ന അറേബ്യന്‍ ഗോത്രദൈവം തന്നെയാണെന്നും തീരുമാനിക്കുന്നതെങ്ങനെ? അത് 'നിര്‍ഗുണപരബ്രഹ്മ'മല്ലെന്നുള്ള അറിവ് ലേഖകനുണ്ടോ? എങ്കില്‍ ആ അറിവിന്റെ ഉറവിടമെന്ത്? അത് ലഭിച്ച മാര്‍ഗമേത്?"

      ഈ ചോദ്യം നഴ്സറി നിലവാരത്തിലുള്ളതാണെന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം.

     ഇനി ബിരുദാനന്തരബിരുദ നിലവാരത്തിലുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ നോക്കൂ:-"ദൈവമോ ജിന്നുകളോ മസ്തിഷ്കത്തിനകത്താണെന്ന് യുക്തിവാദികള്‍ക്ക് വിശ്വസിക്കാം. എന്നാല്‍ മതവിശ്വാസികളിലെ മന്ദബുദ്ധികള്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല."

     ഇപ്പോള്‍ കാര്യം വ്യക്തമായില്ലേ? 'മന്ദബുദ്ധികളായ' വിശ്വാസികള്‍ എങ്ങനെ വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്‌ അദ്ദേഹത്തിന്റെ ഈ ശാസ്ത്രീയ അഭ്യാസം മുഴുവനും.

     ?'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നും  'ദൈവമുണ്ട്  'എന്ന പ്രസ്താവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും .എന്നാല്‍ ആദ്യത്തേത് യുക്തിപരമാണെന്നതിന് 'മൂര്‍ത്തമായ തെളിവ് 'ഹാജറാക്കാന്‍ നിരീശ്വരവാദികള്‍ക്കു സാധിക്കുമോ? ഇന്നേവരെ ഏതെങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല' എന്ന പ്രസ്താവന യുക്തിപരമാണെന്നതിന് മൂര്‍ത്തമായ തെളിവ് ഹാജറാക്കിയതായി ചൂണ്ടിക്കാട്ടാനാവുമോ?"എന്നായിരുന്നു എന്റെ ചോദ്യം. ഇതിന് സുശീലിന്റെ മറുപടി ഇങ്ങനെ: "    വളരെ വിചിത്രമായ ഒരു ചോദ്യമാണിത്. പലവട്ടം വിശദീകരിക്കപ്പെട്ടതും. "

      "വളരെ വിചിത്രമായ ഒരു ചോദ്യമാണിതെ"ന്ന് അഭിപ്രായപ്പെടുന്ന ലേഖകന്‍ തന്നെ ഇത്  "പലവട്ടം വിശദീകരിക്കപ്പെട്ട"താണെന്നും വ്യക്തമാക്കുന്നുണ്ട്!  ഈ ചോദ്യം" വളരെ വിചിത്ര"മായി തോന്നിയതിന്റെ കാരണമെന്താണെന്നോ? ചോദ്യം മനസ്സിലായിട്ടില്ല എന്നതുതന്നെ. ലേഖകന്റെ മറുപടിയില്‍ നിന്നും ഇക്കാര്യം വ്യക്തമാവുന്നു. ദൈവം ഇല്ല എന്നതിനല്ല, ഉണ്ട് എന്നതിനാണ് തെളിവ് ഹാജറാക്കേണ്ടത് എന്നാണ് മറുപടി. ദൈവമില്ല എന്ന വാദത്തിന് തെളിവ് ഹാജറാക്കണമെന്ന വാദമേ ഉന്നയിച്ചിട്ടില്ലെന്നിരിക്കെ ഇതിന് എന്തു പ്രസക്തിയാണുള്ളത്?      ഇത് വിചിത്രമായ ചോദ്യം തന്നെയാണ്‌. ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നതും ദൈവത്തെ അവതരിപ്പിക്കുന്നതും 'മദ'വിശ്വാസികളാണ്. അതിന്‌ 'മൂര്‍ത്തമായ തെളിവ്' നല്‍കേണ്ടത് അതില്‍ വിശ്വസിക്കുന്നവര്‍ ആണ്‌. ഇനി നിരീശ്വരവാദിയുടെ വശമെടുക്കാം. നിരീശ്വരവാദി 'ദൈവം ഇല്ല' എന്ന് വിശ്വസിക്കുന്നവനല്ല. ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നു എന്ന വാദം എടുക്കാം. അതിന്‌ ആര്‍ക്കും കഴിയില്ല. കാരണം ദൈവം ഇല്ല എന്ന് വിശ്വസിക്കണമെങ്കില്‍ അതിന് രണ്ട് കാര്യങ്ങള്‍ സമ്മതിക്കണം. ഒന്ന് 'ദൈവം' ഉണ്ട്, രണ്ട് 'ദൈവം' നിലനില്‍ക്കുന്നില്ല. നിരീശ്വരവാദി 'ദൈവം ഇല്ല' എന്ന് വിശ്വസിക്കാത്തതിനാല്‍ അതിന്‌ 'മൂര്‍ത്തമായ തെളിവ്' നല്‍കേണ്ട ബാധ്യത അവര്‍ക്കില്ല.

     പിന്നെ ആരാണീ നിരീശ്വരവാദി? 'മദ'ങ്ങള്‍ അവതരിപ്പിക്കുന്ന ദൈവങ്ങള്‍ 'ഉണ്ട് എന്ന് വിശ്വസിക്കാത്ത'വനാണ്‌ നിരീശ്വരവാദി. 'വിശ്വസിക്കുന്നില്ല' എന്നത് ഒരു കുറ്റമാകുന്നില്ല. 'മദ'വിശ്വാസി 'ദൈവം ഉണ്ട്' എന്നതിന്‌  നല്‍കുന്ന തെളിവുകള്‍ വിശ്വസനീയമല്ലാത്തതിനാല്‍ നിരീശ്വരവാദി അവയില്‍ വിശ്വസിക്കുന്നില്ല. നിരീശ്വരവാദി മാത്രമല്ല മദദൈവത്തില്‍ വിശ്വസിക്കാതിരിക്കുന്നത്. ഒരു മദവിശ്വാസി തന്റെ മദദൈവത്തില്‍ മാത്രം വിശ്വസിക്കുന്നു. ഒരു മുസ്ലിം അല്ലാഹുവില്‍ വിശ്വസിക്കുന്നു. എന്നാല്‍ ശബരിമല അയ്യപ്പന്‍ ദൈവമാണെന്ന് വിശ്വസിക്കുനില്ല. എന്തുകൊണ്ട്? എന്തെങ്കിലും തെളിവ് ഹാജരാക്കിയിട്ടാണോ? ശബരിമല അയ്യപ്പന്‍ ദൈവമാണ്‌ എന്നതിന്‌ അതിന്റെ വിശ്വാസികള്‍ നല്‍കുന്ന തെളിവ് അവര്‍ക്ക് തൃപ്തികരമല്ലാത്തതിനാല്‍ എന്നതല്ലേ ശരി? തിരിച്ച് അല്ലാഹു ദൈവമാണെന്ന് മറ്റേ കൂട്ടരും വിശ്വസിക്കുന്നില്ല. എന്തെങ്കിലും മൂര്‍ത്തമായതോ അമൂര്‍ത്തമായതോ ആയ തെളിവ് ഹാജരാക്കിയിട്ടല്ല. അതുകൊണ്ട് ദൈവമില്ല എന്ന പ്രസ്ഥാവനയ്ക്ക് തെളിവ് ഹാജരാക്കണമെന്ന വാദം വിചിത്രം തന്നയാണ്‌. ഈ വിഷയം പലവട്ടം ബൂലോകത്ത ചര്‍ച്ച ചെയ്തതാണെന്ന് എന്നാണ്‌ ഞാന്‍ പറഞ്ഞത്.

     ?"ആയതിനാല്‍ ഭൗതികമായ മസ്തിഷ്കത്തിന്റെ ഉല്പന്നമായ ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ 'അവ നിലനില്‍ക്കുന്നുണ്ട്' എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല. ഇത്തരമൊരു 'ദൈവ'ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല".

    "ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ 'അവ നിലനില്‍ക്കുന്നുണ്ട്' എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല"എന്നെഴുതിയ ലേഖകന്‍ തന്നെയാണ് മസ്തിഷ്കത്തിനകത്ത് ആശയങ്ങളാണുള്ളതെന്ന് ദീര്‍ഘമായി സമര്‍ത്ഥിക്കുന്നത്! എന്താണു ചെയ്യുന്നതെന്ന് അയാള്‍ക്കുതന്നെ നിശ്ചയമില്ലെന്നു വന്നാല്‍ മറ്റുള്ളവര്‍ക്ക് സഹായിക്കാനാവുമോ?"

     ഇവിടെ അവ നിലനില്‍ക്കുന്നുണ്ട് എന്നതിനെ മുകളില്‍ രണ്ട് കോമകള്‍ എന്തിനാണെന്ന്  ലേഖകന്‌ മനസ്സിലായില്ലെന്ന് തോന്നുന്നു. അത് മനസ്സിലാകാത്ത പ്രശ്നം മറുപടിയിലുണ്ട്. അത് അഞ്ചാം ക്ലാസില്‍ പഠിപ്പിക്കുന്ന ഏതെങ്കിലും മലയാളം വാധ്യാരോട് ചോദിച്ചാല്‍ മനസ്സിലാകും. എന്നിട്ടും കിട്ടിയില്ലെങ്കില്‍ അറിയിക്കുക. വിശദമാക്കാം.


