എന്താണ് ശാസ്ത്രീയ സൃഷ്ടിവാദം? അത് (ശാസ്ത്രീയമല്ലാത്ത!)സൃഷ്ടിവാദവുമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ശ്രീ എൻ എം ഹുസ്സൈൻ കുഞ്ഞുണ്ണിവർമ്മയുടെ സൃഷ്ടിവാദ വിമർശനങ്ങളെ ഖണ്ഡിക്കാനായി പ്രസിദ്ധീകരിച്ച സൃഷ്ടിവാദവും പരിണാമവാദികളും എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:
“ ഇന്നു കാണുന്ന പ്രകൃതിയെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ സിദ്ധാന്തമാണ് ശാസ്ത്രീയ സൃഷ്ടിവാദം. ജീവന്റെയും ജീവിവർഗങ്ങളുടെയും ഉല്‍പ്പത്തി വിശദീകരിക്കാൻ പരിണാമസിദ്ധന്തത്തിനു സാധിക്കുന്നതിനേക്കാൽ സൃഷ്ടിവാദ മാതൃകയ്ക്കാണ് സാധിക്കുകയെന നിലപാടാണ് അതിന്റെ വക്താക്കൾക്കുള്ളത്. പരിണാമസിദ്ധാന്തത്തിലേത് പോലെ ജീവൻ, ജീവി വർഗങ്ങൾ, ഫോസിലുകൾ എന്നിത്യാദി വിഷയങ്ങൾ തന്നെയാണ് സൃഷ്ടിവാദത്തിന്റെയും ഉള്ളടക്കം. പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിയുന്ന പ്രകൃതിയിലെ ഭൗതിക-ജൈവയാഥാർത്ഥ്യങ്ങളെപറ്റിയുള്ള സിദ്ധാന്തമായതുകൊണ്ടാണ് അതിനെ ശാസ്തീയ സൃസൃഷ്ടിവാദമെന്ന് പറയുന്നത്."(പേജ് 22)
"പരിണാമത്തെ എതിർക്കുക മാത്രമാണ് സൃഷ്ടിവാദികളുടെ പണിയെന്നും പരിണാമത്തെ എതിർത്താൽ സൃഷ്ടിവാദമായി എന്നുമാണ് അവതാരകൻ വിചാരിക്കുന്നത്. തീർച്ചയായും പരിണാമ വിമർശനം സൃഷ്ടിവാദികളുടെ മുഖ്യപണികളിലൊന്നാണ്. എനാൽ ഒട്ടേറെ വിജ്ഞാന ശാഖകളിൽ നിന്നുള്ള ശാസ്ത്രീയ വസ്തുതകൾ സൃഷ്ടിവാദ മാതൃകയിൽ പുനരാവിഷ്കരിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. "(പേജ് 21)
ഇനി സൃഷ്ടികർമ്മത്തെക്കുറിച്ച് സൃഷ്ടിവാദികളുടെ അഭിപ്രായം നോക്കാം:
"നമുക്ക് നിരീക്ഷിക്കാവുന്ന വിധത്തിൽ ഇന്ന് സൃഷ്ടിപ്പ് നടക്കുന്നില്ല. കഴിഞ്ഞ കാലത്ത് പൂർത്തീകരിക്കപ്പെട്ടതാണത്. അതിനാൽ, ശസ്ത്രീയ രീതിക്ക് അതു വിധേയമല്ല.“(പേജ് 21)
സൃഷ്ടി പൂർത്തീകരിക്കപ്പെട്ടു എന്നുതന്നെയാണ് ശ്രീ ഹുസ്സൈൻ തന്റെ ബ്ലോഗിലും ആവർത്തിക്കുന്നത്.
"സ്യഷ്ടി - സംവിധാനം ദൈവത്തിന്റെ കഴിവാണ്. ആദ്യം Creation പിന്നെ Design എന്ന സങ്കല്‍പ്പം അത്യധികം സങ്കീര്‍ണ്ണമായ പ്രപഞ്ചം യാദ്യശ്ചികമായി ഉണ്ടായി എന്ന് വിശ്വസിക്കുന്ന നിരീശ്വരവാദത്തേക്കാള്‍ എന്തുകൊണ്ടും യുക്തി ഭദ്രമാണ്."
