കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ അടിതെറ്റി നിലത്തുവീണപ്പോഴും ശ്രീ. ഹുസ്സൈന്റെ കാല് മുകളില്‍ തന്നെയാണ്. വീണാലും കുഴപ്പമില്ല; കാല് മുകളില്‍തന്നെയാണെന്നുറപ്പുവരുത്തിയാല്‍ പ്രശ്നം പരിഹരിക്കാം എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം.
“ആദ്യകാല ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെട്ട ഫോസിൽ പാളിയെ കേംബ്രിയൻ എന്ന് വിളിക്കുന്നു. 490-540 കോടി വർഷങ്ങൾക്കിടയിലുള്ളതാണ് ഈ ഫോസിൽ പാളികൾ. വലിയൊരു ശതമാനം ജീവജാതികൾ കേംബ്രിയൻ കാലത്ത് മുൻഗാമികളില്ലാതെ പ്രത്യക്ഷപ്പെട്ടതായി ഫോസിൽ ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായി. ഇതിനെയാണ് കേംബ്രിയൻ വിസ്ഫോടനം(Cambrian Explosion) എന്ന് വിശേഷിപ്പിക്കുന്നത്.”എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തില്‍ നടത്തിയ ആധികാരിക പ്രസ്താവനയിലെ അബദ്ധം ചൂണ്ടികാട്ടിയപ്പോള്‍ "മില്യണ്‍ കോടിയാക്കിയപ്പോള്‍ ഒരു പൂജ്യം കൂടിപ്പോയി. പിശക് ചൂണ്ടിക്കാട്ടിയതിന് നന്ദി" എന്നും പറഞ്ഞ് മൂട്ടിലെ പൊടിയും തട്ടി തടിതപ്പാനാണ് ശ്രമം. ഒരു പൂജ്യം കൂടിപ്പോയത് പ്രിന്റിങ് മിസ്റ്റേക്ക് ആണെന്ന് പറഞ്ഞിരുന്നെങ്കില്‍ മനസ്സിലാക്കാമായിരുന്നു. എന്നാല്‍ കാംബ്രിയന് വിസ്ഫോടനം നടന്നത് 490-540 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നാണ് അദ്ദേഹം എഴുതിവിട്ടിരിക്കുന്നത്. ബില്യന്റെയും ട്രില്ല്യന്റെയും കണക്ക് പെട്ടെന്ന് തിരിഞ്ഞില്ലെങ്കിലും 'കോടി' എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാകും. 49 കോടി എന്നത് 490 കോടിയായി എന്ന് പറഞ്ഞാല്‍ എന്താണതിന്റെ അര്‍ത്ഥം?
ശ്രീ. ഹുസ്സൈന്‍ 46 വയസ്സായി എന്ന് അദ്ദേഹം മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഏത് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ചോദിച്ചാലും തനിക്ക് 460 വയസ്സായി എന്ന് അദ്ദേഹം പറയില്ല. അതായത് തന്റെ വയസ്സിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് നല്ല കാലബോധമുണ്ടെന്നര്‍ത്ഥം. 49 കോടി എന്നത് 490 കോടിയായി, അതും 'യുക്തിവാദീപാളയത്തെ ഞട്ടിക്കുന്ന ഒരു വന്‍സംഭവ'മായി കൊണ്ടാടിയ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തെങ്കില്‍ പ്രപഞ്ചത്തിന്റെ പ്രായഗണനയെക്കുറിച്ചൊ കാംബ്രിയന് കാലത്തെക്കുറിച്ചോ അദ്ദേഹത്തിന് യാതൊരു ബോധവുമില്ലെന്നാണര്‍ത്ഥം.
"പരിണാമം സമര്‍ത്ഥിക്കാന്‍ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frameനെ അംഗീകരിക്കാത്തവരോട് ആ Frameനെ ആസ്പദമാക്കി ചോദ്യം നിരത്തുന്നത് യുക്തിവിരുദ്ധമല്ലേ സുശീലേ?" എന്നൊരു 'വിദഗ്ദാഭിപ്രായവും' അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എന്നിട്ട് അതേ കെട്ടിച്ചമച്ച കാലഗണനാ-ക്രമത്തിന്റെ Frame മായി എത്ര കൃത്യമായാണ് അദ്ദേഹം കേംബ്രിയന് എക്സ്പ്ലോഷന്റെ കാലം പ്രസ്താവിക്കുന്നത്!