     ?" 'ഡോക്കിന്‍സ് നിരീശ്വരവാദിയാണെ'ന്ന് നിരീശ്വരവാദികള്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നതെന്നു വ്യക്തമാക്കാമോ?" ഇതാണ്‌ ഹുസ്സൈന്‍ സാറിന്റെ ലേഖനത്തിലെ മാസ്റ്റര്‍പീസ്. ഡൊക്കിന്‍സ് നിരീശ്വരവാദിയാണെന്നത് 'വിശ്വാസം' തന്നെയാണ്‌. പക്ഷേ ആ 'വിശ്വാസ'ത്തിന്‌ ചില അടിസ്ഥാനങ്ങളുണ്ട്. ഒന്ന് ഡൊക്കിന്‍സ് എന്നൊരു വ്യക്തി ജീവിച്ചിരിപ്പുണ്ട്. രണ്ട്, അദ്ദേഹം താന്‍ ഒരു നിരീശ്വരവാദിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, മൂന്ന്, അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ വായിച്ചാല്‍ അദ്ദേഹം നിരീശ്വരവാദിയാണെന്ന് മനസ്സിലാക്കാം. ഡൊക്കിന്‍സ് നിരീശ്വരവാദിയാണെന്നത് ടെസ്റ്റ്യൂബ് ഉപയോഗിച്ചുതന്നെ തളിയില്ലേണ്ടതാണോ ഹുസ്സൈന്‍ സാര്‍? ഒരാള്‍ 'നമ്മളെ ചതിക്കുകയില്ല' എന്നതും ഒരു 'വിശ്വാസം' മാത്രമാണ്‌. അതിനെയും ടെസ്റ്റ്യൂബിലെടുത്ത് ശാസ്ത്രീയമായി തെളിയിക്കാനാകില്ല. എന്നാല്‍ എപ്പോഴെങ്കിലും ഡോക്കിന്‍സ് താന്‍ ഒരു മതവിശ്വാസിയാണെന്ന് പ്രഖ്യാപിച്ചാല്‍ നമ്മുടെ ഇപ്പോഴത്തെ വിശ്വാസം തെറ്റാനിടയുണ്ട്. അതുപോലെ സുഹൃത്ത്‌ ചതിച്ചാലും ആ വിശ്വാസം തെറ്റാം.

 ഇനി ദൈവത്തിന്റെ കാര്യമെടുക്കാം. എന്താണ്‌ ആ സാധനമെന്ന് ഇനിയും ലേഖകന്‍ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടല്ലേ ബാക്കി കാര്യത്തിലേക്ക് കടക്കാന്‍? ദൈവം താന്‍ ഉണ്ടെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. താന്‍ എന്താണെന്നും എന്തല്ലെന്നും വ്യക്തമാക്കിയിട്ടില്ല. ഹുസ്സൈന്‍ സാര്‍ പറയുമ്പോലെ ചില 'മന്ദബുദ്ധികളായ' മദ വിശ്വാസികള്‍ അവരവരുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്ന കാരണത്താല്‍ അങ്ങനെ പറഞ്ഞുനടക്കുന്നു എന്നേല്ലേയുള്ളു.

     ?'നാസ്തികനായ ദൈവം' എന്ന കൃതിയിലെ ഈ വരി നോക്കൂ : "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ് പ്രപഞ്ചം " (പേജ് 180). ഒരു നിരീശ്വരവാദിക്കുപോലും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നുവെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ? അങ്ങനെ തോന്നുന്നതുകൊണ്ടാണ് അതിനുപിന്നില്‍ ആസൂത്രകന്‍ ഉണ്ടായിരിക്കണം എന്ന യുക്തിപരമായ നിഗമനത്തില്‍ അവരെത്തുന്നത്(Every design wants a designer)

     'നാസ്തികനായ ദൈവ'ത്തിലെ വരികള്‍ ഇങ്ങനെയാണ്: "ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നതാണ്‌ പ്രപഞ്ചം. പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമിക യുക്തിയില്‍ തോന്നുക."

     ഇവിടെ പ്രപഞ്ചകാരണം ആസൂത്രണം തന്നെയെന്ന് ചിന്തിക്കാനാണ്‌ പ്രാഥമിക യുക്തിയില്‍ തോന്നുക എന്ന് വാക്യം ഒഴിവാക്കി ആദ്യ വാക്യം മാത്രം എടുത്തിരിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാണല്ലോ? പ്രാഥമികയുക്തി, ബാലയുക്തി എന്നൊക്കെ പറയുന്നത് എന്താണെന്ന് മലയാള ഭാഷാ ബോധമുള്ളവര്‍ക്കൊക്കെ മനസ്സിലാകും. ഒരു കുട്ടിയുടെ തല മേശയില്‍ മുട്ടി എന്നിരിക്കട്ടെ. അവന്റെ കരച്ചില്‍ നിര്‍ത്താന്‍ മുതിര്‍ന്നവര്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ആ മേശയ്ക്ക് ഒരു തല്ലുകൊടുത്തിട്ട് 'കരയണ്ടകെട്ടോ മോനേ/മോളേ, മേശയ്ക്ക് നല്ല തല്ല് കൊടുത്തിട്ടുണ്ട്' എന്ന് പറയും. ഒരു മാതിരിപെട്ട കുട്ടികളൊക്കെ ഇതുകൊണ്ട് തൃപ്തരായി കരച്ചില്‍ നിര്‍ത്തും. ഇതാണ്‌ ബാലയുക്തി അഥവാ പ്രാഥമികയുക്തി എന്നൊക്കെ പറയുന്നത്. മുതിര്‍ന്നവര്‍ ആരെങ്കിലും മേശയില്‍ തല മുട്ടിയാല്‍ മേശയ്ക്ക് ഒരു തല്ല് കൊടുത്ത് തൃപ്തരാകാറുണ്ടോ? എന്തിനും കാരണക്കാരനായ ഒരാളെ അന്വേഷിക്കുന്ന പ്രാഥമിക യുക്തിയില്‍ വിരിയുന്നതാണ്‌ പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതാണ്‌ എന്നുള്ള തോന്നല്‍ എന്നാണ്‌ നാസ്തികനായ ദൈവത്തില്‍ പറയുന്നത്. അതില്‍ നിന്ന് "ഒരു നിരീശ്വരവാദിക്കുപോലും പ്രപഞ്ചം ആസൂത്രണം ചെയ്യപ്പെട്ടതുപോലെ തോന്നുന്നുവെങ്കില്‍ വിശ്വാസികള്‍ക്ക് അങ്ങനെ തോന്നാതിരിക്കുമോ?" എന്നുള്ള നിഗമനം അച്ഛന്‍ പറഞ്ഞിട്ടില്ല എന്നതില്‍ നിന്ന് ചില അക്ഷരങ്ങള്‍ മാറ്റി 'അച്ഛന്‍ പട്ടി' എന്ന് പറഞ്ഞു എന്നു പറയുന്നതിനു തുല്യമാണ്‌.

     ?"പ്രപഞ്ചത്തെക്കുറിച്ച് പഠിച്ചാല്‍ പ്രപഞ്ചം അനാദിയാണെന്നോ സ്വയംഭൂവാണെന്നോ സിദ്ധാന്തിക്കുന്ന നിരീശ്വരവാദം യുക്തിരഹിതവും അശാസ്ത്രീയവുമാണെന്ന് ഗ്രഹിക്കാനാവും. പ്രപഞ്ചത്തിന്റെ സൃഷ്ടി-സംവിധാനങ്ങള്‍ക്കു പിന്നില്‍ ദൈവമാണെന്നും മനസ്സിലാവും"

     പ്രപഞ്ചം അനാദിയായാലും സ്വയംഭൂവായാലും നിരീശ്വരവാദികള്‍ക്ക് കുഴപ്പമൊന്നുമില്ല. മറിച്ച്‌ അതില്‍ അവര്‍ക്ക് മുന്‍വിധികളില്ല. പ്രപഞ്ചത്തെ പ്രപഞ്ചം കൊണ്ടുതന്നെ വ്യാഖ്യാനിക്കാന്‍ കഴിയുമെങ്കില്‍ ഒരു ദൈവത്തിന്റെ ഇടപെടല്‍ അതിന്റെ 'സൃഷ്ടി'(ഇതിനു മുകളിലും രണ്ട് കോമ തലകുത്തനെ ഇട്ടിട്ടുണ്ട് ഹുസ്സൈന്‍ സാര്‍) യില്‍ ഒരു 'ബാഹ്യശക്തി'യുടെ ഇടപെടലിന്റ ആവശ്യമെല്ലെന്നാണ്‌ ആധുനിക ശാസ്ത്രം പറയുന്നത്.  ‍ഒരു കാര്യം യുക്തിരഹിതമാണോ, അശാസ്ത്രീയമാണോ എന്ന് കിതാബ് നോക്കി തീരുമാനിക്കുകയല്ല ശാസ്ത്രത്തിന്റെ രീതി. പ്രപഞ്ചം എന്താണെന്ന് ശാസ്ത്രീയമായി തെളിയട്ടെ. അതുവരെ 'മദ'ദൈവത്തിന്റെ പേരില്‍ തല്ലുകൂടാതെ മിണ്ടാതെയിരിക്കാനുള്ള സാമാന്യ മര്യാദയാണ് മതവിശ്വാസികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

     ?"'എന്‍ എം ഹുസൈനും കൂട്ടരും ശബരിമല അയ്യപ്പന്‍, മഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ്, പറശ്ശിനിക്കടവ് മുത്തപ്പന്‍,സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കാതെ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നതെന്തുകൊണ്ടെ'ന്ന് നിരീശ്വരവാദിയായ സുശീല്‍കുമാര്‍ ചോദിക്കുന്ന"തിനുള്ള മറുപടിയാണ്‌ രസകരം:-


     "മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ നിരീശ്വരവാദികള്‍ക്കെന്താണു കാര്യം? (പൊന്നുരുക്കുന്നിടത്തു പുച്ചയ്ക്കെന്തു കാര്യം എന്ന ചൊല്ല് പ്രസക്തമാണിവിടെ).ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ എന്തിന് ആവേശഭരിതരാവണം?"

     ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നൊരേര്‍പ്പാടുണ്ട്. ഇത് അതിന്റെ അടുത്ത പടിയാണ്. ഉത്തരം മുട്ടുമ്പോള്‍ ഉടുതുണി പൊക്കി കാണിക്കുക. കൊട്ടിഘോഷിക്കപ്പെട്ട എന്‍ എം ഹുസ്സൈന്‍ ഒരു സാധാരണ 'മദ'വിശ്വാസിയുടെ നിലവാരത്തിനു താഴെയാണെന്ന് ഈ മറുപറി വ്യക്തമാക്കുന്നു.

     ഇനി ഒടുവില്‍ ചങ്കരന്‍ തെങ്ങില്‍ നിന്നിറങ്ങുകയാണ്‌:-

     "ഗോത്രദൈവമോ?