"പ്രപഞ്ചത്തില്‍ സ്യഷ്ടി നടന്നു കഴിഞ്ഞെന്നും ഇപ്പോള്‍ സ്ഥിതിയും ഭാവിയില്‍ സംഹാരവും ആണുണ്ടാവുകയെന്നും സ്യഷ്ടിവാദികള് പറയുന്നത് സുശീല്‍ ശ്രദ്ധിച്ചില്ലേ? പുതുതായി സ്യഷ്ടിയൊന്നും നടക്കുന്നില്ല എന്നു തന്നെയാണ് എന്റേയും വാദം. താങ്കളും ആ വാദക്കാരനാണെന്നതില് സന്തോഷം".
ഇനി നമുക്ക് ഡ്രാഗൺ ഫ്ലൈയിലേക്ക് വരാം. ഡ്രാഗൺ ഫ്ലൈ പരിണമിച്ചുണ്ടായതല്ല, മറിച്ച് അത് അതേ രൂപത്തിൽ സൃഷ്ടിക്കപ്പെട്ടതാണ് എന്നാണ് ലേഖകന്റെ വാദം.
"ഡ്രാഗണ്‍ ഫ്ളൈയുടെ ചിറകുകള് പരിണമിച്ചുണ്ടായതിന് യാതൊരു തെളിവുമില്ല. ഡോക്കിന്‍സോ ഗ്രന്ഥകാരനോ ഏതെങ്കിലും ശാസ്ത്രജ്ഞരോ ഒരു തെളിവുപോലും ഹാജറാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ പരമമായ ശക്തി സൃഷ്ടിച്ചുവെന്നു വിശ്വസിക്കുന്നതില്‍ യുക്തിഭംഗമോ അശാസ്ത്രീയതയോ ഇല്ല."
ശാസ്ത്രീയ സൃഷ്ടിവാദമെന്ന് പറയുന്നത് ശാസ്ത്രീയമായ രീതിതന്നെയാണെന്നും അത് പരിണാമത്തെ നിഷേധിക്കൽ മാത്രമല്ലെന്നും വീമ്പിളക്കിയ ലേകകന്റെ നിലപാട് നോക്കൂ: ഡ്രാഗൻ ഫ്ലൈയുടെ ചിറകുകൾ പരിണമിച്ചുണ്ടായതാണെന്ന് തെളിവില്ലാത്തതിനാൽ അത് പരമമായ സൃഷ്ടിയാണെന്ന് വിശ്വസിക്കാമെന്ന്. അതെന്തൊരു ന്യായം? പരിണമിച്ചതിന് തെളിവുണ്ടോ ഇല്ലേ എന്ന കാര്യം അവിടെ നില്ക്കട്ടെ. സൃഷ്ടിക്കപ്പെട്ടതാണെന്നതിന് തെളിവുവേണ്ടേ? അതും സൃഷ്ടിവാദം ശാസ്ത്രീയമാകുമ്പോൾ. ആ തെളിവാണ് ലേഖകൻ ഇനി നിരത്തുന്നത്.
"ഡ്രാഗണ്‍ ഫ്ളൈയെ ദൈവം സൃഷ്ടിച്ചുവെന്നതിനു വല്ല തെളിവുമുണ്ടോ? തീര്‍ച്ചയായും ഉണ്ട്. സൃഷ്ടിവാദ പ്രകാരം ഫോസിലുകളില്‍ ഡ്രാഗണ്‍ഫ്ളൈകള്‍ എങ്ങനെയാണോ പ്രത്യക്ഷപ്പെടേണ്ടത്, അത്തരത്തില്‍ തന്നെയാണ് അവ പ്രത്യക്ഷപ്പെടുന്നത് (എന്നാല്‍ പരിണാമ പ്രകാരം പ്രത്യക്ഷപ്പെടേണ്ട വിധം അവ കാണപ്പെടുന്നുമില്ല.)"ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കമേറിയ ഡ്രാഗണ്‍ ഫ്ളൈ ഫോസിലിന് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഇവ 'കാര്‍ബോണിഫെറസ്' കാലഘട്ടത്തിലേതാണ്. ഇന്നത്തെ ഡ്രാഗണ്‍ ഫ്ളൈകളെപ്പോലെയാണ് മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായിരുന്നവയും. എന്താണിതിനര്‍ഥം? കഴിഞ്ഞ മുന്നൂറു ദശലക്ഷം വര്‍ഷങ്ങള്‍ക്കിടയില്‍ ഡ്രാഗണ്‍ ഫ്ളൈകള്‍ പരിണമിച്ചിട്ടില്ല എന്നുതന്നെ."