കണക്കുതെറ്റി ഒരു പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തതിന്റെ ജാള്യം മറയ്ക്കാന്‍ അദ്ദേഹം നാസ്തികനായ ദൈവത്തിലെ സി രവിചന്ദ്രന്റെ വാക്കുകളെ വീണ്ടും വലിച്ചിഴയ്ക്കുന്നു:-
"മൈക്രോസ്കോപ്പിലൂടെ ഗ്രഹനിരീക്ഷണം നടത്താമെന്ന് യുക്തിവാദിയായ രവിചന്ദ്രന്‍ എഴുതിയപ്പോള്‍ ഞെട്ടാത്ത നിങ്ങള്‍ ഞാനെഴുതിയതില്‍ ഒരു പൂജ്യം കൂടിപ്പോയപ്പോഴേക്കും ഞെട്ടുകയും ഞെട്ടിത്തെറിക്കുകയും ചെയ്തു! ഞെട്ടുന്നതില്‍ പോലും നിങ്ങള്‍ ഇരട്ടത്താപ്പുകാരാണെന്ന് തെളിയിച്ചതിനും നന്ദി" എന്നാണിദ്ദേഹം എഴുതിവിടുന്നത്.
ടെലസ്ക്കോപ്പിന് പകരം മൈക്രോസ്ക്കോപ്പ് എഴുതിയത് മാറിപ്പോയതാവാനിടയുള്ളതുപോലെ മന:പൂര്‍വമാകാനും സാധ്യതയുണ്ട്. അല്ലാതെ ഇംഗ്ളിഷില്‍ ടെലസ്ക്കോപ്പ് എന്നെഴുതിയാല്‍ ആരും മൈക്രോസ്ക്കോപ്പ് എന്ന് 'തര്‍ജമ' ചെയ്യാനിടയില്ല. സത്യത്തില്‍ ഇവിടെ തര്‍ജമ നടന്നിട്ടില്ല. അങ്ങനെയെങ്കില്‍ 'സൂക്ഷ്മദര്‍ശിനി' എന്ന പദമായിരുന്നു വരേണ്ടത്. രണ്ടായാലും അതൊരു വലിയ വിഷയമാകുന്നില്ല. അവിടെ ടെലസ്ക്കോപ്പും മൈക്രോസ്ക്കോപ്പും ശരിയാണ്,തെറ്റുമാണ്. റസ്സലിന്റെ ചായക്കപ്പിനെക്കുറിച്ച് (Russel's Teacup)പരാമര്‍ശിക്കുമ്പോഴാണിത്. അതല്ലാതെ ശ്രീ.ഹുസൈന് പറയുന്നതുപോലെ വാനനിരീക്ഷണത്തിനല്ല. നിരീക്ഷിക്കപ്പെടുന്നത് ആകാശഗോളങ്ങല്ല, വളരെ വളരെ ചെറിയ ഒരു ചായക്കപ്പാണ്. ടെലസ്ക്കോപ്പ് കൊണ്ട് ഒരിക്കലും ബഹിരാകാശത്തുള്ള ചായക്കപ്പ് കണ്ടെത്താനാവില്ലെന്നത് സാമാന്യശാസ്ത്രജ്ഞാനം. ഒരു നിശ്ചിത വലുപ്പത്തിന് താഴെയുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ ടെലസ്ക്കോപ്പിനാവില്ല. ദൂരക്കാഴ്ച ശരിയാകാനായി വലുപ്പത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് വേണ്ടിവരും. നൂറുക്കണക്കിന് പ്രകാശവര്‍ഷം അകലെയുള്ള ഗാലക്സികളുടെ മിഴിവുള്ള ചിത്രങ്ങള്‍ സമ്മാനിക്കുന്ന ഹബിള്‍സ് ടെലസ്ക്കോപ്പിന് ചന്ദ്രനില്‍ അപ്പോളോ യാത്രികര്‍ ഉപേക്ഷിച്ചുപോയ വാഹന-യന്ത്ര ഭാഗങ്ങളുടെ ചിത്രമെടുക്കാനാവാത്തത് അതുകൊണ്ടാണ്. ഭൂമിയില്‍നിന്ന് നിരീക്ഷണം നടത്തുന്നുവെന്ന് വന്നാലേ ടെലസ്ക്കോപ്പ് തന്നെ വേണമെന്ന് പറയുന്നതില്‍ എന്തെങ്കിലും കാര്യമുള്ളു. പ്രായോഗികമായി നോക്കിയാല്‍ അതുകൊണ്ടു കാര്യമില്ലെന്നത് വേറെ കാര്യം. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിലുള്ള ബഹിരാകാശപഥത്തിലൂടെ ചുറ്റിത്തിരിയുന്ന ഒരു ചായക്കപ്പ് കണ്ടെത്താന്‍ ടെലസ്ക്കോപ്പിന് കഴിയില്ല. അവയുടെ നിര്‍മ്മാണത്തെപ്പറ്റിയുള്ള സാമാന്യസാങ്കേതികജ്ഞാനം ഉള്ളവരാരും അങ്ങനെ പറയില്ല. ഭൂമിയുടേയും ചൊവ്വയുടേയും ഇടയിലുള്ള ഭ്രമണപഥത്തിലാണ് റസ്സലിന്റെ ചായക്കപ്പ്. അകലെയുളളതും വലുതുമായ വസ്തുക്കളാണ് ടെലസ്ക്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത്. അടുത്തുള്ളതും ചെറുതുമായ വസ്തുക്കളെ നിരീക്ഷിക്കാനായി മൈക്രോസ്ക്കോപ്പുപയോഗിക്കുന്നു. 'റസ്സലിന്റെ ചായക്കപ്പ്' അകലെയും ചെറുതുമാണ്. രണ്ടു കണ്ടീഷനുകളും അവിടെ ശരിയാവില്ലെന്നര്‍ത്ഥം. പിന്നെ ആകെ ചെയ്യാനുള്ളത് വസ്തുവിന് അടുത്ത് ചെന്ന് നിരീക്ഷിക്കുകയെന്നത് മാത്രമാണ്. അതിന് നല്ലത് മൈക്രോസ്ക്കോപ്പ് തന്നെ. അതിനാല്‍ 'നാസ്തികനായ ദൈവത്തില്‍' മൈക്രോസ്ക്കോപ്പ് എന്നെഴുതിയതുകൊണ്ട് യാതൊരു പന്തികേടുമില്ല. ബഹിരാകാശസഞ്ചാരികള്‍ അതിന് അടുത്ത് എവിടെയെങ്കിലും എത്തിയാലേ ചായക്കപ്പിനായി പരതാനാവുകയുള്ളു. അവിടെ ഇത്ര ചെറിയ വസ്തു കാണാന്‍ മൈക്രോസ്ക്കാപ്പായിരിക്കും സഹായകരം. അതായത് ശ്രീ.രവിചന്ദ്രന്‍ മൈക്രോസ്ക്കോപ്പ് എന്നുപയോഗിച്ചതില്‍ തെറ്റില്ലെന്ന് ഞാന്‍ പറയും. ഇനി ടെലസ്ക്കോപ്പ് എന്ന് മാറ്റി ഉപയോഗിച്ചാലും അതില്‍ തെറ്റുണ്ടുതാനും. മൈക്രോസ്ക്കോപ്പാണ് ശരിയെന്ന് പറഞ്ഞാല്‍ ഖണ്ഡിക്കാനുമാവില്ല. രണ്ടും പൂര്‍ണ്ണമായും ശരിയല്ല, പൂര്‍ണ്ണമായും തെറ്റുമല്ല. ഒരു സാങ്കല്‍പ്പിക ഉദാഹരണമായതിനാല്‍ രണ്ടായാലും പ്രശ്നമില്ല. ആശയസംവേദനമാണ് പ്രധാനം. അതിവിടെ കൃത്യമായി നടക്കുന്നുണ്ട്. ശ്രീ.രവിചന്ദ്രന്‍ ആ വാക്ക് തിരുത്തേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. തിരുത്തിയാലും ഇതേ പ്രശ്നമുണ്ടാവാം. ശ്രീ. ഹുസൈന് വെറുതെ ചാമ്പല്‍ ഉരുട്ടി ഉണ്ട പിടിക്കുകയാണ്.