    ? 'അല്ലാഹു' എന്നത് അറേബ്യന്‍ ഗോത്ര ദൈവമാണെന്ന ധാരണ ശുദ്ധ വിവരക്കേടാണ്. ദൈവം, ഈശ്വരന്‍ എന്നിത്യാദി മലയാള പദങ്ങളുടെയും God എന്ന ഇംഗ്ലീഷ് പദത്തിന്റെയും അറബി പദമാണ് അല്ലാഹു. മുപ്പത്തിമുക്കോടി ദൈവങ്ങളുടെയിടയില്‍ കഴിയുന്ന സുശീല്‍കുമാര്‍ അതിലൊരു ദൈവം മാത്രമായി അല്ലാഹുവിനെ പരിഗണിക്കുന്നതില്‍ അദ്ഭുതമില്ല. പ്രപഞ്ചസ്രഷ്ടാവാണ് അല്ലാഹു. അല്ലാതെ ലേഖകന്‍ കരുതും പോലെ പ്രപഞ്ചസ്രഷ്ടാക്കളില്‍ ഒരാളുടെ പേരല്ല ദൈവം അഥവാ അല്ലാഹു. ഏറ്റവും പ്രാകൃതരായ ജനവിഭാഗങ്ങള്‍ പോലും പ്രപഞ്ചസ്രഷ്ടാവായ ദൈവം എന്ന വിവക്ഷയിലാണ് ഈശ്വരന് ഓരോ പേരുകള്‍ നല്‍കിയിട്ടുള്ളത്. ഇവയോരോന്നും ഓരോ ദൈവങ്ങളാണെന്ന് ധരിക്കുന്ന 'നിരീശ്വബുദ്ധി'യെപ്പറ്റി എന്തു പറയാന്‍?"

     "മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ നിരീശ്വരവാദികള്‍ക്കെന്താണു കാര്യം? (പൊന്നുരുക്കുന്നിടത്തു പുച്ചയ്ക്കെന്തു കാര്യം എന്ന ചൊല്ല് പ്രസക്തമാണിവിടെ).ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങള്‍ എന്തിന് ആവേശഭരിതരാവണം?" എന്ന് ചോദിച്ച ഹുസ്സൈന്‍ സാര്‍ പറയുന്നത് കേട്ടോ? മുപ്പത്തിമുക്കോടി ദൈവങ്ങളുടെയിടയില്‍ കഴിയുന്ന സുശീല്‍കുമാര്‍ അതിലൊരു ദൈവം മാത്രമായി അല്ലാഹുവിനെ പരിഗണിക്കുന്നതില്‍ അദ്ഭുതമില്ലെന്ന്.

     അപ്പോള്‍ 'മുപ്പത്തി മുക്കോടി ദൈവങ്ങളില്‍' അല്ലാഹു പെടുകയില്ല. ഈ ദൈവങ്ങള്‍ ഒന്നും GOD എന്ന എന്ന ഇംഗ്ലീഷ് പദത്തിന്റെ പര്യായവുമല്ല. അതുകൊണ്ടാണ് മുപ്പത്തിമുക്കോടി ദൈവങ്ങളും, അവയെയും അവയില്‍ വിശ്വസിക്കുന്നവരെയും നരകത്തിലിട്ട് പൊരിക്കാന്‍ ഒരു അല്ലാഹുവും ഉണ്ടായത്?

     'ദൈവം' അങ്ങനെയുന്നുണ്ടെങ്കില്‍ അത് മനുഷ്യന്മാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ സ്വയം വെളിപ്പെടുത്തിയിരുന്നെങ്കില്‍ ആ മുപ്പത്തിമുക്കോടികളും അറേബ്യന്‍ ഗൊത്രദൈവമായ അല്ലാഹുവും ഉണ്ടാകുമായിരുന്നില്ലല്ലോ? അങ്ങിനെ 'ദൈവം' ചെയ്തിരുന്നുവെങ്കില്‍ ഡൊക്കിന്‍സിന്‌ 'ദൈവ വിഭ്രാന്തിയും', രവിചന്ദ്രന്‌ 'നാസ്തികനായ ദൈവ'വും, ഹുസ്സൈന്‍ സാറിന്‌ അതിന്‌ ഖണ്ഡനവും എനിക്ക് ഖണ്ഡന-ഖണ്ഡനവും, ഹുസ്സൈന്‍ സാറിന്‌ വീണ്ടും ഖണ്ഡന-ഖണ്ഡന-ഖണ്ഡനവും എഴുതി സമയം കളയേണ്ടി വരികയുമില്ലായിരുന്നു?

     'ദൈവം' വ്യത്യസ്ത മനുഷ്യരുടെ തലച്ചോറില്‍ വിരിഞ്ഞ വ്യത്യസ്ഥ ആശയമായതുകൊണ്ടാണല്ലോ അത്‌ ഇത്രയേറെ പരസ്പരവിരുദ്ധമായത്? അതുകൊണ്ടാണ്‌ സാര്‍ 'ദൈവം' സ്നേഹം, അസൂയ, വിദ്വേഷം തുടങ്ങിയവപോലെ സ്വതന്ത്ര വ്യക്തിത്വമില്ലാത്തതും തലച്ചോറിന്റെ അഭാവത്തില്‍ സ്വതന്ത്ര നിലനില്പില്ലാത്തതുമായ ആശയമാണെന്ന് പറഞ്ഞത്. അല്ലാതെ 'രൂപകം' 'കൂപര'മായതുകൊണ്ടല്ല.

     ശാസ്ത്രം പറഞ്ഞുനടക്കുന്ന ഹുസ്സൈന്‍ സാര്‍ ആരാണെന്ന് സത്യാന്വേഷിക്ക് ഇനിയും മനസ്സിലായില്ലേ? പേരു കണ്ടിട്ട് മതം തീരുമാനിച്ചു എന്നായിരുന്നല്ലോ ആരോപണം? ഉണ്ണിയെ കണ്ടാലറിയില്ലേ ഊരിലെ പഞ്ഞം?


     ഇനി മറ്റൊരുഗ്രന്‍ വാദം:-

     ?"മതഗ്രന്ഥങ്ങളിലെ ആലങ്കാരികമായ പ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തിലെടുത്ത് ദൈവത്തിന് കണ്ണുകളും കാതുകളും കൈകാലുകളുമുണ്ടെന്ന് ആരു സങ്കല്‍പ്പിച്ചാലും അബദ്ധമാണെന്ന് സാമാന്യബോധമെങ്കിലുമുള്ള ആര്‍ക്കും മനസ്സിലാകും."

     മതഗ്രന്ഥങ്ങളിലെ ദൈവങ്ങള്‍ പറഞ്ഞത് ആലങ്കാരികമായാലും അക്ഷരാര്‍ത്ഥത്തില്‍ ആയാലും അതില്‍ നിരീശ്വരവാദികള്‍ക്ക് കാര്യമില്ല. എന്നാല്‍ ഇന്നലെവരെ അക്ഷരാര്‍ത്ഥത്തില്‍ മതവിശ്വാസി ഉപയോഗിച്ച പലതും ഇന്ന് 'ആലങ്കാരിക'മാകുന്ന മാജിക് ശാസ്ത്രീയ സത്യങ്ങളുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാനാകാതെ വരുമ്പൊള്‍ ഉണ്ടാകുന്ന വല്ലായ്മയില്‍ നിന്ന് സംഭവിക്കുന്നതാണ്‌. എന്നാല്‍ ഇന്നും പലതും ആക്ഷരാര്‍ത്ഥത്തില്‍ എടുത്ത്‌ കാണുന്നുണ്ടല്ലോ ഹുസ്സൈന്‍ സാര്‍? നൂറ്റാണ്ടുകളായി കല്ലെറിഞ്ഞോടിച്ചിട്ടും ഇന്നും 'അജയ്യനായി' നില്‍ക്കുന്ന ചെകുത്താനെ എറിയല്‍ ആലങ്കാരികമാക്കിക്കൂടെ ഹുസ്സൈന്‍ സാര്‍? നരബലിയില്‍ നിന്നും മൃഗബലിയിലേക്ക് മാറിയ കിരാതമായ 'ബലി സംസ്കാരത്തെ' ഇന്നും അക്ഷരാര്‍ത്ഥത്തില്‍ തന്നെ കൊണ്ടാടി ലക്ഷക്കണക്കിന്‌ ആടുകളെയും, ഒട്ടകങ്ങളെയും, പോത്തുകളെയും ദൈവത്തിന്‌ ബലി നല്‍കി പ്രീതിപ്പെടുത്തുന്ന കാടന്‍ സംസ്കാരമെങ്കിലും ഒന്ന് ആലങ്കാരികമക്കിക്കൂടേ ഹുസ്സൈന്‍ സാര്‍?

     മുപ്പത്തിമുക്കോടി എന്ന് പരിഹസിച്ച 'ഹിന്ദു'ക്കളുടെ പല ആചാരങ്ങളും ആലങ്കാരികമാക്കിയിട്ടുണ്ട്. ഉല്‍സവങ്ങല്‍ക്ക് എഴുന്നെള്ളിക്കുന്ന 'ഗുരുതി'യില്‍ രക്തത്തിന്‌ പകരം ഇന്ന് നൂറും മഞ്ഞളും കലക്കിയ വെള്ളമാണ്‌ ഉപയോഗിക്കുന്നത്. എന്തിനേറെ പറയുന്നു, സംഘപരിവാറുകാര്‍ ബാബരി മസ്ജിദ് പൊളിച്ചതുപോലും 'പ്രതീകാത്മക'മായിട്ടാണല്ലൊ? അതുപോലെ സ്വന്തം മതത്തിലെ ഗോത്രാചാരങ്ങള്‍ ആദ്യം ആലങ്കാരികമാക്കിയിട്ട് പോരേ സാര്‍ ദൈവത്തിന്റെ കയ്യും കാലും ആലങ്കാരികമാണെന്ന് സങ്കല്പിക്കാന്‍?

     ?19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയും പ്രപഞ്ചത്തിന് ഉല്‍ഭവമില്ലെന്ന വാദക്കാരായിരുന്നു നിരീശ്വരചിന്തകന്മാര്‍. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍  പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് ശാസ്ത്രം കണ്ടെത്തി. പ്രപഞ്ചത്തിന് ഉല്‍ഭവമുണ്ടെന്ന് സമ്മതിക്കാന്‍ സുശീല്‍കുമാര്‍ തയ്യാറാണോ?

     പ്രപഞ്ചത്തിന്‌ ആരംഭമുണ്ടെന്ന് ശാസ്ത്രം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം 'മദ'ദൈവം ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോള്‍ ഉണ്ടായതാണ്‌ പ്രപഞ്ചം എന്നല്ല. മഹാവിസ്ഫോടനത്തിന്‌ മുമ്പ് ദ്രവ്യം ഇല്ലായിരുന്നു എന്നുമല്ല. മഹാവിസ്ഫോടങ്ങളും മഹാവിഭേദനങ്ങളും നടക്കുന്നുണ്ടോ എന്നും ശാസ്ത്രം അന്വേഷിക്കുന്നു. ഒരു പ്രപഞ്ചമല്ല ഒരുപാട് പ്രപഞ്ചങ്ങളുടെ സാധ്യതയും ശാസ്ത്രത്തിനു മുന്നിലുണ്ട്. അതൊക്കെ 'മദ'കിത്താബുകളില്‍ 'കിറുകിറുത്യമായി എഴുതിവെച്ചി'ട്ടുണ്ടാകാം. എന്നാല്‍ സുശീല്‍ കുമാര്‍ അതെല്ലാം ഇപ്പോഴേ വിശദീകരിക്കണമെന്ന് പറയുന്നതിനു പിന്നിലെ ഉദ്ദേശം ഏതായാലും ശാസ്ത്രത്തോടുള്ള സ്നേഹമാണെന്ന് വരുമോ? പശു വാലുപൊക്കുമ്പോള്‍ അത് എന്തിനെല്ലാമാകാമെന്ന് മനസ്സിലാക്കാന്‍ ഭഗവദ് ഗീത വായിക്കണോ?