ഏറ്റവും പഴക്കമേറിയ ഡ്രാഗൺ ഫ്ലൈ ഫൊസിലിന്റെ പ്രായം 300 ദശലക്ഷം വർഷമാണ്. അതായത് 30 കോടി വർഷം. എന്നാൽ ആദ്യത്തെ സൈനോബാക്റ്റീരിയ ഫോസിലുകൾക്ക് പ്രായം 350 കോടി വർഷമാണ്. അതായത്, സൈനോ ബാക്റ്റീരിയ രൂപപ്പെട്ട് 320 കോടി വർഷങ്ങൾക്കുശേഷമാണ് ഡ്രാഗൺ ഫ്ലൈ ഉണ്ടായതെന്നർത്ഥം. ഡ്രാഗൺ ഫ്ലൈയുടെ ഒരു അവശിഷ്ടം പോലും സൈനോബാക്റ്റീരിയയുടെ ഫോസിനൊപ്പം കിട്ടിയിട്ടില്ല.
ഡ്രാഗൺ ഫ്ലൈ സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയിക്കണമെങ്കിൽ ഡ്രാഗൻ ഫ്ലൈയുടെ ഫോസിൽ 300 ദശലക്ഷം വർഷം പഴക്കമുള്ളത് കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. അതുകൊണ്ടെങ്ങനെ അത് സൃഷ്ടിക്കപ്പെട്ടാതാണെന്നതിന് തെളിവാകും?അതിന് രൂപമാറ്റം സംഭവിച്ചില്ലെന്ന് തെളിയിക്കാൻ അതിനു മുമ്പുള്ള ഫോസിലും വേണ്ടേ? 300 ദശലക്ഷം വർഷത്തിനുശേഷം അതിനു രൂപമാറ്റം വന്നിട്ടില്ലെന്നല്ലേ ഇപ്പോഴത്തെ തെളിവ് വെച്ച് സ്ഥാപിക്കാനാകൂ.
പരിണാമത്തിൽ ഫൊസിലിന്റെ വിടവുനോക്കി അവിടെ സൃഷ്ടിക്ക് തെളിവു കണ്ടേത്താനുള്ള വിഫലശ്രമമാണ് ഇവിടെ കാണുന്നത്. ഇത് സൃഷ്ടിവാദം ശാസ്ത്രീയമാണെന്ന വാദത്തിന് കടകവിരുദ്ധവുമാണ്. ഫോസിൽ തെളിവുവെച്ച് ഡ്രാഗൺ ഫ്ളൈ സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയിക്കാൻ ശ്രീ. ഹുസൈനെ വെല്ലുവിളിക്കുകയാണ്.
ഇനി നമുക്ക് മനുഷ്യനിലേക്ക് വരാം. ആധുനിക മനുഷ്യന്റെ കണ്ടെടുക്കപ്പെട്ട ഫോസിലിന്റെ ഏറ്റവും കൂടിയ പ്രായം 195000 വർഷം മാത്രം. ആ കാലഘട്ടത്തിനു മുമ്പുള്ള മനുഷ്യഫോസിലുകൾ ആധുനിക മനുഷ്യന്റെ ഗുണഗനങ്ങൾ കാണിക്കുന്നില്ല. ഇതിനർത്ഥം ആധിനിക മനുഷ്യൻ രൂപപ്പെട്ടിട്ട് വെറും രണ്ട് ലക്ഷം വർഷത്തിൽ താഴെ കാലമേ ആയിട്ടുള്ളു എന്നാണ്. അതായത് സൈനോബാക്റ്റീരിയയുടെയോ, ഡ്രാഗൺ ഫ്ലൈയുടെയോ കാലത്ത് മനുഷ്യനില്ലെന്നർത്ഥം. എന്താണിത് വ്യക്തമാക്കുന്നത്?
ജൈവരൂപങ്ങളുടെ കാര്യത്തിൽ രസകരമായ ഒരു ഗണിതമുണ്ട്. ഭൂമിയുടെ പ്രായം 24 മണിക്കൂറാണെന്ന് സങ്കല്‍പ്പിക്കുക. അവിടെ ആധുനിക മനുഷ്യൻ പ്രത്യക്ഷപ്പെട്ടിട്ട് എത്ര കാലമായിക്കാണും? വെറും 1.5 സെക്കന്റിൽ താഴെമാത്രം. അതായത്, 23 മണിക്കൂറും 59 മിനിറ്റും 58.5 സെക്കന്റും കഴിഞ്ഞശേഷമാണ് ആധുനിക മനുഷ്യന്റെ വരവ്.