പക്ഷെ മില്യണ്‍-ബില്യണ്‍-ട്രില്യണ്‍ വിഷയം അങ്ങനെയാണോ? ഒരിക്കലുമല്ല. അത് അതീവ ഗുരുതരമായ തെറ്റാണ്. തെറ്റാണ്.. തെറ്റാണ്...തെറ്റ് മാത്രമാണ്. ശ്രീ. ഹുസൈന്റെ പുസ്തകങ്ങളില്‍ പൊതുവെ അക്ഷരത്തെറ്റുകളുടേയും ഘടനാപരമായ തെറ്റുകളുടേയും പള്ളിപ്പൂരമാണ്. പഴയ പുസ്തകങ്ങളില്‍ ഒരു പേജില്‍ കുറഞ്ഞത് ഒരു തെറ്റ് എന്നതാണ് നിരക്കെന്നു തോന്നുന്നു. പുസ്തകം പഴകുന്നതനുസരിച്ച് തെറ്റും കൂടുന്നു. സത്യത്തില്‍ അതൊന്നും ആരും ഗൗരവത്തിലെടുക്കുന്നില്ല. അച്ചടിയില്‍ അങ്ങനെയൊക്കെ സംഭവിക്കാം. 'നവനാസ്തികത'യില്‍ ഹക്സിലിയും ബിഷപ്പുമായുള്ള സംവാദം സംഭവിച്ചിട്ടില്ലെന്ന് പറയുന്ന ഹുസൈന് തന്റെ പഴയ പുസ്തകത്തില്‍ ഇതേ സംഭവം ഉദ്ധരിക്കുന്നത് കെട്ടുകഥയെന്ന നിലയിലല്ലെന്നാണ് ഓര്‍മ്മ. അന്ന് അത്രയും'ഖണ്ഡന ആമ്പിയര്‍' അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് സമാധാനിക്കുകയേ നിവൃത്തിയുള്ളു. 'ബില്യണ്‍പ്രമാദം' ഒരു നോട്ടപ്പിശകോ അക്ഷരതെറ്റോ അല്ല. ആയിരുന്നുവെങ്കില്‍ ഞങ്ങളാരും അതിന് അത്ര പ്രാധാന്യം കൊടുക്കില്ലായിരുന്നു. ഹുസൈന്റെ ജ്ഞാന(?)മണ്ഡലത്തിന് അപരിഹാര്യമായ പരിക്കേല്പ്പിക്കുന്ന അബദ്ധ ധാരണയാണത്. കഷ്ടം ഈ മനുഷ്യന് ഇങ്ങനെയാണല്ലോ പഠിച്ചുമുന്നോട്ടുപോയത്! ഒരിടത്തോ ഒമ്പതിടത്തോ അല്ല ഈ തെറ്റ് വന്നിരിക്കുന്നത്. ഒരു പവന് എന്നാല്‍ എട്ടു കിലോ എന്നു കരുതി സ്വര്‍ണ്ണക്കച്ചവടത്തിനിറങ്ങിയവനെപ്പോലെയാണ് നമ്മുടെ ഹുസൈന് സര്. 25 വര്‍ഷമായി ഈ ധാരണയുമായി ഡോണ്‍ ക്വിക്സോട്ടിനെപ്പോലെ കണ്ണില്‍ കണ്ടതെല്ലാം കണ്ടിച്ച് തള്ളുന്നു! 40 കോടിയും 400 കോടിയും തമ്മില്‍ 360 കോടിയുടെ വ്യത്യാസമുണ്ട് സര്. പുസ്തകത്തിന്റെ ആ സെക്ഷനില്‍ പിന്നെയും ഇതേ അബദ്ധം കാണാം. ഹുസൈന് ജീവന്‍ജോബിന്റെ പുസ്തകത്തിനെഴുതിയ മറുപടിയിലും ഇതേ പണിക്കുറ്റം. അബദ്ധവശാലല്ല, തികച്ചും ബോധപൂര്‍വം. പരിണാമം പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ മില്യണും ബില്യണും തമ്മിലുള്ള വ്യത്യാസമെങ്കിലും അറിഞ്ഞിരിക്കണം. ഭാരതീയര്‍ ഉപയോഗിക്കുന്ന 'കോടി' എന്താണെന്നും