     ?"സി രവിചന്ദ്രന്‍ 'നാസ്തികനായ ദൈവ'ത്തില്‍ എഴുതുന്നു:" സൃഷ്ടിവാദത്തോട് സഹജമായ ആഭിമുഖ്യം തോന്നുന്ന രീതിയിലാണ് (Innately predisposed to creationism)മനുഷ്യരുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ലുമിന്റെ അഭിപ്രായം. അതായത് എല്ലാം ആരോ ഉണ്ടാക്കിവച്ചു എന്നു സങ്കല്‍പ്പിക്കാനുള്ള ദ്വൈതബോധമാണ് മിക്ക മനുഷ്യര്‍ക്കുമുള്ളത്. അദ്വൈതവാദികളില്‍പ്പോലും ഈ ഭാവന ശക്തമാണ്."(പേജ് 202)

     ബാക്കി കൂടി വായിക്കുക. Are Children Intuitive Theists?  എന്ന ഗ്രന്ഥത്തില്‍ ഡിബോറോ കീല്‍മാന്‍ (Deborah Keleman) ഇതേ വിഷയം പരാമര്‍ശിക്കുന്നുണ്ട്. മുന്നില്‍ കാണുന്നവയുടേയെല്ലാം പിന്നില്‍ ചില അര്‍ത്ഥങ്ങളും ലക്ഷ്യങ്ങളും സങ്കല്പ്പിക്കുന്നതില്‍ കുട്ടികള്‍ മുന്‍ പന്തിയിലായിരിക്കുമെന്ന് ഡിബോറ നിരീക്ഷിക്കുന്നു. മഴയുടെ കാരണം മേഘമാണെന്ന് സങ്കല്പിക്കുന്നു. പാറകള്‍ ഉണ്ടായത് മൃഗ്ങ്ങള്‍ക്ക് ചൊറിയണമെന്ന് തോന്നുമ്പോള്‍ ഉരയ്ക്കാനായി രൂപം കൊണ്ടതാണെന്ന് ചിന്തിക്കുന്നു. .. ഈ രീതിയില്‍ എല്ലാത്തിന്റെ പിറകിലും അവര്‍ ലക്ഷ്യങ്ങള്‍ അനുമാനിക്കും. ഇത്തരത്തില്‍ അര്‍ത്ഥം ആരോപിക്കുന്നതിനെ ടെലിയോളജി(Teleology) എന്നാണ്‌ പറയുക. കുട്ടികള്‍ ജന്മനാ ടേലിയോളജിസ്റ്റുകളാണ്‌. പലരും ആ ഘട്ടത്തില്‍ നിന്ന് ഒരിക്കലും മോചിതരാകുന്നില്ല.

     ഇനി കൂടുതല്‍ വിശദീകരണം വേണ്ടല്ലോ? അച്ഛനെ പട്ടിയെന്ന് വിളിക്കുന്നെന്ന് പറയുന്ന ഏര്‍പ്പാട് തന്നെയാണിത്.

     ?"ശാസ്ത്രജ്ഞര്‍ പറഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ സ്വന്തം ബുദ്ധിയുപയോഗിച്ച് അല്പം പോലും ചിന്തിക്കാതെ ആപേക്ഷികസിദ്ധാന്തമായാലും  അനിശ്ചിതത്വ സിദ്ധാന്തമായാലും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന നിരീശ്വരവാദികള്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുകയല്ലാതെ മറ്റെന്താണു ചെയ്യുന്നതെന്നു വ്യക്തമാക്കാമോ?"

     ശാസ്തമെന്താണെന്നും ശാസ്ത്രബോധമെന്താണെന്നും സാമാന്യബോധമുള്ളയാളില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്നതല്ല ഈ വിദണ്ഡവാദം. ശാസ്ത്രജ്ഞന്‍ പറയുന്നതെല്ലാം 'അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന' സ്വഭാവം ഏതായാലും നിരീശ്വരവാദികള്‍ക്കില്ല. അങ്ങനെയെങ്കില്‍ ഐ എസ് ആര്‍ ഒ മേധാവി ഗുരുവായൂരില്‍ തുലാഭാരം നടത്തിയതിനെ നിരീശ്വരവാദികള്‍ അണ്ണാക്കുതൊടാതെ വിഴുങ്ങണമല്ലോ?

    ശാസ്ത്രജ്ഞാനം ഉള്ളവരെല്ലാം ശാസ്ത്രബോധമുള്ളവരായിരുന്നെങ്കില്‍ ഈ നാട് എന്നേ നന്നായേനെ.

     ?"പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ഒരു ദൈവം അനിവാര്യമായി വരുന്നുവെങ്കില്‍ ആ ദൈവത്തിനെ സൃഷ്ടിക്കാന്‍ മറ്റൊരു സൂപ്പര്‍ ദൈവം ആവശ്യമാകില്ലേ എന്ന് നിരീശ്വരവാദികള്‍ ചോദിക്കുന്നതിലാണ്‌ ലേഖകന്റെ കുണ്ഠിതം മുഴുവനും"എന്ന് സുശീല്‍കുമാര്‍ എഴുതുന്നുഎനിക്കിതില്‍ കുണ്ഠിതമോ അല്‍ഭുതമോ ഒട്ടുംതന്നെയില്ല. നിരീശ്വരവാദികളുടെ ഇന്നത്തെ ആചാര്യനായ റിച്ചാഡ് ഡോക്കിന്‍സിന്റെ ദാര്‍ശനികമായ വിവരക്കേടിന്റെ ആഴം മനസ്സിലാക്കിയതിനാല്‍ ഇത് തികച്ചും സ്വാഭാവികമായി തന്നെയാണു തോന്നുന്നത്. ആസ്തിക്യവാദപ്രകാരം ദൈവത്തിന് ആരംഭമില്ല. ആരംഭമില്ലാത്തതിനു കാരണം ആവശ്യമില്ലെന്ന തത്വചിന്തിലെ പ്രാഥമികവിവരം പോലും ഡോക്കിന്‍സിനില്ല. (ഈ വിഷയത്തെപ്പറ്റി വിശദമായ പഠനം പിന്നീട് പോസ്റ്റു ചെയ്യുന്നുണ്ട്)

     ചോദ്യത്തിന്‌ മറുപടി പറയാനില്ലാതെ വന്നപ്പോള്‍ ആസ്തിക്യവാദപ്രകാരം ദൈവത്തിന്‌ ആരംഭമില്ലെന്നും അരംഭമില്ലാത്തതിന്‌ കാരണം ആവശ്യമില്ലെന്നുമുള്ള തത്വചിന്തയിലെ പ്രാഥമിക വിവരം പോലും ഡോക്കിന്‍സിനില്ലെന്നും പറഞ്ഞ് കുട്ടിക്കരണം മറിയുകയാണ്‌ ലേഖകന്‍. ആസ്തിക്യവാദപ്രകാരമുള്ള വാദങ്ങള്‍ സത്യമെന്ന് എല്ലാവരും ധരിക്കണം എന്നാണ്‌ ലേഖകന്റെ വാദം. ആസ്തിക്യവാദപ്രകാരം ദൈവം എങ്ങനെയാണെന്ന് നല്ല നിശ്ചയമുള്ളവര്‍ ഇനിയും എന്തിനാണ്‌ ദൈവത്തെ അന്വേഷിച്ച് നടക്കുന്നത്? മതവിശ്വാസി ദൈവത്തെ കണ്ടെത്തിക്കഴിഞ്ഞവനാണല്ലോ? അന്വേഷിക്കാതെതന്നെ കണ്ടെത്തിയ സംഗതി വീണ്ടും വീണ്ടും അന്വേഷിച്ച് നടക്കുന്നത് അത് ഉണ്ടോ എന്നകാര്യത്തില്‍ ഇനിയും സംശയം അവശേഷിക്കന്നതുകൊണ്ടാണോ?

     'മതം സത്യാന്വേഷണമാണ്‌', 'അത് നിത്യമായ സത്യത്തെ അന്വേഷിക്കലാണ്‌' എന്നൊക്കെയുള്ള വാചകക്കസര്‍ത്തുകള്‍ മതം എന്താണെന്ന് സാമാന്യധാരണയില്ലായ്മയില്‍ നിന്ന് വരുന്നതാണ്‌. ചൊറി, ചിരങ്ങ്, കൊച്ച്, അന്നം, തുടങ്ങിയവയുടെ നിവാരണത്തിനുള്ള കുറുക്കുവഴിയന്വേഷണത്തിനപ്പുറം മറ്റൊന്നുമല്ല മതം. മതം പ്രപഞ്ചത്തെക്കുറിച്ച് അന്വേഷണമാണെന്നൊക്കെയുള്ള വാദം  കൊക്ക് (കൊറ്റി) ധ്യാനിക്കുകയാണ്‌ എന്ന കാവ്യഭാവനയ്ക്കപ്പുറം മറ്റൊന്നുമല്ല.

തുടരും....

Thursday, November 11, 2010

എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍ - ഭാഗം 2

     പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തോമസ് അക്വിനാസ്‌ ദൈവാസ്തിത്വത്തിനായി നിരത്തിയ അഞ്ച്‌ തെളിവുകളെ ഡാക്കിന്‍സ് 'ദൈവവിഭ്രാന്തിയില്‍' പരിശോധിക്കുന്നുണ്ട്.
തോമസ് അക്വിനാസ് നിരത്തിയ, 'ദൈവം ഉണ്ട്' എന്നതിനുള്ള തെളിവുകള്‍:

1. സ്വയം ചലിക്കാതെ എല്ലാം ചലിപ്പിക്കുന്നവന്‍(Unmoved mover) ആദിയില്‍ ഒരു ശക്തി ചലിപ്പിക്കാനില്ലാതെ ഒന്നിനും ചലനം തുടങ്ങാനാവില്ല. ആ ശക്തിയാണ്‌ ദൈവം.
(ഡാക്കിന്‍സ്‌ ഈ വാദത്തെ ഇങ്ങനെ വിലയിരുത്തുന്നു: ഈ നിയമത്തില്‍ നിന്ന് ഔദാര്യപൂര്‍വ്വം ദൈവത്തെ ഒഴിവാക്കിയിരിക്കുന്നു.)