എന്താണിത് കാണിക്കുന്നത്? ദൈവം സൃഷ്ടി നടത്തിയത് കോടിക്കണക്കിന് വർഷങ്ങളിലൂടെയാണെന്നോ? പിന്നെ എന്നാണാവോ ദൈവം സൃഷ്ടി നിർത്തിയത്?
ദൈവം സൃഷ്ടി നിർത്തി എന്നതിന് എന്താണ് ശാസ്ത്രീയ തെളിവ്. ഈ അറിവ് സൃഷ്ടിവാദികൾക്ക് കിട്ടിയതെങ്ങനെ? ശാസ്ത്രീയമായ തെളിവുകൾ നിരത്തി ഈ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ശ്രീ. ഹുസ്സൈന്‍ കഴിയുമോ?
13 comments:
ഏറ്റവും പഴക്കമേറിയ ഡ്രാഗൺ ഫ്ലൈ ഫൊസിലിന്റെ പ്രായം 300 ദശലക്ഷം വർഷമാണ്. അതായത് 30 കോടി വർഷം. എന്നാൽ ആദ്യത്തെ സൈനോബാക്റ്റീരിയ ഫോസിലുകൾക്ക് പ്രായം 350 കോടി വർഷമാണ്. അതായത്, സൈനോ ബാക്റ്റീരിയ രൂപപ്പെട്ട് 320 കോടി വർഷങ്ങൾക്കുശേഷമാണ് ഡ്രാഗൺ ഫ്ലൈ ഉണ്ടായതെന്നർത്ഥം. ഡ്രാഗൺ ഫ്ലൈയുടെ ഒരു അവശിഷ്ടം പോലും സൈനോബാക്റ്റീരിയയുടെ ഫോസിനൊപ്പം കിട്ടിയിട്ടില്ല.
ഡ്രാഗൺ ഫ്ലൈ സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയിക്കണമെങ്കിൽ ഡ്രാഗൻ ഫ്ലൈയുടെ ഫോസിൽ 300 ദശലക്ഷം വർഷം പഴക്കമുള്ളത് കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ല. അതുകൊണ്ടെങ്ങനെ അത് സൃഷ്ടിക്കപ്പെട്ടാതാണെന്നതിന് തെളിവാകും?അതിന് രൂപമാറ്റം സംഭവിച്ചില്ലെന്ന് തെളിയിക്കാൻ അതിനു മുമ്പുള്ള ഫോസിലും വേണ്ടേ? 300 ദശലക്ഷം വർഷത്തിനുശേഷം അതിനു രൂപമാറ്റം വന്നിട്ടില്ലെന്നല്ലേ ഇപ്പോഴത്തെ തെളിവ് വെച്ച് സ്ഥാപിക്കാനാകൂ.
പരിണാമത്തിൽ ഫൊസിലിന്റെ വിടവുനോക്കി അവിടെ സൃഷ്ടിക്ക് തെളിവു കണ്ടേത്താനുള്ള വിഫലശ്രമമാണ് ഇവിടെ കാണുന്നത്. ഇത് സൃഷ്ടിവാദം ശാസ്ത്രീയമാണെന്ന വാദത്തിന് കടകവിരുദ്ധവുമാണ്. ഫോസിൽ തെളിവുവെച്ച് ഡ്രാഗൺ ഫ്ളൈ സൃഷ്ടിക്കപ്പെട്ടതാണെന്ന് തെളിയിക്കാൻ ശ്രീ. ഹുസൈനെ വെല്ലുവിളിക്കുകയാണ്
tracking ==>
ഫോസിലില്ലാ ഫോസിലില്ലാ എന്ന് സൃഷ്ടിവാദികൾ പറയാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇടവർഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവയുടെ ഫോസിലുകളും ലഭ്യമാകേണ്ടതായിരുന്നു എന്ന കമന്റ് ഇടയ്ക്കിടെ കാണാം. ഫോസിലുകളെക്കുറിച്ചുള്ള ധാരണയില്ലായ്മ മാത്രമാണിത്. Fossilization is an extremely rare thing. ഡോക്കിൻസ് പറയുന്നതുപോലെ We are lucky to have any fossils at all.
