460 കോടി വർഷത്തിൽ താഴെയാണ് ഭൂമിയുടെ പ്രായം. ഉല്ഭവകാലത്ത് ഭൂമി ഉരുകിത്തിളച്ച നിലയിലയിരുന്നു. 400 കോടി വർഷം മുതലാണ് ഭൂമി തണുത്തുതുടങ്ങുന്നത്. 380 കോടി വർഷം മുതൽ ഭൂമിയിൽ ലളിതമായ ജൈവരൂപങ്ങൾ ആവിർഭവിച്ചതിന് തെളിവുകൾ ഉണ്ട്. പടിഞ്ഞാറൻ ആസ്ത്രേലിയയിലെ Warrawoona മേഖലയിൽ നിന്ന് കിട്ടിയ Cyanobacteria ഫോസിലുകൾക്ക് 350 കോടി വർഷത്തെ പ്രായമുണ്ട്. ന്യൂക്ലിയസ് ഇല്ലാത്ത ഏറ്റവും ലളിതമായ (ഏകകോശ) പ്രോകരിയോട്ടുകളായിരുന്നു ഇവ. Cyanobacteria യ്ക്കു മുമ്പ് ഭൂമിയിൽ സ്വതന്ത്ര ഓക്സിജൻ ഇല്ലായിരുന്നു. അടുത്ത 100 കോടി വർഷങ്ങളോളം ഭൂമിയിലെ ഏക ജൈവരൂപം ഈ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ പ്രോകാരിയോട്ടുകളായിരുന്നു. പിന്നീട് ന്യൂക്ലിയസ് ഉള്ള യൂക്കാരിയോട്ടുകൾ ആവിർഭവിക്കുന്നു. കഴിഞ്ഞ 60 കോടി വർഷങ്ങൾ മുതലാണ് ബഹുകോശ ജീവികൾ പ്രത്യക്ഷപ്പെടുന്നത്. നട്ടെല്ലില്ലാത്ത ജീവികളെ, വളരെ ചെറിയ രൂപത്തിലുള്ളവയാണെങ്കിലും, കണ്ടുതുടങ്ങുന്നത് കഴിഞ്ഞ 62 കോടി മുതൽ 55 കോടി വർഷങ്ങൾ വരെയുള്ള വെൻഡിയൻ യുഗത്തിലാണ്.
ഇനി നമുക്ക് 25 വർഷക്കാലം പരിണാമശാസ്ത്രത്തിൽ ഗവേഷണം നടത്തി എന്നവകാശപ്പെടുന്ന ശ്രീ. എൻ എം ഹുസ്സൈന്റെ വെളിപാടുകളിലേക്ക് പോകാം:-
"ഏറ്റവും ലളിതമായ പ്രകാശസംവേദന കോശം കൊണ്ട് രൂപീകൃതമായ കണ്ണുമായി മണ്ണിരകൾ ജീവിക്കാൻ തുടങ്ങിയിട്ട് നാനൂറിലേറെ കോടി വർഷങ്ങളായി. ഇന്നും അവയ്ക്ക് സംവേദനകോശം മാത്രമാണ് കണ്ണുകളായുള്ളത്. എന്തുകൊണ്ട് നാനൂറ് കോടി വർഷങ്ങൾക്കിടയിൽ ഇവയുടെ കണ്ണിന് അല്പം പോലും പരിണാമമുണ്ടായില്ല? ഇത്തരം സംശയങ്ങൾക്ക് വിശദീകരണം നല്കാൻ പോലും പരിണാമസിദ്ധാന്തത്തിന് സാധ്യമല്ല." (നവനാസ്തികത - റിച്ചാർഡ് ഡോക്കിസിന്റെ വിഭ്രാന്തികൾ-എൻ എം ഹുസ്സൈൻ- പേജ് 243)
ഒന്നിലധികം കോശങ്ങളാൽ നിർമിതമായ ശരീരമുള്ള ജീവികൾ ആവിർഭവിച്ചിട്ടുതന്നെ 60 കോടി വർഷത്തിൽ അധികമായിട്ടില്ല എന്ന് ആധുനിക ശാസ്ത്രം തെളിവുകൾ സഹിതം പറയുമ്പോഴാണ് ശ്രീ. ഹുസ്സൈൻ 400 കോടിയിലധികം വർഷങ്ങളായി ഭൂമിയിൽ മണ്ണിരകൾ ജീവിച്ചുവരുന്നു എന്ന് വെളിപ്പെടുത്തുന്നത്. ഈ അല്ഭുതകരമായ അറിവിന്റെ ഉറവിടം ഏതാണെന്ന് ശ്രീ ഹുസ്സൈൻ വെളിപ്പെടുത്തണം. സൃഷ്ടിവാദികൾ വല്ല ഗവേഷണവും നടത്തി ഇത്തരമൊരു കണ്ടെത്തൽ നടത്തിയിട്ടുണ്ടേങ്കിൽ അത് മൂടി വെയ്ക്കരുത്. അതുപയോഗിച്ച് പരിണാമശാസ്ത്രത്തെ മാത്രമല്ല, സകലമാന ശാസ്ത്രങ്ങളെയും നിലം പരിശാക്കി സൃഷ്ടിവാദം സ്ഥാപിക്കണം.
നാനൂറ് കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമി ഉരുകിത്തിളയ്ക്കുന്ന ഒരു തീഗോളമായിരുന്നു. അപ്പോൾ പിന്നെ ഹുസ്സൈൻ അവതരിപ്പിക്കുന്ന മണ്ണിരകൾ എവിടെ ജീവിച്ചവയാകണം!
അതെത്രെ, തീയിൽ മുളച്ച ഞാഞ്ഞൂലുകൾ!


-SPL.jpg?id=670054676)