 2. എല്ലാത്തിന്റെയും കാരണമായ കാരണമില്ലാത്തവന്‍(Uncoused Couse): കാരണമില്ലാതെ ഒരു കാര്യവും സംഭവിക്കുകയില്ല. എല്ലാറ്റിന്റെയും കാരണo ആരാണോ അവനാണ്‌ ദൈവം.(ഈ വാദവും പശ്ചാത്ഗമനം തന്നെയാണ്‌, എന്തെന്നാല്‍ നിയമം ദൈവത്തിന്‌ ബാധകമല്ല. ദൈവത്തിന്‌ പ്രത്യേക കാരണവുമാവശ്യമില്ല)

3. പ്രാപഞ്ചികവാദം (The cosmological argument): ആദിയില്‍ മൂര്‍ത്തമായ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്നുണ്ട്. ആ നിലയ്ക്ക് എല്ലാം ഉണ്ടാക്കിയതിനു പിന്നില്‍ അമൂര്‍ത്തമായ എന്തോ ഒന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടൊ അതാണ്‌ ദൈവം.
(ഒന്നുമല്ലാതിരുന്നപ്പോള്‍  ദൈവം എവിടെയായിരുന്നു? അമൂര്‍ത്ത ദൈവം ഉണ്ടായിരുന്നെങ്കില്‍ ഒന്നുമില്ലായിരുന്നു എന്നെങ്ങനെ പറയാന്‍ കഴിയും?)

     ഈ മൂന്ന് വാദങ്ങളെയും ഡാകിന്‍സ് വിലയിരുത്തിയതിന്‌ ലേഖകന്റെ വിശദീകരണം കാണുക:-

     പ്രപഞ്ചത്തിന്‌ ബാധകമായ നിയമങ്ങള്‍ ദൈവത്തിനും ബാധകമാക്കണമെന്ന്‌ നിരീശ്വരവാദികള്‍ പറയുന്നത്, പ്രപഞ്ചമെന്താണെന്നോ ദൈവമെന്താണെന്നോ അവര്‍ക്ക് ഇനിയും ഗ്രഹിക്കാനാകാത്തതുകൊണ്ടാണ്‌. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി ചിന്തിക്കാനാകണം.ഈ കഴിവില്ലാത്തവരാണ്‌ നിരീശ്വരവാദികള്‍. കല്ലും മണ്ണും മുള്ളും മുരിക്കും പോലുള്ള മറ്റെന്തോ വസ്തുവാണ്‌ ദൈവം എന്നാണവരുടെ ധാരണ. അതിനാലാണ്‌ പ്രപഞ്ചത്തിലുള്ള പരിമിതികളെല്ലാം ദൈവത്തിലും ആരോപിക്കുന്നത്.

    ലേഖകന്റെ ഈ വാദപ്രകാരം പ്രപഞ്ചമെന്താണെന്നോ ദൈവമെന്താണെന്നോ നിരീശ്വരവാദികള്‍ക്കറിയില്ല. എന്നാല്‍ അത് ഈശ്വരവാദികള്‍ക്കറിയാം. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അന്തരം ഗ്രഹിക്കണമെങ്കില്‍ ദാര്‍ശനികമായെങ്കിലും പ്രകൃതിക്കപ്പുറമുള്ള ഒരവസ്ഥയെപ്പറ്റി 'ചിന്തിക്കാ'നാകണം. (അതായത് ചിന്തിക്കുമ്പോള്‍ ആ അറിവുണ്ടാകുന്നു. അതായത് ദൈവം മനുഷ്യന്റെ ചിന്തയുടെ ഉല്പ്പന്നമാണെന്നര്‍ത്ഥം)

    നിരീശ്വരവാദികള്‍ക്കില്ലാത്ത ഈ അറിവ് ഈശ്വരവാദികള്‍ക്ക് ലഭിച്ചത് ചിന്തയില്‍നിന്നൊന്നുമല്ല, മറിച്ച് അവരവരുടെ സ്വന്തം ദൈവത്തിന്റെ വെളിപാടായ ഗ്രന്ഥത്തില്‍ നിന്നുമാണ്‌. അതുകൊണ്ട് ഈ ഗ്രന്ഥങ്ങളില്‍ ദൈവം എങ്ങനെ സ്വയം വെളിപ്പെടുത്തുന്നു എന്ന് പരിശോധിക്കുകയാണ്‌ ഈ പ്രശ്നത്തിനുള്ള പരിഹാരം. 

കാഹളത്തില്‍ ഒരു ഊത്ത് ഊതപ്പെട്ടാല്‍ (69:13)

ഭൂമിയും പര്‍വ്വതങ്ങളും പൊക്കിയെടുക്കപ്പെടുകയും എന്നിട്ട് അവ രണ്ടും ഒരു ഇടിച്ചു തകര്‍ക്കലിന്‌ വിധേയമാക്കുകയും ചെയതാല്‍(69:14 )

അന്നേ ദിവസം ആ സംഭവം സംഭവിക്കുകയായി(69:15 )

ആകാശം പൊട്ടിപ്പിളരുകയും ചെയ്യും. അന്ന് അത് ദുര്‍ബലമായിരിക്കും(69:16)

മലക്കുകള്‍ അതിന്റെ നാനാ ഭാഗങ്ങളിലുമുണ്ടായിരിക്കും നിന്റെ രക്ഷിതാവിന്റെ സിംഹാസനത്തെ അവരുടെ മീതെ അന്ന് എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌(69:17)

     ലോകാവസാനദിവസം ആകാശം ദുര്‍ബലമാകുമെന്നും അത് പൊട്ടിപ്പിളരുമെന്നും ഖുര്‍ ആന്‍ പറയുന്നു. അന്ന് ആകാശം പിളരുമ്പോല്‍ അല്ലാഹുവിന്റെ സിംഹാസനം  താഴെ വീണുപോകാതെ താങ്ങിപ്പിടിക്കാന്‍ എട്ട് മലക്കുകളെ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. ഇതിന്റെക്കുറിച്ച് വ്യാഖ്യാതാവിന്റെ തന്നെ വാക്കുകള്‍ കാണൂ. 'ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ദൈവികസിംഹാസനത്തെ എട്ട് മലക്കുകളായിരിക്കും വഹിക്കുകയെന്ന് ചില വ്യാഖ്യാതാക്കളും എട്ട് വിഭാഗം മലക്കുകളായിരിക്കുമെന്ന് മറ്റ് ചില വ്യാഖ്യാതാക്കളും അഭിപ്രായപ്പെട്ടിരിക്കുന്നു."

     ഇവിടെ ലേഖകന്‍ 'ചിന്തിച്ച് മനസ്സിലാക്കിയതു'പോലെ പ്രപഞ്ചത്തിന്‌ ബാധകമായ നിയമങ്ങല്‍ ബാധകമല്ലാത്ത ദൈവത്തെയല്ല ഖുര്‍ ആനില്‍ കാണാന്‍ കഴിയുന്നത്. മറിച്ച് ഏഴ് ആകാശങ്ങള്‍ക്കും മുകളില്‍ സിംഹാസനത്തിലിരുന്ന് താന്‍ സൃഷ്ടിച്ച ഭൂമിയിലും ആകാശത്തിലും ഭരണം നടത്തുന്ന (അല്ലാഹുവിന്റെ പ്രപഞ്ചം അത്രയുമേ വരൂ) അല്ലാഹുവെന്ന വ്യക്തിദൈവത്തെയാണ്‌. ഈ ദൈവത്തിന്റെ സിംഹാസനം എട്ട് മലക്കുകളാണോ അതോ എട്ട് വിഭാഗം മലക്കുകളാണോ താങ്ങുക എന്ന കാര്യത്തിലേ വ്യാഖ്യാതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളു.     ഖുര്‍ ആനിലെ ദൈവം ഇത്തരമൊരു വ്യക്തിദൈവമാണെന്ന് സ്വയം വെളിപ്പെടുത്തിയിരിക്കെ ലേഖകന്‍ നിരീശ്വരവാദികള്‍ക്ക് മനസ്സിലാകാത്ത മറ്റേത് ദൈവത്തെക്കുറിച്ചാണ്‌ വാചാലനാകുന്നത്? ഈ ചാപല്യത്തെ ഡാക്കിന്‍സ് ഇങ്ങനെ വിലയിരുത്തുന്നു. "സര്‍വ്വജ്ഞന്‍, സര്‍വ്വവ്യാപി, സര്‍വ്വശക്തന്‍, സര്‍വ്വതും സൃഷ്ടിച്ച് നിയന്ത്രിക്കുന്നവന്‍, മനുഷ്യന്റെ കാര്യങ്ങളി സവിശേഷ താല്പര്യമുള്ളയാള്‍, സാത്താനെന്ന പ്രതിനായകനുള്ളയാള്‍.... തുടങ്ങിയ പരിവേഷങ്ങള്‍ മതം ദൈവത്തിന്‌ ചാര്‍ത്തിക്കൊടുക്കുന്നിടത്ത് ഈ വാദങ്ങളൊക്കെ 'അപവാദ'ങ്ങളായി മാറുന്നു. കാരണം അത്തരം ഗുണങ്ങള്‍ ദൈവത്തില്‍ ആരോപിക്കുന്നതിന്റെ സാധൂകരിക്കുന്ന ഒന്നും തന്നെ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളിലില്ല.

     അക്വിനാസിന്റെ തെളിവുകളെ ഖണ്ഡിക്കാന്‍ ഡാക്കിന്‍സിന്‌ കഴിഞ്ഞിട്ടില്ലെന്നാണ്‌ ലേഖകന്‍ ഉന്നയിക്കുന്ന പ്രധാന ആവലാതി. അക്വിനാസിന്റെ 'ചിന്തയില്‍ നിന്നുദിച്ച' തെളിവുകള്‍ അദ്ദേഹത്തിന്റെ വെളിപാടുകള്‍ എന്നല്ലാതെ വസ്തുനിഷ്ഠമല്ല. അവയെക്കുടിച്ച് ഡാക്കിന്‍സ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അക്വിനാസിനും എന്‍ എം ഹുസ്സൈനും തങ്ങളുടെ വിളിപാടുകളെയും ഗ്രന്ഥജന്യമായ അറിവുകളെയും തെളിവുകളായി അവതരിപ്പിക്കാം. എന്നാല്‍ ഡാക്കിന്‍സിന്‌ സാധിക്കില്ലല്ലോ? കാരണം ശാസ്ത്രത്തിന്‌ ഇന്ന് ലഭ്യമായ അറിവുകള്‍ക്കപ്പുറം ഒരറിവും അദ്ദേഹത്തിനില്ലെന്നതുതന്നെ. ദൈവത്തിന്മേല്‍ ആരോപിക്കുന്ന ഗുണങ്ങള്‍ പലതും പൊരുത്തപ്പെടാത്തതും പരസ്പരം റദ്ദുചെയ്യപ്പെടുന്നവയുമാണെന്ന ഡാക്കിന്‍സ്റ്റിന്റെ നിരീക്ഷണം നൂറ് ശതമാനം സത്യന്ധമാണ്‌. 