ഇപ്പറയുന്ന രീതിയിൽ ഏത് ഇടവർഗ്ഗത്തിന്റെയും ഫോസിലുകൾ ലഭ്യമാകുമായിരുന്നെങ്കിൽ ഇപ്പോഴുള്ള ജീവികളുടെ തന്നെ എത്ര പഴയകാല അസ്ഥികൂടങ്ങൾ ലഭ്യമാണ് എന്നതുനോക്കിയാൽ മതി. എന്തും ഏതും ഫോസിലൈസ് ചെയ്യുമെങ്കിൽ കുഴിച്ചിട്ട മനുഷ്യരുടെ തന്നെ ബില്യൺ കണക്കിന് അസ്ഥികൂടങ്ങൾ ലഭ്യമാകേണ്ടതാണ്.
അല്ലെങ്കിൽ ഓരോ ജീവിയും സെലക്റ്റ് ചെയ്ത് ഒരു റെപ്രസെന്റേറ്റീവിനെ കണ്ടെത്തി ഫോസിലാക്കാൻ തീരുമാനിക്കണം. തല്ക്കാലം അതും സാധ്യമാകുമെന്ന് തോന്നുന്നില്ല.
വെറുതെ കുഴിച്ചാൽ കിട്ടാവുന്ന ഒരു സാധനമല്ല ഫോസിൽ. ഫോസിൽ കിട്ടിയിട്ടില്ല, അതിനാൽ പരിണാമം നടന്നിട്ടില്ല എന്നു പറയുന്നത് അബദ്ധമാണ്.
സൃഷ്ടിവാദികൾ ഉത്തരം തരേണ്ട ചോദ്യങ്ങൾ:
1. സൃഷ്ടി നടന്നുകഴിഞ്ഞു എന്നും ഇനി സ്ഥിതിയും സംഹാരവും മാത്രമേ ബാക്കിയുള്ളു എന്നാണ് 'ശാസ്ത്രീയസൃഷ്ടിവാദി'യായ ശ്രീ. ഹുസ്സൈൻ പറയുന്നത്. ഇത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമല്ല; ശാസ്ത്രീയസൃഷ്ടിവാദത്തിന്റെ ആധുനിക വക്താവായ ഡോ. ഹെന്റി മോറിസിന്റെയും അഭിപ്രായമാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എങ്കിൽ എന്നാണ് ദൈവം സൃഷ്ടി അവസാനിപ്പിച്ചത്?
2. എത്ര കാലം കൊണ്ടാണ് അതീതശക്തി സൃഷ്ടി നടത്തിയത്?
3. ശാത്രീയ സൃഷ്ടിവാദികളും ഫോസിൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിഗമനങ്ങളിലെത്തുക എന്നാണല്ലോ ശ്രീ. ഹുസ്സൈന്റെ അവകാശവാദം. 300 ദശകലക്ഷം വർഷം മുമ്പേതന്നെ ഡ്രാഗൺ ഫ്ലൈ ഇന്നത്തെ അവസ്ഥയിൽ ഉണ്ടായിരുന്നു എന്നത് അതിനുശേഷം അതിന് പരിണാമം സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവല്ലേ ആകൂ. അക്കാര്യത്തിൽ പരിണാമവാദികളും എതിരല്ലല്ലോ? അതുകൊണ്ടല്ലേ അവർ അതിനെ ജീവിക്കുന്ന ഫോസിൽ എന്ന് വിശേഷിപ്പിക്കുന്നത്. എങ്കിൽ ഡ്രാഗൺ ഫ്ലൈ പരിണമിച്ചതല്ല എന്നതിന് എന്താണ് ഫോസിൽ തെളിവ്?
4. കഴിഞ്ഞ കാലത്തിന്റെ 99.9999 ശതമാനം കാലവും സൃഷ്ടി കർമ്മം തുടർന്നുവെന്നാണൊ സൃഷ്ടിവാദികളുടെ വാദം? അല്ലെങ്കിൽ അതിന്റെ സമയ പരിധി എത്രയാണ്?
5. സംഹാരം എന്നത് കൊണ്ട് ശാസ്ത്രീയസൃഷ്ടിവാദികൾ ഉദ്ദേശിക്കുന്നത് Extinction തന്നെയാണോ? എങ്കിൽ അത് ഇതിനുമുമ്പ് ഉണ്ടായതായി സമ്മതിക്കുമോ?
ഉരുണ്ടുകളിക്കാത്ത ഉത്തരം കിട്ടുമെന്ന് പ്രതീക്ഷിക്കാമോ?