അറിഞ്ഞിരിക്കണം. മി. ഹുസൈന് ഞാനൊരു പണ്ഡിതപര്‍വതമോ പ്രസ്ഥാനമോ അല്ല. എങ്കിലും അറിയുക, മില്യണ്‍ പത്ത് ലക്ഷവും ബില്യണ്‍ നൂറുകോടിയുമാണ്. ഇനി ട്രില്യണ്‍ കൂടിയുണ്ട്. അത് എത്രയാണെന്ന് പഠിക്കുമ്പോള്‍ കൃത്യമായി പഠിക്കുക. ഭാവിസംരംഭങ്ങള്‍ക്ക് സഹായകരമായിരിക്കും. Better later than never എന്നല്ലേ ഹദീസുകള്‍ പ്രഖ്യാപിക്കുന്നത്. താങ്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്തരം വാക്കുകളുടെ അര്‍ത്ഥം അറിയാത്ത ഒരാള്‍ക്ക് പരിണാമകാലത്തിന്റെ അന്തസത്ത ഗ്രഹിക്കാനാവില്ല. പലരും പറയുന്നതുപോലെ താങ്കള്‍ പരിണാമപഠനം ആദ്യം മുതല്‍ തുടങ്ങേണ്ട അവസ്ഥയിലാണ്. റൂട്ട് തെറ്റിയാണല്ലോ സാറേ വണ്ടി കയറിയത്! ഭൂമി ഉരുണ്ടതായതുകൊണ്ട് തുടങ്ങിയിടത്ത് തിരിച്ചുവരാമെന്നുള്ളതാണ് ഇനിയുള്ള ഏക ആശ്വാസം! പ്രായവും അത്രയ്ക്കങ്ങോട്ട് ആയിട്ടില്ലല്ലോ.
തന്റെ പുസ്തകം 'നാസ്തികനായ ദൈവ'ത്തിന്റെ വിമര്‍ശനഗ്രന്ഥമാണെന്നാണ് ശ്രീ.ഹുസൈന്റെ അവകാശവാദം. 'നാസ്തികനായ ദൈവ'ത്തില്‍ ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട 'മധ്യലോകം'(middle world)എന്ന സങ്കല്‍പ്പം ചര്‍ച്ചചെയ്യുന്നുണ്ട്. അതെന്താണെന്നുപോലും മനസ്സിലാകാതെ 'മില്യണ്‍-ബില്യണ്‍ മാതൃക'യില്‍ കാര്യങ്ങള്‍ ഗ്രഹിച്ച് അതിനെ ചരിത്രത്തിലെ മധ്യയുഗത്തിലെ ലോകമായി (world in the middle age) സങ്കല്‍പ്പിച്ചുകൊണ്ട് ഏഴെട്ട് പേജുകളിലാണ് ഹുസൈന് അടിച്ചുപതപ്പിക്കുന്നത്. ശരിക്കും കുതിരയുടെ സിമന്റ് പ്രതിമയുടെ മുകളില്‍ ചാടിക്കയറി അട്ടഹസിച്ച് വാള് വീശുകയും ഇളിയെളക്കി മുന്നോട്ടുപായുകയും ചെയ്യുന്ന ഡോണ്‍ ക്വിക്സോട്ട്! ഇക്കാര്യം ഞാന്‍ പല തവണ ചൂണ്ടിക്കാട്ടിയിട്ടും സാറിന് ഉരിയാട്ടമില്ല. അങ്ങനെയൊരാള്‍ 'ഇക്ട്രോണ്‍ശോഷണം' ഇലക്ട്രോണ്‍ കൈമാറ്റമായി (electron transfer) തെറ്റിദ്ധരിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ അല്‍പ്പം കരുതല്‍ വേണം സര്. എപ്പോഴും അടിവസ്ത്രമിടാതെ തെങ്ങില്‍ കയറരുത് സര്. അറിയാതെ അനുയായികള്‍ താഴെവന്നുനിന്നാല്‍ ഇതിഹാസം പിറക്കും.