     ഈ പ്രപഞ്ചത്തിന്‌ ഒരു 'പ്രപഞ്ചാതീത സ്രഷ്ടാവ്‌' വേണമെന്ന് ആദ്യമേ തീരുമാനിച്ചതിനുശേഷമാണ്‌ (അതും അന്വേഷണത്തിലൂടെ കണ്ടെത്തിയതല്ല, മറിച്ച് തങ്ങളുടെ ഗ്രന്ഥത്തില്‍ അങ്ങനെ പറഞ്ഞിരിക്കുന്നു എന്നതിനാല്‍) അക്വിനാസ് മാത്രമല്ല, എന്‍ എം ഹുസ്സൈന്‍ മുതല്‍ ഈ ബ്ലോഗില്‍ സംവാദത്തിലേര്‍പ്പെടുന്ന ഓരോ മതവിശ്വാസിയും തങ്ങളുടെ വാദങ്ങള്‍ നിരത്തുന്നത്. നിരീശ്വരവാദിക്കുമുന്നില്‍ അത്തരം മുന്‍ വിധികളൊന്നുമല്ലാത്തതിനാല്‍ പ്രപഞ്ചത്തിന്‌ സ്രഷ്ടാവുണ്ടൊ ഇല്ലേ എന്നതൊന്നും അവര്‍ക്ക് ഏകപക്ഷീയമായി സ്ഥാപിക്കേണ്ടിവരുന്നില്ല, മറിച്ച്‌ അത് ഉണ്ടായാലുമില്ലെങ്കിലും അത് മതങ്ങള്‍ പരിചയപ്പെടുത്തുന്ന ദൈവം അല്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.  പ്രപഞ്ചത്തെ വ്യാഖ്യാനിക്കാന്‍ മുന്‍വിധികളും അന്ധമായ ധാരണകളുമല്ല, മറിച്ച് ശാസ്ത്രവും യുക്തിബോധവും മാത്രമാണ്‌ അഭികാമ്യം.

     നിരീശ്വരവാദി നിഷേധിക്കുന്നത് മതഗ്രന്ഥങ്ങള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന ദൈവ സങ്കല്പങ്ങളെയാണ്‌. പ്രപഞ്ച ബാഹ്യമല്ലെന്നത് പോകട്ടെ മതങ്ങള്‍ (വിശിഷ്യാ സെമിറ്റിക് മതങ്ങള്‍) മുന്നോട്ട് വെയ്ക്കുന്ന ദൈവങ്ങളെല്ലാം 'മനുഷ്യഗുണ'മുള്ളവയാണ്‌.

     മനുഷ്യരെപ്പോലെ സന്തോഷിക്കുകയും കോപിക്കുകയും പകയും വിദ്വേഷവും വെച്ചുപുലര്‍ത്തുകയും ചെയ്യുന്നവയാണ്‌ ആ ദൈവങ്ങള്‍. ലേഖകന്‍ പൗഡറിട്ട് സെന്റും പൂശി വെളുപ്പിച്ച് അവതരിപ്പിക്കുന്ന പ്രപഞ്ചാതീതവും, ഭൗതികഗുണങ്ങള്‍ക്കതീതവും ആയ ദൈവം ഒരു കപടമായ അവതരണം മാത്രമാണ്‌. അത് തീര്‍ച്ചയായും ഖുര്‍ ആനിലെ അല്ലാഹുവല്ല തന്നെ.

ലേഖകന്‍ അവതരിപ്പിക്കുന്നതുപോലെ പ്രപഞ്ചബാഹ്യമായ ഒരു ദൈവം ഇങ്ങനെ കല്പിക്കുമെന്ന് എത്ര ശ്രമിച്ചിട്ടും എനിക്ക് കരുതാനാകുന്നില്ല :

നിശ്ചയം ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതുകൊണ്ട് സത്യവിശ്വാസികളെ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ ഹൃദയങ്ങളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ നിങ്ങള്‍ അവരുടെ ശിരസ്സുകളും കൈകാലുകളും വെട്ടിമുറിക്കുക എന്ന് മലക്കുകള്‍ക്ക് താങ്കളുടെ രക്ഷിതാവ്‌ സന്ദേശം നല്‍കി. (8:12)

തുടരും...Wednesday, November 3, 2010

എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍

     റിച്ചാഡ് ഡാക്കിന്‍സിന്റെ The God Delusion എന്ന കൃതിയെ ആധാരമാക്കി ശ്രീ. രവിചന്ദ്രന്‍ രചിച്ച 'നാസ്തികനായ ദൈവം' എന്ന കൃതിയെ ഖണ്ഡിക്കാനെന്ന പേരില്‍ മുജാഹിദ് ബുദ്ധിജീവിയായ ശ്രീ. എന്‍ എം ഹുസ്സൈന്‍ എഴുതുന്ന ലേഖനപരമ്പര 'നവ സാസ്തികത- റിച്ചാഡ് ഡാകിന്‍സിന്റെവിഭ്രാന്തികള്‍' എന്ന പേരില്‍ സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരിക്കുന്നു.

     'ദൈവവിഭ്രാന്തി' പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഡസന്‍ കണക്കിന് മറുപടി പുസ്തകങ്ങള്‍ അമേരിക്കയില്‍ തന്നെ പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടിമുടി മതത്തില്‍ മുങ്ങി നില്‍ക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കാന്‍ 'ദൈവവിഭ്രാന്തി'യ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലയാളത്തിലും അതിന് മറുപടി ഇറങ്ങിയില്ലെങ്കിലേ അല്‍ഭുതമുള്ളു.

     ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിന് മറുപടിയുമായി ഇറങ്ങേണ്ടതില്ലെന്നറിയാം. വായിച്ചിടത്തോളം അതില്‍ മറുപടിപറയത്തക്കതായി പുതിയതെന്തെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. ഏതായാലും സമഗ്രമായി അതിനെ വിലയിരുത്തി പ്രതികരിക്കത്തക്കതായി വല്ലതുമുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യുമെന്ന് കരുതുന്നു. നാസ്തികനായ ദൈവം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളെ അവഗണിച്ച്‌ വാചകക്കസര്‍ത്തു നടത്തുന്ന എന്‍ എം ഹുസ്സൈന്റെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുക എന്നത് മാത്രമാണ്‌ ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്.

ഡാക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‌ മൂര്‍ത്തമായ തെളിവുണ്ടോ?

     "ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ ഏറേയുണ്ട്. പക്ഷേ അല്‍ഭുതമെന്ന് പറയട്ടെ ദൈവത്തിന്റെ അസ്തിത്വത്തിന്‌ മൂര്‍ത്തമായ യാതൊരു തെളിവും നല്‍കാന്‍ ഇന്നുവരെ ആര്‍ക്കും സാധിച്ചിട്ടില്ല" എന്ന പ്രസ്തുത ഗ്രന്ഥത്തിലെ ഒരു പരാമര്‍ശത്തെ ഖണ്ഡിക്കാനാണ്‌ ലേഖനത്തിന്റെ ഒന്നാമധ്യായത്തില്‍ കൂടുതല്‍ സമയം ചെലവഴിച്ചിരിക്കുന്നത്.

    ?"റിച്ചാഡ് ഡാക്കിന്‍സ് നിരീശ്വരവാദിയാണെന്നതിന്‌ 'മൂര്‍ത്തമായ തെളിവ്'നല്‍കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ എന്നതാണ്‌ പ്രധാനചോദ്യം. സ്നേഹം, കരുണ, വിദ്വേഷം, പക, അസൂയ തുടങ്ങിയ വികാരങ്ങള്‍ യാഥാര്‍ത്ഥ്യമാണ്‌. എന്നാല്‍ ഒരാള്‍ക്ക് സ്നേഹമുണ്ട്, അല്ലെങ്കില്‍ ഒരാള്‍ക്ക് അസൂയയുണ്ട്, വിശ്വാസമുണ്ട്, അവിശ്വാസമുണ്ട് തുടങ്ങിയ കാര്യങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് നല്‍കാന്‍ കഴിയുമോ? അത് പരീക്ഷണനിരീക്ഷണങ്ങളാല്‍ തെളിയിക്കാനാകുമോ? അവയെ ഒരു നിരീശ്വരവാദി അംഗീകരിക്കുന്നുവെങ്കില്‍ 'ദൈവത്തിന്‌' മാത്രം 'മൂര്‍ത്തമായ തെളിവ്' ചോദിക്കുന്നതെന്തിന്‌?"

     ഒറ്റനോട്ടത്തില്‍ വളരെ ന്യായമെന്ന് തോന്നുന്ന ചോദ്യം.