ഒരു വിടവ് കിട്ടിയിരുന്നെങ്കില്‍ ഹുസൈന്റെ പ്രപഞ്ചാതീതനായ ദൈവത്തെ ഒളിപ്പിച്ചിരുത്താമായിരുന്നു - ജയന്
ഒരു വിടവു കിട്ടിയിരുന്നെങ്കില്‍...അദ്ദാണു
ഏതെന്കിലും ഒരു ജീവിയില്‍ ഒരു നിശ്ചിത കാലയളവില്‍ പരിണാമം നടന്നിട്ടില്ല, അല്ലെങ്കില്‍ ഒരു ജീവി വര്‍ഗം അപ്പാടെ പരിണമിച്ചില്ല എന്നുള്ള കാരണങ്ങള്‍ പരിണാമ സിദ്ധാന്തത്തിനു എതിരാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല.
കെട്ടുകഥകളിലാണ് മതത്തിന്റെ ആണിക്കല്ലുകൾ ഉറപ്പിച്ചിരിക്കുന്നത്. പരിണാമ ശാസ്ത്രത്തിന്റെ അപ്രമാദിത്തത്തിനുമുന്നിൽ ആ ദുർബലശിലകൾ തകർന്നുപോകുമെന്ന് മതത്തെ താങ്ങിനിർത്തുകയും അതിന്റെ ചെലവിൽ മനുഷ്യരുടെ അജ്ഞതയെ മുതലെടുത്ത് ഉപജീവനം നടത്തുകയും ചെയ്യുന്ന പുരോഹിതവർഗത്തിനും മതവക്താക്കൾക്കും നല്ലവണ്ണം അറിയാം. അതിനാലാണ് പരിണാമശാസ്ത്രം എന്നും അവരുടെ കണ്ണിലെ കരടായി നിലകൊള്ളുന്നത്. പക്ഷേ, പൊൻപാത്രം കൊണ്ട് മൂടിയാലും സത്യത്തെ അധികകാലം മൂടിവെയ്ക്കാൻ ആർകുമാവില്ല എന്നാണ് കഴിഞ്ഞകാലചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള രാജു വാടാനപ്പള്ളിയുടെ ഉജ്ജ്വല ലേഖനം ഇവിടെ വായിക്കുക.
well
പരിണാമം നടന്നിട്ടുണ്ട്. ചെറിയ രീതിയില്‍. environmental adaptation നു വേണ്ടി. സൃഷ്ടി എന്നും നടന്നു കൊണ്ടിരിക്കുന്നു. പ്രപഞ്ചത്തില്‍ പുതിയ സൌരയുധങ്ങളും ഭൂമികളും ഇപ്പോഴും രൂപപ്പെട്ടുകൊണ്ടിരികുന്നു. അത് പോലെ സൃഷ്ടിയും. സൃഷ്ടിയെന്ന പ്രോസിസ്സിനെ evolution എന്ന് ശാസ്ത്ര ഭാഷയില്‍ പറയാം. കാരണം ഇല്ലാത്ത ഒരു കാര്യവും *(there is nothing without a cause )ഇല്ല. അതുകൊണ്ട് എല്ലാത്തിന്റെയും കാരണം ആയി ദൈവം ഉണ്ട് എന്ന് പറയുന്നു. ഒരാളും അപ്പനും അമ്മയും ഇല്ലാതെ ഉണ്ടാകില്ല. അതാണല്ലോ intelligent design എന്ന ചിന്താഗതിക്ക് തുടക്കം.ഒന്നും തനിയേയും ഉണ്ടാകുന്നതു ഈ പറഞ്ഞ ഒരു ശാസ്ത്രത്തിനും കാണിക്കാനും ആവില്ല. ഈ പറയുന്ന ആര്‍ക്കും തനിയെ ഉണ്ടാകുന്ന ഒന്നിനെ കാണിച്ചു തരാന്‍ സാധിച്ചാല്‍ ദൈവത്തിന്റെ ആവശ്യം ഇല്ല എന്ന നിഗമനത്തില്‍ എത്താം. സൃഷ്ടി തീര്‍ന്നു എന്ന് പറയുന്നത് ശരിയല്ല. പുതിയതരം ജീവികള്‍ തന്നെ പ്രപഞ്ചത്തിന്റെ പല ഭാഗത്തും ഉരുത്തിരിഞ്ഞു വരുന്നുണ്ടായിരിക്കാം. നമുക്ക് വെറും നാല് ശതമാനത്തില്‍ താഴെയുള്ള കാര്യങ്ങള്‍ പോലും അറിയില്ലല്ലോ. എവിടെ എന്ത് നടക്കുന്നു എന്നത് കേവലം അഗ്ജാതം ആണ്.
Post a Comment