     വിശ്വാസം, അവിശ്വാസം, സ്നേഹം, ദേഷ്യം, അസൂയ, തുടങ്ങിയവ മനുഷ്യന്റെ തലച്ചോറിന്റെ ഉല്പ്പന്നമായ ബോധത്തില്‍ അന്തര്‍ലീനമായ വിവിധ ഭാവങ്ങളാണല്ലോ? ഒരാളുടെ തലച്ചോറ് പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഒരാള്‍ക്ക് എത്രത്തോളമുണ്ടെന്ന് അറിയാന്‍ കഴിയുമോ എന്ന് പറയാനുള്ള അറിവ് എനിക്കില്ല. പക്ഷേ ഒരാളുടെ തലച്ചോറിന്റെ വിവിധ ഭാഗങ്ങളെ ഉത്തേജിപ്പിച്ച് ഇതില്‍ ചില ഭാവങ്ങളെ കൃത്രികമായി ഉല്പാദിപ്പിക്കാന്‍ കഴിയുമെന്ന അറിവ് ഇന്ന് ലഭ്യമാണ്‌. ഇതില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യം ഇവയെല്ലാം തലച്ചോറിനെ ആശ്രയിച്ച് നിലനില്‍ക്കുന്നതും തലച്ചോറിന്റെ അഭാവത്തില്‍ സ്വതന്ത്രമായ അസ്തിത്വമില്ലാത്തതുമായ സ്വഭാവവിശേഷങ്ങളാണെന്നാണ്‌. ഇതുപോലെ 'ദൈവം' എന്നതും ഇത്തരത്തില്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ചിന്തയാണ്‌ എന്നാണ്‌ ശ്രീ എന്‍ എം ഹുസ്സൈന്റെ വാദത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കോ നിരീശ്വരവാദികള്‍ക്കൊ വിയോജിപ്പില്ല. ദൈവം, പിശാച്, പ്രേതം, യക്ഷി, മലക്ക്, ജിന്ന്, കുട്ടിച്ചാത്തന്‍ തുടങ്ങിയ സങ്കല്പങ്ങള്‍ മനുഷ്യ മസ്തിഷ്കത്തില്‍ വിരിഞ്ഞവ തന്നെയാണെന്നാണ്‌ ഇവരുടെയും പക്ഷം. ഈ ചിന്തകള്‍/വികാരങ്ങള്‍ എല്ലാം തന്നെ മസ്തിഷ്കം നിശ്ചലമാകുന്നതോടെ അവസാനിക്കുന്നു. അതേ പോലെ ഒരാളുടെ വിശ്വാസവും അവിശ്വാസവും, അയാളുടെ ദൈവചിന്തയടക്കം ഇത്തരത്തില്‍ മസ്തിഷ്കം മരിക്കുന്നതോടെ അവസാനിക്കുന്നു. ഈയര്‍ത്ഥത്തിലുള്ള ഒരു ദൈവത്തെ ഡക്കിന്‍സോ, രവിചന്ദ്രനോ മറ്റേതെങ്കിലും നിരീശ്വരവാദികളോ ഖണ്ഡിക്കുന്നില്ല. ആയതിനാല്‍ ഭൗതികമായ മസ്തിഷ്കത്തിന്റെ ഉല്പന്നമായ ഇത്തരം ആശയങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവ് അന്വേഷിക്കാതെതന്നെ 'അവ നിലനില്‍ക്കുന്നുണ്ട്' എന്ന കാര്യത്തില്‍ തര്‍ക്കത്തിനു കാര്യമില്ല. ഇത്തരമൊരു 'ദൈവ'ത്തിനല്ല മറിച്ച് മതവിശ്വാസികള്‍ കെട്ടിയെഴുന്നെള്ളിക്കുന്ന വ്യക്തിസ്വരൂപനായ ദൈവത്തിനാണ്‌ ഡാക്കിന്‍സ് മൂര്‍ത്തമായ തെളിവ് ചോദിക്കുന്നതെന്നതിനാല്‍ വളരെയേറെ ശ്രമകരമായി ലേഖകന്‍ ഉയര്‍ത്തുന്ന ഈ വാദം വെറും പൊള്ളയായ വാചകക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല.

    ?"'ദൈവമില്ല' എന്ന പ്രസ്ഥാവന യുക്തിപരമാണെന്നും 'ദൈവമുണ്ട്' എന്ന പ്രസ്ഥാവന യുക്തിവിരുദ്ധമാണെന്നും നിരീശ്വരവാദികള്‍ പറഞ്ഞേക്കും. എന്നാല്‍ ആദ്യത്തേത് യുക്തിപരമാണെന്നതിന്‌ 'മൂര്‍ത്തമായ തെളിവ്' ഹാജരാക്കാന്‍ നിരീശ്വരവാദികള്‍ക്ക് സാധിക്കുമോ? ഇന്നേവരെ ഏതെങ്കിലും ഒരു നിരീശ്വരവാദി 'ദൈവമില്ല'എന്ന പ്രസ്ഥാവന യുക്തിപരമാണെന്നതിന്‌ മൂര്‍ത്തമായ തെളിവ് ഹാജരാക്കിയതായി ചൂണ്ടിക്കാട്ടാനാകുമോ?"

     വളരെ വിചിത്രമായ ഒരു ചോദ്യമാണിത്. പലവട്ടം വിശദീകരിക്കപ്പെട്ടതും.

     'ഗ്ഗ്ലിംഗ്ലാംഗ്ലും' എന്ന ഒരു ശക്തിയാണ്‌ ഈ ലോകം സൃഷ്ടിച്ചിരിക്കുന്നത് എന്ന്‌ ഞാന്‍ പറയുന്നു. എന്‍ എം ഹുസ്സൈനോ മറ്റാരെങ്കിലുമോ ഇത് സമ്മതിക്കുമോ? അവര്‍ എന്നോട് ചോദിക്കുന്ന ആദ്യ ചോദ്യം ഇതായിരിക്കും. "ഗ്ഗ്ലിംഗ്ലാംഗ്ലും!! അതെന്ത് സാധനം."

     എന്റെ മറുപടി:-"ഗ്ഗ്ലിംഗ്ലാംഗ്ലും ഉണ്ട് എന്ന് എനിക്കറിയാം;അത് ഇല്ല എന്ന് നിങ്ങള്‍ക്ക് മൂര്‍ത്തമായ തെളിവുനല്‍കാമോ?"

     അതിന്‌ അവര്‍ക്ക് കഴിയുമോ? ചുരുങ്ങിയ പക്ഷം ഞാന്‍ ഉദ്ദേശിക്കുന്ന 'ഗ്ഗ്ലിംഗ്ലാംഗ്ലും' എന്താണെന്ന് ഞാന്‍ വ്യക്തമാക്കാതെ? അതുപോലെ അങ്ങനെയൊരു ശക്തിയാണ്‌ ഈ ലോകം സൃഷ്ടിച്ചതെന്ന് 'മൂര്‍ത്തമായ തെളിവ്' നല്‍കേണ്ട ഉത്തരവാദിത്വം എനിക്കോ അതോ അവര്‍ക്കൊ?

     വിവിധ മതങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന വൈവിധ്യമാര്‍ന്ന ദൈവസങ്കല്പ്പങ്ങളാണ്‌ നമുക്ക് മുന്നിലുള്ളത്. ഈ ദൈവങ്ങള്‍ ബഹുഭൂരിപക്ഷവും (ഒരുപക്ഷേ ചുരുക്കം ചില ഭാരതീയ ചിന്തകളിലൊഴികെ) വ്യക്തിദൈവങ്ങളാണ്‌. ലേഖകന്റെ സ്വന്തം ദൈവമായ 'അല്ലാഹു' വടക്കം. ഈ ദൈവങ്ങള്‍ ഉണ്ട് എന്ന് വിശ്വാസി തീരുമാനിക്കുന്നത് തന്റെ മാതാപിതാക്കളും മതപാഠശാലയും പഠിപ്പിച്ചിട്ടും തന്റെ മത ഗ്രന്ഥങ്ങളില്‍ എഴുതിവെച്ചിട്ടുമുണ്ട് എന്നതുകൊണ്ട് മാത്രമാണ്‌. മറ്റേ മതക്കാരുടെ ദൈവം വ്യാജമാണ്‌ എന്ന് തീരുമാനിക്കുന്നതും ഇപ്രകാരം തന്നെ. അവര്‍ക്ക് അതില്‍ വിശ്വസിക്കാന്‍ മൂര്‍ത്തമായതോ അമൂര്‍ത്തമായതോ ആയ തെളിവുകള്‍ ഒന്നും ആവശ്യമില്ല. 'ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയാകാനേ നിവൃത്തിയുള്ളു, ശാസ്ത്രം എന്തു പറഞ്ഞാലും. കാരണം ഖുര്‍ ആന്‍ ദൈവത്തിന്റെ വാക്കുകളാണ്‌; ശാസ്ത്രം സൃഷ്ടികളുടെയും' എന്ന് യാതൊരു സങ്കോചവുമില്ലാതെ പ്രസ്ഥാവിക്കുന്നവര്‍ക്ക് എന്ത് മൂര്‍ത്തമായ തെളിവ്? എന്ന് വെച്ച് മറ്റെല്ലാവരും അത് തെളിവില്ലാതെ അംഗീരിക്കണമെന്ന് വാശിപിടിക്കാമോ?

     ?"ശാസ്ത്രീയമായി തെളിയിക്കാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നിരീശ്വരവാദികള്‍ അംഗീകരിക്കുകയും വിശ്വാസമായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. യാതൊരു 'മൂര്‍ത്തമായ തെളിവു'മില്ലാതെ ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്ന നിരീശ്വരവാദികള്‍ക്ക്, പക്ഷേ ദൈവത്തില്‍ വിശ്വസിക്കാന്‍ മൂര്‍ത്തവും പരീക്ഷണപരവുമായ തെളിവ് വേണം എന്ന ശാഠ്യമുണ്ട്."

     ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത എല്ലാ കാര്യവും നിരീശ്വരവാദികള്‍ നിരാകരിക്കണമെന്നില്ല. എന്നാല്‍ അവര്‍ അതില്‍ 'വിശ്വസിക്കുന്നു' എന്നു പറയുന്നത് അല്പം കടന്ന കയ്യാണ്‌. അതിന്റെ ശാസ്ത്രീയത ഇപ്പോള്‍ എനിക്കറിയില്ല എന്ന നിലപാടായിരിക്കും അവര്‍ക്കുണ്ടാവുക. ഇതേക്കുരിച്ച്‌ കൂടുതല്‍ വിശദീകരിക്കും മുമ്പ് മറ്റൊരു ചോദ്യത്തിന്‌ ഉത്തരം ലഭിക്കേണ്ട്തുണ്ട്:

     'മൂര്‍ത്തമായ' യാതൊരു തെളിവുമില്ലതെയാണ്‌ കോടിക്കണക്കിനാളുകള്‍ ശബരിമല അയ്യപ്പന്‍, മാഹാവിഷ്ണു, ശിവന്‍, ബ്രഹ്മാവ് പറശ്ശിനിക്കടവ് മുത്തപ്പന്‍, സായിബാബ തുടങ്ങിയ ദൈവങ്ങളില്‍ വിശ്വസിക്കുന്നത്. എന്‍ എം ഹുസ്സൈനും കൂട്ടരും എന്തുകൊണ്ടാണ്‌ ഈ വ്യക്തിദൈവങ്ങളെയൊന്നും വിശ്വസിക്കാതെ ഖുര്‍ ആനിലെ വ്യക്തിദൈവമായ അല്ലാഹുവിനെ മാത്രം വിശ്വസിക്കുന്നത്? അവര്‍ 'മൂര്‍ത്തമായതെളിവില്ലാത്ത' കാര്യങ്ങളില്‍ വിശ്വസിക്കുന്നവാരാണെന്നിരിക്കെ? 

ഇന്ദ്രിയാതീത യാഥാര്‍ത്ഥ്യങ്ങള്‍

     ?"ദൈവം ഇന്ദ്രിയാതീത യഥാര്‍ത്ഥ്യമാണ്‌. അതുകൊണ്ടാണ്‌ ഭൗതിക ശാസ്ത്രത്തിന്റെ പരീക്ഷണങ്ങളിലൂടെ ദൈവാസ്തിക്യം തെളിയിക്കാനാകില്ല എന്ന് വിശ്വാസികള്‍ പറയുന്നത്."

     മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത പലതും പ്രപഞ്ചത്തിലുണ്ടാകാമെന്നത് യാഥാര്‍ത്ഥ്യമാകാം. എല്ലാ കാര്യങ്ങളും ഇപ്പോള്‍ തന്നെ അറിയണമെന്ന് വാശിപിടിക്കുന്നതില്‍ കാര്യമില്ല. ഇപ്പോള്‍ അറിഞ്ഞതുതന്നെ എത്രയോ കാലത്തെ പരിശ്രമഫലം. അതിന്‌ സ്വീകരിച്ച ഏക മാര്‍ഗം പഞ്ചേന്ദ്രിയജ്ഞാനവും. ഇന്ദ്രിയാതീതമായത് ഉണ്ടാകാമെന്നും അത് എന്താണെന്ന് ഇപ്പോള്‍ അറിയില്ലെന്നും പറയാമെന്നല്ലാതെ അത് ഇന്നതുതന്നെയാണെന്ന് ഉറപ്പിച്ചുപറയാന്‍ എങ്ങനെയാണ്‌ മനുഷ്യന്‌ കഴിയുക? 'ദൈവം' 'ഇന്ദ്രിയാതീതയാഥാര്‍ത്ഥ്യ'മാണെന്ന അറിവ് എവിടെനിന്നാണ്‌ ലഭിച്ചത്? ആ അറിവ് ലഭിക്കാന്‍ ഉപയോഗിച്ച ഉപകരണം ഇന്ദ്രിയങ്ങള്‍ തന്നെയാണോ? അതല്ല, പഞ്ചേന്ദ്രിയങ്ങള്‍ക്കുമപ്പുറം മറ്റാര്‍ക്കുമില്ലാത്ത എന്ത് ഉപകരണമാണ് ലേഖകന്‌ സിദ്ധിച്ചിരിക്കുന്നത്? 'ഇന്ദ്രിയാതീത'മായത് ദൈവമാണെന്നും, ആ ദൈവം തന്റെ മതഗ്രന്ഥത്തിലെ ദൈവമായ അല്ലാഹു എന്ന അറേബ്യന്‍ ഗോത്രദൈവം തന്നെയാണെന്നും തീരുമാനിക്കുന്നതെങ്ങനെ? അത് 'നിര്‍ഗുണപരബ്രഹ്മ'മല്ലെന്നുള്ള അറിവ് ലേഖകനുണ്ടോ? എങ്കില്‍ ആ അറിവിന്റെ ഉറവിടമെന്ത്? അത് ലഭിച്ച മാര്‍ഗമേത്?

     ?"'മൂര്‍ത്തമായ തെളിവില്ലാതെ' പ്രപഞ്ചം അനാദിയാണെന്ന് നിരീശ്വരവാദികള്‍ക്ക് വിശ്വസിക്കാമെങ്കില്‍ 'മൂര്‍ത്തമായ തെളിവില്ലാതെ' ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്തിന്‌ പരിഭവിക്കണം?"

     പ്രപഞ്ചം എങ്ങനെ ഉല്‍ഭവിച്ചു എന്ന കാര്യത്തില്‍ നിരീശ്വരവാദികള്‍ക്ക് ഒരു പ്രത്യേക 'വിശ്വാസ'മൊന്നുമില്ല. ഇക്കാര്യത്തില്‍ പഞ്ചേന്ദ്രിയജന്യമായ അറിവുകള്‍ വെച്ച് ഉരുത്തിരിയുന്ന ചില സദ്ധാന്തങ്ങള്‍ മാത്രമാണുള്ളത്. ആ സിദ്ധാന്തങ്ങള്‍ ആത്യന്തകമായ ശരികള്‍ ആണെന്ന് നിരീശ്വരവാദികള്‍ എന്നല്ല ശാസ്ത്രമറിയുന്ന ആരും പറയുമെന്ന് തോന്നുന്നില്ല. പുതിയ അറിവുകള്‍ ലഭ്യമാകുമ്പോള്‍ ആ സിദ്ധാന്തങ്ങള്‍ പരിഷ്കരിക്കപ്പെടാം. അപ്പോള്‍ നിരീശ്വരവാദി' തന്റെ പഴയ അറിവുതന്നെയാണ്‌ 'മൂര്‍ത്തമായ ശരി' എന്ന് വാശി പിടിച്ച്‌ അതിന്‌ ശാസ്ത്രീയമായ തെളിവ് ഹാജരാക്കാന്‍ 'ഗവേഷണം നടത്തി നാണം കെടുകയില്ല.' അതുപോലെയാണോ എല്ലാ കാലത്തേക്കും എല്ലാ ദേശത്തേക്കുമായി വെളിപാടായി ലഭിച്ച മതഗ്രന്ഥത്തിലെ 'സര്‍വ്വശക്തനായ ദൈവം'? 

     ഇവിടെയും ലേഖകന്റെ വാദങ്ങള്‍ വാദത്തിനുവേണ്ടിയുള്ള വെറും വാചകക്കസര്‍ത്തുകള്‍ മാത്രം. 

     ആടുത്തഭാഗം 'അക്വിനാസിന്റെ' തെളിവുകള്‍ സംബന്ധിച്ചാണ്‌. ഈ വിഷയത്തില്‍ വിശദമായ പോസ്റ്റ് സി കെ ബാബുവിന്റെ ബ്ലോഗില്‍ ലഭ്യമാണ്‌. .

    ? "പ്രപഞ്ചം മുഴുക്കെ സൃഷ്ടിച്ച് സംവിധാനിച്ചത് ഏകദൈവമാണെന്ന വിശ്വാസം ലഭ്യമായ ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്."

     'ഇന്ദ്രിയാതീത യാഥാര്‍ത്ഥ്യമായ' ദൈവത്തിന്‌ ശാസ്ത്രീയമായ തെളിവുനല്‍കാന്‍ കഴിയില്ലെന്ന് ലേഖനത്തിലുടനീളം സ്ഥാപിക്കാന്‍ ശ്രമിച്ച ശേഷം പറയുന്നു ദൈവസാന്നിധ്യത്തിന്‌ ശാസ്ത്രീയമായ തെളിവുണ്ടെന്ന്. ഇതിനെയാണ് 'ആധുനിക അന്ധവിശ്വാസം' എന്ന് വിളിക്കാന്‍ ഏറ്റവും യോഗ്യം. ഇനി ആ 'ലഭ്യമായ തെളിവ്' തരൂ, അത് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ആ  ദൈവത്തില്‍ വിശ്വസിക്കാന്‍ നിരീശ്വരവാദിക്കുമുന്നില്‍ തടസ്സങ്ങളൊന്നുമില്ല. ആ ദൈവം ഖുര്‍ ആനിലെ വ്യക്തിദൈവമായ അല്ലാഹുതന്നെയാണന്നതിനും തെളിവ് കിട്ടിക്കാണുമല്ലോ? അപ്പോളോ ആ ദൈവം 'ഇന്ദ്രിയാതീന യാഥാര്‍ത്ഥ്യ'മാകുമല്ലോ?

     ?"സൃഷ്ടിവാദം 'പലര്‍ക്കു'മല്ല മിക്കവര്‍ക്കും സ്വീകാര്യമാണ്‌, നിരീശ്വരവാദമാണ്‌ 'ചിലര്‍ക്ക്' മാത്രം സ്വീകാര്യമാകുന്നത്" എന്നാണ്‌ മറ്റൊരു വാദം.

     സൃഷ്ടിവാദം സെമിറ്റിക് മതങ്ങളുടെ സംഭാവനയാണ്‌. ഭാരതീയ ദര്‍ശങ്ങള്‍ ഭൂരിപക്ഷവും 'ഒരു വ്യക്തിദൈവത്തിന്റെ സൃഷ്ടിവാദത്തെ' അംഗീരിക്കുന്നില്ല. കൃസ്തു മതത്തിന്റെ കാര്യമെടുത്താലോ, ഇന്ന് കാണുന്ന വിധം എല്ലാ ജീവികളെയും ഇതേ രൂപത്തില്‍ ദൈവം സൃഷ്ടിച്ചതാകാനിടയില്ല, അത് സൃഷ്ടിക്കുശേഷം പരിണമിച്ച് ഉണ്ടായതാകാം' എന്നിടം വരെ എത്തിനില്‍ക്കുന്നു പോപ്പിന്റെ അഭിപ്രായം. ഇന്നും 'കളിമണ്ണ് സൃഷ്ടിവാദ'ത്തില്‍ കടിച്ചുതൂങ്ങുന്നവര്‍ ലേഖകന്റെ മതക്കാര്‍ മാത്രം. അല്ലാഹുവിനെ ഏകദൈവമായി അംഗീകരിക്കുന്ന അഹ്മദികള്‍ക്ക് പോലും വ്യത്യസ്ഥ അഭിപ്രായമുണ്ട്. അതിനാല്‍ സൃഷ്ടിവാദത്തിന്റെ ശാസ്ത്രീയത പെരിപ്പിച്ചുകാട്ടി സമയം കളയുന്നത് അപഹാസ്യം. പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ ഒരു ദൈവം അനിവാര്യമായി വരുന്നുവെങ്കില്‍ ആ ദൈവത്തിനെ സൃഷ്ടിക്കാന്‍ മറ്റൊരു സൂപ്പര്‍ ദൈവം ആവശ്യമാകില്ലേ എന്ന് നിരീശ്വരവാദികള്‍ ചോദിക്കുന്നതിലാണ്‌ ലേഖകന്റെ കുണ്ഠിതം മുഴുവനും. ദൈവമെന്നാല്‍ അത് തന്നില്‍ ചെറുപ്പം മുതലേ കുത്തിവെയ്ക്കപ്പെട്ട അറേബ്യന്‍ ഗോത്രദൈവം തന്നെയാണെന്ന കാര്യത്തില്‍ സംശയത്തിനൊട്ട് വകയുമില്ല....

(തുടരും..)